ഇന്നു നീ വന്നാൽ ?


ചെമ്മനം ചാക്കോ
(വഞ്ചിപ്പാട്ടു രീതി)

മഹാബലിത്തമ്പുരാനേ, മാറിപ്പോയ്കേരളം; വീണ്ടും
ഗൃഹാതുരത്വമാർന്നുനീവന്നണയൊല്ലേ
!
നദിയാകെവരണ്ടപോൽ ജനമനങ്ങളിൽ നിന്നും
മൃദുലവികാരം വറ്റിവരണ്ടുപോയി.
അഴിമതി,യധികാരദുര, ധനസുഖാസക്തി
വഴിവെട്ടി നീതിബോധം നശിച്ചുപോയി
ചതിയിൽ വാമനൻ നിന്നെകൊന്നതില്ല, പാതാളത്തിൽ
ചവിട്ടിത്താഴ്ത്തി,യതും നിൻ സമ്മതം വാങ്ങി.
തലയിലങ്ങണിഞ്ഞെത്തും നവരത്നകിരീടവും
തവകാൽപൊൻപാദുകവും കൈവശമാക്കാൻ
തിരുവോണനാളിലങ്ങുവരും നേരം കണക്കാക്കി
തൃക്കാക്കരയമ്പലത്തിന്നടുത്ത റോഡിൽ
വരും ഗുണ്ടാപ്പരിഷകളിരച്ചൊരിന്നോവാ കാറിൽ
വടിവാളും കഠാരയും കത്തിയുമായി,
രണ്ടായിരത്തിപ്പന്ത്രണ്ടു വെട്ടുവെട്ടിനുറുക്കി, നിൻ
പണ്ടങ്ങളും കൊണ്ടുപോകു, മിന്നുനീവന്നാൽ!
പാഞ്ഞടുക്കുവോർക്കുനേരെ ബോംബെറിഞ്ഞു കേരളത്തിൻ
കാഞ്ഞക്വൊട്ടേഷനംഗങ്ങൾ രക്ഷപെട്ടോടും!
നീതികളും നിയമവും പഴങ്കഥയിവിടെ; നിൻ
പാതാളം കേരളത്തേക്കാൾ മെച്ചമാം, മെച്ചം!
ആകയാൽമാബലീ, വേണ്ട വീണ്ടും നിൻ കേരളംകാണാൻ
മോഹമുള്ളിൽ; ജീവിതത്തിലാശവച്ചാലും .

* കുറിപ്പ്‌: 2012 മേയ്‌ 4-നു നടന്ന ടി.പി.ചന്ദ്രശേഖരൻ വധം പശ്ചാത്തലം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ