നന്മകളുടെ അവസാനം

രഹ് ന രാജേഷ്
രഹ്ന രാജേഷ്‌, അദ്ധ്യാപിക, വിവിഎച്ച്‌എസ്‌,കറുകടം, കോതമംഗലം

എത്ര നേരം ആ തൊടിയിലൂടെ നടന്നുവേന്ന്‌ അനുപമയ്ക്കറിയില്ലായിരുന്നു.
കഥകളുറങ്ങുന്ന ആ തൊടിയും കരിയില മൂടിയ വഴിത്താരകളും അവൾക്ക്‌ അത്രമേൽ
ഹൃദ്യമാണ്‌.  നടന്ന്‌ തളർന്ന്‌ വീണ്ടും അവൾ ആ കൊന്നത്തെങ്ങിന്റെ ചുവട്ടിൽ
വന്നിരുന്നു.  ഇളംകാറ്റിന്റെ തലോടലേറ്റ്‌ ഇളകുന്ന തെങ്ങോലകൾ
നോക്കിയിരിക്കെ സമൃദ്ധമായ ഭൂതകാലത്തിന്റെ ഓർമ്മകൾ അവളെ
പിന്നോട്ടുവിളിച്ചു.
'അനുക്കുട്ടി' എന്ന്‌ ആരോ വിളിക്കുന്നതുപോലെ അവൾക്ക്‌ തോന്നി. അവൾക്ക്‌
വിശ്വസിക്കാനായില്ല. അതെ, ഞാൻ തന്നെയാണ്‌ വിളിച്ചതു, ആ കൊന്ന തെങ്ങ്‌
തുടർന്നു. നിന്നെപ്പോലെ ഞാനും സമൃദ്ധമായ ആ കാലം തന്നെയാണ്‌
ആലോചിച്ചുകൊണ്ടിരുന്നത്‌. പഴമയുടെ സമൃദ്ധി. നാളികേരങ്ങൾ വെട്ടിക്കൂട്ടിയ
മുറ്റവും, തേങ്ങ ഉണങ്ങുന്ന കൊപ്രാക്കളങ്ങളും, ആട്ടിയ വെളിച്ചെണ്ണയുടെ
സുഖകരമായ ഗന്ധവും നിറഞ്ഞുനിന്ന ആ അന്തരീക്ഷം. തൊടിയിലെ തെങ്ങിന്റെ
എണ്ണത്തേയും മുറ്റത്ത്‌ വെട്ടിക്കൂട്ടിയ നാളികേരത്തേയും ആശ്രയിച്ച്‌
തറവാടുകളുടെ സമൃദ്ധി നിർണയിച്ച ആ കാലം എനിക്കും നിന്നെപ്പോലെ ഏറെ
പ്രിയങ്കരമായിരുന്നു
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ വാർദ്ധക്യം ബാധിച്ചവരെ
വൃദ്ധസദനങ്ങളിലുപേക്ഷിക്കുന്നതു
പോലെ ഈ തലമുറ ഞങ്ങളേയും
ഉപേക്ഷിച്ചിരിക്കുന്നു.  കൊന്നത്തെങ്ങിന്റെ ശബ്ദം ഇടറി. അനുപമ
മറുവാക്കുകളില്ലാതെ നിന്നു. അവൾ ഓർത്തു നാളെ ഈ തെങ്ങിൻ തോപ്പ്‌
ശൂന്യമാകും. ഇവിടെ ശീതളച്ഛായകൾക്കു പകരം പുതിയ ഒരു കെട്ടിടം ഉയരും. നല്ല
വായുവും വെള്ളവും പച്ചപ്പും....... എല്ലാം അവസാനിക്കുന്നു. നന്മകളുടെ
അവസാനമാണല്ലോ ഇപ്പോൾ നടക്കുന്നത്‌

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ