രാഗസ്മൃതി ഭവഭയം മറയുന്നു


പി.രവികുമാർ

        ഒരു വിശേഷണ പദത്തിനും പൂർണ്ണമായി വെളിപ്പെടുത്താനാവാത്ത മഹാപ്രതിഭയാണ്‌
ടി.ആർ.മഹാലിംഗം എന്ന സംഗീതജ്ഞൻ.
        പല്ലടം സഞ്ജീവറാവുവിനെപ്പോലുള്ള ഒരു വലിയ കലാകാരനുപോലും
ഉൾക്കൊള്ളാനാവാത്ത വിധം മൗലികവും മാന്ത്രികവും ഉന്മാദപൂർണ്ണവും
ദിവ്യവുമാണ്‌ മഹാലിംഗത്തിന്റെ ഓടക്കുഴൽ വാദനം. ബാലനായ മഹാലിംഗം
ഓടക്കുഴലിൽ 'വിരിബോണി' എന്ന ഭൈരവി അടതാളവർണം വായിച്ചു കേൾപ്പിച്ചപ്പോൾ,
പല്ലടം സഞ്ജീവറാവു തികഞ്ഞ അവഗണനയോടെ ഇടയ്ക്കുവച്ച്‌ എഴുന്നേറ്റു പോവുകയും
മഹാലിഗം വായിച്ചതു ഒരിക്കലും ഓടക്കുഴലല്ലെന്നു പറയുകയും ചെയ്തു. ഇന്നിതാ
പല്ലടം സഞ്ജീവറാവുവിനെ ഓർക്കാൻ മഹാലിംഗം ഓടക്കുഴൽ
വായിക്കേണ്ടിയിരിക്കുന്നു. മഹാലിംഗത്തിന്റെ ഓടക്കുഴൽ വെറുമൊരു മുളന്തണ്ടു
മാത്രമല്ലെന്നും അഹം ചോർന്നു പോയ അതിന്റെ നവദ്വാരങ്ങളിലൂടെ സമസ്ത
ജീവപ്രകൃതിയുടെയും ആത്മരാഗം അനന്തമായി പ്രവഹിക്കുന്നു എന്നും നാം
അറിയുന്നു.
ടി.ആർ.മഹാലിംഗം

        മഹാലിംഗത്തിനു മുൻപോ പിൻപോ അദ്ദേഹത്തെപ്പോലെ ഒരു ഓടക്കുഴൽ വാദകൻ
അവതരിച്ചിട്ടില്ല. 1937 ൽ, അതായത്‌ മഹാലിംഗത്തിനു 10 വയസ്സുള്ളപ്പോൾ,
മഹാലിംഗത്തിന്റെ ഓടക്കുഴൽ വാദനം കേട്ട അനശ്വര സംഗീത പ്രതിഭയായ മൈസൂർ
വാസുദേവാചാർ പറഞ്ഞു: "നാമെല്ലാം താളത്തെ തേടിപ്പോകുന്നു. എന്നാൽ
മഹാലിംഗമാകട്ടെ ഭഗവാൻ ശ്രീകൃഷ്ണനെപ്പോലെയാണ്‌. താളം മഹാലിംഗത്തെ
തേടിപ്പോകുന്നു. "
        മാധ്യമത്തിന്റെ മേൽ നേടിയ അദ്ഭുതകരമായ നിയന്ത്രണം, നൈസർഗ്ഗികമായ
ശ്രുതിശുദ്ധി, അസാധാരണമായ താളബോധം, സങ്കീർണവും സൂക്ഷ്മവുമായ
ഗണിതത്തിലുള്ള ആഴമാർന്ന അറിവ്‌, ദാർശനികമായ ഉൾക്കാഴ്ച ഇതെല്ലാം ഒത്തു
ചേർന്നതാണ്‌ മഹാലിംഗത്തിന്റെ സംഗീതം. അതിന്റെ അന്തർദ്ധാര അനന്തമായ
സൃഷ്ടിപരത (creativity)യാണ്‌.
        കർണാടക സംഗീതത്തിലെ ആധുനികകാല സംഗീതജ്ഞരിൽ മഹാലിംഗം ഉൾപ്പെടെ
മൂന്നുപേരിൽ മാത്രമാണ്‌ ഈ സൃഷ്ടിപരത വലിയ അളവിൽ കാണപ്പെടുന്നത്‌.
എം.ഡി.രാമനാഥനും, ടി.എൻ.രാജരത്തിനം പിള്ളെയുമാണ്‌ മറ്റു രണ്ടുപേർ. ഈ
അപാരമായ സൃഷ്ടിപരത നമ്മെ അദ്ധ്യാത്മികാനുഭവത്തിലേക്കു നയിക്കുന്നു.
        മഹാലിംഗം വായിച്ച ഓരോ കൃതിയിലും ഈ സൃഷ്ടിപരത നിറഞ്ഞു കവിയുന്നു.
        വർണങ്ങളും കൃതികളും ഉൾപ്പെടെ വ്യത്യസ്ത രാഗങ്ങളിൽ നൂറ്റിയെട്ടോളം
ആലാപനങ്ങൾ മഹാലിംഗത്തിന്റേതായുണ്ട്‌. ഇവയിൽ ഒരൊറ്റ ആലാപനം പോലും
സാധാരണമായതല്ല. എല്ലാം അസാധാരണമാണ്‌. എല്ലാ ആലാപനങ്ങളിലും അനന്തമായ
സൃഷ്ടിപരത നാം അനുഭവിച്ചറിയുന്നു; നാം ആദ്ധ്യാത്മികമായ
അതീതത്തലങ്ങളിലെത്തുന്നു.
        ഈ ആലാപനങ്ങളിൽ ഞാൻ ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്ന ഒന്നാണ്‌ സഹാന രാഗം
താനം പല്ലവി. ഈ പല്ലവി രാഗമാലികയായിട്ടാണ്‌ മഹാലിംഗം
അവതരിപ്പിക്കുന്നത്‌. സഹാനയിൽ നിന്ന്‌ നാം സാവേരി, ആഹരി, സാരംഗ, നീലാംബരി
എന്നീ രാഗങ്ങളിലൂടെ കടന്നുപോകുന്നു. സഹാനയുടെ അമേയമായ സാന്ത്വനത്തിൽ,
അപാരമായ കരുണയിൽ നാം വിശ്രാന്തിയിലാഴുന്നു; മായാജന്യമായ ദ്വന്ദ്വങ്ങൾ
സൃഷ്ടിക്കുന്ന ഭവഭയം മറഞ്ഞുപോകുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ