ഇള -കോക്കനട്ട്‌ സോഡ


മൃദുല കെ.
ടെക്നിക്കൽ ഓഫീസർ,
നാളികേര വികസന ബോർഡ്‌ കൊച്ചി -11

കൽപവൃക്ഷം അത്ഭുതവൃക്ഷം ആണെന്നത്‌ തർക്കമറ്റ സംഗതിയാണ്‌; നാളികേരമാകട്ടെ
വിസ്മയങ്ങളുടെ ഉറവിടവും. പക്ഷേ, നാളികേരത്തിന്റെ വിലയിടിവിൽ വലയുന്ന
കേരകർഷകരെ രക്ഷിക്കാൻ പഴങ്കഥകൾക്കൊന്നുമാവില്ല. അതിന്‌ പുതുസംരംഭങ്ങൾ
കണ്ടെത്തിയേ തീരൂ. അത്തരമൊരു സംരംഭവുമായി മുന്നിട്ടിറങ്ങി വിജയം
കണ്ടെത്തിയ കഥയാണ്‌ കോഴിക്കോട്ടെ ശശികുമാറിന്റേത്‌.
'ഇള' എന്ന കോക്കനട്ട്‌ സോഡയാണ്‌ നാളികേരത്തിൽ നിന്ന്‌ ശശികുമാർ
കണ്ടെത്തിയ അത്ഭുതം. ഇതിന്‌ പിന്നിലെ സാങ്കേതിക വിദ്യയും സ്വന്തം
കണ്ടുപിടുത്തം തന്നെ. തേങ്ങവെള്ളം അരിച്ചെടുത്ത്‌, തിളപ്പിച്ച്‌,
ശീതികരിച്ച്‌, സ്റ്റര്റിലൈസ്‌ ചെയ്ത്‌ (രോഗാണു മുക്തമാക്കി) അവസാനം
കുപ്പികളിലാക്കുന്നു. ഒരുദിവസം 300-400 ലിറ്റർ തേങ്ങവെള്ളത്തിൽ നിന്ന്‌
600 കുപ്പി 'ഇള'യാണ്‌ നിർമ്മിക്കുന്നത്‌. ആവശ്യമുള്ള തേങ്ങവെള്ളം
സമീപത്തുള്ള കൊപ്ര യൂണിറ്റിൽ നിന്ന്‌ ശേഖരിക്കുന്നു. 600 കുപ്പി സോഡയുടെ
ഉത്പാദനച്ചെലവ്‌ 2500 രൂപ വരും. 200 മി. ലി., 500 മി.ലി. കുപ്പികളിലാണ്‌
വിൽപ്പന. 200 മി.ലി.യ്ക്ക്‌ 7.50 രൂപയും 500 മി.ലി.യ്ക്ക്‌ 10 രൂപയുമാണ്‌
ശശികുമാറിന്‌ ലഭിക്കുന്നത്‌. വിൽപന വില യഥാക്രമം 20 രൂപയും 25
രൂപയുമാണ്‌.
കോഴിക്കോട്‌ നഗരത്തിലെ കൂൾ ബാറുകളിലും ബേക്കറികളിലുമാണ്‌ സോഡ വിതരണം
ചെയ്യുന്നത്‌. കൊച്ചിയിൽ അമൃത ഹോസ്പിറ്റലിലും മറ്റും വിപണനം
ചെയ്യുന്നുണ്ട്‌. സൂര്യപ്രകാശമേൽക്കാതെ മൂന്ന്‌ മാസത്തോളം സോഡ കേടുകൂടാതെ
സൂക്ഷിക്കാനാകും. ഉൽപന്നത്തിന്റെ ഗുണനിലവാര പരിശോധനകൾ മൈസൂർ സേൻട്രൽ
ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിലും   ബോർഡിന്റെ
വാഴക്കുളത്തെ ഗുണമേന്മ പരിശോധന ലബോറട്ടറിയിലുമാണ്‌ നടത്തിയത്‌. യൂണിറ്റിൽ
കുടുംബശ്രീയിലെ 10 സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്‌. മിറക്കിൾ ഇന്ത്യയിലെ
ജീവനക്കാരൻ സജിത്ത്‌ ആണ്‌ ശശികുമാറിന്റെ ബിസിനസ്സ്‌ പങ്കാളി.
ആവശ്യമായ യന്ത്രസാമഗ്രികൾ സ്ഥാപിച്ച്‌ യൂണിറ്റ്‌ പരിഷ്ക്കരിക്കുവാനുള്ള
ശ്രമത്തിലാണ്‌ ശശികുമാർ. എറണാകുളത്തേയും മലപ്പുറത്തേയും മാർക്കറ്റിംഗ്‌
ഗ്രൂപ്പുകൾ ഉൽപന്നം കയറ്റുമതി ചെയ്യാൻ തയ്യാറായി മുന്നോട്ട്‌
വന്നിട്ടുണ്ട്‌. റെയിൽവേ കാന്റീനിൽ സോഡ വിതരണം ചെയ്യുന്നതിനുള്ള
ലൈസൻസിനും അപേക്ഷിച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടിൽ നിന്നും
വ്യാപാരാന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്‌.
കോഴിക്കോട്‌ ജില്ലയിലെ നാളികേരോത്പാദക സംഘങ്ങളുടെ ഭാരവാഹികൾക്കായി
സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ ശശികുമാർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു.
കൊപ്രയും വെളിച്ചെണ്ണയും മാത്രമായി ഒതുങ്ങാതെ പുതിയ ഉൽപന്നങ്ങളിലേക്ക്‌
ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശശികുമാർ കേരകർഷകരോട്‌ ആഹ്വാനം ചെയ്തു.


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ