23 Oct 2012

കേരനീരിന്‌ ആയിരം നന്ദി


എം. പി. മുഹമ്മദ്‌
നെല്ലിയോട്‌ വീട്‌,  കപ്പുറം, വട്ടോളി ബസാർ പി.ഒ., ബാലുശ്ശേരി വഴി - 673623

നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ അദ്ധ്യാപക വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ലേഖനം

എന്റെ ഉമ്മയുടെ ആങ്ങളയുടെ ഭാര്യയും മക്കളുമെല്ലാം ഗൾഫിൽ സ്ഥിരതാമസക്കാരാണ്‌. എല്ലാ വർഷവും സ്കൂൾ വെക്കേഷൻ സമയത്ത്‌ അവർ നാട്ടിൽ വരും. ഇവിടുത്തെ സ്കൂൾ വെക്കേഷൻ സമയത്തല്ല അവരുടെ വെക്കേഷൻ.  വെക്കേഷൻ സമയമാകുമ്പോഴേ നാട്ടിൽ വരാൻ അവർ ബഹളം വെച്ചുതുടങ്ങും. അതിന്‌ കാരണമുണ്ട്‌. പറമ്പിലെ ചക്കരമാങ്ങ, പഞ്ചാരച്ചക്ക, മുഴുത്ത പേരയ്ക്ക, പലതരത്തിലുള്ള വാഴപ്പഴങ്ങൾ എല്ലാം അവർക്കിഷ്ടമാണ്‌. നന്നേ രാവിലെ എഴുന്നേറ്റ്‌ പറമ്പിലൂടെ ഓടി നടക്കുന്ന അവർ അണ്ണാറക്കണ്ണനേയും വിവിധതരം കിളികളേയും കാണുമ്പോൾ നിശബ്ദരാവും. എന്നിട്ട്‌ അവയുടെ അവയുടെ ഓരോ ചലങ്ങളും സസൂക്ഷ്മം നോക്കി നിൽക്കും. അവയെ ഉപദ്രവിക്കുകയോ കല്ലെടുത്ത്‌ എറിയുകയോ ചെയ്യില്ല.  കുലീനവും മാന്യവുമായ പെരുമാറ്റമാണ്‌ ഞാൻ അവരെ ഇഷ്ടപ്പെടാൻ കാരണം. സൗമ്യമായ സംസാരം ആരെയും ആകർഷിക്കും.

ചൂട്‌ സമയങ്ങളിൽ ഞങ്ങളൊരു പ്രത്യേക ഭക്ഷണം ഉണ്ടാക്കും. വൈകുന്നേരം 7 മണിയാണ്‌ അതിന്റെ സമയം. നാടൻ പൂവമ്പഴം ഉടച്ച്‌ കുഴമ്പാക്കിയത്‌, തേങ്ങ ചിരവി വെള്ളം ചേർക്കാതെ ഞെക്കിയെടുത്ത പാൽ, ഒന്നാന്തരം പശുവിൻ പാൽ, കൂട്ടത്തിൽ ചെറിയ ഉള്ളിയും ഇഞ്ചിയും ഇടിച്ചു പിഴിഞ്ഞെടുത്ത നീരും പാകത്തിന്‌ പഞ്ചസാരയും. അതിൽ ചേർക്കാൻ ഉരലിലിട്ട്‌ ഇടിച്ചെടുത്ത നെല്ലരിയുടെ അവിൽ ചൂടോടെ വറുത്തെത്തതും. ഇത്‌ ഉണ്ടാക്കിയ ചെമ്പ്‌ പിന്നെ വെള്ളം ചേർത്ത്‌ കഴുകേണ്ടതില്ല, എല്ലാവരും ചേർന്ന്‌ വടിച്ചു നക്കി മിനുസപ്പെടുത്തിയിരിക്കും. അങ്ങനെ പലതരം നാടൻ വിഭവങ്ങൾ. അവർ തിരിച്ച്‌ പോകുന്നതുവരെ ഞങ്ങൾ സമയം പോകുന്നതറിയില്ല. മുമ്പൊക്കെ അവർ വരുമ്പോൾ തേങ്ങ കിട്ടാൻ തേങ്ങ പറിക്കാരന്റെ വീട്ടിൽ പലപ്രാവശ്യം പോകണം. ഇപ്രാവശ്യം സംഗതിയാകെ മാറി. അന്നൊരിക്കൽ ഒരു സംഭവമുണ്ടായി. പണിയൊന്നുമില്ലാതെ സൊറപറഞ്ഞ്‌ ബസ്‌ സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ചെറുപ്പക്കാരെ പൂനൂറിലെ സലീം മാഷ്‌ 5 ദിവസത്തെ ഒരു ക്യാമ്പിന്‌ കൂട്ടികൊണ്ടുപോയി. ആറാംദിവസം അവർ തിരിച്ചുവന്നത്‌ ഓരോ തെങ്ങുകയറ്റ യന്ത്രവുമായിട്ടാണ്‌. ഇതുകണ്ട്‌ തെങ്ങുപറമ്പിന്റെ ഉടമയായ ആലിക്കായും,  ഗൾഫിൽ നിന്ന്‌ ജോലി നഷ്ടപ്പെട്ട്‌ തിരിച്ചുവന്ന ഖാദറും വേറെ ചിലരും പരിശീലനത്തിനുപോയി, സർട്ടിഫിക്കറ്റും യന്ത്രവുമായി തിരിച്ചുവന്നു. ഇവരിൽ പലരും തെങ്ങുകയറ്റക്കാർ മാത്രമല്ല, തെങ്ങ്‌ സംരക്ഷകരും പരിചാരകരുമായിത്തീർന്നത്‌ അത്ഭുതത്തോടെയാണ്‌ ഗ്രാമം നോക്കിക്കണ്ടത്‌.
തേങ്ങ പറിക്കാൻ ആളെക്കിട്ടാതെ തലയിൽ കൈവെച്ച്‌ ശപിച്ചുകൊണ്ടിരുന്ന ആലിക്കാക്കയ്ക്ക്‌ ഇന്ന്‌ നാവ്‌ ഇളക്കാൻ സമയമില്ല. കേന്ദ്രസർക്കാരിന്റെ സ്കീമിന്‌ നന്ദി പറയണം! പറഞ്ഞ്‌ പറഞ്ഞ്‌ അവരെത്തി വിദേശത്തുള്ള ബന്ധുക്കളായ എന്റെ കൂട്ടുകാർ. ഇപ്രാവശ്യം വന്നതിന്റെ പിറ്റേദിവസം രണ്ടാമത്തെ കുട്ടിക്ക്‌ ഛർദ്ദി. പിന്നെ ക്ഷീണവും തളർച്ചയും. ഉടനെ ആശുപത്രിയിൽ പോകാൻ അവന്റെ ഉമ്മ ധൃതി കാണിച്ചു. വല്ല്യുമ്മ പറഞ്ഞു"ആ കുഞ്ഞിന്‌ ഒരു കരിക്ക്‌ പറിച്ചുകൊടുക്കാൻ നോക്ക്‌". ഞാൻ വഴിയിലേക്കിറങ്ങി. ഒരു പറമ്പിലെ പണികഴിഞ്ഞ്‌ അടുത്ത പറമ്പിൽ തേങ്ങയിടാൻ പോവുന്ന മുരളിയേട്ടനെ കൂട്ടിവന്ന്‌ കരിക്ക്‌ ഇടുവിച്ചു. ഒന്ന്‌ വെട്ടിക്കൊടുത്ത്‌ കുടിപ്പിച്ചു. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ഒന്നും കൂടി വേണമെന്ന്‌ പറഞ്ഞു. പിന്നീട്‌ കോലായിലെ ചാരുകസേരയിൽ കാറ്റുകൊണ്ടുകിടന്ന്‌ ഉറങ്ങിപ്പോയി. എണീറ്റപ്പോൾ തിന്നാനും എന്തെങ്കിലും വേണം എന്നുപറഞ്ഞു. കോയാമുവിന്റെ ഭാര്യ കദിശുമ്മാ പാലുമായി വരുന്ന സമയം. ഒരു പിഞ്ഞാണത്തിൽ കുത്തരിക്കഞ്ഞിയുമായി വല്ല്യുമ്മയും കോലായിലെത്തി.  പാലുമായി വീണ്ടും അടുക്കളയിൽ പോയി. ഈന്തിൾകായ പൊടിച്ചതുകൊണ്ട്‌ പുട്ടുണ്ടാക്കി. അതിൽ തേങ്ങചിരവി ചേർത്ത്‌ അൽപം പഞ്ചസാരയും ചേർത്ത്‌ കോലായിലെത്തി. എല്ലാവർക്കും പാൽച്ചായയും തന്നു. നമ്മുടെ ഛർദ്ദിക്കാരൻ ചായയും കടിയും നന്നായി തന്നെ അകത്താക്കി. പിന്നീട്‌ അവന്റെ നോട്ടം കളിസ്ഥലത്തേയ്ക്കായിരുന്നു. അപ്പോൾ വല്ല്യുമ്മയുടെ കമന്റ,​‍്‌ "മോന്റെ ഡോക്ടർ ഫീസും, മരുന്ന്‌ കാശും, വണ്ടിച്ചെലവും എനിക്ക്‌ തന്നേക്കണേ". അപ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...