22 Oct 2012

ബോർവെല്ലുകൾ


എം.കെ.ജനാർദ്ദനൻ

ഇന്ന്‌ ബീനയുടെ പിറന്നാളാണ്‌. രാവിലെത്തന്നെ കുളി കഴിഞ്ഞു പിറന്നാൾക്കോടിയുടുത്ത്‌ അവൾ മനോഹരിയായിരിക്കുന്നു. അയൽവീട്ടിലെ കുട്ടികളും മുതിർന്നവരുമെത്തി അവൾക്കു പിറന്നാൾ സമ്മാനങ്ങൾ നൽകി. ഭക്ഷണവിഭവങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഊണിനു ഇലവയ്ക്കുന്നതിനു തൊട്ടുമുമ്പ്‌ ബാലസഹജമായ കൗതുകങ്ങളാൽ കുട്ടികൾ മുറ്റത്ത്‌ ഓടിക്കളിച്ചു. ബീനയുമുണ്ടായിരുന്നു. ഓടുകയും തിരിഞ്ഞോടുകയും ചെയ്യുന്നതിനിടയിൽ പെട്ടന്നാണ്‌ ആ ദുരന്തം സംഭവിച്ചതു. അയലത്തെ ഭൂവുടമസ്ഥൻ കുഴിച്ചശേഷം മൂടാതെ ഉപേക്ഷിച്ചുകളഞ്ഞിരുന്ന ബോർവെല്ലിനുള്ളിലേക്കു അവൾ വീണുപോയി. ബീനയുടെ അമ്മ സതിയാണ്‌ ആ ദുരന്തക്കാഴ്ച ആദ്യം കണ്ടത്‌. സതി നെഞ്ചത്തടിച്ചു വീണുപോയി. "അയ്യോ എന്റെ മോൾ പോയേ"
വിശേഷം പ്രമാണിച്ച്‌ എത്തിച്ചേർന്നിരുന്ന ആളുകൾ ധൃതിയിൽ ഓടിക്കൂടി. നിമിഷങ്ങൾക്കകം പോലീസും ദുരന്തബൽമുഴക്കി ഫയർഎഞ്ചിൻ വിഭാഗവുമെത്തി. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്തു പ്രവർത്തനമാരംഭിച്ചു. പൊതുവെ വെള്ളക്കുറവുള്ള ഭൂമിയാണ്‌. പലഭാഗങ്ങളിലും ബോർവെല്ലുകൾ കുഴിച്ചു  നോക്കിയിട്ടും വെള്ളം കിട്ടാതെ ഉപേക്ഷിക്കപ്പെട്ട കുഴികൾ വേറെയുമുണ്ട്‌ ആ പറമ്പിൽ. മൂന്ന്‌ അടിയോളം വ്യാസമുള്ള അഗാധമായ കുഴികൾ.അതുമൂടിക്കളയേണ്ടതാണ്‌. കുട്ടിയെ രക്ഷിക്കാനുള്ള പല ശ്രമങ്ങളും തുടരുന്നതിനിടയിൽ സമാന്തരമായി ഒരു കുഴിയെടുക്കാനുള്ള ശ്രമം തുടങ്ങി. അതിന്റെ യന്ത്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി. ആളുകൾ അഭിപ്രായങ്ങളും പരാതികളും ഉന്നയിച്ചു. "ഇത്തരം കുഴിമൂടിവച്ചടക്കാൻ കാൽ ഇഞ്ച്‌ ഘനമുള്ള ഒരു കമ്പിവലയിട്ടുകൂടെ? ഈ കുഴി കുഴിച്ചിട്ടനീചൻ" ആരാണ്‌? അവനെ തട്ടിക്കളയേണ്ടതാണ്‌". മറുപടിയില്ലാതെ ആ ചോദ്യം വായുവിലലിഞ്ഞു.
വീണ്ടുമൊരാൾ.
അങ്ങനെയൊരുവൻ ചെയ്താൽ അതിനെതിരെ കുഴിമൂടാനും മറ്റും അധികാരികൾക്ക്‌ നടപടി സ്വീകരിച്ചു കൂടെ?
ആരോ മറുപടി പറഞ്ഞു.
കസേരയിൽ ചടഞ്ഞുകൂടുകയും ശമ്പളം വാങ്ങി തിന്നുകയും കടമകൾക്കും ജോലിക്കും നേരെ കണ്ണടയ്ക്കുകയും കൈക്കൂലി കൊണ്ടു തൃപ്തരാകുകയും മാത്രമാണവരെന്നറിയില്ലേ?
ബീന പിറന്നാൾ സുദിനത്തിൽ കുഴൽക്കിണറിൽ വീണ വാർത്തയിൽ ലോകം ഒന്നടങ്കം ആശങ്കാകുലരായി. കോടാനുകോടി ജനങ്ങൾ അവൾക്കു വേണ്ടി പ്രാർത്ഥിച്ചു. അതിനിടെ സമാന്തരക്കിണറിന്റെ കല്ലും പാറയും തുരക്കുന്ന ജോലി രാപ്പകലന്യേ തുടർന്നു.
ഒരു പകൽ. പിന്നെ രാത്രി. വീണ്ടും പകൽ. അങ്ങിനെ നൂറുകണക്കിനാളുകളുടെ പ്രയത്നത്തിനിടയിൽ കുട്ടിക്ക്‌ ശ്വാസം മുട്ടി മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. നീണ്ട പ്രയത്നത്തിനു ശേഷം ഒടുവിൽ അവളുടെ ചേതനയറ്റ ജഡം കണ്ടുകിട്ടി. വീണ്ടെടുത്തു! കണ്ണീരിൽ സ്വയം കുതിർന്ന ഒരു വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പിറന്നാൾ വേഷത്തിൽതന്നെ അവളെ വീടിനോടു ചേർന്നുതന്നെ സംസ്കരിച്ചു. അധികാരികളും, നാടുഭരിക്കുന്ന മുഖ്യമന്ത്രിയും അവളുടെ ജഡത്തിൽ റീത്തു സമർപ്പിക്കാൻ വന്നിരുന്നു.
ആരോ മുഖ്യമന്ത്രിയോടു തിരക്കി "അല്ല ദാരുണമായ ഈ കുട്ടിയുടെ മരണം അങ്ങു കണ്ടില്ലേ? ഇതിനെതിരെ എന്തു നടപടികൾ സ്വീകരിച്ചു? മൂടാതെ ഉപേക്ഷിക്കുന്ന ഈ മരണക്കെണികൾക്കെതിരെ? "മറുചോദ്യം ഇതൊക്കെ സ്വാഭാവികമല്ലേ. എന്തു നടപടി സ്വീകരിക്കാനാവും? കുട്ടികളെ മാതാപിതാക്കൾ ശ്രദ്ധിക്കുക. അത്ര തന്നെ." മുഖ്യമന്ത്രി അനുയായികൾക്കൊപ്പം മടങ്ങി.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദുരന്തത്തിനുത്തരവാദിയായ സ്ഥലമുടമ 'ജലപര്യവേഷണ'ത്തിനായി അടുത്ത ബോർവെല്ലിന്റെ പണി തുടങ്ങിക്കഴിഞ്ഞിരുന്നു. ഇനി ഏത്‌ പിഞ്ചുകുഞ്ഞാകുമോ അടുത്ത ഇര എന്ന ഭീതിയിൽ ആളുകൾ അസ്വസ്ഥരായി....!




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...