20 Sept 2012

ചരിത്രരേഖ


 ഡോ.എം.എസ്‌.ജയപ്രകാശ്‌

അയ്യങ്കാളിയുടെ  വില്ലുവണ്ടിയ്ക്ക്‌ റിവേഴ്സ്‌ ഗിയർ വയ്ക്കുന്നവരോട്‌

        നായർ-ഈഴവ ഹിന്ദു ഐക്യത്തിന്‌ മാറ്റുകൂട്ടാൻ കെ.പി.എം.എസ്‌ ഭാരവാഹികൾ
എൻ.എസ്‌.എസ്‌ നേതൃത്വവുമായി ചർച്ചനടത്തിയതായി വാർത്ത വന്നിരുന്നല്ലോ.
എൻ.എസ്‌.എസ്‌-എസ്‌.എൻ.ഡി.പി ഐക്യത്തിലൂടെ കേരള സമൂഹത്തിൽ
എന്തെങ്കിലുമൊക്കെ സാധ്യമാകുമെന്ന വിശ്വാസമുണ്ടെന്നും കെ.പി.എം.എസ്‌
നേതാക്കളായ ടി.വി.ബാബുവും എൻ.കെ.നീലകണ്ഠനും അഭിപ്രായപ്പെട്ടിരിക്കുന്നു.
'എന്തെങ്കിലുമൊക്കെ' സാധ്യമാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഈ
നേതാക്കൾ കേരളത്തിലാണോ ജീവിച്ചിരിക്കുന്നതെന്ന്‌
സംശയിക്കേണ്ടിയിരിക്കുന്നു. 'എന്തെങ്കിലുമൊക്കെ' സാധ്യമാക്കാനായിരുന്നോ
മഹാനായ അയ്യൻകാളി അനുയായികളെ പഠിപ്പിച്ചതു? 14 എം.എൽ.എമാരുണ്ടായിട്ടും
ഒന്നും നടക്കാത്തതെന്ത്‌? നായന്മാരും ഈഴവന്മാരും ചേരുമ്പോൾ
'എന്തെങ്കിലുമൊക്കെ'നടക്കുംപോലു
ം! അത്‌ കെ.പി.എം.ഏശിന്‌ നേട്ടമാകുംപോലും.
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയാണ്‌ 'എന്തെങ്കിലുമൊക്കെ'
സാധ്യമാക്കാനായി നേതാക്കൾ പെരുന്നവിട്ടത്‌. പട്ടികജാതിക്കാരൻ
മന്ത്രിയായപ്പോൾ മന്നം പറഞ്ഞത്‌, ചാത്തൻ പുലയൻ മന്ത്രിയായിരിക്കുന്ന
നാട്ടിൽ ജീവിക്കാൻ സാധ്യമല്ലെന്നായിരുന്നു (മന്നത്തിന്റെ പ്രസംഗം)
ഇങ്ങനെയുള്‌ നാട്ടിൽ നായർ-ഈഴവ ഐക്യത്തിൽ ചേർന്ന്‌ എന്തെങ്കിലുമൊക്കെ
സാധിക്കാൻ പോകുന്നവരെ ഓർത്ത്‌ "അടിയനും ലച്ചിപ്പോം (ലജ്ജിക്കുന്നു)
എന്നല്ലാതെ എന്തുപറയാനാണ്‌.
        ഞങ്ങളെ ജാതിപറഞ്ഞ്‌ ആക്ഷേപിക്കുന്നു എന്നാണ്‌ പട്ടികജാതി മന്ത്രിയും
ഉദ്യോഗസ്ഥന്മാരും പരാതിപറയുന്നത്‌. മന്ത്രിയായിരുന്ന കുട്ടപ്പനും
ഇ.കെ.ബാലനും ജാതിപ്പേർ ആക്ഷേപം അനുഭവിച്ചവരാണല്ലോ. പട്ടികജാതി ഉദ്യോഗസ്ഥൻ
ഇരുന്ന കസേരകഴുകി ശുദ്ധമാക്കാൻ ചാണകവെള്ളം പ്രയോഗിച്ചവരുടെ ഐക്യശ്രമമാണ്‌
നടക്കുന്നത്‌. അതിന്റെ എച്ചിൽവാരാൻ തയ്യാറാകുന്നത്‌ ആത്മഹത്യാപരമാണ്‌.
ഇത്തരം ജാതിപ്പേർ വിളിക്കെതിരെ മൗനംപാലിക്കുന്നവർ പെരുന്നയിലേയും
ചേർത്തലയിലേയും തമ്പുരാക്കന്മാരിൽ നിന്നും എന്തെങ്കിലുമൊക്കെ സാധിക്കാൻ
ശ്രമിക്കുന്നത്‌ അപലപനീയമാണ്‌. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്തെ
വെള്ളയമ്പലത്തുനിന്നും എടുത്തുമാറ്റി നഗരവികസനം സാധ്യമാക്കുന്നതുൾപ്പെടെ
എന്തെങ്കിലുമൊക്കെ സാധ്യമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രതിമ
വെള്ളയമ്പലത്തുവന്നതിനുശേഷം കവടിയാർ കൊട്ടാരത്തിലെ പ്രമുഖർ അതുവഴി
വരാതെയായതും നേരത്തേതന്നെ സാധ്യമായ കാര്യമാണല്ലോ. പെരുമാട്ടുകാളിക്ക്‌
സ്വന്തമായിരുന്ന പുത്തരിക്കണ്ടം നായനാർ പാർക്കായതും എന്തെങ്കിലുമൊക്കെ
സാധിക്കുന്നതിന്റെ കൂട്ടത്തിൽപ്പെടുത്താം. പെരുമാട്ടു കാളിയുടെ
പേരിലറിയേണ്ട പുത്തരിക്കണ്ടം നായനാർ പാർക്കായതും തിരുവനന്തപുരത്തെ ചില
മേലാള സ്ത്രീകൾ കറ്റ കൊയ്ത്‌ അഭിനവ ചെറുമിയായതും നാം കണ്ടതാണല്ലോ.
അയ്യൻകാളിയുടെ പ്രതിമ വെള്ളയമ്പലത്തു സ്ഥാപിക്കാൻ ഘോഷയാത്രയായി
കൊണ്ടുവന്നപ്പോൾ പ്രതിമയ്ക്ക്‌ നേരെ കല്ലേറുണ്ടായത്‌ ചങ്ങനാശ്ശേരിയിൽ
വച്ചായിരുന്നു. എന്തെങ്കിലുമല്ല കല്ലേറു തന്നെ കിട്ടിയിരിക്കുകയാണെന്ന
കാര്യം വിസ്മരിക്കാനുള്ളതല്ല. സഞ്ചാരസ്വാതന്ത്ര്യത്തിനായ വില്ലുവണ്ടിയിൽ
കയറി വിലക്കുലംഘനം നടത്തിയ വിപ്ലവകാരിയായിരുന്നു അയ്യൻകാളി. ആ
വില്ലുവണ്ടിയിൽ റിവേഴ്സ്‌ ഗിയർ വച്ച്‌ പുറകോട്ട്‌ ഓടുകയാണ്‌
കെ.പി.എം.എസ്‌ ഭാരവാഹികൾ ഇപ്പോൾ ചെയ്തത്‌. ഈ വണ്ടിയ്ക്ക്‌ അയ്യൻകാളി
നൽകിയ ഡ്രൈവിംഗ്‌ ലൈസൻസ്‌ ഉണ്ടാകില്ല.
        നായർ-ഈഴവ ഹിന്ദുഐക്യത്തിന്‌ പിൻതുണ പ്രഖ്യാപിച്ച ദലിത്‌ നേതാക്കളോട്‌
ഒന്നു ചോദിക്കട്ടെ, വെള്ളാപ്പിള്ളിയോ സുകുമാരൻനായരോ നടത്തുന്ന
സ്ഥാപനങ്ങളിൽ ഏതെങ്കിലുമൊരു പട്ടികജാതിക്കാരനുണ്ടോ?
ഹിന്ദുസ്ഥാപനമാണെന്ന്‌ പറയപ്പെടുന്ന ദേവസ്വംബോർഡിൽ എത്ര
പട്ടികജാതിക്കാരുണ്ടെന്ന്‌ അന്വേഷിച്ചിട്ടാണോ? സർക്കാർ സ്റ്റാറ്റ്യൂട്ടറി
ബോഡിയായ ദേവസ്വംബോർഡിൽ സംവരണമില്ലെന്നകാര്യം ഹിന്ദുഐക്യം പറയുന്ന
കെ.പി.എം.എസ്‌ 'ഹിന്ദുക്കൾ' അറിഞ്ഞില്ലെന്നുവരുന്നത്‌ ലജ്ജാകരമാണ്‌.
ദേവസ്വം-ബിൽ അട്ടിമറിച്ച്‌ ബോർഡിൽ ജാതിമേധാവിത്തം നിലനിറുത്തുന്ന
പെരുന്നയിലെ തമ്പുരാക്കളെ കണ്ട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചതു
പൊറുക്കാനാവാത്ത അപരാധമാണെന്നറിയുക. വെള്ളാപ്പിള്ളിയുടെ വാക്കുകേട്ട്‌
പെരുന്നയിലെത്തിയ ദലിത്‌ നേതാക്കൾ 2005-ലെ നായർ-ഈഴവ ഐക്യത്തിൽ
വെള്ളാപ്പള്ളിക്കുണ്ടായ അനുഭവമെന്താണെന്ന്‌ അദ്ദേഹത്തോടു തന്നെ
ചോദിക്കുന്നതു നന്നായിരിക്കും. ഒടുവിൽ വെള്ളാപ്പള്ളിയുടെ അനുയായികൾ
സുകുമാരൻനായരുടെ കോലം കത്തിച്ച്‌ ചങ്ങനാശ്ശേരിയിൽത്തന്നെ പ്രതിഷേധിച്ചതു
എന്തിനെന്നും ചോദിക്കുക. 1950-ൽ ആർ.ശങ്കറിനുണ്ടായ അനുഭവവും ചോദിച്ചറിയുക.

ശ്രീനാരായണ സന്ദേശങ്ങൾ അനുസരിച്ച്‌ ജീവിച്ചാൽ ഈഴവൻ തെണ്ടിപ്പോകുമെന്ന്‌
പറഞ്ഞ വെള്ളാപ്പള്ളിയുടെ ഉപദേശം കേട്ട്‌ എന്തെങ്കിലുമൊക്കെ
സാധ്യമാകുമെന്നു കരുതിയാൽ കെ.പി.എം.എസുകാരും തെണ്ടിപ്പോകുമെന്ന കാര്യം
ഓർക്കുക. നാരായണഗുരുവിനെ മറന്ന്‌ നടേശഗുരുവിൽ അഭയം പ്രാപിക്കുന്നത്‌
അയ്യൻകാളിയോടു കാണിക്കുന്ന ഗുരുത്വക്കേടാണെന്നകാര്യം  തിരിച്ചറിയുക.
ജന്മിക്കട്ടിലിന്റെയും പെരുനാടു ലഹളയുടെയും, കൊല്ലത്തെ
കുമ്മൻകുളത്തിന്റെയും ചരിത്രം സുകുമാരൻനായർക്കും വെള്ളാപ്പള്ളിക്കും
അറിയേണ്ട കാര്യമില്ല. അയ്യൻകാളിയുടെ അനുയായികൾ അതറിയുന്നില്ലെങ്കിൽ
ഒരിക്കൽക്കൂടി പഴയ ജന്മിക്കട്ടിലുകളുടെ ഉടമകളായിത്തീരാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...