20 Sept 2012

വിലയിടിവിൽ നിന്ന്‌ കരകയറാൻ കൂട്ടായ പരിശ്രമം അനിവാര്യം


ടി. കെ. ജോസ്‌, ഐ.എ.എസ്

  ചെയർമാൻ,നാളികേര വികസന ബോർഡ്

നാളികേര കർഷകർ അഭൂതപൂർവ്വമായ ഒരു വിലയിടിവിന്റെ കാലഘട്ടത്തിലൂടെ
കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌ ഇപ്പോൾ. സാധാരണഗതിയിൽ നാളികേര സംഭരണം
ആരംഭിച്ചുകഴിഞ്ഞ്‌ നാല്‌ മാസക്കാലംകൊണ്ട്‌ നാളികേരത്തിന്റെ വിപണിയിലെ വില
വർദ്ധിക്കുന്ന ഒരു പ്രവണതയാണ്‌ മുമ്പ്‌ കണ്ടിരുന്നത്‌. എന്നാൽ ഈ വർഷം
നാളികേര സംഭരണം അഞ്ച്‌ മാസം പിന്നിടുമ്പോഴും നാളികേരത്തിന്റേയും
കൊപ്രയുടേയും വെളിച്ചണ്ണയുടേയും വിപണി വിലയിൽ കാര്യമായ ചലനങ്ങൾ
ഉണ്ടാകുന്നില്ല എന്നതാണ്‌ വസ്തുത. കേരളത്തിലേയും മറ്റ്‌ ദക്ഷിണേന്ത്യൻ
സംസ്ഥാനങ്ങളിലേയും നാളികേരത്തിന്റെ വില അതാതുകാലത്തെ കൊപ്ര വിലയുമായും
കൊപ്രയുടെ വിലയാകട്ടെ വെളിച്ചെണ്ണയുടെ വിലയുമായും നേരിട്ട്‌
ബന്ധപ്പെട്ടുകിടക്കുന്നു. സ്വാഭാവികമായും വെളിച്ചെണ്ണ വിപണിയുടെ
ഉണർവ്വിലൂടെ മാത്രമേ കൊപ്രയുടെ വിലയും തദ്വാരാ നാളികേരത്തിന്റെ വിലയും
ഉയരുകയുള്ളൂ. അപ്പോൾ സ്വാഭാവികമായും നാളികേരത്തിന്റെ വില ഉയരണമെങ്കിൽ
നിലവിലുള്ള സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിലെ വെളിച്ചെണ്ണയുടെ വില ഉയർന്നേ
മതിയാകൂ. ഏതൊക്കെ ഘടകങ്ങളാണ്‌ ഇന്ത്യയിലെ വെളിച്ചെണ്ണ വിപണിയെ
നിയന്ത്രിക്കുന്നത്‌ എന്ന്‌ പരിശോധിക്കാം.
വെളിച്ചെണ്ണയുടെ അന്താരാഷ്ട്ര വിപണിയിലെ വില ഒരു പ്രധാനപ്പെട്ട ഘടകമാണ്‌.
ഇപ്പോഴാകട്ടെ അന്താരാഷ്ട്ര വിപണിയിലെ വെളിച്ചെണ്ണ വിലയും ആഭ്യന്തര
വിപണിയിലെ വിലയും ഏകദേശം തുല്യ നിലയിലാണ്‌. ഇന്ത്യയിലെ മറ്റ്‌ ഭക്ഷ്യ
എണ്ണകളുടെ വില, അവയുടെ ലഭ്യത അഥവാ ദൗർലഭ്യം, ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി,
ഇറക്കുമതി ചെയ്ത ഭക്ഷ്യഎണ്ണയുടെ സ്റ്റോക്ക്‌, വെളിച്ചെണ്ണയുടേയും
വെളിച്ചെണ്ണയിൽ നിന്നുള്ള മറ്റ്‌ ഉൽപന്നങ്ങളുടേയും കയറ്റുമതി,
താങ്ങുവിലയ്ക്ക്‌ നടക്കുന്ന സംഭരണം എന്നിവയൊക്കെ വെളിച്ചെണ്ണ വിലയെ
നിയന്ത്രിക്കുന്നതിൽ പങ്കുവഹിക്കുന്നു.
ഇന്ത്യയിൽ ഈ വർഷം ഭക്ഷ്യഎണ്ണകളുടെ ദൗർലഭ്യം അനുഭവപ്പെടുന്ന
സാഹചര്യമാണുള്ളത്‌. പ്രത്യേകിച്ച്‌ വൈകി എത്തിയ മൺസൂൺ മൂലം,
ഭക്ഷ്യഎണ്ണയുടെ ഇന്ത്യയിലെ ഈ വർഷത്തെ ഉത്പാദനം കുറവായിരിക്കും എന്ന്‌
പ്രതീക്ഷിച്ചുകൊണ്ട്‌ പാം ഓയിൽ ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യഎണ്ണകൾ
ഇറക്കുമതി ചെയ്യുന്നവർ അവരുടെ സ്റ്റോക്ക്‌ വർദ്ധിപ്പിച്ചിട്ടുണ്ട്‌.
ആർബിഡി പാം ഓയിൽ ഇതുവരെ ഇറക്കുമതി ചെയ്തത്‌ മുൻവർഷത്തേതിന്റെ
ഇരട്ടിയോളമാണ്‌; പത്ത്‌ ലക്ഷം ടണ്ണോളം ഇതുവരെ ഇറക്കുമതി ചെയ്തുകഴിഞ്ഞു.
ആർബിഡി പാം ഓയിലിന്റെ ഇറക്കുമതിച്ചുങ്കം കേവലം ഏഴര ശതമാനം മാത്രമാണ്‌.
എന്നാൽ ക്രൂഡ്‌ (സംസ്ക്കരിക്കാത്ത) പാം ഓയിൽ ഇറക്കുമതിയാകട്ടെ 30 ലക്ഷം
ടൺ കവിഞ്ഞിരിക്കുന്നു. അതിന്‌ ഇറക്കുമതി തീരുവ പൂജ്യം ശതമാനമാണ്‌.
ഇന്ത്യയിലെ കേരകർഷകരെക്കാൾ മലേഷ്യയിലെ ഓയിൽപാം കർഷകർക്ക്‌
പ്രയോജനമുണ്ടാവുന്ന അവസ്ഥ! വെളിച്ചെണ്ണയുടെ വിപണി വിലയ്ക്ക്‌ കനത്ത ആഘാതം
ഏൽപ്പിക്കുന്ന രണ്ട്‌ പ്രധാന ഘടകങ്ങളാണിവ. ഇതൊടൊപ്പം വെളിച്ചെണ്ണ
കയറ്റുമതിക്കുള്ള നിരോധനം കൂടിയാകുമ്പോൾ കൂനിന്മേൽ കുരുവേന്ന പോലെയായി.
ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യഎണ്ണകളുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്‌.
പക്ഷെ, കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും ഭക്ഷ്യയെണ്ണയായി ഉപയോഗിക്കാത്ത
വെളിച്ചെണ്ണയുടെ കയറ്റുമതി നിരോധിക്കുന്നതിന്റെ സാംഗത്യം
മനസ്സിലാകുന്നില്ല. കയറ്റുമതി നിരോധിച്ചെങ്കിലും അഞ്ച്‌ ലിറ്ററിൽ
കവിയാത്ത ചെറിയ പായ്ക്കറ്റുകളിൽ വെളിച്ചെണ്ണ 10,000 ടൺവരെ നിബന്ധനകൾക്ക്‌
വിധേയമായി മാത്രം കൊച്ചി തുറമുഖത്തുനിന്ന്‌ കയറ്റുമതിക്ക്‌
അനുവാദമുണ്ടായിരുന്നു. അതിനർത്ഥം വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നതിന്‌
തുറമുഖ നിയന്ത്രണവും, പായ്ക്കിംഗിലും കയറ്റുമതി പരിധിയിലും
നിയന്ത്രണവുമുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങൾക്ക്‌ ഇളവ്‌
കൊടുത്തിരുന്നുവേങ്കിൽ ഒരുപക്ഷേ, ഗൾഫ്‌ രാജ്യങ്ങളിലേക്കും യൂറോപ്യൻ
രാജ്യങ്ങളിലേക്കും കൂടുതൽ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാൻ
കഴിയുമായിരുന്നു. അപ്രകാരം കയറ്റുമതി നടന്നിരുന്നുവേങ്കിൽ ഇന്ത്യയിലെ
പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യയിലെ വെളിച്ചെണ്ണ വില കുറേക്കൂടി
മെച്ചമാകുമായിരുന്നുവേന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിലാണ്‌
ഇപ്പോൾ നിലവിലുണ്ടായിരുന്ന വെളിച്ചെണ്ണ കയറ്റുമതിയുടെ അനുമതി പൂർണ്ണമായും
എടുത്തുകളഞ്ഞിരിക്കുന്നത്‌. 2012 ആഗസ്റ്റ്‌ 1 മുതൽ വെളിച്ചെണ്ണയുടെ
കയറ്റുമതി പൂർണ്ണമായി നിരോധിച്ചിരിക്കുന്നു, ഇടി വെട്ടിയവനെ പാമ്പ്‌
കടിച്ച അവസ്ഥ!

സാധാരണ ഗതിയിൽ ഇരുപത്‌ ലക്ഷത്തിലേറെ മലയാളികൾ വസിക്കുന്ന ഗൾഫ്‌ മേഖലയിൽ
ഇന്ത്യയിൽ നിന്നുള്ള വെളിച്ചെണ്ണയ്ക്ക്‌ സാമാന്യം ശക്തമായ ഡിമാൻഡ്‌ ആണ്‌
ഉള്ളത്‌. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പൂർണ്ണമായും നിരോധിക്കുമ്പോൾ
ശ്രീലങ്ക, ഫിലിപ്പീൻസ്‌ തുടങ്ങിയ രാജ്യങ്ങൾക്കാണ്‌ ഗൾഫിലെ വിപണി
തുറന്നുകിട്ടുക. ഹ്രസ്വകാലാടിസ്ഥാനത്തിൽ മാത്രമല്ല,
ദീർഘകാലാടിസ്ഥാനത്തിലും ഇന്ത്യയിൽ നിന്നുള്ള നാളികേരോൽപന്നങ്ങളുടെ
കയറ്റുമതിയെ ഇത്‌ സാരമായി ബാധിക്കാം. തീർച്ചയായും കർഷക കൂട്ടായ്മകളും,
നമ്മുടെ ജനപ്രതിനിധികളും പാർലമന്റ്‌ അംഗങ്ങളും വെളിച്ചെണ്ണയുടെ കയറ്റുമതി
നിയന്ത്രണം നീക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കേണ്ട സാഹചര്യമാണ്‌
നിലവിലുള്ളത്‌.
മേൽസുചിപ്പിച്ച മൂന്ന്‌ പ്രധാന ഘടകങ്ങൾക്ക്‌ പുറമേ നാളികേരത്തിന്റെ
കേരളത്തിലെ വപണി വിലയെ ബാധിക്കുന്ന  അടുത്ത പ്രധാനഘടകമാണ്‌ കൊപ്രസംഭരണം.
മുൻകാലങ്ങളിൽ ഇന്ത്യയിൽ സംഭരിക്കുന്ന കൊപ്രയുടെ 50 ശതമാനമോ അതിൽക്കൂടുതലോ
കേരളത്തിൽ നിന്നായിരുന്നുവേങ്കിൽ ഇന്ന്‌ സ്ഥിതി തുലോം വ്യത്യസ്തമാണ്‌.
ഏകദേശം 30,000ത്തോളം ടൺ കൊപ്ര നാഫെഡ്‌  സംഭരിച്ചതിൽ കേവലം 7,000 ടൺ
മാത്രമാണ്‌ കേരളത്തിൽ നിന്നും സംഭരിച്ചിരിക്കുന്നത്‌. തമിഴ്‌നാട്‌ കൊപ്ര
സംഭരണത്തിൽ മുമ്പിലാണ്‌. വിപണിയിൽ നിന്ന്‌ ഇതിനകം 50,000 ടൺ
കൊപ്രയെങ്കിലും താങ്ങുവിലപ്രകാരം സംഭരിക്കപ്പെട്ടിരുന്നുവേങ്കിൽ, ഇന്ന്‌
വിപണിയിൽ കൊപ്രയുടെ ലഭ്യത കുറയുമായിരുന്നു. സംഭരണത്തിനായി
ചുമതലപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല ഏജൻസികൾ ഊർജ്ജിതമായി ഈ രംഗത്ത്‌
പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്‌ വിരൽ ചൂണ്ടുന്നത്‌.
വിലിയിടിവ്‌ നേരിടുന്ന കർഷകരെ സഹായിക്കുന്നതിന്‌ വേണ്ടി സംസ്ഥാന
ഗവണ്‍മന്റുകൾക്ക്‌ താങ്ങുവില സംഭരണം ഊർജ്ജിതപ്പെടുത്തുന്നതിന്‌ പുറമേ
മറ്റ്‌ പല കാര്യങ്ങളും ചെയ്യാനാകും. ഉദാഹരണമായി കർണ്ണാടക ഗവണ്‍മന്റ്‌ ഈ
വർഷം അവിടെ താങ്ങുവിലയ്ക്ക്‌ സംഭരിക്കുന്ന കൊപ്രയ്ക്ക്‌ ഏഴുരൂപ അധികമായി
നൽകുകയാണ്‌. അധിക വില നൽകിയതോടെ കർണ്ണാടകയിലെ ബോൾകൊപ്ര വിപണി ഉണരുകയും സംഭരണവിലയ്ക്ക്‌ ഒപ്പമെത്തുകയും ചെയ്തു. കേരള-തമിഴ്‌നാട്‌ ഗവണ്‍മന്റുകളും
കർണ്ണാടക ഗവണ്‍മന്റിന്റെ വഴി പൈന്തുടർന്നിരുന്നുവേങ്കിൽ എത്രയോ
നന്നായിരുന്നു. ഇക്കാര്യങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടേയും, കൃഷി
മന്ത്രിയുടേയും, കാർഷികോത്പാദന കമ്മീഷണറുടേയും, കൃഷി വകുപ്പ്‌
സെക്രട്ടറിയുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്‌ തീർച്ചയായും
അനുകൂലമായ മറുപടി ഉണ്ടാകും എന്നു തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം.

നാളികേരത്തിൽ നിന്ന്‌ കൊപ്രയുണ്ടാക്കണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ
വർദ്ധിപ്പിക്കേണ്ടതുണ്ട്‌. നിലവിലുള്ള കൊപ്ര ഡ്രയറുകളുടെ എണ്ണം വളരെ
പരിമിതമാണ്‌. 10000 നാളികേരമെങ്കിലും ഓരോ ബാച്ചിലും സംസ്ക്കരിക്കാൻ
കഴിയുന്ന 250-300 ആധുനിക കൊപ്ര ഡ്രയറുകൾ കേരളത്തിൽ ഉടനടി സ്ഥാപിക്കാൻ
കഴിഞ്ഞാൽ കർഷകർക്ക്‌ ഗുണകരമായേനേ. ആദ്യപടിയെന്ന നിലയിൽ നാളികേരോത്പാദക
സംഘങ്ങളുടെ ഫെഡറേഷൻ തലത്തിൽ നാളികേര വികസന ബോർഡ്‌ ഇത്തരത്തിലുള്ള 20
ആധുനിക ഡ്രയറുകൾ സ്ഥാപിക്കുന്നതിന്‌ 50 ശതമാനം സഹായം നൽകുകയാണ്‌. ബാക്കി
ഒരു നൂറ്‌ ഡ്രയറുകളെങ്കിലും സംസ്ഥാന  ഗവണ്‍മന്റിന്റെ നേതൃത്വത്തിൽ കർഷക
കൂട്ടായ്മകളിലൂടെ മുന്നോട്ടുകൊണ്ടുവരേണ്ടതുണ്ട്‌. ഇത്തരത്തിലുള്ള മറ്റൊരു
നൂറ്‌ കൊപ്രഡ്രയറുകൾ തൃത്താല പഞ്ചായത്തുകൾ വഴിയും കർഷക കൂട്ടായ്മകൾക്ക്‌
നൽകുകകൂടി ചെയ്താൽ സ്വാഭാവികമായും നാളികേരം കർഷകകൂട്ടായ്മയിലൂടെ
സംഭരിച്ച്‌ കൊപ്രയാക്കി സംഭരണവിലയുടെ ആനുകൂല്യം വാങ്ങിയെടുക്കുന്നതിന്‌
കഴിയും.
ഇതോടൊപ്പം തന്നെ കേന്ദ്ര കാർഷികോൽപന്ന വിലനിർണ്ണയകമ്മീഷൻ കൊപ്രയുടെ
അടുത്ത വർഷത്തേക്കുള്ള താങ്ങുവില നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ
ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്‌. കമ്മീഷൻ കേരളവും തമിഴ്‌നാടും സന്ദർശിക്കുന്ന
വേളയിൽ ഉത്പാദക സംഘങ്ങളുടേയും, കർഷക പ്രതിനിധികളുടെയും പക്കൽ നിന്ന്‌
വിവരങ്ങൾ ശേഖരിക്കുന്നതാണ്‌. ഈ സമയത്ത്‌ എല്ലാ കർഷക കൂട്ടായ്മകൾക്കും
നാളികേരത്തിൽ നിന്ന്‌ കൊപ്ര ഉത്പാദിപ്പിക്കുന്നതിന്‌ വേണ്ടി വരുന്ന
ചെലവ്‌ കൃത്യമായി പഠിച്ച്‌ നിവേദനങ്ങളാക്കി കമ്മീഷനു സമർപ്പിക്കാൻ
കഴിയണം.
ഇതോടൊപ്പം തന്നെ നാം അടിസ്ഥാനപരമായി ചിന്തിക്കേണ്ട മറ്റൊരു മേഖലയാണ്‌
കരിക്ക്‌ വിപണനം. എപ്പോഴും വിലയിൽ വ്യതിയാനങ്ങൾ നേരിടേണ്ടിവരുന്നത്‌
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുമാണ്‌. നാളികേരത്തിന്റെ
മറ്റൊരുൽപന്നത്തിനും വിലകുറഞ്ഞിട്ടില്ല. കരിക്കിന്‌ ഈ മഴക്കാലത്തും
ഇരുപത്‌ രൂപയാണ്‌ ഉപഭോക്താവ്‌ നൽകുന്നത്‌. നമ്മുടെ ഉത്പാദകസംഘങ്ങൾ
വർദ്ധിച്ച തോതിൽ സെപ്തംബർ മുതൽ അടുത്ത മെയ്‌ വരെയുള്ള കാലഘട്ടത്തിൽ
പരമാവധി കരിക്ക്‌ വിളവെടുത്ത്‌ മെച്ചപ്പെട്ട വില കർഷകർക്ക്‌
നേടിക്കൊടുക്കുന്നതിന്‌ കൂട്ടായ പരിശ്രമം നടത്തിയോലോ? സ്വാഭാവികമായും
കൂടുതൽ നാളികേരം കരിക്കായി വിളവെടുക്കുമ്പോൾ കൊപ്രയാക്കി മാറ്റുന്നതിന്റെ
തോത്‌ കുറയും. കരിക്ക്‌ വിളവെടുക്കുക മാത്രമല്ല, വ്യാപകമായ കാമ്പയിൻ
മാതൃകയിൽ കർഷകരെ കൂടുതൽ നാളികേരം കരിക്കായി വിളവെടുക്കുന്നതിന്‌
പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഊർജ്ജിതമായി സംസ്ഥാനത്തെങ്ങും
നടത്തുകയാണ്‌ വേണ്ടത്‌.
നാളികേര ഉൽപന്നങ്ങൾ എന്നത്‌ കേവലം കൊപ്രയും വെളിച്ചെണ്ണയും മാത്രമല്ല,
കരിക്കും, വെർജിൻ വെളിച്ചെണ്ണയും, നാളികേര ക്രീമും, തേങ്ങപ്പാൽപൊടിയും,
തൂൾതേങ്ങയും എല്ലാമടങ്ങിയ ഒരു 'പ്രോഡക്ട്‌ ബാസ്ക്കറ്റ്‌' തന്നെയാണ്‌.
ഇതിനെപ്പറ്റി ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും പ്രോഡ്യൂസർ
കമ്പനികളും വഴി നമുക്ക്‌ ചിന്തിക്കേണ്ടതുണ്ട്‌. വിപണനത്തിന്റെ നൂതന
രംഗവും ആധുനിക മാതൃകകളും നാളികേരത്തിന്റെ വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ച്‌
വിപണിയിലെത്തിക്കുന്നതിന്‌ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും?
സ്വാഭാവികമായും ആധുനിക കേരോൽപന്നങ്ങൾ നിർമ്മിക്കുന്ന സംരംഭകരുടെ എണ്ണം
കേരളത്തിൽ കുറവാണ്‌. പലരും ഈ രംഗത്തേക്ക്‌ കടന്നുവരാൻ മടിച്ചുനിൽക്കുന്ന
സമയത്ത്‌ പ്രോഡ്യൂസർ കമ്പനികൾ ഈ രംഗത്തേക്ക്‌ കടന്നുവരുന്നതിനും നമുക്ക്‌
വേഗത്തിൽ നീങ്ങേണ്ടതുണ്ട്‌. പ്രോഡ്യൂസർ കമ്പനികൾ ഈ രംഗത്തേക്ക്‌
കടന്നുവരുമ്പോൾ, തൃത്താല പഞ്ചായത്തുകളുടെ സഹകരണത്തോടെ കേരള സംസ്ഥാനത്ത്‌
നാളികേരോൽപന്നങ്ങൾക്ക്‌ വമ്പിച്ച പ്രചാരം കൊടുക്കുന്നതിനും സംസ്ഥാന
ഗവണ്‍മന്റിന്റെ വിവിധ ഏജൻസികളും പൊതുമേഖല സ്ഥാപനങ്ങളും വഴി കൂടുതലായി
വെളിച്ചെണ്ണ മാത്രമല്ല മറ്റ്‌ ഉൽപന്നങ്ങളും വിറ്റഴിക്കുന്നതിനും നമുക്ക്‌
കൂട്ടായ പരിശ്രമം നടത്താൻ കഴിയില്ലേ?

പരമ്പരാഗത രീതിയിലുള്ള വെളിച്ചെണ്ണപോലും ഉപഭോക്താവ്‌ കൂടിയ വിലയ്ക്ക്‌
വാങ്ങുമ്പോൾ ഉത്പാദകന്‌ നാളികേരത്തിന്‌ കുറഞ്ഞ വില മാത്രമാണ്‌
ലഭിക്കുന്നത്‌. ഈ സാഹചര്യത്തിൽ നമുക്ക്‌ കർഷകരുടെ കൂട്ടായ്മ വഴി ശുദ്ധമായ
വെളിച്ചെണ്ണ മായം ചേർക്കാൻ കഴിയാത്ത രീതിയിൽ പായ്ക്ക്‌ ചെയ്ത്‌ ബ്രാൻഡ്‌
ചെയ്ത്‌ ആധുനിക വിപണനസങ്കേതങ്ങൾ ഉപയോഗിച്ച്‌ വിപണിയിൽ എത്തിക്കാൻ കഴിയണം.
കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകൾ കേരകർഷകരെ സഹായിക്കുന്നതിനുവേണ്ടി
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും അനുകൂലമായ നയങ്ങൾ
രൂപീകരിക്കേണ്ടതുണ്ട്‌. ഇത്തരം നയങ്ങൾ പ്രവൃത്തിപഥത്തിൽ
കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന ഗവണ്‍മന്റുകൾക്കാണ്‌.
ഉദാഹരണമായി, കേന്ദ്രസർക്കാർ  കൊപ്രസംഭരണത്തിനായി താങ്ങുവില
പ്രഖ്യാപിക്കുകയും സംഭരിക്കുവാൻ നാഫെഡിനെ ചുമതലപ്പെടുത്തുകയും
ചെയ്യുമ്പോൾ, സംഭരണം യഥാർത്ഥത്തിൽ നടപ്പാക്കി, കർഷകർക്ക്‌
പ്രയോജനപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന ഏജൻസികൾക്കാണ്‌.
സംസ്ഥാന സംഭരണ ഏജൻസികളിലേക്ക്‌ കർഷകരുടെ ഉൽപന്നങ്ങൾ സമാഹരിച്ച്‌
എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടെ ഉത്പാദക സംഘങ്ങൾ
ഏറ്റെടുക്കണം. ഇങ്ങനെ നയരൂപീകരണത്തിന്റെ രംഗത്ത്‌ കേന്ദ്ര ഏജൻസികൾക്കും
അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിന്‌ സംസ്ഥാന ഏജൻസികൾക്കും, സംഭരണ
പ്രക്രിയയുടെ വിജയത്തിനായി ഉത്പാദക സംഘങ്ങൾക്കും കൂട്ടായി
പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ ഈ രംഗത്ത്‌ നല്ല മാറ്റങ്ങൾ കൊണ്ടുവരാനാവും.
ഇതോടൊപ്പം തന്നെ നാം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്‌. വിലയിടിവിന്റെ
കാലഘട്ടത്തിൽ നമുക്ക്‌ എങ്ങനെ പരമ്പരാഗത രീതിയിൽ നിന്ന്‌
മാറിച്ചിന്തിക്കുവാൻ കഴിയും? ക്രിയാത്മകവും സർഗ്ഗാത്മകവുമായ എന്തെല്ലാം
പ്രവർത്തനങ്ങൾ നടത്താൻ കഴിയും? വികസനോന്മുഖമായ കുട്ടായ്മയിലൂടെ ഇതുവരെ
ആരും ഗൗരവമായി ചിന്തിക്കാത്ത നിരവധി ഉൽപന്നങ്ങൾ നാളികേരത്തിൽ നിന്ന്‌
നിർമ്മിക്കുവാനും, നിലവിലുള്ള ഉൽപന്നങ്ങൾക്ക്‌ നവീനമായ ഉപയോഗങ്ങൾ
കണ്ടെത്താനും കഴിയണം. വിലയിടിവുണ്ടാകുന്ന ഉൽപന്നത്തിന്റെ
വിപണിയിലേക്കുള്ള വരവിനെ നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ
ഉത്പാദനം ക്രമീകരിക്കുവാൻ കർഷക കൂട്ടായ്മയിലൂടെ മാത്രമേ കഴിയൂ.
അതിനുവേണ്ടിയുള്ള ഒരു ചെറിയ പരിശ്രമമാണ്‌ കരിക്കിന്‌ വേണ്ടിയുള്ള ശക്തമായ
കാമ്പയിൻ. ഈ കാമ്പയിൻ നമ്മുടെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും
ആത്മാർത്ഥമായി ഏറ്റെടുത്താൽ വരും വർഷത്തെ നാളികേര സീസൺ
കർഷകരുടേതായിരിക്കും; സംശയം വേണ്ട.
അടുത്ത രംഗം നീരയുടേതാണ്‌, പ്രത്യേകിച്ചും നാളികേരത്തിന്‌ വളരെയേറെ
വിലയിടിവ്‌ നേരിടുന്ന ഈ സാഹചര്യത്തിൽ. നമ്മുടെ സെക്രട്ടേറിയറ്റിനു
മുമ്പിലുള്ള റീട്ടെയിൽ ഔട്ട്ലെറ്റിൽ ശ്രീലങ്കൻ നീര ധാരാളമായി
വിൽക്കുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ കർഷകർക്ക്‌ ഭേദപ്പെട്ട വരുമാനം ഉറപ്പ്‌
വരുത്തുവാൻ ഉത്പാദക സംഘങ്ങൾ വഴി നീര ഉത്പാദിപ്പിക്കുന്നതിന്‌ അനുമതി
കൊടുക്കുവാൻ ഇനിയും വൈകുന്നത്‌? സ്വാഭിമായും കേരകർഷകരുടെ
കൂട്ടായ്മകളുടെ കെട്ടുറപ്പു വർദ്ധിപ്പിക്കുക വഴി മാത്രമേ ഇക്കാര്യത്തിൽ
അനുകൂലമായ നയത്തിനു വേണ്ടി സംസ്ഥാന ഗവണ്‍മന്റുകളെ പ്രേരിപ്പിക്കാൻ കഴിയൂ.
സംസ്ഥാന ഗവണ്‍മന്റിന്റെ നയങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ കർഷകരെ
രക്ഷിക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നതിനുള്ള ഊർജ്ജിതമായ ശ്രമം നമുക്ക്‌
ഈ വിലയിടിവിന്റെ കാലഘട്ടത്തിൽ നടത്താം. ഒരുപക്ഷേ, മികച്ച വിലയുള്ളപ്പോൾ
ചിന്തിക്കാൻ സാധിക്കാത്ത പല ഇടപെടലുകൾക്കുമുള്ള സാധ്യത, വിലയിടിവിന്റെ
കഷ്ടപ്പാടിൽ നീറിക്കൊണ്ടിരിക്കുന്ന കർഷകർക്ക്‌ വേണ്ടി കണ്ടെത്താൻ നമുക്കു
കഴിയണം. അതിനുള്ള ഒരു അവസരമായിക്കൂടി ഇക്കാലയളവിനെ നമുക്ക്‌
മാറ്റിയെടുക്കാൻ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുകയാണ്‌.
     

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...