20 Sept 2012

വിപണിയിലെ അവതരണം വിപണിയിലെ വിജയം


ദീപ്തി നായർ എസ്‌
മാർക്കറ്റിംഗ്‌ ഓഫീസർ,
നാളികേര വികസന ബോർഡ്‌, കൊച്ചി -11


തെങ്ങും നാളികേരവും കേരളത്തിന്റെ  സാംസ്ക്കാരിക പൈതൃകവുമായി
ഇഴുകിച്ചേർന്നുകിടക്കുന്നു. തെങ്ങിനെ കൽപ്പവൃക്ഷമെന്നും, കേരളത്തെ കേരം
തിങ്ങും നാടെന്നും സാഹിത്യത്തിൽ വിശേഷിപ്പിക്കുന്ന മലയാളി
നാളികേരത്തിന്റെ അനന്ത സാദ്ധ്യതകൾ തനിക്കനുകൂലമായി മാറ്റുന്നതിൽ അമ്പേ
പരാജയപ്പെട്ടു എന്ന്‌ പറയാതെ വയ്യ. കേരം തിങ്ങും കേരളനാട്‌ എന്ന ബഹുമതി
താമസിയാതെ അയൽ സംസ്ഥാനമായ തമിഴ്‌നാടിന്‌ കൈമാറേണ്ടി വരും. കാരണം മലയാളി
പാരമ്പര്യത്തിന്റെ പേര്‌ പറഞ്ഞ്‌ ആർക്കോവേണ്ടി കേരകൃഷി നടത്തുമ്പോൾ
തമിഴ്‌നാട്ടിൽ ശാസ്ത്രീയമായി കേരകൃഷി നടപ്പിലാക്കുന്നു. ഉത്പാദനക്ഷമത
കേരളത്തിന്റെ ഇരട്ടിയും.
ലോകമാകെ ഒരു ഏകീകൃത വിപണിയായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ
ലോകവിപണിയിലെ മാറ്റങ്ങൾക്കനുസൃതമായി ഉത്പാദനമേഖലയിൽ ക്രമീകരണങ്ങൾ
നടത്തുന്നതിന്‌ നാം നിർബന്ധിതരായിരിക്കുകയാണ്‌.  നാളികേരത്തിന്റെ
കാര്യത്തിൽ ഈ മാറ്റത്തിന്റെ അനിവാര്യത വർദ്ധിക്കുന്നു. 2011 ന്റെ
മദ്ധ്യത്തോടുകൂടിത്തന്നെ നാളികേരത്തിന്റെ വിലയിടിയുവാൻ തുടങ്ങി. 2012
ന്റെ ആരംഭത്തിൽ നാളികേരത്തിന്റേയും കൊപ്രയുടേയും വിലകൾ സർക്കാർ
നിശ്ചയിച്ച താങ്ങുവിലയേക്കാളും കുറയുകയുണ്ടായി. എട്ടുമാസങ്ങൾക്കിപ്പുറവും
വില വർദ്ധിച്ചിട്ടില്ല എന്നു മാത്രമല്ല, താങ്ങുവിലയ്ക്ക്‌ കൊപ്രസംഭരണം
ഊർജ്ജിതമാവാത്തതുകാരണം കേരകർഷകർ പ്രതിസന്ധിയിലാണ്‌. ഈ പ്രതിസന്ധിക്ക്‌
ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ കേരകർഷകരുടെ കാർഷിക വിപണന സമീപനങ്ങളിൽ
മാറ്റങ്ങൾ വരുത്തേണ്ടത്‌ ആവശ്യമാണ്‌.


കേരളത്തിൽ കാർഷികോത്പാദനം പാരമ്പര്യമായി നടപ്പിലാക്കുന്നുവേന്നതൊഴിച്ചാൽ
ഉത്പാദനം ഒരുകാലത്തും വിപണിയെ ലക്ഷ്യമാക്കിയുള്ളതായിരുന്നില്
ല. വിപണിയുടെ ആവശ്യകതകൾ മനസ്സിലാക്കി ഉത്പാദനം ക്രമീകരിച്ചാൽ മാത്രമേ നമുക്ക്‌
പിടിച്ച്‌ നിൽക്കാനാകൂ. നാളികേരോൽപന്നങ്ങളുടെ വിപണനത്തിൽ ഇത്തരത്തിലുള്ള
വിപണനതന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിൽ നാം വളരെ പിന്നിലാണ്‌.
ഉത്പാദിപ്പിച്ചാൽ മാത്രം പോര, ഉൽപന്നത്തിനെ ആഭ്യന്തര വിപണിയിലായാലും
ലോകവിപണിയിലായും ഉപഭോക്താവിന്‌ ആകർഷകമാകും വിധത്തിൽ അവതരിപ്പിച്ച്‌ വിപണി
കയ്യടക്കുന്നതിലെ മിടുക്കാണ്‌ ഇന്ന്‌ വിജയത്തിലേക്ക്‌ നയിക്കുന്നത്‌.
ഭക്ഷ്യവസ്തുക്കളുടെ മേഖലയിൽ ഇത്തരത്തിലുള്ള പല നൂതന വിപണന തന്ത്രങ്ങളും
നം നിത്യജീവിതത്തിൽ കാണുന്നുണ്ട്‌. നാളികേരത്തിന്റെയും
നാളികേരോൽപന്നങ്ങളുടെയും വിപണി പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ വിപണി
കണ്ടെത്തുന്നതിനും ധാരാളം അവസരങ്ങൾ നിലവിലുണ്ട്‌. പാരമ്പര്യമായിത്തന്നെ
നാളികേരത്തിന്റെ ഗുണമേന്മകളെ സംബന്ധിച്ച്‌ കേരളീയർ
ബോധവാന്മായിരുന്നെങ്കിലും, ആ ഗുണമേന്മകൾ വിപണിയിൽ ആധിപത്യം
സ്ഥാപിക്കുന്നതിനുള്ള തന്ത്രങ്ങളാക്കി മാറ്റുന്നതിൽ നാം
പിന്നിലായിരുന്നു. കേരകൃഷിയില്ലാത്ത അമേരിക്ക പോലുള്ള രാജ്യങ്ങളിൽപ്പോലും
വിവിധ കമ്പനികൾ ഇതിന്റെ സാദ്ധ്യതകൾ മനസ്സിലാക്കിക്കൊണ്ട്‌ ധാരാളം വിപണി
പ്രോത്സാഹനമാർഗ്ഗങ്ങൾ നടപ്പിലാക്കിവരുന്നു. നാളികേരത്തിന്റെ വിപണനത്തിൽ,
ഉപഭോക്താവിലേക്കെത്തി വിപണിയിൽ ആധിപത്യം സ്ഥാപിക്കുവാനുതകുന്ന ചില വിപണന
തന്ത്രങ്ങളിലൂടെ നമുക്ക്‌ കണ്ണോടിക്കാം.
വിപണനം പ്രോത്സാഹിപ്പിക്കുവാൻ പ്രധാനമായും അടിസ്ഥാനമാക്കുന്ന ഘടകങ്ങൾ
ഉൽപന്നത്തിന്റെ പ്രത്യേകത, ഉൽപന്നത്തിന്റെ വില, വിപണി പ്രോത്സാഹനം, വിപണന
പ്രദേശം, ഉൽപന്നത്തിന്റെ പാക്കേജിംഗ്‌, നാം ലക്ഷ്യമിടുന്ന ഉപഭോക്താക്കൾ
എന്നിവയാണ്‌. ഇതിലേത്‌ ഘടകത്തെയാണോ  അടിസ്ഥാനമാക്കുന്നത്‌ അതിനെ
കേന്ദ്രീകരിച്ചായിരിക്കും വിപണന തന്ത്രം രൂപപ്പെടുത്തേണ്ടത്‌.
1) ജൈവഉൽപന്നം/ സർട്ടിഫൈഡ്‌ ഉൽപന്നം:ഉപഭോക്താവ്‌ ഏത്‌ ഉൽപന്നത്തേയും
സംശയദൃഷ്ട്യാ നോക്കിക്കാണുന്ന ഒരു ലോകമാണ്‌ നമുക്ക്‌ ചുറ്റുമുള്ളത്‌.
കീടനാശിനികളും അവശിഷ്ടങ്ങളും എൻഡോസൾഫാനും അലുമിനിയം ഫോസ്ഫൈഡുമൊക്കെ
ചർച്ചാ വിഷയങ്ങളാകുന്ന അവസരത്തിൽ, ഉത്പാദനരീതി അടിസ്ഥാനമാക്കി
ഗുണമേന്മയുറപ്പാക്കുന്നത്‌ ഉൽപന്നത്തെ വിപണിയിൽ
ഉത്തമശ്രേണിയിലെത്തിക്കുന്നു. നമ്മുടെ നാട്ടിലും ലക്ഷദ്വീപിലും ആൻഡമാൻ
നിക്കോബാർ ദ്വീപ്‌ സമൂഹങ്ങളിലുമൊക്കെ പൂർണ്ണമായും ജൈവരീതിയിൽ കൃഷി
ചെയ്യുന്ന തെങ്ങിൻ തോട്ടങ്ങൾ ധാരാളമുണ്ട്‌. ഒരു ഭാഗത്ത്‌ കർഷകർ ജൈവ
സർട്ടിഫിക്കേഷനെ സംബന്ധിച്ച്‌ അജ്ഞരാണ്‌. അറിയാവുന്നവരാകട്ടെ
ഇക്കാര്യത്തിൽ വിമുഖത കാണിക്കുകയും ചെയ്യുന്നു. സർട്ടിഫിക്കേഷൻ ലഭിച്ച
ഉൽപന്നങ്ങളോ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിച്ച്‌ വിപണിയിൽ
എത്തിക്കുന്നുമില്ല.
ജൈവ സർട്ടിഫിക്കേഷൻ നേടിയില്ലെങ്കിൽപോലും നല്ല കാർഷിക
വൃത്തികളനുഷ്ഠിക്കുന്ന കർഷകർക്ക്‌ ആ രീതിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ
വിപണിയിലെത്തിക്കാനാകും. ആഗോള വിപണിയിൽ 'വലമഹവ്യേ ഴൃ​‍ീം​‍ി' എന്ന ലേബലിൽ
ഭൂമിക്കും, പ്രകൃതിക്കും, പക്ഷിമൃഗാദികൾക്കും ദോഷകരമല്ലാത്തവിധം,
ആരോഗ്യകരമായ രീതിയിൽ ഉത്പാദിപ്പിച്ച ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്‌.
ഇവയ്ക്ക്‌ സാധാരണ ഉൽപന്നങ്ങളേക്കാളും ഉയർന്നവില (ജൃലാശൗ​‍ാ ജൃശരല)
വിപണിയിൽ ലഭിക്കുന്നുണ്ട്‌. ജൈവരീതിയിൽ ഉത്പാദിപ്പിച്ച  നാളികേരവും
ഇളനീരും മാത്രമല്ല, അവയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളിലും
ജൈവസർട്ടിഫിക്കറ്റ്‌ നൽകുന്നതിലൂടെ ഉൽപന്നത്തിന്റെ വിപണിയിലെ സ്വീകാര്യത
വർദ്ധിക്കുന്നു. വിപണി പിടിച്ചടക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രമായി
മാറുന്നു.
2)      പ്രകൃതിവിഭവം എന്ന പ്രത്യേകത: പ്രകൃത്യാ ലഭിക്കുന്ന, ആരോഗ്യദായകമായ,
പോഷകസമ്പുഷ്ടമായ ഒരു പാനീയമാണ്‌ ഇളനീരും തേങ്ങാവെള്ളവും. പ്രകൃതിയിൽ
നിന്നും നേർപ്പിക്കാതെ, കലർപ്പില്ലാതെ, മായമില്ലാതെ ലഭിക്കുന്ന ഒരു പോഷക
സമ്പുഷ്ടമായ പാനീയം എന്ന ലേബൽ മാത്രം മതി ഉപഭോക്താക്കളുടെ ഇടയിൽ
ഇളനീരിന്റെ ഉപഭോഗം വർദ്ധിക്കുവാൻ. വഴിയോരങ്ങളിലും വിനോദ
സഞ്ചാരകേന്ദ്രങ്ങളിലും ഇളനീരിന്റെ വിൽപ്പന കേരളത്തിലുടനീളം തകൃതിയായി
നടക്കുന്നുണ്ട്‌. ഒരു ദാഹശമനി എന്നപേരിൽ മാത്രമാണ്‌ ഈ വിൽപ്പന എന്നാൽ
ഇളനീരിന്‌ പ്രകൃത്യാ ലഭിക്കുന്ന, മായമില്ലാത്ത ഒരു പോഷകപാനീയമെന്ന പേരു
നൽകിയാലോ? അത്തരത്തിലുള്ള വിപണി പ്രോത്സാഹനപ്രവർത്തനങ്ങളാണ്‌ നാം
ചിന്തിക്കേണ്ടത്‌. പ്രകൃതിയിൽ നിന്നും നേരിട്ട്‌ ലഭിക്കുന്ന, തോട്ടത്തിലെ
പുതുമയോടെ ഉപഭോക്താക്കളിലെത്തിക്കുന്ന ഇളനീരിന്‌ ഉപഭോക്തൃ
സ്വീകാര്യതയേറും
.
പ്രകൃത്യാ ലഭിക്കുന്ന പാനീയമെന്ന രീതിയിൽ ഇളനീരിന്റെ പ്രോത്സാഹനം
മുതിർന്നവരുടേയും മദ്ധ്യവയസ്ക്കരുടേയും ഇടയിൽ വിജയകരമാകും. എന്നാൽ
യുവാക്കൾക്കും കുട്ടികൾക്കും വേണ്ടത്‌ ഇന്ന്‌ വിപണിയിൽ നിലവിലുള്ള
കൃത്രിമ പാനീയങ്ങളോട്‌ കിടപിടിക്കുന്ന ഒന്നാണ്‌. അവർക്കായി കാർബൺ
ഡയോക്സൈഡ്‌ നിറച്ച ഇളനീർ കോള വിപണിയിലെത്തിയിട്ടുണ്ട്‌.
ഇളനീരിന്‌ രൂപഭാവം കൂടാതെ ഒരു മൂല്യവർദ്ധന കൂടിയായാലോ? അതും വിപണിയിൽ
സ്ഥാനം നേടിത്തരുന്നതിനുപകരിക്കും. മുതലമട ആസ്ഥാനമായുള്ള നാളികേരോത്പാദക
സംഘങ്ങളുടെ ഫെഡറേഷൻ തങ്ങളുടെ ഇളനീരിൽ  സംഘത്തിന്റെ സ്റ്റിക്കറൊട്ടിച്ചു.
സ്റ്റിക്കറൊട്ടിച്ച ആപ്പിൾ ഗുണമേന്മയുള്ളതാകുന്നതുപോലെ
സ്റ്റിക്കറൊട്ടിച്ച ഇളനീരും വിപണിയിൽ ശ്രദ്ധപിടിച്ചുപറ്റി.  മാത്രമല്ല
വിളവെടുത്ത്‌ പത്ത്‌ - പന്ത്രണ്ട്‌ ദിവസം കഴിഞ്ഞ്‌ നഗരങ്ങളിലെ
വിപണികളിലെത്തുന്ന ഇളനീരിനെ താരതമ്യം ചെയ്യുമ്പോൾ ഈ ഇളനീരിന്‌ വില കുറവും
ഗുണമോ ഏറെയും.
3)      പുതിയ രുചി ഭേദങ്ങൾ: ഒരു ഉൽപന്നം തന്നെ വിവിധ
രുചിഭേദങ്ങളിലവതരിപ്പിച്ച്‌ വിപണിയിൽ സ്വീകാര്യത തേടുന്നത്‌ വിപണനത്തിലെ
മറ്റൊരു തന്ത്രമാണ്‌. കുട്ടികളുടെ ഇടയിൽ നാളികേര ചിപ്സിന്റെ വിവിധ
രുചിഭേദങ്ങൾ ചലനങ്ങൾ സൃഷ്ടിക്കും. പരമ്പരാഗത രുചികളാണ്‌ ഇന്ന്‌
ലോകത്തിന്‌ കൂടുതൽ പ്രിയം. സ്നാക്സ്‌ ഭക്ഷണശ്രേണിയിൽ ശ്രദ്ധേയമായ
'കുർക്കുറേ' പോലുള്ള ബ്രാൻഡുകൾ പോലും  തങ്ങളുടെ ഉൽപന്നങ്ങളിലെ
രുചിഭേദങ്ങൾക്ക്‌ പരസ്യം ചെയ്യുന്നതിന്‌ പകരം 'വീട്ടിലെ അതേ രുചി' അഥവാ
ഗൃഹനിർമ്മിതമായ രുചികൾ എന്ന പേരിലാണ്‌ ഇന്ന്‌ വിപണിയിൽ ശ്രദ്ധ നേടാൻ
ശ്രമിക്കുന്നത്‌. നാളികേര ചിപ്സിലും ഇളനീരിലുമൊക്കെ ഇഞ്ചി, നാരങ്ങ,
തുളസി, പുതിന, ഏലയ്ക്ക തുടങ്ങി നാടൻ രുചികളുടെ ചേരുവകൾ ചേർക്കുന്നതിലൂടെ
ഒരു നൂതന ലോകവിപണിയാണ്‌ നമുക്ക്‌ മുമ്പിൽ തുറക്കപ്പെടുന്നത്‌. "നേച്ചർ
നെസ്റ്റ്‌" എന്ന പേരിൽ ബാംഗ്ലൂർ ആസ്ഥാനമായി ഗിരീഷ്‌ എന്ന യുവാവ്‌
തുടങ്ങിയ സ്ഥാപനം ഒരു മാതൃകയാണ്‌.
4) പോഷകമൂല്യം: ഭക്ഷ്യോൽപന്നങ്ങളിലെ പോഷകമൂല്യത്തെ സംബന്ധിച്ച്‌ ഇന്നത്തെ
തലമുറ ഉത്സുകരാണ്‌. നാളികേരവും ഇളനീരും പോഷകമൂലകങ്ങളാൽ സമൃദ്ധമാണ്‌.
എന്നാൽ ഇതിന്‌ വ്യാപകമായ പ്രചരണം നടത്തിയെങ്കിൽ മാത്രമേ
ഉപഭോക്താവിലേക്കെത്തുകയുള്ളൂ. ഇളനീരിലെ മൂലകങ്ങളുടെ അളവ്‌
വിപണിയിലുപയോഗിക്കാവുന്ന ഒരു പരസ്യവാചകമാണ്‌. നിർജ്ജലീകരണത്തിനെതിരെ
ഫലപ്രദമായ ഇളനീരിനെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഉൽപന്നമായ ദശരീ
അവതരിപ്പിക്കുന്ന പ്രകൃത്യാ ലഭ്യമായ സ്പോർട്ട്സ്‌ ഡ്രിങ്കായിട്ടാണ്‌.
വെളിച്ചെണ്ണയിലും വെർജിൻ കോക്കനട്ട്‌ ഓയിലിലും മീഡിയൻ ചെയിൻ ഫാറ്റി
ആസിഡുകളാണ്‌ ഉള്ളത്‌ എന്നതും അതിലെ പോഷകങ്ങളുടെ അളവും വിപണി
പിടിച്ചെടുക്കുവാൻ പര്യാപ്തമാണ്‌. ഇന്ന്‌ ആഗോളവിപണിയിലെത്തിക്കുന്ന എല്ലാ
ഭക്ഷ്യഉൽപന്നങ്ങളുടേയും പുറത്ത്‌ അവയിലെ പോഷകങ്ങളുടെ അളവ്‌ നിർബന്ധമാണ്‌.
ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ ഉൽപന്നത്തിന്റെ ഏറ്റവും ശ്രദ്ധേയമായ
പ്രത്യേകത നാം രേഖപ്പെടുത്തി ഉൽപന്നത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌
വേണ്ടത്‌.
5)      ആരോഗ്യദായകം : നാളികേരത്തിന്റെ ഉൽപന്നങ്ങളെല്ലാം തന്നെ
ആരോഗ്യദായകമാണ്‌. ഉദാഹരണത്തിന്‌ ഇളനീരിലും തേങ്ങവെള്ളത്തിലും കൊഴുപ്പില്ല
എന്നതുതന്നെ ഉപഭോക്താക്കളുടെ സ്വീകാര്യത വർദ്ധിപ്പിക്കും. ഇന്തോനേഷ്യ,
ഫിലിപ്പീൻസ്‌ രാജ്യങ്ങളിൽ തെങ്ങിൻ പൂങ്കുലയുടെ നീരിൽ നിന്നും സിറപ്പും
പഞ്ചസാരയും തേനും ഉത്പാദിപ്പിക്കുന്നു. ശരീരത്തിലേക്ക്‌ വളരെക്കുറഞ്ഞ
തോതിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയാണിത്‌. അതുകൊണ്ട്‌ തന്നെ
പ്രമേഹരോഗികൾക്ക്‌ ഇത്‌ ഉപയോഗിക്കാവുന്നതാണ്‌. വിപണനത്തിൽ ഒരു പ്രത്യേക
വിഭാഗം ഉപഭോക്താക്കളെ കേന്ദ്രീകരിച്ച്‌ വിപണി കയ്യിലെടുക്കാവുന്നതാണ്‌.
ഇനി സാധാരണ പഞ്ചസാര കരിമ്പിൽ നിന്നും ഉണ്ടാക്കുമ്പോൾ എല്ലിൻ ചാരം
ഉപയോഗിച്ചാണ്‌ തൂവെള്ളനിറമാക്കുന്നു. തെങ്ങിന്റെ പൂക്കുലയിൽ നിന്നുള്ള
പഞ്ചസാരയ്ക്ക്‌ ഒരു "വെജിറ്റേറിയൻ ഉൽപന്നം" എന്ന പേരുകൂടി നൽകിയാലോ?
വിപണി അറിഞ്ഞ്‌, നമ്മുടെ ഉൽപന്നത്തിന്റെ പ്രത്യേകതയറിഞ്ഞ്‌, പ്രചാരം
കൊടുക്കേണ്ട ഗുണഗണങ്ങൾ മനസ്സിലാക്കി, പ്രചരിപ്പിക്കേണ്ട ഉപഭോക്തൃസമൂഹത്തെ
അറിഞ്ഞ്‌ വിപണന തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണ്‌ വേണ്ടത്‌.
അമേരിക്ക ആസ്ഥനമാക്കി പ്രവർത്തിക്കുന്ന "സോ ഡലീഷ്യസ്‌ ഡയറി ഫ്രീ" എന്ന
കമ്പനി മൃഗജന്യ പാലില്ലാതെ ഉണ്ടാക്കുന്ന ഐസ്ക്രീം എന്നാണ്‌ തേങ്ങപ്പാലിൽ
നിന്നുള്ള ഐസ്ക്രീമിനെ പരിചയപ്പെടുത്തിയത്‌. പാലും പാലുൽപന്നങ്ങളും
ഒഴിവാക്കുന്ന ഉപഭോക്താവിന്‌ തേങ്ങാപ്പാലിൽ നിന്നുള്ള ഉൽപന്നങ്ങൾ
ആശ്വാസമേകി. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന, തേങ്ങയിൽ നിന്നുള്ള
ബിവറേജസ്‌ കൂടിയായപ്പോൾ വിപണി ഉറപ്പായി.
വെർജിൻ കോക്കനട്ട്‌ ഓയിൽ എന്ന ഉൽപന്നത്തിന്‌ രക്തത്തിലെ നല്ല
കൊളസ്ട്രോളിന്റെ അളവ്‌ വർദ്ധിപ്പിക്കുക എന്ന അറിവ്‌ വിപണി
കയ്യടക്കുന്നതിന്‌ പ്രചരിപ്പിക്കാവുന്ന ഒരു മാർഗ്ഗമാണ്‌. അജിനോമോട്ടോ
പോലുള്ള പദാർത്ഥങ്ങൾ അടങ്ങിയ സ്നാക്ഫുഡ്‌ പ്രചാരത്തിലിരിക്കുന്ന നമ്മുടെ
നാട്ടിൽ തികച്ചും പ്രകൃത്യാ ഉത്പാദിപ്പിക്കുന്ന നാളികേരചിപ്സും വിപണിയിൽ
നാളെ മാറ്റങ്ങൾ വരുത്തുന്ന ഉൽപന്നമാണ്‌.
6) ആകർഷകമായ വില: ഏതൊരു ഉൽപന്നത്തിനും ന്യായമായ ഒരു വിലയുണ്ട്‌. ആ വിലയിൽ
കൂടുതലായാൽ ഒരു ശരാശരി ഉപഭോക്താവ്‌ ഒന്നുകിൽ മറ്റൊരു സമാന ഉൽപന്നത്തിന്റെ
പുറകെ പോകും. അല്ലെങ്കിൽ വാങ്ങുന്നതിന്റെ അളവ്‌ കുറയ്ക്കും.
ഉദാഹരണത്തിന്‌ വെളിച്ചെണ്ണയുടെ വില വളരെയധികം കൂടിയാൽ ജനം മറ്റ്‌
വിലകുറഞ്ഞ എണ്ണകൾ വാങ്ങും. വെളിച്ചെണ്ണ തന്നെ വേണമെന്ന്‌ ശഠിക്കുന്നവർ
വാങ്ങുന്നതിന്റെ അളവ്‌ കുറയ്ക്കും. വിൽക്കുന്നവരാണെങ്കിലോ വെളിച്ചെണ്ണയിൽ
മായം ചേർത്ത്‌ വിൽക്കും. ഉൽപന്നങ്ങളിൽ ഗുണനിലവാരം സംബന്ധിച്ച പ്രത്യേകതകൾ
വരുത്തുന്നതനുസരിച്ച്‌ മൂല്യം വർദ്ധിക്കുന്നു. മൂല്യ വർദ്ധനയ്ക്കനുസൃതമായ
ഒരു വില മാത്രമേ നാം ഈടാക്കാവൂ. വിപണനത്തിൽ നാം ഏറ്റവും പ്രധാനമായി
ചിന്തിക്കേണ്ടത്‌ കുറച്ചുപേർ മാത്രം വാങ്ങുന്ന വില കൂടിയ ഉൽപന്നത്തിന്റെ
ഉത്പാദകനാവണോ അതോ ലോകത്തെമ്പാടും ആവശ്യകതയുള്ള നാളെയുടെ ഉൽപന്നത്തിന്റെ
ഉത്പാദകനാവണോ എന്നതാണ്‌.

7) ആകർഷണീയമായ വിപണന കേന്ദ്രങ്ങൾ: ഒരു ഉൽപന്നം ഉപഭോക്താവിന്റെ മുന്നിൽ
ആകർഷണീയമായ രീതിയിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതും അതിന്റെ വിപണന
സാദ്ധ്യതകളെ ബാധിക്കുന്നു. ഉദാഹരണത്തിന്‌ വഴിയോരത്തുനടത്തുന്ന ഇളനീരിന്റെ
കച്ചവടം വൃത്തിയില്ലാത്ത, പൊടിപടലങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലാണ്‌
നടക്കുന്നത്‌. ഉപയോഗിച്ചു കഴിഞ്ഞ കരിക്കിന്റെ അവശിഷ്ടങ്ങൾ കുന്നുകൂടി
കിടക്കുന്നതും ഈച്ചയുടേയും മറ്റ്‌ ജീവികളുടേയും സാന്നിദ്ധ്യവും
സാഹചര്യങ്ങളെ കൂടുതൽ വൃത്തിഹീനമാക്കുന്നു. കുടുംബമായി പോയി കഴിക്കാൻ
പലരും മടിക്കുന്നു. എന്നാൽ ഇതു തന്നെ ഒരു ചെറിയ, കെട്ടുറപ്പുള്ള, വിപണന
സൗകര്യങ്ങളുള്ള ഒരു ഇളനീർപ്പന്തലായി രൂപാന്തരപ്പെട്ടാലോ? ഉപഭോക്താവിന്‌
ഒരു കൗണ്ടറിലൂടെ ഇളനീർ വാങ്ങുവാനും അവിടെ വച്ച്‌ തന്നെ കഴിച്ചിട്ട്‌
അതിന്റെ അവശിഷ്ടങ്ങൾ കളയാനുമുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ ജനങ്ങളെ
ആകർഷിക്കുവാൻ സാധിക്കും. കൂടുതൽ മുതൽമുടക്ക്‌ സാധ്യമാകുന്ന അവസരത്തിൽ
ചെറിയ ഒരു സമൂഹത്തിന്‌ ഇരുന്ന്‌ ഇളനീര്‌ കുടിക്കുവാനുള്ള അവസരങ്ങളും
ഒരുക്കാം. അതിന്‌ ഉപഭോക്താക്കളുടെയിടയിൽ ആസ്വാദ്യതയും സ്വീകാര്യതയും
ഏറും. ഇങ്ങനെ വിപണന കേന്ദ്രത്തിന്റെ ആകർഷണീയതയും സൗകര്യങ്ങളും
ഉപഭോക്താക്കളുടെ താൽപര്യം വർദ്ധിപ്പിക്കും. കൂടുതൽ സൗകര്യങ്ങൾ
നൽകുന്നതനുസരിച്ച്‌ കൂടുതൽ തുകയും ഉപഭോക്താക്കളിൽ നിന്ന്‌
ഈടാക്കാവുന്നതാണ്‌. നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇളനീർ
പന്തലുകൾ സ്ഥാപിക്കുന്നത്‌ പ്രോത്സാഹിപ്പിച്ചുവരുന്നു. ഒരേ മാതൃകയിൽ
രാജ്യത്തുടനീളം പ്രധാനപ്പെട്ട ഹൈവേകളിലും പട്ടണങ്ങളിലും നഗരങ്ങളിലും
ഒക്കെ ഇളനീർപ്പന്തലുകൾ സ്ഥാപിച്ച്‌ ഇളനീരിന്റെ ഉപഭോഗം
വർദ്ധിപ്പിക്കാമെന്ന്‌ മാത്രമല്ല ശുചിത്വപൂർണ്ണവും, ഗൃഹാതുരത്വം
ഉണർത്തുന്നതുമായ സാഹചര്യങ്ങളിൽ പോഷകസമ്പുഷ്ടമായ ഈ പാനീയം
ജനങ്ങളിലേക്കെത്തിക്കുവാനും സാധിക്കും. ഇത്തരം പന്തലുകൾക്ക്‌ ബോർഡ്‌
പദ്ധതിയടിസ്ഥാനത്തിൽ 50 ശതമാനം സബ്സിഡി നൽകുന്നുണ്ട്‌. പരമാവധി 1.5 ലക്ഷം
രൂപയാണ്‌ സബ്സിഡി തുക. ആകർഷണീയവും ശുചിത്വപൂർണ്ണവുമായ സാഹചര്യങ്ങൾക്ക്‌
വിപണനത്തിൽ ശ്രദ്ധേയമായ പങ്കാണുള്ളത്‌.

8) ആകർഷണീയമായ പായ്ക്കിംഗ്‌: നാളികേരത്തിൽ നിന്നുള്ള
ഉൽപന്നങ്ങളെക്കുറിച്ചുള്ള അവബോധം തന്നെ പൊതുജനങ്ങളുടെയിടയിൽ കുറവാണ്‌.
അപ്പോൾ പായ്ക്കിംഗ്‌ കൂടി ആകർഷകമല്ലെങ്കിലോ? ഷോപ്പിംഗ്‌ കോംപ്ലക്സുകളിൽ
ആകർഷകമായ നിറങ്ങളിലും പായ്ക്കിംഗുകളിലും നിരത്തി വച്ചിരിക്കുന്ന
ഉൽപന്നങ്ങളുടെയിടയിൽ നമ്മുടെ ഉൽപന്നം ഉപഭോക്താക്കളുടെ കണ്ണിൽപെടണമെങ്കിൽ
ആകർഷണീയമായ പായ്ക്കിംഗ്‌ അനിവാര്യമാണ്‌.  പായ്ക്കിൽ നിർബന്ധമായും
ഉൾപ്പെടുത്തേണ്ട വിവരങ്ങൾ കൂടാതെ നമ്മുടെ ഉൽപന്നത്തിന്റെ സവിശേഷതകളും
കൂടിചേർക്കാവുന്നതാണ്‌. പായ്ക്കിംഗിൽ ഉൽപന്നത്തിന്റെ ഗുണമേന്മകൾ
വിശദീകരിക്കാവുന്നതാണ്‌. ഉപഭോക്താവിന്‌ ഏറ്റവും ആകർഷകമാവുന്ന
സവിശേഷതകളായിരിക്കണം നാം രേഖപ്പെടുത്തേണ്ടത്‌. ഭാഗ്യവശാൽ സവിശേഷതകളാൽ
സമൃദ്ധമാണ്‌ കേരോൽപന്നങ്ങൾ.
പായ്ക്കിംഗ്‌ ആകർഷകമാക്കുന്നതുപോലെ തന്നെ പായ്ക്കിംഗ്‌ രീതിയ്ക്കും
പ്രാധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ഇളനീർ കുപ്പികളിലും, പെറ്റ്‌
ബോട്ടിലിലും ടെട്രാപായ്ക്കിലും കാണിലും പായ്ക്ക്‌ ചെയ്യാവുന്നതാണ്‌. ഓരോ
തരം പായ്ക്കിംഗിലും നമ്മുടെ മുതൽമുടക്കിലും വ്യത്യാസമുണ്ട്‌. അതിനോടൊപ്പം
ഉപഭോക്താവിന്റെ സ്വീകാര്യതയിലും വ്യത്യാസമുണ്ട്‌. മാത്രവുമല്ല
പായ്ക്കിംഗിനനുസരിച്ച്‌ ഉൽപന്നത്തിന്റെ സൂക്ഷിപ്പുകാലത്തിലും വ്യത്യാസം
വരും. അതുകൊണ്ടുതന്നെ ഏത്‌ വിപണിയാണോ നാം ലക്ഷ്യമിടുന്നത്‌,
അതിനനുസരിച്ച്‌ ഉൽപന്നത്തിന്റെ പായ്ക്കിംഗ്‌ ക്രമീകരിക്കേണ്ടതാണ്‌.
9) മനസ്സിൽ തങ്ങി നിൽക്കുന്ന പരസ്യവാചകങ്ങൾ: ഉൽപന്നത്തിന്റെ ഗുണനിലവാരം
മെച്ചപ്പെട്ടതായാലും, പായ്ക്കിംഗ്‌ നന്നായാലും, മനസ്സിൽ തങ്ങി നിൽക്കുന്ന
ആകർഷകമായ പരസ്യ വാചകങ്ങൾ ഇല്ലെങ്കിൽ ചിലപ്പോൾ വിപണിയിൽ നിലനിൽക്കില്ല.
പലപ്പോഴും പരസ്യംകൊണ്ട്‌ മാത്രം വിപണിയിൽ പിടിച്ചു നിൽക്കുന്ന
ഉൽപന്നങ്ങളുണ്ട്‌.  വിവരസാങ്കേതിക വിദ്യ അത്യധികം പുരോഗമിച്ച ഈ
കാലഘട്ടത്തിൽ ദൃശ്യശ്രവ്യമാർഗ്ഗങ്ങളിലൂടെയുള്ള പരസ്യം അനിവാര്യമായി
മാറുന്നു. പരസ്യങ്ങൾ ഉൽപന്നത്തിന്റെ ഗുണനിലവാരം വിളിച്ചു പറയുന്നവയാകാം.
ഇളനീർ പായ്ക്കു ചെയ്തുള്ള വിവിധ ഉൽപന്നങ്ങൾ അമേരിക്കൻ വിപണികളിൽ ഉണ്ട്‌.
ഒരു കമ്പനി ഇളനീർ മൂലകങ്ങളാൽ സമൃദ്ധമായതുകൊണ്ട്‌ കായികതാരങ്ങൾക്ക്‌
നല്ലതാണെന്ന്‌ പറയുമ്പോൾ, മറ്റൊരാൾ ഇളനീർ പ്രകൃത്യാ ലഭിക്കുന്ന ഒരു പോഷക
സമ്പുഷ്ടമായ പാനീയമാണെന്ന്‌ പരസ്യപ്പെടുത്തുന്നു. മറ്റൊരു കമ്പനിയാകട്ടെ
ഇളനീർ കുടിക്കുമ്പോഴുള്ള ഉന്മേഷത്തിനാണ്‌ മുൻതൂക്കം കൊടുക്കുന്നത്‌.
വിപണിയിലെ പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ്‌ ഈ പരസ്യവാചകങ്ങൾ
രൂപപ്പെടുത്തിയിരിക്കുന്നത്‌. ഇളനീർ എന്ന ഉൽപന്നത്തിനുള്ള സവിശേഷതകളാണ്‌
ഇവിടെയെല്ലാം ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നത്‌.
10) ബ്രാൻഡിംഗ്‌: വിപണിയിലെ ഏതൊരു ഉൽപന്നത്തിനും ഇന്ന്‌
പിടിച്ചുനിൽക്കണമെങ്കിൽ ഒരു 'ബ്രാൻഡ്‌' വേണം. ആ ഉൽപന്നത്തിന്‌ തനതായ ഒരു
പേര്‌ നേടിക്കൊടുക്കാൻ ബ്രാൻഡിന്‌ സാധിക്കുന്നു. ഉന്നതഗുണനിലവാരമുള്ള
ഉൽപന്നങ്ങൾ ഒരു പ്രത്യേക ബ്രാൻഡിൽ വിപണിയിൽ ലഭ്യമാവുമ്പോൾ കുറഞ്ഞ സമയം
കൊണ്ട്‌ ബ്രാൻഡിലൂടെ ഉപഭോക്താവിന്റെ മനസ്സിൽ സ്ഥാനം നേടാൻ
ഉൽപന്നത്തിനാവുന്നു. ഒരു ബ്രാൻഡ്‌ ഉണ്ടാക്കി വിപണിയിൽ സ്ഥാനം
നേടിയെടുക്കുക എന്നത്‌ കഠിനശ്രമത്തിലൂടെ മാത്രമേ സാധ്യമാവൂ. അതിലും
കഠിനമാണ്‌ ആ ബ്രാൻഡിന്റെ പേര്‌ നിലനിർത്തുന്നത്‌. നമ്മുടെ
ഉത്പാദനപ്രക്രിയകൾ കുറ്റമറ്റതും നിലവാരമുള്ളതുമാണെങ്കിൽ മാത്രമേ
ഉൽപന്നത്തിന്റെ ഗുണനിലവാരം എല്ലായ്പ്പോഴും സ്ഥിരമായിരിക്കുകയുള്ളൂ.
ബ്രാൻഡിനോടൊപ്പം തന്നെ കൂടുതൽ സവിശേഷതകളും ഇപ്പോൾ ഉൾക്കൊള്ളിക്കാറുണ്ട്‌.
വെർജിൻ കോക്കനട്ട്‌ ഓയിലും ആയുർവേദ കൂട്ടുകളടങ്ങിയ വെർജിൻ കോക്കനട്ട്‌
ഓയിലും ഒക്കെ വിപണിയിലെ മാറ്റങ്ങൾക്കനുസൃതമായ വിപണന തന്ത്രങ്ങളിലൂടെ വന്ന
ഉൽപന്നങ്ങളാണ്‌.

നാളികേര ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും അതിലൂടെ ഉത്പാദക
കമ്പനികളിലേക്കും നീങ്ങുന്ന നമുക്ക്‌ ഉത്പാദക കമ്പനികളുടെ
ഉൽപന്നങ്ങൾക്ക്‌ ഒരു പൊതു ബ്രാൻഡ്‌ ഉണ്ടാക്കുവാൻ സാധിക്കും. ആ പൊതു
ബ്രാൻഡ്‌ കേൾക്കുമ്പോൾ തന്നെ ഇത്‌ കർഷകനേതൃത്വത്തിൽ
ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഉൽപന്നമാണ്‌ എന്ന വസ്തുത ജനമനസ്സിൽ
വളർത്തിയെടുക്കാൻ സാധിച്ചാൽ അതുതന്നെ ആ ബ്രാൻഡിന്റെ സവിശേഷതയാകുന്നു.
11) മെച്ചപ്പെട്ട വിപണനശൃംഖലകൾ: നാളികേരം ചെറുകിട, നാമമാത്ര കർഷകരുടെ
ഉൽപന്നമാണ്‌ എന്നതുകൊണ്ടുതന്നെ, നാളികേരത്തിന്റെ വിപണനശൃംഖലയ്ക്ക്‌
നീളമേറുന്നു. ഇടത്തട്ടുകാരും കമ്മീഷൻ ഏജന്റുമാരും മൊത്തക്കച്ചവടക്കാരും
ചില്ലറക്കച്ചവടക്കാരും അടങ്ങുന്ന ഒരു നീണ്ട നിരതന്നെ കർഷകന്റെയും
ഉപഭോക്താവിന്റെയുമിടയിൽ നിലകൊള്ളുന്നു. ഇതു കൊണ്ടുതന്നെ ഉപഭോക്തൃവിലയുടെ
30%ത്തിൽ താഴെ മാത്രമേ കർഷകനു ലഭിക്കുന്നുള്ളൂ. വിപണനശൃംഖലയിലെ
കണ്ണികളുടെ എണ്ണം കുറഞ്ഞാൽ തന്നെ ഉൽപന്നത്തിന്റെ വിപണനം
മെച്ചപ്പെട്ടതാകുന്നു. നാളികേരത്തിന്റെ ഉത്പാദനം പ്രധാനമായും
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ നടക്കുന്നത്‌. എന്നാൽ വെളിച്ചെണ്ണ
ഭക്ഷ്യാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതൊഴിച്ചാൽ ബാക്കി എല്ലാ
നാളികേരോൽപന്നങ്ങളുടെയും ഉപഭോഗം വടക്കൻ സംസ്ഥാനങ്ങളിലാണ്‌. നമ്മുടെ
നാട്ടിൽ നിന്നും തുച്ഛമായ വില നൽകി വാങ്ങുന്ന നാളികേരം വടക്കൻ
സംസ്ഥാനങ്ങളിലെത്തിക്കുന്ന ഇടനിലക്കാർ വൻ ലാഭമാണ്‌ കൊയ്യുന്നത്‌.

നാളികേരോത്പാദക കമ്പനികൾ രൂപം പ്രാപിക്കുമ്പോൾ വിപണന ശൃംഖലകൾ
ക്രമപ്പെടുത്തി നേരിട്ട്‌ വടക്കേ ഇന്ത്യയിലേക്ക്‌ ഉൽപന്നം കുറഞ്ഞ ചെലവിൽ
കയറ്റി അയയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ്‌ ഉണ്ടാവേണ്ടത്‌. കാർഷിക
ഉൽപന്നങ്ങൾ കയറ്റി അയക്കാൻ "കൈരളി ക്വീൻ" പോലെയുള്ള റെയിൽ മാർഗ്ഗങ്ങൾ
സ്വീകരിക്കുന്നതു വഴി വിപണനശൃംഖലയുടെ നീളം കുറയുന്നു, കർഷകന്റെ
കൈകളിലേക്ക്‌ ഉപഭോക്തൃവിലയുടെ ഏറിയ പങ്ക്‌ എത്തിക്കാനുമാകുന്നു. ഇത്തരം
നൂതന വിപണന തന്ത്രങ്ങളാണ്‌ ഇനിയുള്ള കാലങ്ങളിൽ നാം അനുവർത്തിക്കേണ്ടത്‌.
ഇന്നത്തെ ഉപഭോക്താക്കൾ ഭക്ഷണം വാങ്ങാനാണ്‌ വരുന്നത്‌, കൃഷിയിടത്തിലെ
ഉൽപന്നങ്ങൾ വാങ്ങാനല്ല. കൃഷിയിടങ്ങളിലുണ്ടാവുന്ന ഉൽപന്നങ്ങൾ രൂപഭേദം
നടത്തി സംസ്ക്കരിച്ച്‌ വിവിധ ഭക്ഷണ സാധനങ്ങളാക്കി മാറ്റുന്നതിലാണ്‌
വിപണനത്തിലെ വിജയം. അത്തരത്തിലുള്ള രൂപമാറ്റങ്ങൾ അവലംബിക്കുമ്പോൾ
നമുക്ക്‌ പല രീതിയിൽ അത്‌ നടത്താം-ഉൽപന്നത്തിനെ അതിന്റെ തനതുരൂപത്തിൽ
തന്നെ, ആകർഷണീയമാക്കി വിപണനം നടത്താം, അല്ലെങ്കിൽ ചെറിയ രീതിയിലുള്ള
പായ്ക്കിങ്ങിലൂടെ വിപണനം ചെയ്യാം. അതുമല്ലെങ്കിൽ മൊത്തത്തിൽ രൂപമാറ്റം
വരുത്തി, സംസ്ക്കരിച്ച്‌ മറ്റൊരു ഉൽപന്നമാക്കി മാറ്റാം. ഇതിനോടൊപ്പം
തന്നെ നമ്മുടെ ഉൽപന്നത്തെ മറ്റുള്ള സമാന ഉൽപന്നങ്ങളോടൊപ്പം നിർത്തുന്നതിൽ
ഗുണനിലവാരം, പായ്ക്കിംഗ്‌, അവതരണം, പരസ്യം, വിപണന ശൃംഖല തുടങ്ങിയ
മേഖലകളിൽ അതീവ ശ്രദ്ധ പുലർത്തുകയും വേണം.
നാളികേരത്തെയും നാളികേരോൽപന്നങ്ങളെയും വ്യത്യസ്തമായി ചിത്രീകരിച്ച്‌,
സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച്‌, ഉപഭോക്താവിന്റെ വിശ്വാസം
നേടിയെടുക്കുന്നതിൽ വിജയിച്ചാൽ മാത്രമേ ഈ ആഗോളവൽക്കരിക്കപ്പെട്ട വിപണിയിൽ
പിടിച്ചു നിൽക്കാനാവൂ. അതിന്‌ വ്യത്യസ്തമായി ചിന്തിക്കാനും,
പുതുമയിലേക്ക്‌ കുതിച്ചിറങ്ങാനുമുള്ള മനസ്സും, ധൈര്യവും, ഇച്ഛാശക്തിയും
ഉണ്ടാവണം. സ്വപ്നം കാണുന്ന ഒരു മനസ്സുണ്ടാവണം, ആ സ്വപ്നം
സാക്ഷാത്കരിക്കാനുള്ള പ്രയത്നം ഉണ്ടാവണം. ലോകത്തിൽ ജീവിത വിജയം
നേടിയിട്ടുള്ളവരെ മൂന്നായി തരം തിരിക്കാം. - വിജയിച്ചവർ, നേട്ടങ്ങൾ
കൊയ്തവർ, ചരിത്രം സൃഷ്ടിച്ചവർ. ചരിത്രം സൃഷ്ടിച്ചവരെ ലോകം ഏക്കാളവും
ഓർക്കും. നൂതന ആശയങ്ങളിലൂടെ വ്യത്യസ്ത ചിന്താഗതികളിലൂടെ, സമീപനങ്ങളിലൂടെ
വൈവിദ്ധ്യമാർന്ന കേരോൽപന്നങ്ങൾ ലോകസമൂഹത്തിന്‌ മുൻപിൽ ആകർഷണീയമായി
അവതരിപ്പിച്ച്‌ ചരിത്രം സൃഷ്ടിക്കുന്നവരാകാൻ നമുക്ക്‌ സ്വപ്നം കാണാം.
അതിലേക്കായി ഒത്തൊരുമിച്ച്‌ പ്രയത്നിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...