ദൈവം "ഉണ്ടില്ല"!


സി.രാധാകൃഷ്ണൻ

മനുഷ്യകരങ്ങളുടെ നീളം എത്രയാണ്‌? അളവില്ലാത്തത്രതന്നെ! പരിശ്രമം
ചെയ്യുകിലേതിനെയും കരത്തിലാക്കാൻ കഴിവുള്ള വണ്ണം എന്ന മഹാ കവിവാക്യം
അന്വർത്ഥം. അതേപോലെ മനുഷ്യനേത്രങ്ങളുടെ സൂക്ഷ്മത എത്ര? പ്രപഞ്ചത്തിലെ
ഏറ്റവും ചെറിയ കണമായ ന്യൂട്രിനോവിനെ വരെ കാണാൻ സാധിക്കുന്നു! ചൊവ്വയിലെ
മണ്ണുവാരി പരിശോധിക്കുകയും "ദൈവകണ'ത്തെ "വല'യിൽപ്പെടുത്തുകയും
ചെയ്യുന്നു.
        ഇതിനിടെ പഴയ ഒരു സംശയം ചിലരിൽ വീണ്ടും കിളിർത്തിരിക്കുന്നു. ദൈവം ഉണ്ടോ
ഇല്ലയോ എന്ന സംശയം. ഉണ്ടോ, ഇല്ലയോ എന്ന തർക്കം മുത്ത്‌ "ഉണ്ടില്ല" എന്ന്‌
കലക്കത്തുകാരൻ നമ്പ്യാർ പണ്ട്‌ വിവരിച്ച സ്ഥിതിയിലെത്തുകയും ചെയ്യുന്നു.
അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ മഹാപ്രപഞ്ചത്തിന്റെ എങ്ങാണ്ടൊരു
മൂലയിൽ ഇരുന്ന്‌ നോക്കുന്ന മർത്ത്യൻ (മരണമുള്ളവൻ) 'കഥയെന്തുകാണു'! എന്ന്‌
മറ്റൊരു മഹാകവിവാക്യമുള്ളത്‌ മറന്നുപോകുന്നതിന്റെ വിന!
        മോഡേൺ ശയൻസിന്റെ പിറവി തൊട്ട്‌ ഉള്ളതാണ്‌ ഈ തമാശ. ഓരോ കണ്ടുപിടിത്തം
ഉണ്ടാകുമ്പോഴും "ദൈവത്തിന്റെ കാവൽക്കാർ' അതിനെഎതിർക്കും. അവസാനം,
കണ്ടുപിടിത്തം ശരിയാണെന്നു വരുമ്പോൾ ലോകത്തിന്‌ സംശയമുദിക്കും. എങ്കിലിനി
ദൈവം ആവശ്യമുണ്ടോ?
        ദൈവകണത്തിന്റെ അസ്തിത്വം അസാധ്യമല്ല എന്നു മിക്കവാറും തീരുമാനമായപ്പോൾ
സ്റ്റെഫാൻ ഹോക്കിങ്ങ്‌ പറയുന്നതും ഇതുതന്നെ. പ്രപഞ്ചത്തിന്റെ
വികാസപരിണാമങ്ങൾ വിശദീകരിക്കാൻ ഇനി ദൈവത്തിന്റെ ആവശ്യമില്ല,
ഭൗതികനിയമങ്ങൾ മതി.
        ഇതു കേട്ടപ്പോൾ പാശ്ചാത്യലോകത്തിന്‌ വിഷമമായതിൽ അത്ഭുതമില്ല.
കൂരിയാറ്റക്കിളി കൂടുണ്ടാക്കുന്നപോലെ അഞ്ചാറു ദിവസം കൊണ്ട്‌ പ്രപഞ്ചം
മെനഞ്ഞുണ്ടാക്കിയ കക്ഷിയാണ്‌ അവർക്ക്‌ ദൈവം (ഉൽപത്തി പുസ്തകത്തിലെ
പ്രസ്താവത്തെ അങ്ങനെയാണ്‌ വ്യാഖ്യാനിക്കുന്നത്‌). അടിസ്ഥാനഭൗതികനിയമങ്ങൾ
നിലവിലുണ്ടായാൽ പ്രപഞ്ചം തനിയെ രൂപപ്പെടുമെന്ന്‌ പറയുമ്പോഴും പക്ഷെ ആ
നിയമങ്ങളുടെ സ്രോതസ്സിനെ ഹോക്കിങ്ങിനും ഉപേക്ഷിക്കാനാവില്ലല്ലോ.
        യുക്തിയാണ്‌ മോഡേൺ ശയൻസിന്റെ ആയുധം. എന്നുവച്ചാൽ കാര്യകാരണബന്ധം. പക്ഷേ,
ആ ബന്ധത്തിന്റെ ചങ്ങലയുടെ അവസാനത്തെ കണ്ണി കണ്ടെത്താൻ യുക്തിക്ക്‌
സാധിക്കില്ല. കാരണം തിരക്കി കുറെ ചെന്നാൽ കൈ മലർത്തേണ്ടിവരും. ആർക്കും,
ഉദാഹരണത്തിന്‌, താൻ ജനിച്ചതു എന്തുകൊണ്ട്‌ എന്ന്‌ എന്നോടു ചോദിച്ചാൽ
"അച്ഛൻ അമ്മയെ കല്യാണം കഴിച്ചതുകൊണ്ട്‌" എന്ന്‌ പറയാം. "അച്ഛൻ അമ്മയെ
കല്യാണം കഴിച്ചതുകൊണ്ട്‌' എന്ന്‌ പറയാം. അച്ഛൻ അമ്മയെ കല്യാണം
കഴിച്ചതെന്തുകൊണ്ട്‌?" എന്ന്‌ ചോദിച്ചാൽ 'അവർക്ക്‌ പരസ്പരം ഇഷ്ടമായതിനാൽ
എന്നു പറയാം. 'എന്തുകൊണ്ടവർക്ക്‌ പരസ്പരം ഇഷ്ടമായി' എന്നു ചോദിച്ചാലോ?
അറിയില്ലെന്ന്‌ കൈമലർത്തുകയേ സാധിക്കൂ.
        എന്നാലോ, ലോകത്ത്‌ മറ്റെങ്ങുമില്ലാത്ത ഒരു മഹാഭാഗ്യം ഈ നാട്ടുകാരായ
നമുക്കുണ്ടായി. അതെന്തെന്നാൽ, ഈ അറിവില്ലായ്മ എന്തുകൊണ്ടെന്ന്‌
അന്വേഷിച്ച്‌ നമ്മുടെ കാരണവന്മാർ ശരിയുത്തരം കണ്ടുപിടിച്ചു. പൂർണ്ണമായ
അറിവുണ്ടാകുവോളം സംശയം തീരില്ല എന്നതാണ്‌ ആ ഉത്തരം. പ്രപഞ്ചത്തിന്റെ
അടിസ്ഥാനസ്വരൂപം ആ അറിവാണ്‌. അതിന്‌ വൃദ്ധിക്ഷയങ്ങളോ, ജനനമരണങ്ങളോ ഇല്ല.
അതുമായുള്ള നമ്മുടെ സമ്പർക്കത്തിന്റെ തോതനുസരിച്ച്‌ സംശയങ്ങൾക്ക്‌
ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഒന്നും അറിയാത്തവർക്കും എല്ലാം അറിഞ്ഞവർക്കും
ഒരു സംശയവുമില്ല!
        വിമാനത്താവളം വരെ കാറിലോ ബസ്സിലോ ഒക്കെ പോകാം. പിന്നെ പറന്നേ യാത്ര
പറ്റൂ എന്നപോലെ യുക്തി കൊണ്ട്‌ ആദികാരണഭിത്തി വരെ എത്തിയാൽ പിന്നെ ഭക്തി
കൊണ്ടേ മുന്നോട്ടു പോകാനാവൂ. ഇരുളിൽ വടി കൊണ്ട്‌ തപ്പിത്തടഞ്ഞ്‌
നടക്കുന്നതും വെട്ടം കണ്ട്‌ നടക്കുന്നതും തമ്മിലുള്ള അന്തരമുണ്ട്‌.
ഇഷ്ടമില്ലാത്തതിനെ അറിയാൻ പ്രയാസമാണ്‌. ഇഷ്ടമാകണമെങ്കിൽ ശരിയായി
വെളിച്ചത്തിൽ കാണണം. ആ വെളിച്ചമുണ്ടാകാൻ പൊതുവായ മൂന്നാര്റിവ്‌ കൂടാതെയും
കഴിയില്ല. നല്ല ഗുരുത്വം കൊണ്ടേ ഈ കുരുക്കിന്‌ പരിഹാരം കാണാൻ ഒക്കൂ.
ഗുരുവിന്റെ വിശ്വപ്രേമമെന്ന ഭക്തിഭാവം സ്വാഭാവികമായി പകർന്നുകിട്ടുന്നു.
        പ്രപഞ്ചത്തിന്റെ ജീവനോട്‌ ചേർന്ന്‌ ഇരിക്കുന്ന ആൾക്ക്‌ കാര്യവും കാരണവും
രണ്ടല്ല. ആദികാരണം തന്നെയാണ്‌ ആദികാര്യവും. അറിവ്‌ ഒരു കണ്ടുകിട്ടലല്ല,
ആയിത്തീരലാണ്‌. അതിനുള്ള പ്രേരണ ഇഷ്ടപ്രാപ്തിക്കുള്ള ആവേശമല്ല
. അതായത്‌,
ശരിയായ അറിവുള്ള ആർക്കും ആ അറിവ്‌ സ്വന്തം സുഖത്തിനായും വശാവകാശത്തിനായും
ഉപയോഗിക്കില്ല. അസംയതാത്മാവിനാകട്ടെ, യോഗം ദുഷ്പ്രാപ്യവുമായിരിക്കുന്നു.
ആറ്റം ബോംബുണ്ടാക്കുന്നത്‌ പേടിപ്പിക്കാനും ഉപദ്രവിക്കാനുമാണ്‌. അതിനാൽ ആ
അറിവ്‌ ശരിയായ അറിവല്ല. ആത്മസംയമനമില്ലാത്തവനും നേടാവുന്ന അറിവാണത്‌.
        പഴയ അറിവും പുതിയ അറിവും  തമ്മിലുള്ള അന്തരം വളരെ പ്രസക്തമായിരിക്കയാണ്‌
ഇപ്പോൾ. കാരണം, പ്രപഞ്ചമനസ്സിന്റെ ഗതിയറിയാതെയും അതിനെ മാനിക്കാതെയും
ചെയ്യപ്പെടുന്ന-യജ്ഞഭാവനാശൂന്
യമായ-കർമ്മങ്ങളാൽ മൊത്തം പ്രകൃതി
മലിനമായിപ്പോയി. ആയിരത്താണ്ടുകളിലെ ശുശ്രൂഷ കൊണ്ടും വീണ്ടെടുക്കാനാവാത്ത
വിധം മണ്ണും വെള്ളവും വായുവും ദുഷിച്ചു.
        ഈയിടെ ഒരു ട്രെയിൻ യാത്രയിൽ രണ്ടു ചെറുപ്പക്കാരെ പരിചയപ്പെട്ടു. ആദ്യം
കയറി വന്നത്‌ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ശയൻസിലെ അധ്യാപകൻ.
ലഗ്ഗേജ്‌ ഒതുക്കി ഇരിപ്പുറച്ചതോടെ അദ്ദേഹം വായന തുടങ്ങി. ജിദ്ദു
കൃഷ്ണമൂർത്തിയുടെ കൃതി. രണ്ടാമൻ ആദ്യമേ ലാപ്ടോപ്പ്‌ മുന്നിലും ഇയർഫോൺ
കാതിലും വച്ചു. സുന്ദരികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ ഡ്രമ്മുകളുടെ താള
അകമ്പടിയൊച്ചയോടെ കാണാൻ തുടങ്ങി. ഒരു ഇടവേളയിൽ സ്വയം പരിചയപ്പെടുത്തിയ
അദ്ദേഹത്തോട്‌ ഞാൻ ചോദിച്ചു 'ഇതാ ഇദ്ദേഹത്തിന്റെ താൽപര്യം ഫിലോസഫിയാണ്‌.
താങ്കളുടെ ജീവിതത്താൽപര്യമോ?
        ആ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മറുപടി ഉടനെ വന്നു. 'എന്റെ ഹാരിയും എന്റെ
നൗകരിയും മാത്രം!'

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?