20 Sept 2012

പെരുമ്പാത


പദ്മാവതി വത്സല

ഒരു പാതയിതാ തുറക്കുന്നുമുമ്പിൽ
തെക്കോട്ട്‌ വഴിമുഖം, പോരികയെല്ലാരും
ദക്ഷിണയിടാൻ കീശയിൽ കാശില്ലേ ?
മാറാപ്പിൽ മറുതുണിയില്ലെന്നോ!
അതിനെന്തു കൂട്ടുകാരാ
എ.ടി.എം കീശയിലില്ലേ?
ഒരു വൻപട നടന്നും, പറന്നും, കിടന്നും
മുന്നേറിയതിൻ പൊടിയല്ലോ മാനത്ത്‌
വേനലിന്റെ സൂര്യമുഖം ചോക്കുന്നു,
കിളികൂജനം കേൾക്കാതായി
വണ്ടിണ മൂളാതെ, മൂകമെന്നോ കാന്താരം!
ഉച്ചവെയിലിൽ ഹോമം കഴിഞ്ഞിറങ്ങിയ
പകലോന്റെ പടം ചായ്ക്കാൻ
ശീതീകൃതമല്ലോ ഈ പെരും വണ്ടി
കാശുകൊടുത്താലെന്ത്‌, സഞ്ചരിക്കും കൊട്ടാരം
ഇതിലേറിപ്പോകാതെ ജീവിതമെന്തിനുകൊള്ളാം
കൂട്ടുകാരിലൊരാൾ ഫോണിൽ സഞ്ചരിച്ചു
എതിരെ-
അമ്പരക്കുന്നതവനോ വണ്ടിയോ!
പോകുവതെങ്ങോട്ട്‌ ? പാതാളവഴിക്കോ?
സ്വർലോകത്തിലേയ്ക്കൊ?
എവിടേയ്ക്കും ഒറ്റവഴി,
നേരംപോയ്‌ കയറുന്നോ?
ഇല്ലെങ്കിൽ നഷ്ടം നിനക്കല്ലോ
ഇതുതാനോ മാനവന്റെ മനവിരുതും
കരവിരുതും
അല്ലാതെ, നനഞ്ഞ പരുത്തിത്തുണിപോലൊരു
ജീവിതമെന്തിനുസഖേ?
കല്ലേലടിച്ചുനരപ്പിച്ച ഈ കാലുറ നോക്കൂ
ഇതടിച്ചുപൊളിയ്ക്കുംവരെ ജീവിതമെന്തുസുഖം!
ഇവിടുന്നും തെക്കോട്ടമ്പതുകിലോപോയാലോ?
എനക്കന്റെ പെങ്ങടെവീട്ടിൽകേറാലോ വിടപറയാലെ
പോകാൻ വരട്ടെ! ഇറങ്ങണോ എന്നു ചിന്തിക്ക
പെങ്ങളെക്കാണാനെന്തു പുനർചിന്ത?
കാണാനില്ലൊന്നും, പൊടിത്തിരശ്ശീല
പുറകെ നീളുന്നു
ആകാശത്തുപറക്കുമ്പൊ കാഴ്ചയുണ്ടൊ ചങ്ങാതി?
കടൽതാണ്ടിത്തുഴയുമ്പോൾ കാഴചയുണ്ടൊ ചങ്ങാതി?
ഭൂമിതൊടാതീപ്പാച്ചിൽ
തന്നെയൊരുത്രില്ലല്ലോ
ആരേയും തോൽപിക്കുമീയോട്ടം നമുക്കു സ്വന്തം!
ഇപ്പാത പണിഞ്ഞവന്റെ മണ്ടകത്തിൽ മറിമായം
അതിനെന്ത്‌? ഇടമില്ല, വലമില്ല, മുമ്പോട്ടേ കുതിപ്പൂനാം!
അതുപോരെ, നമ്മുടെയീ ഉലകമൊരു പന്തല്ലോ?
അതിനൊരു മുറിവേറ്റാൽ ഒരൊറ്റയീച്ച പറക്കില്ല
ഒരു രോഗാണു നിൽക്കില്ല
ചെന്നിണംചാർത്തിയ താഴ്‌വരയിൽ
കട്ടത്തീപാറുന്നു കാറ്റ്‌ തീക്കുറ്റി കത്തിച്ച്‌
ആഘോഷിക്കുന്നു
ചത്തടിയും തോടുകളും
വരണ്ടുനീർപ്പിടും വയലുകളും
ഉറങ്ങാതെ കിടക്കും കുടിലുകളും
കണ്ണീരൊലിപ്പുവറ്റാത്ത കുഞ്ഞുകവിൾത്തടങ്ങളും
ചുളിഞ്ഞകവിളിൽ ഭൂമിയിൽ വീഴാൻ
അറച്ചുനിൽക്കുന്ന വൃദ്ധനീർക്കണങ്ങളും
കാണാൻ നിൽക്കാതെ,
നമ്മുടെ വിസർജ്ജ്യമെല്ലാം ഇവിടെ
ചാവാതെ ചത്തുകിടക്കുന്നവർക്കായി
തീറെഴുതിവച്ചിട്ടു നാം മുന്നോട്ടുപോവുക
സൂര്യന്റെ ഉല അവസാനമായി കത്തിജ്വലിക്കുന്നു
അഗ്നിയേ ശരണം!
മഴക്കാറുവെടഞ്ഞ ആകാശങ്ങൾ
ജലം വെടിഞ്ഞ തിരകൾ, മണൽക്കാറ്റുകൾ
വിളക്കുന്നു ദിങ്മുഖം
പിളരുന്നു ദിക്കുകൾ
എന്നാലും കാതോർത്തു ഞരങ്ങുന്നു
ഉള്ളിലൊരു മറുജന്മം
ദാഹിക്കുന്നു ചങ്ങാതി, ഈ വണ്ടി, പെരുംവണ്ടി
ഏതുസ്റ്റോപ്പിൽചെന്നു നിൽക്കും?
നിൽപില്ല. നേരമില്ല. ഒരേയൊരോട്ടം
എത്തുമ്പോഴേക്കും തൊണ്ട വരണ്ടേ ചാവും നാം-
വഴിനീളെ കാടില്ല, കുളമില്ല, ദേവനില്ലമ്പലവും
നമ്മുടെ മനസ്സല്ലോ എല്ലാത്തിനും ഇരിപ്പിടം!
അനന്തമാം സമയവരയിലൊരു
ചാപം മാത്രം മതി നമുക്ക്‌
ഓടിയോടി അരങ്ങെത്തിയാലും
ഒത്തിരി സമയം നമുക്ക്‌
അതിനാലടിച്ചു പൊളിച്ചേ
അടങ്ങൂ നാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...