20 Sept 2012

കർഷക കൂട്ടായ്മയിൽ ഇളനീർപന്തൽ


ദീപ്തി നായർ എസ്‌

നാളികേരത്തിന്റെ വിലയിടിവാണല്ലോ ഇന്ന്‌ എവിടെയും ചർച്ചാവിഷയം. കേരകർഷകരെ
സാമ്പത്തിക ബാദ്ധ്യതയിലേക്ക്‌ തളളിവിടുന്ന തരത്തിൽ നാളികേരത്തിന്റെ
വിലയിടിഞ്ഞിരിക്കുകയാണ്‌. കേരവൃക്ഷത്തിൽ നിന്ന്‌ ബഹുവിധ ഉൽപന്നങ്ങൾക്ക്‌
സാദ്ധ്യതയുണ്ടെങ്കിലും മലയാളിയുടെ മനസ്സിൽ ഇന്നും നാളികേരവും കൊപ്രയും
എണ്ണയും മാത്രം. ഏത്‌ സീസണിലും നാളികേരത്തിന്‌ ലഭിക്കുന്ന വിലയുടെ
ഇരട്ടിവില ഇളനീരിന്‌ ലഭിക്കാറുണ്ട്‌. പോരാത്തതിന്‌ ഇളനീരിന്‌ നല്ല
ഡിമാന്റും. വഴിയോരങ്ങളിൽ വെച്ച്‌ ഇളനീർ വിൽപ്പന തകൃതിയായി
നടക്കുന്നുണ്ട്‌. 300-500 വരെ കരിക്ക്‌ പ്രതിദിനം കേരളത്തിൽ
വിറ്റഴിക്കപ്പെടുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽ പ്രതിദിന വിൽപ്പന ഇതിന്റെ
ഇരട്ടിയാണ്‌. ഉപഭോക്താക്കൾ നൽകുന്ന വില, കർഷകന്‌ ലഭിക്കുന്ന വിലയുടെ
മൂന്നിരട്ടിയും.
ഇളനീരിന്റെ വിപണനസാദ്ധ്യതകൾ കർഷകോപകാരപ്രദമായി മാറ്റുന്നതിനായി
നാളികേരോത്പാദക സംഘങ്ങളെ നാളികേര വികസന ബോർഡ്‌ ഇളനീർപ്പന്തലുകൾ
ആരംഭിക്കുന്നതിന്‌ പ്രോത്സാഹിപ്പിക്കുയുണ്ടായി. നാളികേരോത്പാദകരുടെ ഇടയിൽ
നിന്ന്‌ പാലക്കാട്‌ മുതലമടയിലുള്ള പാപ്പൻചള്ള നാളികേരോത്പാദക സംഘം ഇതിന്‌
തയ്യാറായി വന്നതിന്റെ ഫലമായി കൊച്ചിയിൽ കാക്കനാട്‌ പ്രവർത്തിക്കുന്ന
ഇൻഫോപാർക്കിൽ ഒരു ഇളനീർ പന്തൽ 2012 ഫെബ്രുവരിയിൽ ആരംഭിക്കുകയുണ്ടായി.
പാലക്കാട്‌ മുതലമടയിലുള്ള കർഷകരിൽ നിന്ന്‌ ശേഖരിച്ച്‌ നേരിട്ട്‌
ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്ന ഈ ഇളനീർ വിൽപ്പന വിജയം കൈവരിച്ചു.
പത്ത്‌ പതിനഞ്ച്‌ ദിവസം പഴക്കമുള്ള ഇളനീർ കുടിച്ചു ശീലിച്ച
ഉപഭോക്താക്കൾക്ക്‌ ഇതൊരു പുതിയ അനുഭവമായി. പാലക്കാട്ടെ ഇളനീരിൽ വെള്ളം
കുടുതലുള്ളതിനാൽ പലപ്പോഴും ഉപഭോക്താക്കൾ കുടിച്ചുതീർക്കാൻ തന്നെ
ബുദ്ധിമുട്ടി. മേഷീൻ ഉപയോഗിച്ച്‌ ഇളനീർ തുളയ്ക്കുന്നതിനാൽ ഇളനീർ
വെട്ടുന്നതിന്റെ അവശിഷ്ടങ്ങൾ ചുറ്റുപാടും ചിതറിക്കിടക്കുന്നില്ല.
മാത്രമല്ല, ഇളനീർപ്പന്തലിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാനും
സാധിക്കുന്നു.
ഇൻഫോപാർക്കിലെ ഇളനീർപന്തലിന്റെ വിജയത്തിന്റെ ആവേശത്തിൽ കൊച്ചിയിൽ വൈറ്റില
മൊബിലിറ്റി ഹബ്ബിലും തൃശൂർ കളക്ടറേറ്റിലും ഇളനീർപ്പന്തലുകൾ
ആരംഭിക്കുകയുണ്ടായി. അപ്പോഴേക്കും മുതലമടയിലെ   പാപ്പൻചള്ള
നാളികേരോത്പാദക സംഘം ഉൾപ്പെടെയുള്ള 15 സംഘങ്ങൾ ചേർന്ന്‌ ഒരു ഫെഡറേഷൻ
രൂപീകരിച്ചു. ഇളനീർപന്തലുകളുടെ പ്രവർത്തനം ഫെഡറേഷൻ ഏറ്റെടുത്തു.
ഫെഡറേഷന്റെ കീഴിലുള്ള വിവിധ ഉത്പാദകസംഘങ്ങളിൽ നിന്നും തോട്ടത്തിലെ
പുതുമയോടെ ഇളനീർ വിളവെടുത്ത്‌ അതേദിവസം തന്നെ കൊച്ചിയിൽ എത്തിക്കുന്നു.
ഗുണമേന്മയിൽ മികച്ച്‌ നിൽക്കുന്ന ഈ ഇളനീരുകൾ വിപണനം നടത്തുന്നതിന്‌
യാതൊരു പ്രയാസവും നേരിടുന്നില്ല.
യോഗങ്ങളിലും ചർച്ചകളിലുമൊക്കെ ചായയും കാപ്പിയും കൊടുക്കുന്നതിനുപകരം
ഇളനീർ നൽകുകയെന്ന ആശയം ഇൻഫോപാർക്കിൽ നിന്നും ലഭിച്ചപ്പോഴാണ്‌ ഇളനീർ
കുപ്പിയിൽ പായ്ക്ക്‌ ചെയ്യുന്നതിനെക്കുറിച്ച്‌ കർഷകർ ചിന്തിച്ചതു.
വിളവെടുത്ത ഉടൻ ഇളനീർ കുപ്പിയിലാക്കി സീൽ ചെയ്ത്‌ ഐസുപെട്ടിയിലാക്കി
വെച്ചപ്പോൾ 10 ദിവസത്തെ സൂക്ഷിപ്പ്‌ കാലം കിട്ടി എന്ന്‌ പരീക്ഷിച്ചറിഞ്ഞ
ഫെഡറേഷൻ ഇളനീർ കുപ്പിയിൽ നിറയ്ക്കുവാനും തുടങ്ങി. ഇളനീരിന്റെ വലിപ്പവും,
ഒരു ഇളനീർ മുഴുവൻ കുടിക്കുന്നതിന്റെ ബുദ്ധിമുട്ടും കുപ്പിയിലടച്ച ഇളനീരിൽ
ഇല്ല എന്നതുകൊണ്ട്‌ തന്നെ ഉപഭോക്താവിന്‌ വാങ്ങാൻ താൽപര്യമേറി. മാത്രമല്ല,
ഒരു ഇളനീരിൽ നിന്ന്‌ ഒന്നിലധികം ഇളനീർ നിറച്ച കുപ്പികൾ തയ്യാറാക്കാം
എന്നത്‌ കർഷകന്റെ വരുമാനവും വർദ്ധിപ്പിച്ചു. പ്രായോഗികമായി വിപണിയിലെ
അറിവും വിപണന തന്ത്രങ്ങളും കർഷകർ നേരിട്ട്‌ മനസ്സിലാക്കുന്ന
സാഹചര്യമുണ്ടായി. വിപണിയിലെ ആവശ്യകതയ്ക്കനുസൃതമായി ഉത്പാദനം
ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യം കർഷകർക്ക്‌ നേരിട്ട്‌ ബോദ്ധ്യപ്പെട്ടു.
രണ്ട്‌ വട്ടമേശകളും സ്റ്റൂളുകളും ബീച്ച്‌ അമ്പ്രല്ലയുമായി തുടങ്ങിയ
ഇളനീർപ്പന്തലുകൾ മഴക്കാലത്ത്‌ ഉപഭോക്താവിന്‌ ആകർഷകമാവില്ല എന്ന്‌
മനസ്സിലാക്കിയ ഫെഡറേഷൻ ആകർഷകമായ ഒരു ചെറിയ സ്റ്റാൾ രൂപകൽപ്പന ചെയ്ത്‌
സ്ഥാപിച്ചു. പ്രസ്തുത സ്റ്റാളുകളിലൂടെ ഇളനീർ ഷേയ്ക്ക്‌ തുടങ്ങിയ മറ്റ്‌
ഉൽപന്നങ്ങളുടേയും വിപണനം ആരംഭിച്ചു.
കൊച്ചി നഗരത്തിൽ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പഴകിയ ഇളനീരിനേയും
തങ്ങളുടെ ഫ്രേഷ്‌ ഇളനീരിനേയും വേർതിരിക്കുന്ന ഒരു ഘടകം
അത്യന്താപേക്ഷിതമാണെന്ന്‌ തോന്നിയ ഫെഡറേഷൻ തങ്ങളുടെ ഇളനീരുകളിൽ
ഫെഡറേഷന്റെ സ്റ്റിക്കർ പതിച്ചു. അങ്ങനെ മറ്റ്‌ രാജ്യങ്ങളിൽ നിന്നും
നമ്മുടെ കമ്പോളത്തിൽ എത്തുന്ന സ്റ്റിക്കറൊട്ടിച്ച ആപ്പിൾ പോലെ
സ്റ്റിക്കറൊട്ടിച്ച ഇളനീരും വിപണിയിലിറങ്ങി.
ഇളനീരിന്റെ വിൽപന എന്തുകൊണ്ട്‌ ആലോചിച്ചുകൂടാ എന്ന തുടക്കത്തിലെ ചിന്തയിൽ
നിന്നും പ്രാവർത്തികമായി ഈ ഫെഡറേഷൻ ഏറെ മുന്നോട്ടുപോയി. ഇളനീരിന്റെ
സാദ്ധ്യതകൾ നേരിട്ടുമനസ്സിലാക്കിയ ഫെഡറേഷൻ ഇപ്പോൾ കൂടുതൽ ഇളനീർപ്പന്തലുകൾ
ആരംഭിച്ച്‌ സംരംഭം വിപുലീകരിക്കുവാനുള്ള ശ്രമത്തിലാണ്‌. ഇളനീരിൽ നിന്നും
നാളികേരത്തിൽ നിന്നുമുള്ള നിരവധി ഉൽപന്നങ്ങൾ ഇളനീർപന്തൽ വഴി വിപണനം
നടത്തുവാൻ തുടങ്ങി. ഇളനീർപന്തലിന്‌ നാളികേര വികസനബോർഡിന്റെ ആഭിമുഖ്യത്തിൽ
നാളികേര ടെക്നോളജി മിഷൻ പദ്ധതി പ്രകാരം നൽകുന്ന 50 ശതമാനം സബ്സിഡിക്കായി
ഫെഡറേഷൻ പദ്ധതി സമർപ്പിച്ചിട്ടുണ്ട്‌. പരമാവധി ഒന്നരലക്ഷം രൂപവരെ
സാമ്പത്തികാണുകൂല്യം ലഭിക്കുന്ന ഈ പദ്ധതിയുടെ സഹായത്തോടെ കൂടുതൽ
ഇളനീർപന്തലുകൾ സ്ഥാപിച്ച്‌ ഇത്‌ ഒരു ശൃംഖലയായി വളർത്തിയെടുക്കുവാൻ
സാധിക്കും. കർഷകരിലേക്ക്‌ കൂടുതൽ വരുമാനം എത്തിച്ചേരുന്നു
എന്നതുതന്നെയാണ്‌ ഇതിന്റെ വിജയം. ഇളനീർപ്പന്തലുകൾ നടത്തുമ്പോൾ
ബാലാരിഷ്ടതകൾ ഏറെ അഭിമുഖീകരിച്ച ഫെഡറേഷൻ ശുഭപ്രതീക്ഷ കൈവിടാതെ സധൈര്യം
മുന്നോട്ടു പോകുകയാണ്‌ - കേരകർഷകരുടെ സാമ്പത്തിക ഉന്നമനം
ലക്ഷ്യമാക്കികൊണ്ട്‌....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...