23 Oct 2012

യൂഗോ

വിനോദ് നെല്ലിക്കൽ


‘ദ ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്’ എന്ന ബ്രയാന്‍ സെല്‍സ്നിക്കിന്‍റെ നോവലിനെ ആധാരമാക്കി ഫ്രാന്‍സിന്‍റെ പശ്ചാത്തലത്തില്‍ 2011ല്‍ നിര്‍മ്മിക്കപ്പെട്ട ഹോളിവുഡ് ചലച്ചിത്രമാണ് ഹ്യൂഗോ. പതിനാലുവയസ്സുകാരായ ഹ്യൂഗോയും, ഇസബെല്ലും, വിഖ്യാത ചലച്ചിത്രകാരനായ ജോര്‍ജ്ജ് മെലിയെസുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഹ്യൂഗോ കാബ്രെറ്റ് ആയി ആസാ ബട്ടര്‍ഫീല്‍ഡും, ജോര്‍ജ്ജ് മെലിയെസ് ആയി ബെന്‍ കിങ്ങ്സ്ലിയും അഭിയിച്ചിരിക്കുന്നു. ഇരുപതാംനൂറ്റാണ്ടിലെ ചില ചരിത്ര സംഭവങ്ങളും, ഒരു ചലച്ചിത്രകാരന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തി ചില വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന ഒരു കഥയായാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. ചരിത്രയാഥാര്‍ത്ഥ്യങ്ങളെയും ജീവിതയാഥാര്‍ത്ഥ്യങ്ങളെയും വിദഗ്ദമായി കൂട്ടിയിണക്കിക്കൊണ്ട് പോകുവാന്‍ സംവിധായകനായ മാര്‍ട്ടിന്‍ സ്കോര്‍സെസിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നത് പ്രധാന കാര്യമാണ്. മികച്ച ഛായാഗ്രഹണത്തിനുള്‍പ്പെടെ  അഞ്ച്  ഓസ്കാറുകളും, മറ്റനവധി പുരസ്കാരങ്ങളും നേടുവാന്‍ ഈ ചിത്രത്തിനായത് മികവിനുള്ള അര്‍ഹമായ അംഗീകാരം തന്നെയാണ്.
മ്യൂസിയം ജീവനക്കാരനായിരുന്ന തന്‍റെ പിതാവിന്‍റെ ആകസ്മിക മരണത്തിനുശേഷം അനാഥനായ ഹ്യൂഗോ എന്ന ബാലന്‍ പാരീസിലെ റെയില്‍വേ സ്റ്റേഷന്‍റെ മറവില്‍ ഒളിച്ച് താമസിക്കുന്നു. സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ കണ്ണില്‍പ്പെട്ടാല്‍ പിടിക്കപ്പെടുകയും, ശേഷമുള്ള ജീവിതം അനാഥാലയത്തില്‍ ആയിരിക്കുകയും ചെയ്യും എന്ന ഭീഷണി കഥയിലുടനീളം അവനെ പിന്തുടരുന്നുണ്ട്. അവന്‍റെ അങ്കിളും, റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരനുമായ ക്ലൌഡ് എന്ന മനുഷ്യനാണ് അവനെ അവിടെ എത്തിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ വലിയ ക്ലോക്കുകളുടെ പരിപാലനമായിരുന്നു സ്ഥിരം മദ്യപാനി കൂടിയായിരുന്ന അയാളുടെ തൊഴില്‍. പിന്നീടങ്ങോട്ട് അധികൃതരുടെ അറിവ് കൂടാതെ ആ ജോലികള്‍ ചെയ്തുവന്നിരുന്നത് ഹ്യൂഗോ ആയിരുന്നു.
കലാകാരനും മെക്കാനിക്കും ആയിരുന്ന പിതാവിന്‍റെ കഴിവുകള്‍ ഹ്യൂഗോയ്ക്കും പകര്‍ന്നുകിട്ടിയിട്ടുണ്ട്. മരണത്തിനുമുമ്പ് പിതാവിന് മ്യൂസിയത്തില്‍നിന്ന് ലഭിച്ച ഒരു യന്ത്രമനുഷ്യനെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി അവന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനായി അവനെ സഹായിക്കുന്ന, ആ യന്ത്രമനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന ഒരു ചെറിയ നോട്ട്ബുക്കും ഉണ്ട്. ഒരിക്കല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കളിപ്പാട്ടക്കട നടത്തിപ്പോന്നിരുന്ന ഒരു വൃദ്ധന്‍ ഈ നോട്ടുബുക്ക് കാണുവാന്‍ ഇടയാകുന്നു. അവന്‍ അത് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് അയാള്‍ അത് കൈവശപ്പെടുത്തിയതോടെ ഏതുവിധേനയും അത് തിരികെ ലഭിക്കുന്നതിനായി ഹ്യൂഗോ പരിശ്രമം ആരംഭിക്കുന്നു. അതിനിടയിലാണ് വൃദ്ധന്‍റെ വളര്‍ത്തുമകളായ ഇസബെല്ലിനെ അവന്‍ പരിചയപ്പെടുന്നത്. ധാരാളം വായിക്കുന്ന, സഹസികതകളെ ഇഷ്ടപ്പെടുന്ന ആ പെണ്‍കുട്ടി അവനുമായി വേഗം അടുപ്പത്തിലാകുന്നു.
അതിനിടയില്‍ യന്ത്രമനുഷ്യന്‍റെ പണി പൂര്‍ത്തിയാകുന്നു. പക്ഷെ, ഹൃദയാകൃതിയിലുള്ള ഒരു പ്രത്യേക താക്കോല്‍കൂടി ലഭിക്കാതെ അത് പ്രവര്‍ത്തിക്കുമായിരുന്നില്ല. അങ്ങനെയിരിക്കെ, ഇസബെല്ലിന്‍റെ കഴുത്തില്‍ മാലയില്‍ കോര്‍ത്തിട്ടിരുന്ന സമാനമായ ഒരു താക്കോല്‍ അവന്‍ യാദൃശ്ചികമായി കാണുന്നു. അതുപയോഗിച്ചപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ച യന്ത്രമനുഷ്യന്‍ ഒരു ചിത്രം വരയ്ക്കുന്നു. ‘എ ട്രിപ്പ്‌ ടു ദ മൂണ്‍’ എന്ന 1902ല്‍ പുറത്തിറങ്ങിയ വിഖ്യാത ചലചിത്രത്തിലെ ചന്ദ്രന്‍റെ ചിത്രമായിരുന്നു അത്. ആ ചിത്രത്തിന്‍റെ അടിയില്‍ ‘ജോര്‍ജ്ജ് മെലിയെസ്’ എന്ന പേരുകൂടി എഴുതപ്പെട്ടപ്പോള്‍ ഇസബെല്‍ വിസ്മയഭരിതയായി. കാരണം, അത് അവളുടെ വളര്‍ത്തച്ഛനും കളിപ്പാട്ടകടയുടെ ഉടമസ്ഥനുമായ വൃദ്ധന്‍റെ പേരായിരുന്നു.
തുടര്‍ന്ന്, ‘റെനെ ടബാര്‍ഡ്’ എന്ന ചലച്ചിത്ര ഗവേഷകന്‍റെ കൂടെ സഹായത്തോടെയുള്ള അവരുടെ അന്വേഷണം വൃദ്ധനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് മരിച്ചുപോയി എന്ന് ലോകം ധരിച്ചിരുന്ന വിഖ്യാത ചലച്ചിത്രകാരനായിരുന്നു അയാള്‍. നല്ലൊരു മെക്കാനിക്കും, മജീഷ്യനും കൂടിയായിരുന്ന അദ്ദേഹം തന്നെയാണ് പില്‍ക്കാലത്ത് ഹ്യൂഗോയുടെ കൈവശം എത്തിച്ചേര്‍ന്ന യന്ത്രമനുഷ്യന്‍റെയും ശില്‍പ്പി. യുദ്ധകാലത്ത്, താന്‍ നിര്‍മ്മിച്ച ഒട്ടേറെ ചലച്ചിത്രങ്ങളില്‍ ഒന്നൊഴിയാതെ എല്ലാം നഷ്ടപ്പെട്ടുപോയ വേദനയില്‍ ഉള്‍വലിഞ്ഞുജീവിക്കുകയായിരുന്നു ജോര്‍ജ്ജ് മെലിയെസ് എന്ന ആ അനുഗ്രഹീത കലാകാരന്‍. പക്ഷെ, കുട്ടികളുടെ അന്വേഷണത്തില്‍ ‘എ ട്രിപ്പ്‌ ടു ദ മൂണ്‍’ അടക്കം ചില ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തുന്നു. തുടര്‍ന്ന്, ജോര്‍ജ്ജ് മെലിയെസ് എന്ന ചലച്ചിത്രകാരനെ ലോകം തിരിച്ചറിയുന്നതോടെ ചിത്രം അവസാനിക്കുന്നു.
കാഴ്ചക്കാര്‍ക്ക് ശക്തമായ ചില ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്ന ഏറെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെ ഈ ചിത്രം കടന്നുപോകുന്നുണ്ട്. ക്ലോക്ക് ടവറിനുമുകളില്‍നിന്നാല്‍ കാണാവുന്ന പാരീസ് നഗരത്തെ ചൂണ്ടി ഹ്യൂഗോ ഇസബെല്ലിനോട് തന്‍റെ ചില തിരിച്ചറിവുകള്‍ പങ്കുവയ്ക്കുന്നുണ്ട്. പിതാവ് മരിച്ച കാലഘട്ടത്തില്‍ പലപ്പോഴും അവന്‍ അവിടെ നിന്ന് പാരീസ് നഗരത്തെ നോക്കിക്കാണുമായിരുന്നത്രേ. എന്നിട്ട് അതൊരു യന്ത്രമായി സങ്കല്‍പ്പിക്കും. കാണുന്ന ഓരോ കെട്ടിടങ്ങളും, വാഹനങ്ങളും, മനുഷ്യരുമെല്ലാം ആ വലിയ യന്ത്രത്തിന്‍റെ ഭാഗങ്ങള്‍. താനും അതില്‍ ഒന്ന്. ഒരു യന്ത്രത്തിന് അതിന്‍റെ ഭാഗങ്ങളെല്ലാം എത്ര പ്രധാനപ്പെട്ടതാണോ, അതുപോലെയാണ് താനടക്കം ഈ കാണുന്നതെല്ലാം എന്ന് അവന്‍ ചിന്തിക്കുന്നു. ഓരോരുത്തര്‍ക്കും ഈ ലോകത്തില്‍ ചെയ്യാന്‍ പ്രത്യേകമായി എന്തെങ്കിലും ഉണ്ടാവും. അഥവാ, അതിനുവേണ്ടിയാണ് ഓരോരുത്തരും സൃഷ്ടിക്കപ്പെടുന്നത്. ഈ ചിന്തയാണ് ഏറെ പ്രതിസന്ധികള്‍ക്കിടയിലും തന്നെ നിലനിര്‍ത്തുന്നതെന്ന് അവന്‍ തന്‍റെ കൂട്ടുകാരിയോട് പറയുന്നു.
യുദ്ധത്തില്‍ ഒരു കാലിന് സ്വാധീനം നഷ്ടപ്പെട്ട ഗുസ്താവ് എന്ന സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. അദ്ദേഹത്തിന്‍റെ മൃദുലമായൊരു പ്രണയവും കഥയില്‍ ഇടംനേടുന്നു. കാഴ്ചയില്‍ വളരെ മുരടനും, ഹ്യൂഗോയുടെ പേടിസ്വപ്നവുമാണെങ്കിലും സ്നേഹസമ്പന്നനായ അദ്ദേഹത്തിന്‍റെ കുറവുകളെ അംഗീകരിക്കാന്‍ ലിസെറ്റ് എന്ന പൂക്കച്ചവടക്കാരി പെണ്‍കുട്ടി തയ്യാറാകുന്നു. എല്ലായ്പ്പോഴും ഇന്‍സ്പെക്ടറുടെയും അയാളുടെ മാക്സിമില്ല്യന്‍ എന്ന വേട്ടനായുടെയും മുന്നില്‍നിന്ന് വിദഗ്ദമായി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്ന ഹ്യൂഗോ, കഥയുടെ അവസാനഭാഗത്ത്, വളരെ നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ പിടിയില്‍ പെടുന്നു. ജോര്‍ജ്ജ് മെലിയെസും, ഇസബെല്ലും തക്കസമയത്ത് സ്ഥലത്തെത്തി അവനെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നതോടെയാണ് അവന്‍ രക്ഷപ്പെടുന്നത്.
ചലച്ചിത്രത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിനുവേണ്ടി പുനഃസൃഷ്ടിച്ചിട്ടുണ്ട്. ലൂമിയര്‍ ബ്രദേര്‍സും, അവരുടെ ആദ്യചിത്രങ്ങളായ ‘ട്രെയിന്‍ അറൈവ്സ് ഇന്‍ ദ സ്റ്റേഷന്‍’, ‘വര്‍ക്കേഴ്സ് ലീവിംഗ് ദ ഫാക്ടറി’ തുടങ്ങിയവയും ഈ ചിത്രത്തിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ആ കാലത്ത് തന്നെ ചലച്ചിത്രമേഖലയിലേക്ക് രംഗപ്രവേശം ചെയ്ത ജോര്‍ജ്ജ് മെലിയെസിന്‍റെ ജീവിതത്തെ വളരെ വ്യക്തമായി ഈ ചിത്രം അവതരിപ്പിക്കുന്നു. ലൂമിയര്‍ ബ്രദേര്‍സിന്‍റെ ചിത്രങ്ങളും കാമറയുമെല്ലാം കണ്ട് ആകൃഷ്ടനായ അദ്ദേഹം സ്വന്തമായി മറ്റൊരു കാമറയും, സ്റ്റുഡിയോയും നിര്‍മ്മിച്ചാണ് ചലച്ചിത്രനിര്‍മ്മാണം ആരംഭിക്കുന്നത്. നൂറുകണക്കിന് സിനിമകള്‍ എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച അദ്ദേഹത്തിനൊപ്പം സഹപ്രവര്‍ത്തകയായും, നടിയായും ഭാര്യയായ ജീനും ഉണ്ടായിരുന്നു. ഫാന്‍റസിയ്ക്കും സ്വപ്നങ്ങള്‍ക്കും പ്രാമുഖ്യം കൊടുത്തിരുന്ന ജോര്‍ജ്ജ് മെലിയെസിന്‍റെ ചിത്രങ്ങള്‍ മിക്കവയും കടന്നുപോയിരുന്നത് വിസ്മയകരങ്ങളായ ഭാവനകളിലൂടെയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് അവയില്‍ പലതും നശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് ചിലതൊക്കെ കണ്ടെടുക്കാനായത് ആ അനശ്വര ചലച്ചിത്രകാരന്‍ പില്‍ക്കാലത്ത് ഓര്‍മിക്കപ്പെടുവാന്‍ ഇടയാക്കി എന്ന് ഈ ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നു.


ആദ്യകാലത്തെ സിനിമാനിര്‍മ്മാണ രംഗങ്ങളും, അവര്‍ ഉപയോഗിച്ചിരുന്ന വിവിധ സാങ്കേതികവിദ്യകളുമെല്ലാം ഈ ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നത് ഏറെ കൌതുകകാരമാണ്. സിനിമയെ സ്നേഹിക്കുന്ന ഏവര്‍ക്കും ഏറെ ഉപകാരപ്രദമായ ചരിത്രവസ്തുതകള്‍ മനോഹരമായി കോര്‍ത്തിണക്കി ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. മികവുറ്റ സംവിധാനത്തിനും, ഛായാഗ്രഹണത്തിനുമൊപ്പം കുറ്റമറ്റ തിരക്കഥയും, ഗംഭീരമായ കലാസംവിധാനവും ശ്രദ്ധേയമാണ്. ചുരുക്കിപ്പറഞ്ഞാല്‍, സിനിമയെ സ്നേഹിക്കുന്ന, സിനിമയെക്കുറിച്ച് പഠിക്കുന്ന ഏവരും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ഹ്യൂഗോ’.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...