എം.കെ.ഹരികുമാർ
ഓണം, ഒരാളുടെ ജീവിതത്തിന്റെ ഭൂതകാലമായി നാം ആഘോഷിക്കുന്നു.
പാരമ്പര്യത്തിന്റേതല്ല; അവനവന്റെ ഭൂതകാലമാണത്. കുട്ടികൾക്കാവുമ്പോൾ, അവർ
ഉണ്ടാക്കിയെടുക്കുന്ന ഭൂതകാലവും.
ഇന്നില്ലാത്തതെല്ലാം, പഴയ കാലത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത്
രസമുള്ള കാര്യമാണ്. മനുഷ്യർക്ക്, അവരിൽ തന്നെ വിശ്വാസം രേഖപ്പെടുത്താൻ
ഇതാവശ്യമാണ്. എന്റെ കുട്ടിക്കാലത്ത് ഓണം അടുക്കാറായാൽ
മുടിവെട്ടുന്നത് ഒരു തരംഗമായിരുന്നു. ഒരു വെണ്മയാർന്ന വെയിൽ പരന്നു
തുടങ്ങുന്നത് മനസ്സുകളെയും പിടിച്ചുലയ്ക്കും. വെയിലിലെ തുമ്പികളാവും
നമ്മൾ. സ്നിഗ്ധവും പ്രസാദാത്മകവുമായ പകൽവെട്ടങ്ങളുടെ തലോടലിൽ, മനസിന്റെ
നല്ലചോദനകൾ കുളിച്ചു വൃത്തിയായി പൊന്തിവരും. പൂക്കൾ, അതുപോലെത്തന്നെ
ഒരാവിർഭാവമായി തോന്നുമായിരുന്നു. അതുവരെ കാണാത്ത പൂക്കളെല്ലാം,
സൈനികരെപ്പോലെ തൊടികളിൽ കാവൽ നിൽക്കും.
മാഞ്ഞുപോകാത്ത ഇഷ്ടങ്ങൾ എത്രയോ
മുളച്ചുപൊങ്ങുന്നു!.
ഇന്ന് നാടൻ പൂക്കളൊക്കെ ആർക്കെങ്കിലും വേണോ? അവയുടെ
പേരുകൾപോലും, ഷോപ്പിംഗ് മാളിലേക്കുള്ള യാത്രയ്ക്കിടയിൽ
ചവറുകുട്ടയിലായിട്ടുണ്ടാവും. തൊട്ടാവാടി, തുമ്പ, കോളാമ്പി, ജമന്തി,
മുല്ല, വെണ്ട, മത്ത, ചെമ്പരത്തി പൂക്കളും മഹാമുഖ്യധാരയിൽ നിന്ന്
ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു
ഓണം ഒരു മറവിയുമാണ്. ഓരോ ഉരുളയും കഴിച്ച് മറക്കാനുള്ളതാണ് എല്ലാം.
ഒരു വിപണിയിൽ ആയിരിക്കുന്നവന്, ഓടാൻ ഒരു വഴിയേയുള്ളൂ. ഒരിടത്തും
ബന്ധിക്കപ്പെടാതെ, ഇഷ്ടംപോലെ സമയമുണ്ടായിരുന്നപ്പോഴത്തെ ഓണമല്ല
ഇന്നത്തേത്. ആ ഓണത്തിന്റെ അലകും പിടിയും മാറിപ്പോയിരിക്കുന്നു. ഇന്ന്
ഓണത്തോടൊപ്പം, നാം വിപണിയിലാണ്. പുതിയ ഉടുപ്പ് കിട്ടുമെന്നത്,
കുട്ടിക്കാലത്ത് എന്നെപ്പോലെയുള്ള ഗ്രാമീണർക്ക് ആശ്വാസമായിരുന്നു.
കോളേജ് ക്ലാസുകളിലെത്തിയതോടെ, അത്തരം ഉടുപ്പുകൾ കിട്ടാതായി. പഠിത്തം
കഴിഞ്ഞതോടെ ഓണമൊന്നും എന്നെ ഉദ്ദേശിച്ചല്ല വന്നുപോകുന്നതെന്ന
തിരിച്ചറിവുണ്ടായി.
ഓണദിവസം, കുളിച്ച് പുതിയ നിക്കറും ഷർട്ടുമിട്ട്, അല്ലെങ്കിൽ
കൈലിമുണ്ടും ഷർട്ടുമിട്ട് പറമ്പിലൂടെ നടക്കുന്നതിന്റെ സ്വാതന്ത്ര്യവും
സുഖവും എന്നേക്കും നഷ്ടപ്പെട്ടു. ഇപ്പോൾ പുതിയ ഉടുപ്പ് തരാൻ ആരും
ശ്രമിച്ചു കാണാറില്ല. കുട്ടികൾക്ക് മാത്രമായി ഓണത്തെ ചുരുക്കിയവരാണ്
അധികവും. കുട്ടിക്കാലത്ത് എനിക്ക് പുത്തനുടുപ്പ് തയ്ച്ചുതന്ന നാരായണൻ
ചേട്ടൻ, ഇക്കൊല്ലത്തെ തന്റെ ഓണം അടുത്ത വർഷത്തേക്ക്
മാറ്റിവയ്ക്കുകയാണെന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ ശരിക്കും
മനസ്സിലാകുന്നുണ്ട്. നല്ല സ്മൃതിയാണെങ്കിലും ഇന്ന് ഇതൊക്കെ കൊണ്ടു
നടക്കാൻ ഒരു ഗ്രാമമോ നഗരമോ എന്നോടൊപ്പമില്ല. കുടുംബാംഗങ്ങളോടൊത്തുള്ള ഒരു
നഗരം ചുറ്റൽ തന്നെ, എന്റെ ഓണത്തിന്റെ ഭൂപടം കാണിച്ചുതരുന്നു.
കടകളുടെ മുമ്പിൽ, വയറുചാടി, ബുദ്ധിമരവിച്ച്, ഉദാസീനതയോടെ നിൽക്കുന്ന
മാവേലിമാരെയും നാം സൃഷ്ടിച്ചു കഴിഞ്ഞു. നല്ലപോലെ കുടിക്കുന്ന നമുക്ക്
കുടിക്കുന്ന മാവേലി തന്നെ ശരണം. കടകളിലേക്ക് ആളുകളെ ആകർഷിക്കാനുള്ള,
ജീവനുള്ള കോലമാകാനെങ്കിലും മാവേലിക്ക് കഴിഞ്ഞു എന്നത്, പ്രോഫഷണൽ
ലോകത്ത് നട്ടം തിരിയുന്ന ചെറുപ്പക്കാരുമായി തുലനം
ചെയ്യുമ്പോൾ,ആശ്വസിക്കാനുള്ള കാര്യമാണ്.
ഒരു സോപ്പിന്റെ, ടിവിയുടെ, തുണിക്കടയുടെ പരസ്യമോഡലാകാൻ തയ്യാറെടുക്കുന്ന
മാവേലി, ശരിക്കും നാടുനഷ്ടപ്പെട്ടവനാണ്. അനാഥനാക്കപ്പെട്ട ഒരു രാജാവിന്
പൗരബോധത്തിന്റെ അടിസ്ഥാനത്തിൽ നാം നൽകുന്ന അഭയം സാംസ്കാരികവുമാണത്രേ-