ചങ്ങാതി ദമ്പതികളുടെ കഥ കേൾക്കൂ


ബീന എസ്‌
തെങ്ങുകയറ്റക്കാരെ കിട്ടാതെ നിസ്സഹായരായ കേരകർഷകർക്ക്‌ സകല വിധത്തിലും
ആശ്വാസം തന്നെയായിരുന്നു തെങ്ങിന്റെ ചങ്ങാതികൾ, വേനലിൽ വലഞ്ഞ പഥികന്‌
ദാഹജലം ലഭിച്ചതുപോലെ. കേവലം വിളവെടുപ്പ്‌ മാത്രമല്ല, തെങ്ങിന്റെ മണ്ട
വൃത്തിയാക്കലും രോഗകീട പരിചരണത്തിനായി മരുന്ന്‌ തളിക്കലുമെല്ലാം
തെങ്ങുകയറ്റയന്ത്രത്തിന്റെ സഹായത്തോടെ ചങ്ങാതിക്കൂട്ടം നിർവ്വഹിച്ചു
പോരുന്നു. ഇതിനെല്ലാമുപരി, തെങ്ങിൽ വർഗ്ഗസങ്കരണം നടത്താനും ഈ
ചങ്ങാതിമാർക്കാവും. ഈ വിധ പ്രവർത്തനങ്ങൾക്കെല്ലാം ഇവരെ
പ്രാപ്തരാക്കുന്നതിനുതകുന്ന പരിശീലന പരിപാടിയാണ്‌ പോയ വർഷം ചിങ്ങം ഒന്നാം
തീയതി (ആഗസ്റ്റ്‌ 17) ബോർഡ്‌ നടപ്പിലാക്കായത്‌. പരിശീലന പരിപാടിയുടെ 5000
എന്ന നിർദ്ദിഷ്ട ലക്ഷ്യം മറികടന്ന്‌ 5583 ചങ്ങാതിമാരെയാണ്‌
പരിശീലിപ്പിച്ചതു. തെങ്ങുകയറ്റ യന്ത്രവുമായി കേരകർഷകമദ്ധ്യത്തിലേയ്ക്കിറങ്ങി
, കർഷകന്റേയും കൽപവൃക്ഷത്തിന്റേയും ചങ്ങാതിമാരായി മാറിയ ഇവരിൽ പലരുടേയും വിജയകഥകൾ നാം മുൻലക്കങ്ങളിൽ വായിച്ചറിഞ്ഞതാണ്‌. ഇനിയിപ്പോൾ, ദമ്പതികൾ തെങ്ങിന്റെ ചങ്ങാതിമാരായ കഥ കേൾക്കാം.
എറണാകുളം ജില്ലയിൽ പിറവത്തിനടുത്തുള്ള പാമ്പാക്കുടയിലാണ്‌ സാജു
ജോർജ്ജിന്റെ താമസം. സാജുവിന്റെ ഭാര്യ കൊച്ചുത്രേസ്യ. ബോർഡ്‌ എറണാകുളം
ജില്ലയിലെ തിരുമാറാടിയിൽ ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ സംഘടിപ്പിച്ച
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിലാണ്‌ സാജു ജോർജ്ജ്‌
പരിശീലനം നേടിയത്‌. ഭർത്താവിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടെന്നോ,
പ്രേരണനിമിത്തമെന്നോ, എന്നെല്ലാം പറയാം കൊച്ചുത്രേസ്യയും പരിശീലനത്തിൽ
പങ്കെടുത്തു.
പാമ്പാക്കുടയിലെ ചങ്ങാതിക്കൂട്ടം പരിശീലനത്തിന്റെ ആദ്യബാച്ചിൽ നിന്ന്‌
ഫെബ്രുവരി മാസത്തിൽ കൊച്ചുത്രേസ്യയും തെങ്ങിന്റെ ചങ്ങാതിയായി. ജീവിത
സമരമുന്നണിയിലേക്ക്‌ സധൈര്യം മുന്നിട്ടിറങ്ങാൻ അവർക്ക്‌ തുണയായതോ
തെങ്ങുകയറ്റ യന്ത്രവും കരഗതമായ പരിശീലനത്തിന്റെ പിൻബലവും.
സാജു ജോർജ്ജിന്റെ വാക്കുകൾ തന്നെ കേൾക്കാം. "ഞങ്ങൾ രാമമംഗലം, മാറാടി,
മണീട്‌ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ പതിവായി തെങ്ങുകയറുന്നത്‌. ഒരു ദിവസം 60
മുതൽ 70 വരെ തെങ്ങിൽ കയറും. ഒരു തെങ്ങിൽ കയറി തേങ്ങ ഇടുന്നതിന്‌ 20
രൂപയാണ്‌ കൂലി. തേങ്ങ ഇടുന്നതിനൊപ്പം തെങ്ങിന്റെ മണ്ടയും
വൃത്തിയാക്കിക്കൊടുക്കും. ആവശ്യപ്പെടുന്നവർക്ക്‌ മരുന്ന്‌ തളിച്ച്‌
കൊടുക്കാറുമുണ്ട്‌. അതിന്‌ 30 രൂപ മുതൽ 40 രൂപ വരെ കിട്ടാറുണ്ട്‌. കൂലി
ആവശ്യപ്പെടേണ്ട കാര്യവുമില്ല; എല്ലാവരും അറിഞ്ഞു തരുന്നവരാണ്‌."
"ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ്‌ തെങ്ങ്‌ കയറാൻ പോകുന്നത്‌. തെങ്ങിന്റെ
എണ്ണം കൂടുതലാണെങ്കിൽ ഒരാൾ തെങ്ങിൽ കയറുമ്പോൾ മറ്റേയാൾ യന്ത്രം മറ്റൊരു
തെങ്ങിൽ കയറാൻ സൗകര്യപ്രദമായ വിധം സെറ്റ്‌ ചെയ്ത്‌ (സജ്ജമാക്കി)
വയ്ക്കും."
"എല്ലാദിവസവും തെങ്ങു കയറാൻ പോകുന്നുണ്ട്‌. ഒരു ദിവസം 1500 രൂപയോളം ഞങ്ങൾ
സമ്പാദിക്കുന്നുണ്ട്‌. ഒരു ഓട്ടോറിക്ഷ സ്വന്തമായി വാങ്ങിക്കാൻ സാധിച്ചു.
ഇപ്പോൾ ഓട്ടോറിക്ഷയിലാണ്‌ തെങ്ങ്‌ കയറാൻ പോകുന്നത്‌. തൊടുപുഴ വരെ പോയി
തേങ്ങയിട്ട്‌ കൊടുക്കുന്നുണ്ട്‌."
തെങ്ങുകയറാൻ പോകുന്നതിനുമുമ്പ്‌ കൊച്ചിൻ റിഫൈനറിയിൽ കരാർ അടിസ്ഥാനത്തിൽ
ജോലിക്ക്‌ പോകുകയായിരുന്നു സാജു ജോർജ്ജ്‌. ഒരു മാസം 6000 രൂപയായിരുന്നു
വരുമാനം. കൊച്ചുത്രേസ്യയാകട്ടെ തൊഴിലുറപ്പ്‌ പദ്ധതിയ്ക്ക്‌
കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്‌. രാവിലെ 8.30ന്‌ ജോലിക്ക്‌ പോയാൽ
വൈകുന്നേരമാകും തിരിച്ചെത്തുമ്പോൾ; വരുമാനമാകട്ടെ തുച്ഛവും.
"ഇപ്പോഴാകട്ടെ നമ്മുടെ സൗകര്യമനുസരിച്ച്‌ ജോലിക്ക്‌ പോയാൽ മതി.
വീട്ടുകാര്യങ്ങൾ നോക്കാനും മക്കളെ ശ്രദ്ധിക്കാനും സമയം ആവശ്യത്തിനുണ്ട്‌.
ഇടയ്ക്കിടെ വീട്ടിൽ വരാം. കൈനിറയെ ജോലിയും അതിനനുസരിച്ച്‌ വരുമാനവും,"
മനം നിറയെ സന്തോഷത്തോടെ കൊച്ചുത്രേസ്യ പറയുന്നു.
തെങ്ങുകയറ്റം തുടങ്ങുന്നതിനു മുൻപ്‌ പ്രമേഹരോഗിയായിരുന്ന സാജുവിന്റെ
രക്തത്തിലെ പഞ്ചസാരയുടെ തോത്‌ ഇപ്പോൾ സാധാരണ നിലയിലാണ്‌. നല്ല വ്യായാമം
ലഭിക്കുന്നതിനാലാകാം ഈ വ്യത്യാസം എന്നാണ്‌ ഡോക്ടർ അഭിപ്രായപ്പെട്ടതെന്ന്‌
സാജു പറയുന്നു.
രണ്ട്‌ പെൺകുട്ടികളാണ്‌ സാജു-കൊച്ചുത്രേസ്യ ദമ്പതികൾക്ക്‌. പത്താം തരം
പാസായ ഈ ദമ്പതികൾ തെങ്ങുകയറ്റ ജോലിയിൽ സംതൃപ്തരാണ്‌. ഒട്ടേറെപേർ
തെങ്ങുകയറാനായി ഇവരെ സമീപിക്കുന്നുണ്ട്‌. ഓണത്തിന്‌ മുമ്പായി 1000
തെങ്ങ്‌ കയറാനായി ലഭിച്ച 'ഓർഡർ' പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണിവർ.
മേൽവിലാസം: സാജു ജോർജ്ജ്‌, പുന്നച്ചോട്ടിൽ, മേമുറി, പാമ്പാക്കുട പി.ഒ.,
എറണാകുളം-686667. മൊബെയിൽ: 8606385536.
നാളികേര വികസന ബോർഡ്‌, കൊച്ചി-11

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ