കുരീപ്പുഴ ശ്രീകുമാർ | |||
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തില്‍ അനുകരണത്തിന് വലിയ സ്ഥാനമാണുള്ളത്.
ആദ്യകാല ചിത്രങ്ങളിലെ
പാട്ടുകള്‍ തമിഴ്-ഹിന്ദിപ്പാട്ടുകളുടെ സംഗീതപ്പാരഡികള്‍ ആയിരുന്നു.
ഇന്നത്തെപ്പോലെ അന്നും ഈണത്തിനനുസരിച്ചായിരുന്നു പാട്ടെഴുത്ത്. ഈണമെന്നാല്‍
ഒരു സംഗീതജ്ഞന്റെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുതിയ ഉറവകള്‍
എന്നല്ലായിരുന്നു അന്നത്തെ അര്‍ഥം. ഹിന്ദിപ്പാട്ടും തമിഴ്പാട്ടുമൊക്കെ
കേട്ടിട്ട് അതിന്റെ ഈണത്തിനൊപ്പിച്ച് വാക്കുകള്‍ നിരത്തുകയായിരുന്നു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച കിരണ്‍രവീന്ദ്രന്റെ മലയാള സിനിമാപിന്നണിഗാനചരിത്രം എന്ന
പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ഈ അനുകരണ
വാസ്തവത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു ഹിന്ദി, തമിഴ് തുടങ്ങി
മറ്റുഭാഷാചിത്രങ്ങളിലെ അനുകരണമായിരുന്നു സത്യത്തില്‍ മലയാളം പാട്ടുകളും
സംഗീതവും തുടക്കത്തില്‍.
കഥയിതു കേള്‍ക്കാം സഹജരേ എന്ന
ആദ്യകാല ചലച്ചിത്ര ഗാനം കെ എല്‍ സൈഗാളും കനല്‍ദേവിയും ചേര്‍ന്ന് പാടിയ
ഗുംഗുരുവാബാജേ എന്ന പാട്ടിന്റെ ഈണത്തില്‍ നിന്നും മുളച്ചതാണ്.
വളരെ പ്രസിദ്ധമായ ആദ്യകാല
മലയാള ചലച്ചിത്രഗാനം നീയെന്‍ ചന്ദ്രനെ ഞാന്‍ നിന്‍ ചന്ദ്രിക തൂ മേരെ
ചാന്ദ്‌മേം തേരീ ചാന്ദ്‌നീ എന്ന ഹിന്ദിപ്പാട്ടിന്റെ പകര്‍പ്പായിരുന്നു.
അഴലേറും ജീവിതമെന്ന പഴയ സിനിമാപ്പാട്ട് അഫ്‌സായാലിഖ് രഹിഹൂം എന്ന നൗഷാദ്
സംഗീതം ചെയ്ത പാട്ടിന്റെ നിഴലാണ്. പരമേശ്വരി തായേ എന്ന പാട്ട് തമിഴ്
സിനിമയിലെ കന്നിയേമാമരി എന്ന പാട്ടിന്റെ പ്രേതമായിരുന്നു.
ഈ അനുകരണ പ്രേതബാധ ഒഴിപ്പിച്ച്
ശുദ്ധമലയാള സംഗീതത്തിന്റെ കായല്‍ക്കരയിലേക്ക് നമ്മുടെ സിനിമാപ്പാട്ടുകളെ
വിരല്‍പിടിച്ചു നടത്തിയത് ചിദംബരനാഥും കെ രാഘവനും എം എസ് ബാബുരാജും ജി
ദേവരാജനും കെ വി ജോബും വി ദക്ഷിണാമൂര്‍ത്തിയും അടക്കമുള്ള
പ്രതിഭാശാലികളാണ്.
ജോ ബിത് ചുകിഹോ എന്ന
പാട്ടിനൊപ്പിച്ച് മോഹനം മനോമോഹനം എന്നു പാടിക്കേട്ട് ലജ്ജിച്ചു നിന്ന
മലയാളം അല്ലിയാമ്പല്‍ക്കടവും കായലരികത്തു വലയെറിഞ്ഞപ്പോഴും കൊതുമ്പുവള്ളം
തുഴഞ്ഞുവരും കൊച്ചുപുലക്കള്ളിയും ഒക്കെ കേട്ട് തലയുയര്‍ത്തിപ്പിടിച്ച്
നടന്നു. എം കെ അര്‍ജ്ജുനനിലൂടെയും രവീന്ദ്രനിലൂടെയും എം ജയചന്ദ്രനിലൂടെയും
എം ജി രാധാകൃഷ്ണനിലൂടെയും ശരത്തിലൂടെയും മറ്റും മലയാള ചലച്ചിത്രഗാനം
മധുരിമയുടെ താഴ്‌വരയില്‍ ഉല്ലസിച്ചു സഞ്ചരിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും
അനുകരണ വൈറസ് പൂര്‍ണ്ണമായും ഒഴിഞ്ഞുപോയില്ല. രാഗേന്ദുകിരണങ്ങളൊളിവീശിയില്ല
എന്ന പ്രശസ്ത ഗാനത്തില്‍പ്പോലും ഈ വൈറസ് സാന്നിധ്യമറിയിച്ചു.
അടുത്ത കാലത്തുകേട്ട
അതിഗംഭീരമായ ഒരു സംഗീതപ്പാരഡി ലാല്‍ജോസിന്റെ മുല്ലയില്‍ റിമിടോമി പാടിയ
ആറുമുഖന്‍ മുന്നില്‍ച്ചെന്ന് എന്ന പാട്ടാണ്. വിദ്യാസാഗറിന്റെ പേരിലാണ് ഈ
പാട്ടിന്റെ സംഗീതപ്പട്ടം ചാര്‍ത്തികൊടുത്തിട്ടുള്ളത്.
വിജയലക്ഷ്മീ നവനീതകൃഷ്ണന്റെ സെന്തില്‍ വടിവേലവനേ എന്ന തമിഴ്
ഗ്രാമപ്പാട്ടിന്റെ വായ്ത്താരി വിടാതെയുള്ള കോപ്പിയടിയാണ് റിമിടോമി പാടിയ
പാട്ട്.
ആയിരത്തിത്തൊള്ളായിരത്തി
തൊണ്ണൂറില്‍ വിജയലക്ഷ്മി പാടിയ ഈ മനോഹരഗാനം യൂ ട്യൂബില്‍ കാണുകയും
കേള്‍ക്കുകയും ചെയ്യാം. തമിഴില്‍ ഒന്നാം പടിയെടുത്ത് എന്നാെണങ്കില്‍
മലയാളത്തില്‍ ഒന്നാം മുഖം തൊഴുവാന്‍ എന്നാണ്. മൂന്നു തവണ വീതം
ആവര്‍ത്തിക്കുന്ന സന്നിധി ഞാനിന്നു പൂകവേ എന്ന വരിക്കു പകരം തമിഴിലുള്ളത്
ചിത്തിരഗോപുരം കെട്ടവേ. അടിച്ചുമാറ്റിയതാണെങ്കിലും പാട്ട് ഹിറ്റായി. അതിനെ
തുടര്‍ന്ന് കാര്‍ബണ്‍ കോപ്പിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെ
തുടര്‍പാട്ടുകളുണ്ടായി.
കാടാമ്പുഴ ഭഗവതിയെക്കുറിച്ചു
കേള്‍ക്കുന്ന ഒരു ഭക്തിഗാനം മുല്ലയിലെ പാട്ടിന്റെ പാരഡിയാണ്. സംഗീതമോഷണത്തെ
കാടാമ്പുഴ ഭഗവതി പ്രോത്സാഹിപ്പിക്കുകയാണോ ചെയ്തിട്ടുള്ളത്?
പകര്‍പ്പിന്റെ പകര്‍പ്പിന്റെ
പകര്‍പ്പാണെങ്കിലും എല്ലാ ഖണ്ഡങ്ങളിലും വ്യത്യസ്തവാക്കുകള്‍ ചേര്‍ക്കയാല്‍
നാദിര്‍ഷായുടെ ഹാസ്യാനുകരണം തന്നെ മികച്ചത്. ആറുമണി നേരമായാല്‍,
കെടക്കപ്പായേന്നോടും, നേരെ ബാറിലേക്കു ഞാനോടും, അതു തൊറക്കും മുന്‍പേ
കേറും....
ബേണി ഇഗ്നേഷ്യസുമാര്‍ക്ക്
മികച്ച ചലച്ചിത്ര സംഗീത സംവിധായകര്‍ക്കുള്ള അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍
കൊടുത്തപ്പോള്‍ അവരുടെ സംഗീതം ഒരു ഹിന്ദിപ്പാട്ടിന്റെ മോഷണമാണെന്നും
അവാര്‍ഡു നല്‍കി അംഗീകരിച്ചാല്‍ തന്നെപ്പോലുള്ളവരെ ജനങ്ങള്‍
തെറ്റിദ്ധരിക്കുമെന്നു പറഞ്ഞ് തനിക്കു കിട്ടിയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍
പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വഴി ജി ദേവരാജന്‍ മാസ്റ്റര്‍ തിരിച്ചു
കൊടുത്തു. ഇന്നു നമ്മള്‍ക്കിടയില്‍ ഒരു ദേവരാജന്‍ മാസ്റ്റര്‍ ഇല്ലല്ലോ.
|
19 Sept 2012
''സെന്തില്‍ വടിവേലവനേ... ആറുമുഖന്‍ മുന്നില്‍ചെന്ന്''
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...