20 Sept 2012

ഏഴാം സ്വർഗം

റെയ്നി ഡ്രീംസ്

മുറിക്കുള്ളിലെ ഇരുട്ടിൽ ഭയപ്പാടോടെ ചുറ്റും നോക്കി മലർന്നു കിടന്നു,
പാതിരാവിലെ ഇരുട്ടു നിറഞ്ഞ മുറിയിലെ നിശബ്ദമായ ഉറക്കത്തിൽ നിന്നും തന്നെ
ഉണർത്തിയ പ്രേരണ എന്താണെന്ന് ചിന്തിക്കുകയായിരുന്നു ഗോപി. ഇരുട്ടിൽ അകലെ
എവിടെ നിന്നോ ചെന്നായ്ക്കൾ ഓരിയിടുന്നുണ്ട്, തെക്കേ മുറ്റത്തെ
അത്തിമരക്കൊമ്പിൽ നിന്ന്  ഏതോ പക്ഷിയുടെ വേദന നിറഞ്ഞ കുറുകൽ കേൾക്കുന്നു.
ഇടക്ക് വീശിയ ഒരു കൊച്ചു തെന്നൽ തുറന്നിട്ട ജനല്പാളികൾ ഇളക്കി
ശബ്ദമുണ്ടാക്കി അയാളുടെ ഭയത്തിന് ആക്കം കൂട്ടിയത് മനസിനെ പിന്നിലെ
ഓർമ്മകളിലേക്ക് പറിച്ചു നട്ടു.

“ഗോപിക്കുഞ്ഞ് എങ്ങ്ടാ ഈ നേരത്ത്…“   തുളസിത്തറയിൽ വിളക്ക് വെച്ച്
തിരിഞ്ഞു നിന്ന മീനാക്ഷിയമ്മ കാവിലേക്കുള്ള വഴി നടക്കുന്ന തന്നെ നോക്കി
ചോദിക്കുന്നു..

“ഞാ.. മ്മടെ  കുഞ്ഞാരേട്ടനെ ഒന്ന് കാണാൻ എറങ്ങ്യേതാ  ന്റോപ്പോളമ്മേ..
പെരന്റെ കെയക്കോറം ഇടിഞ്ഞ് നിക്കണ്.. അതൊന്ന് ശര്യാക്കണം.. ഇപ്പ
ചെന്നെങ്കിലല്ലെ കുഞ്ഞരേട്ടനെ കാണാനൊക്കുള്ള്..“

“ഇന്നിപ്പങ്ങ്ട് പോണ്ട, വെള്ള്യായ്ച ആ വഴി അത്രക്കങ്ങ്ട് ശര്യല്ല,
കാവിന്റുമ്പില് നിക്കണ ആ പാലമരത്ര ശരില്യാ..“ ഓപ്പോളമ്മ ചുണ്ടുകൾ കൊണ്ട്
പറഞ്ഞതിനും വളരെയേറെ കണ്ണുകൾ കൊണ്ട് പറഞ്ഞു..

“അതൊക്കീപ്പോ നോക്ക്യാ ശര്യാവോ… മഴ പെയ്യണത് നിർത്താനും തേടീട്ട് ഒരു പട
കുടീല് വെഷമിക്കണത് കണ്ടാ ……….“

വാക്കുകൾ മുഴുമിപ്പിക്കും മുൻപേ ഓപ്പോളമ്മ ഇടക്ക് കയറി…

“വേണ്ട, ഇന്നങ്ങ്ട് പോണ്ടാന്നല്ലെ പറേണത്… തിരിച്ച് പൊക്കെന്റെ ചെക്കാ..“

അന്ത്യശാസനം നൽകി ഓപ്പോളമ്മ അകത്തേക്ക് നടന്നു..

വന്നവഴി തിരിച്ചു നടക്കാനൊരുങ്ങവേ തണുത്ത കാറ്റ് വീശി, ഓപ്പോളമ്മ വെച്ച
തിരി വെട്ടമണഞ്ഞുകൊണ്ട് തുളസിത്തറിയിൽ നിന്നും ഒരു കുഞ്ഞു
പുകച്ചുരുളുയർന്നു. വന്ന വഴി തിരിച്ചു നടക്കുമ്പോൾ മനസിലെ വേലിയേറ്റം
ശക്തമായിരുന്നു………………

ഓർമ്മകളെ മനപ്പൂർവ്വം മുറിക്കാൻ ശ്രമിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു
ഗോപി. യക്ഷിപ്പേടി മനസിന്റെ ഒളിസങ്കേതങ്ങളിലെവിടെയോ ഒളിപ്പിച്ചതിനൊപ്പം
നിദ്രയും പോയൊളിച്ചു.

കനത്ത ഇരുട്ടു നിറഞ്ഞ മുറിയിൽ മുളം കട്ടിലിൽ വെറുതെ എഴുന്നേറ്റിരുന്നു,
ജനലിന്റെ കുഞ്ഞു മരക്കഷ്ണത്തിൽ വെച്ച തീപ്പെട്ടി തിരഞ്ഞെടുത്ത് കത്തിച്ച്
വിളക്ക് പരതുന്നതിനിടെ കാൽ തട്ടി വിളക്ക് മറിഞ്ഞു. തറയിലൊച്ച
മണ്ണെണ്ണയുടെ മണം അസ്വസ്ഥത നിറച്ചു.

വിളക്ക് കത്തിച്ച് മുളങ്കട്ടിലിനടിയിൽ നിന്നും പഴയ ഇരുമ്പു പെട്ടി
വലിച്ചെടുത്തു കാരണമില്ലാതെ  തുറന്നു. നിറഞ്ഞു കിടന്ന കടലാസു തുണ്ടുകൾ
കൈകളാൽ പരതി എന്തൊക്കെയോ തിരഞ്ഞു. മനസറിയാതെ യാന്ത്രികമായ പ്രവർത്തി. കൈ
പിൻ വലിച്ചു ചിന്തിച്ചു.
 എന്താണ് തിരയുന്നത്..? ഉത്തരം കിട്ടിയില്ല, പിന്നെയും എന്തോ
കടലാസുകൾക്കിടയിൽ കൈകൾ ചലിച്ചു നടന്നു. ഓരോ കടലാസു തുണ്ടുകളും എടുത്തു
മറിച്ചു നോക്കി, തലക്കെട്ടുകൾ വായിച്ചു നോക്കി തിരികെ വെച്ചു.

“എന്താ ദൈവേ.. ഞാനീ തെരയണേ…“ ഗോപി സ്വയം ചോദിച്ചു. ഉത്തരം കിട്ടിയതേയില്ല.

ഇടക്കൊരു തുണ്ട് കടലാസ് കയ്യിൽ തടഞ്ഞു.. മടക്കിയ കടലാസു കയ്യിലെടുത്തു.
കടലാസിലേക്ക് കണ്ണുകൾ നീണ്ടു, വായിക്കാനാവുന്നില്ല, വെളുക്കിനു നേരെ
അടുത്തു പിടിച്ചു. കണ്ണിൽ നനവു പടർന്നത് തുടച്ചെടുത്തപ്പോൾ അക്ഷരങ്ങൾ
വ്യക്തമായി തെളിഞ്ഞു വന്നു..വെളുത്ത കടലാസു കഷ്ണത്തിലെ കറുത്ത അക്ഷരങ്ങൾ
വായിച്ചെടുക്കാൻ തുടങ്ങി..

“കാർത്തീടെ കോവ്യേട്ടന്…“

ആദ്യാക്ഷരങ്ങൾ വായിച്ചെടുത്ത കണ്ണിൽ നനവു പടർന്നു. കണ്ണിൽ നീരു
പടരുന്നതിനൊപ്പം കയ്യിൽ വിറ പടർന്നു..വായിച്ചു മുഴുമിക്കാനാവില്ല..
കടലാസു നാലാക്കി മടക്കി പെട്ടിയിൽ വെച്ചു..
ചമ്രം പടിഞ്ഞ് തറയിലിരുന്ന് താടിക്ക് കൈകൊടുത്ത് ചിന്തയിലാണ്ടു..
എന്തെന്നോ ഏതെന്നോ അറിയാത്ത ഏതോ ചിന്തയിൽ വെറുതെ ഇരുന്നു.

അല്പനേരം കഴിഞ്ഞു, തറയിൽ നിന്നെഴുന്നേറ്റു, വിളക്ക് കയ്യിലെടുത്ത്
ഊതിക്കെടുത്തി മുളം കട്ടിലിനടിലേക്ക് നീക്കി വെച്ചു.

അത്തിമരത്തിലെ രാക്കിളിയുടെ രോദനം നിലച്ചിരുന്നു, ചെന്നായ്ക്കളുടെ
ഓരിയിടൽ ഇപ്പോൾ കേൾക്കുന്നില്ല, കട്ടിലിൽ കയറി കിടന്നു.. മലർന്നു
കിടന്നു, കമിഴ്ന്നു കിടന്നു, വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞു കിടന്നു.
പോയ്മറഞ്ഞ നിദ്രയെ തിരികെയെത്തിക്കാൻ കഴിഞ്ഞില്ല. കണ്ണുകളച്ചു,
ഇറുകെയടച്ചു. ഉറക്കം വന്നതേയില്ല, കണ്ണുകൾക്ക് മുൻപിൽ വീണ്ടും
മായക്കാഴ്ചകൾ നിറയുന്നു.

“ഇതെപ്പളാ കോവ്യേട്ടാ പൂക്കണത്…“

ചുവന്ന പനിനീർച്ചെടിയുടെ കൊമ്പ് നടുമ്പോൾ കാർത്തിക അരികിൽ നിന്ന് ചോദിക്കുന്നു…

“വേരു പൊട്ടട്ടെ, കിളിർക്കട്ടെ, എന്നിട്ടല്ലെ പൂവിടണത്…“

“ഈ ചെടീന്റെ ആദ്യണ്ടാവണ പൂ എനിക്ക് നേർന്നാ വേം പൂവിട്ടോളും…“
പറഞ്ഞുകൊണ്ട് അവൾ ഒളികണ്ണിട്ട് നോക്കുന്നു..

നിന്റെ തിളങ്ങുന്ന കണ്ണുകളില് ആയിരം പൂക്കളുള്ളപ്പോൾ എന്തിനാ പെണ്ണെ
ഇനിയൊരു പൂ  എന്ന് പറയാൻ നാവു കൊതിച്ചു.

അകത്ത് റേഡിയോ പ്രവർത്തിപ്പിക്കുന്നു… സുന്ദരമായ ചലചിത്രഗാനം കാറ്റിലൂടെ
മുറ്റത്തേക്കൊഴുകി വീണു.

“നെറ്റിയില്പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ. നീ പാടാത്തതെന്തേ…..“

“കണ്ടിട്ട്ണ്ടാ അതിനെ..“ കാർത്തികയുടെ ചോദ്യം..

“എന്തിനെ..“

“ആ പക്ഷീനന്നെ… അല്ലാണ്ടെന്താ….“

“അറീല്യ…“

“അതെന്താ അറീ്ല്യാത്തെ…“

“അറീല്യ  അത്രന്നെ…“

“എഴാം സ്വർഗ്ഗത്തിന്റെ വാതിലിന്റെ തുന്നാരത്ത് കൂട് കൂട്ടണ പക്ഷ്യാത്രെ
അത്, സ്വർഗ്ഗവാതില്പക്ഷി, അതിനെക്കണ്ടാ ഐശ്വര്യം വരൂത്രെ,“

തുറന്നിട്ട ജനല്പാളികൾക്കുള്ളിലൂടെ ചിറകിട്ടു പറന്നു കയറിയ വവ്വാൽകുഞ്ഞ്
മനസിലെ മായക്കാഴ്ചകൾക്ക് വിരാമമിട്ടു. തിരിഞ്ഞും മറിഞ്ഞും എപ്പോളോ
നിദ്രയുടെ കയത്തിലേക്ക് ഊളിയിട്ടു.

പുലർച്ചെ എഴുന്നേറ്റു, പല്ലുതേക്കാതെ മുഖം കഴുകാതെ സൂര്യനുദിച്ചുണരും
മുൻപേ നടന്നു.. നിയന്ത്രണം നഷ്ടമായ മനസ് ആരുടെയോ ചൊല്പടി അനുസരിക്കുന്നു.
നേരെ നടന്നു, പള്ളിക്കാടിന്റെ മുന്നിലൂടെ നടക്കുമ്പോൾ മീസാൻ കല്ലുകൾക്ക്
മുകളിൽ ആരൊക്കെയോ നിന്ന് ചിരിക്കുന്നു. ആരാണെന്നറിയില്ല, തിരിച്ചും
ചിരിച്ചു കൊട്ത്തു.

“വരണില്ലേ…“  മീസാൻ കല്ലുകൾക്കിടയിൽ നിന്ന് ചോദ്യം…

“വരാം…“ മനസറിയാതെ ചുണ്ടുകൾ മറുപടി നൽകി..

ആരൊക്കെയോ വീണ്ടും ചിരിച്ചു. സൌഹൃദം ചോദിക്കുന്ന പുഞ്ചിരിയോ പരിഹാസ
ചിരിയോ, ഒന്നും അറിഞ്ഞില്ല, മനസിലാക്കാൻ ശ്രമിച്ചതുമില്ല.

പള്ളിക്കാട് കടന്ന് കാലുകൾ വീണ്ടും ചലിച്ചു. കാവും അമ്പലവും പള്ളിയും
ഒന്നും രണ്ടും മൂന്നും പിന്നിലാക്കി നടന്നു..

ദൂരം താണ്ടി പുഴക്കരയെത്തി, മുന്നിലെ വെള്ളത്തിലേക്ക് കാൽ വെച്ചു.
ചുട്ടുപൊള്ളുന്നു കാലുകൾ..
പുഴയിലെ വെള്ളത്തിന് അടുപ്പത്ത് തിളക്കുന്ന വെള്ളത്തിന്റെ ചൂട്…  കാലു പൊള്ളിയോ…
വെള്ളത്തിൽ വെച്ച കാൽ പിൻ വലിച്ചു. വന്ന വഴിയിലേക്ക് തിരിഞ്ഞു. തിരിച്ചു
നടന്നു, വീണ്ടും പള്ളിക്കാടുകൾ, കാവുകൾ അമ്പലങ്ങൾ,  ഒന്ന്, രണ്ട്,
മൂന്ന്…. ആദ്യ യാത്രയിൽ കണ്ട അവസാനക്കാഴ്ചകൾ മടക്കയാത്രയിൽ
ആദ്യക്കാഴ്ചകളായി..

തൊണ്ട വരണ്ടു, മഞ്ഞപ്പഴ്ക്കുല കെട്ടിത്തൂക്കിയ ചായക്കടക്ക് മുൻപിൽ കാലുകൾ നിന്നു..

“ഒരിറ്റ് വെള്ളം ത…ര്വോ…..“

വെള്ളം കിട്ടി, വെള്ളപ്പാത്രം ചുണ്ടിൽ തട്ടിയപ്പോൾ ചുണ്ട് പൊള്ളിയോ…
എന്തൊരു ചൂട്…  ഊതി ഊതി ആറ്റാൻ തുടങ്ങി…

“പച്ചവെള്ളാ.. കുടിച്ചോ…. ചൂടാറ്റണെന്തിനാ…“ അനുകമ്പയോടെ കടക്കാരൻ പറഞ്ഞു

പച്ചവെള്ളമോ, വിരലു കൊണ്ട് തൊട്ട് നോക്കി, അല്ല, തിളച്ചവെള്ളം തന്നെ,
ചുണ്ടിനും നാവിനും ഒരുപോലെ തെറ്റ്പറ്റില്ല…

“വിശക്കണുണ്ടോ… എന്തെങ്കിലും തിന്നണോ…“  കടക്കാരൻ.

“ഉം…പൈസയില്ല…“

ബെഞ്ചിലിരുന്നു, ഡസ്കിൽ പുട്ടും കടലയും കൊണ്ടു വച്ചു തന്നു..

പാത്രത്തിലെ പുട്ട് മെല്ലെ അകത്താക്കി, കടലക്കറി തൊടാൻ തോന്നിയില്ല,
ആട്ടുങ്കാട്ടം പോലെ ..
കടക്കാരനെ നോക്കി ചിരിച്ചു. ഇറങ്ങി നടന്നു…

“പ്രാന്തൻ കോവ്യേ“…“പ്രാന്തൻ കോവ്യേ..“ തെരുവിലെ കുട്ടികൾ അട്ടഹസിച്ചു ചിരിച്ചു..
അവരെ നോക്കി ചിരിച്ചു.. മുന്നിലെ വഴിയിലൂടെ കാലുകൾ ചലിച്ചു.

മുറ്റത്തെ പഴയ പനിനീർച്ചെടിയുടെ പുതു തലമുറയിലെ ഒന്നിൽ വിടർന്ന് നിന്ന
ചുവന്ന റോസാ പൂ മോഷണം പോയിരിക്കുന്നു..

മനസു നൊന്തു, എന്നിട്ടും കരഞ്ഞില്ല, തുറന്ന് കിടന്ന വാതിൽ കടന്ന് അകത്തെ
മുറിയിലേക്ക് നടന്നു
മുളങ്കട്ടിലിന്റെ അടിയിലെ ഇരുമ്പുപെട്ടി വലിച്ചെടുത്തു… ഞെട്ടിപ്പോയി..

പെട്ടിക്കുമുകളിൽ ഒരു ചുവന്ന റോസാ പൂവിനൊപ്പം ചേർത്തു വെച്ച
വർണ്ണക്കടലാസ് നിവർത്തി വായിച്ചു..

“കാർത്തീടെ കോവിയേട്ടന്…..“

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...