20 Sept 2012

വിനോദസഞ്ചാരവും അൽപ്പം ചരിത്രവും



ടി. ജി. വിജയകുമാർ

എന്തും വിൽക്കാമെന്നും ലാഭമുണ്ടാക്കാമെന്നും തെളിയിക്കപ്പെട്ട ഒരു
കാലഘട്ടത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. രണ്ടോ മൂന്നോ
ദശാബ്ദങ്ങൾക്ക്‌ മുൻപുവരെയും പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ചുതന്നിരുന്ന
ശുദ്ധജലം കുപ്പിയിലാക്കി വിൽക്കാമെന്നും അതിന്‌ പാലിനെക്കാളും
വിലയുണ്ടാകുമെന്നും കുറഞ്ഞപക്ഷം കേരളീയരെങ്കിലും കരുതിയിരുന്നു എന്ന്‌
തോന്നുന്നില്ല. അതുകൊണ്ടായിരിക്കുമല്ലോ, മുല്ലപ്പെരിയാർ ഡാം
നിർമ്മിയ്ക്കുവാനും കേരളത്തിന്റെ ജലസമൃദ്ധി യഥേഷ്ടം ഉപയോഗിക്കുവാൻ
തമിഴ്‌നാടിനെ അനുവദിയ്ക്കുന്ന ഒരു കരാറിൽ ഒപ്പിട്ടുകൊടുക്കുവാനും നമുടെ
പൂർവ്വിക ഭരണാധികാരികളെപ്പോലും പ്രേരിപ്പിച്ചതു. ചരിത്രാതീതകാലം മുതൽ
മനുഷ്യരേയും മൃഗങ്ങളേയും  ദ്രവ്യങ്ങളെയും ഒക്കെ വിറ്റു കാശാക്കിയിരുന്ന
നമുക്ക്‌ നമ്മുടെ പ്രകൃതിയുടെ ഈ കമനീയ സൗന്ദര്യം വിൽക്കാമെന്ന്‌
ചിന്തിക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ അതിന്‌
വെടിമരുന്നിട്ടത്‌ വയലാർ രാമവർമ്മയെപ്പോലുള്ള കവികളാകാം. പ്രകൃതിയെ
ഇത്രയേറെ വർണ്ണിച്ച്‌ ആസ്വാദ്യതയുടേയും തിരിച്ചറിവിന്റെയും ചിന്തകളുടെയും
ലോകത്തേക്ക്‌ നമ്മെ വലിച്ചിറക്കി കൊണ്ടുപോയത്‌ അവരൊക്കെയാണെന്ന്‌
ഒർക്കുമ്പോൾ ഇത്‌ ദൈവത്തിന്റെ സ്വന്തം നാടാണ്‌ എന്ന്‌ പ്രഖ്യാപിച്ച
വാണിജ്യ ബുദ്ധിയേയും ശ്ലാഘിക്കേണ്ടിയിരിക്കുന്നു.
അതെ, "ഇത്‌ ദൈവത്തിന്റെ സ്വന്തം നാടാണ്‌, വരൂ സഞ്ചാരികളെ ഈ
പറുദീസയിലേയ്ക്ക്‌" എന്ന്‌ കേരളം പ്രഖ്യാപിച്ചപ്പോൾ അത്‌ ലോകവിനോദ
സഞ്ചാരത്തിന്റെ ദിശയെ തന്നെ സ്വാധീനിക്കുന്ന ഒന്നാകുമെന്ന്‌ പെട്ടെന്ന്‌
ആരും കരുതിയില്ല. വിനോദ സഞ്ചാരം ഒരു പക്ഷേ ഒരു വ്യവസായമായി പ്രഖ്യാപിച്ച
ഭാരതത്തിലെ പ്രഥമ ദേശവും കേരളമായിരിക്കും. 1986 ജൂലൈ 11-​‍ാം തീയതി
പുറത്തിറങ്ങിയ ഒരുത്തരവിലൂടെയായിരുന്നു അത്‌. പിന്നെയും ആറ്‌ വർഷം
കഴിഞ്ഞാണ്‌ ഭാരത സർക്കാർ 1992-ൽ വിനോദസഞ്ചാരത്തെ ഒരു "ഹോസ്പിറ്റാലിറ്റി
സെക്ടർ" (Hospitality  Sector) ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌.
2000 മാണ്ടിൽ കേരള സർക്കാർ പ്രഖ്യാപിച്ച "വിഷൻ 2020' (Vision 2020) എന്ന
നയരേഖയും ഇത്തരത്തിൽ സുപ്രധാനമായ ഒന്നാണ്‌.
എന്തിനേറെ...? ലോകരാഷ്ട്രങ്ങൾ പോലും വിനോദസഞ്ചാരത്തെ തിരിച്ചറിയുന്നതും
ഔദ്യോഗികമായി  അംഗീകരിക്കുന്നതും 2009 ഡിസംബർ ഒന്നാം തീയതി
പോർച്ചുഗീസിന്റെ തലസ്ഥാനമായ 'ലിസ്ബണിൽ' (Lisbon) വച്ചു കൂടിയ ഒരു
സമ്മേളനത്തിലാണ്‌ 'ലിസ്ബൺ ട്രീറ്റി' എന്ന്‌ അതറിയപ്പെടുന്നു.
യൂറോപ്യൻ യൂണിയന്റെ ശരാശരി പ്രതിശീർഷ വരുമാനത്തിന്റെ 0.5% വിനോദസഞ്ചാര
മേഖലയിൽ നിന്നാണെന്ന്‌ അവർ വിലയിരുത്തി. ഏതാണ്ട്‌ 1.8 മില്യൺ സംരംഭകരും
അതിനനുസരിച്ച്‌ സ്ഥാപനങ്ങളും ഈ രംഗത്ത്‌ സജീവമാണെന്നും അവരിലൂടെ യൂറോപ്യൻ
യൂണിയന്റെ തൊഴിൽ ശക്തിയിലെ 5.2% (ഏതാണ്ട്‌ 9.7 മില്യൺ തൊഴിലാളികൾ) ഈ
മേഖലയിൽ പണി എടുക്കുന്നു എന്നതും ഒരു തിരിച്ചറിവായിരുന്നൂ. ലോകത്താകമാനം
ഏതാണ്ട്‌ 275 മില്യൺ തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുക്കുന്നുവേന്നത്‌
വിസ്മയകരമായ ഒരു വിലയിരുത്തലായിരുന്നു.
എന്നാണ്‌ മനുഷ്യൻ വിനോദസഞ്ചാരം ആരംഭിച്ചതു? കൃത്യമായി അതു പറയുവാൻ
കഴിയില്ലെങ്കിലും അനാദികാലത്തെ മനുഷ്യ ജീവിതത്തിന്റെ ആരംഭദിശയിൽ തന്നെ
യാത്ര അനിവാര്യമായിരുന്നു എന്നു കാണാം. ഭക്ഷണത്തിനായും
പാർപ്പിടത്തിനായും, പിന്നീട്‌ കാർഷിക വൃത്തിക്കായും യാത്രകൾ
ആരംഭിച്ചിരുന്നു. ഭൂഖണ്ഡങ്ങൾ പോലും കണ്ടുപിടിക്കപ്പെട്ടതും
അടയാളപ്പെടുത്തപ്പെട്ടതും യാത്രകളുടെ ദൗത്യമായിരുന്നു എന്നാൽ അത്‌
വിജ്ഞാനത്തിനും വിനോദത്തിനുമായി മാറിയതെപ്പോൾ? രണ്ടായിരത്തോളം
വർഷങ്ങൾക്ക്‌ മുൻപ്‌ യേശുക്രിസ്തു ഭാരതത്തിലും മെസോപ്പൊട്ടാമിയായിലും
ഒക്കെ സഞ്ചരിച്ചിരുന്നു എന്നു പറയപ്പെടുന്നു. അത്‌ വിജ്ഞാനത്തിനും
പഠനത്തിനും ഒക്കെ വേണ്ടിയായിരിക്കാം       മുഹമ്മദ്‌ നബിയും ധാരാളം യാത്ര
ചെയ്തിരുന്നുവത്രെ! അതിനും മുൻപ്‌ ബാബിലോണിന്റെയും ഈജിപ്തിന്റെയുമൊക്കെ
ചരിത്രത്തിൽ വിനോദസഞ്ചാരം പ്രബലമായിരുന്നു എന്നു കാണാം. സഞ്ചാരികളെ
ആകർഷിക്കുന്നതിനുവേണ്ടി ഈജിപ്തുകാർ ധാരാളം മതപരമായ ഉത്ഭവങ്ങളും കലാപരമായ
പ്രദർശനങ്ങളുമൊക്കെ സംഘടിപ്പിച്ചിരുന്നുവത്രേ. ഒപ്പം സഞ്ചാരികളുടെ
താമസത്തിനായി ധാരാളം കെട്ടിടങ്ങളും പണിതിരുന്നു.

തങ്ങളുടെ സാമ്രാജ്യവിപുലീകരണത്തിനാബോണാപാർട്ട്‌ എന്നു രാജാവ്‌ നടത്തിയ
സാമ്രാജ്യത്വ വിപുലീകരണം ചരിത്രപ്രാധാന്യം നേടിയതും യി രാജാക്കന്മാർ
സഞ്ചരിച്ചിരുന്നു. ഏതാണ്ട്‌ മുപ്പതുവർഷത്തോളം വിവിധ രാജ്യങ്ങളിലൂടെ
സഞ്ചരിച്ച്‌ യുദ്ധം ചെയ്ത്‌ രാജ്യങ്ങളെ കീഴ്പ്പെടുത്തി നെപ്പോളിയൻ
യാത്രകളുടെ വർദ്ധിച്ച പ്രസക്തിയും സാദ്ധ്യതകളും ലോകത്തെ
ബോദ്ധ്യപ്പെടുത്തുന്നതുമായിരുന്നു. ഒപ്പം പുരോഹിതന്മാർ മതപരമായ
കാര്യങ്ങൾക്കും യാത്ര ചെയ്തു. ഗ്രീക്കുകാർ ശാന്തിയും അനുഗ്രഹവും തേടി
ധാരാളം ദേവതമാരെ ആരാധിക്കുകയും യാത്രകൾ അനിവാര്യമാക്കുകയും ചെയ്തു. ഒപ്പം
കായിക മേളകളുടെ ഒരു പറുദീസയായി ഗ്രീസും ഏതൻസും വളർന്നപ്പോൾ ധാരാളം
സഞ്ചാരികളെ  അവിടേക്കും   ആകർഷിക്കുവാൻ അതിടയാക്കി. ക്രമേണ
സഞ്ചാരികൾക്കുവേണ്ടി വലിയ തുറുമുഖങ്ങളും, പട്ടണങ്ങളും കെട്ടിടങ്ങളും അവർ
പണിതു. ഈ കാലഘട്ടത്തിൽ തന്നെയാണ്‌ യാത്രാ വിവരണങ്ങളുടെയും ഉദയം കണ്ടത്‌.
'ഹേറോഡോട്ടസ്‌' എന്ന സഞ്ചാരസാഹിത്യകാരനാണ്‌ ഇത്തരുണത്തിൽ പ്രഥമ ശ്രേണിയിൽ
അറിയപ്പെടുന്നത്‌.

പ്രത്യേകമായി അടയാളപ്പെടുത്താതിരുന്ന ഇംഗ്ലണ്ടിന്റെയും സിറിയയുടേയും
ഭൂപ്രദേശങ്ങൾ, ഒപ്പം റോമൻ പടയാളികളുടെ കടുത്ത ജാഗ്രതയിലൂടെ
കടൽക്കൊള്ളക്കാർ ഇല്ലാത്ത സമുദ്രവും അനുബന്ധമായി വളർന്നു വികസിച്ച നല്ല
റോഡുകളും ഈ പ്രദേശത്തേക്ക്‌ വ്യാപാരികളേയും സഞ്ചാരികളേയും ഒക്കെ വല്ലാതെ
ആകർഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ധാരാളം ഹോട്ടലുകളും മറ്റും അവിടെ
വളരുകയും ചെയ്തു. സഞ്ചാരികളുടെ ആധിക്യം റേമാക്കാരെ ആദ്യമായി ഒരു 'ഗൈഡ്‌'
(Gaide) പുറത്തിറക്കുവാനും നിർബ്ബന്ധിതരാക്കി. ഐറ്റിനെറേറിയ എന്ന്‌ അത്‌
അറിയപ്പെട്ടു. ക്രമേണ സമ്പന്നരായ വിദേശികൾ റോമിനേയും പരിസരപ്രദേശങ്ങളേയും
അവരുടെ 'രണ്ടാംഗ്രഹമായി പരിഗണിക്കുവാൻ തുടങ്ങി.
പതിനേഴാം നൂറ്റാണ്ടോടുകൂടി ഔഷധഗുണമുള്ള ശുദ്ധജലസ്രോതസ്സുകളും
നീരൊഴുക്കുകളും ലോകത്തിന്റെ പല ഇടങ്ങളിലും സഞ്ചാരികളെ ആകർഷിച്ചു. അത്‌
സാവധാനം വിനോദസഞ്ചാരമായി ജലാശയത്തിലേക്കും സമുദ്രതീരങ്ങളിലേക്കും
വ്യാപിക്കുകയും വൻകിട സമുദ്രതീര റിസോർട്ടുകളുടെ (SPA) ഉദയത്തിന്‌ തന്നെ
കാരണമാവുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തോടുകൂടി രാജ്യാന്തര യാത്രകളിൽ
ഉള്ള താത്പര്യം ലോകജനയിൽ വർദ്ധിച്ചു. 1958- ൽ 400 സീറ്റുകളുള്ള ബോയിംഗ്‌
707 ജറ്റ്‌ വിവമാനം പോലുള്ള വലിയ യാത്രാസൗകര്യങ്ങളുടെ ഉദയം യാത്രയുടെ
സാദ്ധ്യതകളെ വർദ്ധിപ്പിക്കുക മാത്രമല്ലേ യാത്രാചിലവിലും
ചിലവഴിക്കേണ്ടുന്ന സമയത്തിലും വലിയ കുറവു വരുത്തുകയും ചെയ്തു. യാത്രകളുടെ
സാദ്ധ്യത അങ്ങിനെ വളരെയേറെ വർദ്ധിച്ചു എന്നു സാരം.
ഭാരതത്തിലാവട്ടെ 5000 ത്തിലേറെ വർഷങ്ങൾക്ക്‌ മുൻപ്‌ എഴുതപ്പെട്ടു എന്നു
കരുതപ്പെടുന്ന രാമായണത്തിലും മഹാഭാരതത്തിലും ഒക്കെ യാത്രയുടേയും അതിന്റെ
അനുഭവങ്ങളുടേയും കാഴ്ചകളുടേയും എല്ലാം നല്ല ഒരു ചിത്രം നമുക്കു തരുന്നു.
ഇൻഡ്യയും ഇൻഡോനേഷ്യയും ശ്രീലങ്കയും ടിബറ്റും അടക്കമുള്ള ഏഷ്യൻ
ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകളും വിശദാംശങ്ങളും അതിൽ
പരാമർശിക്കപ്പെട്ടിട്ടുള്ളതായി കാണാം. മുഗൾ കാലഘട്ടത്തിൽ
ജഹാംഗീറിനെപ്പോലുള്ള ചക്രവർത്തിമാർ ധാരാളം സഞ്ചരിക്കുകയും കാശ്മീർ
താഴ്‌വരകളിൽ പോലും വിനോദകേളികൾക്കായി രമ്യഹർമ്മങ്ങൾ നിർമ്മിക്കുകയും
ചെയ്തിരുന്നതായി കാണാം.
യാത്രകളുടെ ആരംഭം അനിവാര്യതകളുടേതായിരുന്നു. എന്നാൽ വിനോദത്തിലും,
വിശ്രമത്തിനുമായുള്ള യാത്ര ഇന്നുകളിൽ അതിന്റെ വികസ്വര പന്ഥാവിലാണ്‌.
ലോകത്തോടൊപ്പം ഭാരതവും, ഒപ്പം കേരളവും സഞ്ചരിക്കുന്നു. സഞ്ചാരികളെ
ആകർഷിക്കുന്നു. അദ്ധ്വാനത്തിന്റെ മിച്ചമൂല്യം വിനോദങ്ങൾക്കായി
ഉപയോഗിച്ചിരുന്ന ഒരു വിഭാഗം സമ്പന്നരിൽ നിന്നും മാനവരാശിയെയാകെ
സഞ്ചാരത്തിനും വിനോദത്തിനും സുഖവാസത്തിനും പ്രേരിപ്പിക്കുന്ന ഒരു
വർത്തമാനകാലഘട്ടത്തിലാണ്‌ നാമിപ്പോൾ.
ഇവിടെയാണ്‌ ടൂറിസത്തിന്റെ വർദ്ധിച്ച പ്രസക്തിയെക്കുറിച്ച്‌ നമ്മെ
ചിന്തിപ്പിക്കുന്നത്‌. ലോകമാകെ ടൂറിസത്തിന്റെ ധാരയിൽ അണിമുറുകുമ്പോൾ
ഭാരതത്തിനും കേരളത്തിനും അതിന്റെ സംസ്കാരത്തിനും പൈതൃകത്തിനും ഒപ്പം
അഭൗമമായ വൈവിധ്യവും ഉടയാത്ത പ്രകൃതി സൗന്ദര്യവും ഒരു മുതൽക്കൂട്ടു
തന്നെയാണ്‌. ഒന്നും നഷ്ടപ്പെടാത്ത എന്നാൽ ധാരാളം ലഭ്യമാക്കാവുന്ന ഒരു
വ്യവസായം. 'ടൂറിസം' വളരുമ്പോൾ നമ്മുടെ ധാതുവിഭവങ്ങളോ, പ്രകൃതി സമ്പത്തോ
ഒന്നും ചിലവാക്കേണ്ടതില്ല. മനുഷ്യമനസ്സുകളെ സ്വച്ഛതയിലേക്കും,
ആനന്ദത്തിലേക്കും ആസ്വാദ്യതയിലേയ്ക്കും ഉൻമാദത്തിലേക്കുമൊക്കെ
നയിക്കപ്പെടാവുന്ന ഒരു സാമൂഹ്യാന്തരീക്ഷമാണ്‌ വേണ്ടത്‌. പ്രകൃതിയുടേയും
മനുഷ്യഭാവനകളുടേയും സമ്മിശ്രമായ ദൃശ്യവിസ്മയങ്ങളുടെ ഒരു ശ്രേണി
അനുഭവവേദ്യമാക്കുക എന്നതാണ്‌ അതിന്റെ ആധാരം.  ഭൂമിശാസ്ത്രപരമായി
ഭാരതത്തിന്റെ അത്ര വൈവിദ്ധ്യം മറ്റാർക്കാണുള്ളത്‌. ഇത്ര സുഖകരമായ
കാലാവസ്ഥയിൽ ആറാടുന്ന മറ്റൊരു ലോക ജനതയുണ്ടോ? ധാതുജൈവ നിക്ഷേപങ്ങളുടെ
കലവറയായിട്ടുപോലും നമ്മൾ തിരിച്ചറിയുന്നുമില്ല, എങ്ങും
എത്തുമെത്തുന്നുമില്ല.
ഇന്ന്‌ ലോകത്താകെ സഞ്ചരിക്കുന്നവർക്ക്‌ ലക്ഷ്യങ്ങൾ ഏറെയാണ്‌. യാത്രകളുടെ
ആരംഭ ദിശയിൽ നിന്നും മാറി വിനോദയാത്രകളിലൂടെ വളർന്ന്‌
വ്യാവസായിക-വിദ്യാഭ്യാസ പര്യവേഷണ രംഗങ്ങളിൽ തുടങ്ങി കാർഷികം, ആരോഗ്യം
ചികിത്സ, കായികം, ഫോട്ടോഗ്രാഫി, കലാ-സാംസ്കാരിക രംഗങ്ങൾ എന്നിങ്ങനെ
ശൂന്യാകാശയാത്രകൾ വരെ ടൂറിസത്തിന്റെ സാദ്ധ്യതകളിലൂടെ അതിവേഗം
വികസിച്ചുകൊണ്ടിരിക്കുകയാണ്‌.
ഈ രംഗങ്ങളിലെല്ലാം അസാധാരണമായ സാദ്ധ്യതകളുള്ള രാജ്യമാണ്‌ ഭാരതം. പക്ഷേ
ഭാരതീയർ ഇപ്പോഴും ഈ രംഗത്ത്‌ പിന്നിലാണെന്ന്‌ കാണാം. ഏതർത്ഥത്തിൽ
നോക്കിയാലും അനാദികാലം തൊട്ട്‌ ഭാരതീയർ സാംസ്കാരികമായും
വിദ്യാഭ്യാസപരമായും വീക്ഷണപരമായുമൊക്കെ സമ്പന്നരായിരുന്നു.
ഭാരതീയർക്കുള്ള ചരിത്രത്തോടൊപ്പം സഞ്ചരിക്കുവാൻ ചൈനയ്ക്കു മാത്രമേ കഴിയു.
അതാകട്ടെ ഏഷ്യ എന്ന വിഭാഗത്തിൽ വരുമ്പോൾ നമുക്കുകൂടി സ്വന്തം. യൂറോപ്പും,
അമേരിക്കയും ഒക്കെ പിന്നീട്‌ വളർന്ന്‌ വന്നവ മാത്രം. ശാസ്ത്ര സാങ്കേതിക
വൈജ്ഞാനിക രംഗങ്ങളിലെല്ലാം ഭാരതത്തിന്‌ പിതൃത്വം സ്ഥാപിക്കുവാനാകുന്ന
ആധികാരികത നമുക്കുണ്ട്‌. വിദ്യാഭ്യാസം, (നളന്ദ, തക്ഷശില പോലുള്ളവ
ഉദാഹരണം) വൈദ്യശാസ്ത്രം, വ്യവസായിക വിദ്യഭ്യാസം, വാനനിരിക്ഷണശാസ്ത്രം
തുടങ്ങി പൂജ്യം കണ്ടുപിടിച്ച ആര്യഭട്ടന്റെ ചരിത്രം വരെയുള്ളവ
പരിശോധിച്ചാൽ നമ്മുടെ സമ്പന്നത മനസ്സിലാവും. പക്ഷേ സമ്പന്നതയുടെ
ആത്യന്തിക പരിണാമം അലസതയും സുഖലോലുപതയുമാണ്‌. അത്‌ വളർത്തുന്നതിലല്ല
വിറ്റു തിന്നുന്നതിലേക്ക്‌ ചെന്നെത്തും. ഭാരതീയർ ചെയ്തതും അതൊക്കെ
തന്നെയാണ്‌. അവയെല്ലാം പക്ഷേ പാശ്ചാത്യർ. വിലയ്ക്കു വാങ്ങുകയോ
പിടിച്ചെടുക്കുകയോ മോഷ്ടിക്കുകയോ ചെയ്ത്‌ അവർ സമ്പന്നരാവുകയാണ്‌. ടൂറിസം
രംഗത്തും സ്ഥിതി വ്യത്യസ്തമല്ല.

ടൂറിസവും അതിന്റെ സാദ്ധ്യതകളും എന്താണെന്ന്‌ മനസ്സിലാക്കുന്നതിൽ,
വളർത്തുന്നതിൽ, ഉപയോഗപ്പെടുത്തുന്നതിൽ നാം ഇപ്പോഴും പിന്നിലാണെന്ന്‌
കാണാം. ഈ പിന്നോക്കാവസ്ഥയുടെ യഥാർത്ഥ കാരണങ്ങൾ സ്വയം മനസ്സിലാക്കുവാനും
നിന്നും ആക്രമണപരമായ വളർച്ചയുടെ വേഗത കൈവരിക്കുവാനും നമുക്കായാൽ ഒരു
പക്ഷേ ആ ഒരൊറ്റ സാദ്ധ്യതയിലൂടെ മാത്രം സാമ്പത്തികമായും സാംസ്കാരിമായും
ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമാകുവാൻ നമുക്ക്‌ കഴിഞ്ഞേക്കും.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...