ദൈവത്തിന്റെ മറ്റു ചില വിക്യതികൾ


സുമേഷ് വാസു

എയർപോർട്ടിലിരിക്കുമ്പോളാണവന്റെ മുഖം വീണ്ടും കാണുകയുണ്ടായത്.
അല്ല.
അതവനല്ല.
ആ  മുഖഭാവം അവൻ തന്നെയെന്ന് ഒരു നിമിഷം തോന്നിച്ചതാണു.
വീൽചെയർ തള്ളികൊണ്ട് പോയ സ്ത്രീ അമ്മയാവും, മുഖം തുളച്ചിറങ്ങുന്ന നോട്ടവുമായവൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോഴേക്കും മനസ്സ്,  മൈസൂരിലെത്തിയിരുന്നു.

ഒരു വർഷം മുൻപാണത്,

മുറിയിൽ സഹമുറിയന്മാരുടെ വെള്ളിയാഴ്ച ആഘോഷം.ബിയർ  ബോട്ടിലുകൾക്കപ്പുറമിരുന്ന് സുഹ്യത്ത് ചുരുട്ടി വിടുന്ന സിഗരറ്റ്പുക ചുറ്റും  വലയം ചെയ്തുയരുന്നതിനൊപ്പിച്ച് ശിരസ്സ് കൂടി കറങ്ങാൻ തുടങ്ങുമ്പോഴാണു രണ്ട് പേർക്കും തത്വചിന്തകൾ ഉണരാറു.

ചിയേഴ്സിനു ശേഷം തുടങ്ങുന്ന ചർച്ചകളിൽ ഓഫീസ് വിഷയങ്ങൾ, വീടു പണി, വിലക്കയറ്റം, അഴിമതി,  ആഗോളവൽക്കരണം, കാശ്മീർ, പലസ്തീൻ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് , ബീഫ് ഫ്രൈയിൽ അവശേഷിച്ചിരിക്കുന്ന ഒരൽപ്പം ഉള്ളിയും, ചിക്കൻകറിയുടെ ചാറും മൽസരിച്ച്  വടിച്ച് നക്കി, ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഗുരുതരവിഷയവുമായ പ്രണയം അഥവാ ലൈനടിയിൽ എത്തിച്ചേരും,

"എടാ!"
"പറയ്"
"എന്നാലുമവൾ!!"
"പോട്ടെ നീ വിട്ടു കളയ്"
 പരസ്പരമുള്ള ആശ്വാസവാക്കുകൾ പകർന്ന്  ഒടുവിൽ എഞ്ചിൻ ഓഫാകാറാണു പതിവ്.

എപ്പോഴോ വായിച്ച പോസറ്റീവ് തിങ്കിങ്ങ് ബുക്കുകളിലും, ചില മാനേജ്മെന്റ് സെഷനിലും കിട്ടുന്ന ജ്‌ഞാനവും അജ്ഞാനവുമൊക്കെ അവന്മാരുടെ മേൽ പ്രയോഗിക്കുന്നത് ഈ ഒരു സമയത്താണു.മലയാളത്തിലാകുമ്പോൾ അത്രയ്ക്കങ്ങ് ബുദ്ദിമുട്ടില്ല!

"ഡേ, എന്നാലും അവൾ"    അവൻ വീണ്ടും തുടങ്ങി.

" മിണ്ടാതിരിയെടാ "
" എന്നെ കാണാൻ ഒരു ലുക്കില്ല അല്ല്യോ ? അതല്ലേ ആർക്കും വേണ്ടാത്തെ ?"

" ശ്ശെ ഇങ്ങനെ പറയാതെ മച്ചൂ, ലുക്കിലെന്താ കാര്യം ? സത്യത്തിൽ നമുക്കെന്താ ഒരു കുറവ് ?!!"
" എന്താ ഉള്ളേ ?"

" ബുദ്ദിക്ക് ബുദ്ധി ഇല്ലേ ? പഠിപ്പില്ലേ ? ആരോഗ്യമില്ലേ? ഭേദപ്പെട്ട ജോലി ഇല്ലേ ? ചെറുതെങ്കിലും വണ്ടി ഇല്ലേ ? സ്നേഹമുള്ള വീട്ടുകാരില്ലേ ?, പിന്നെ ഗ്ലാമർ !, അതിന്നു വരും നാളെ പോകും, 
എവിടെയോ വായിച്ചിട്ടുണ്ട്, നമ്മളുടെ സൗഭാഗ്യമറിയണമെങ്കിൽ, നമ്മേക്കാൾ കഷ്ടപെടുന്നവരെ നോക്കണം, എത്രയോ ആളുകൾ, ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ! ശാരീരികവും മാനസീകവുമായ വൈകല്യങ്ങൾ ഉള്ളവർ!,അനാഥർ!, ഈ ലോകത്ത് ജീവിക്കുന്നു ? അവരെ വച്ച് നമ്മൾ ഭാഗ്യവാന്മാർ അല്ലേ ?  അല്ലേ ?"

മൗനം! ( ഹൊ , അതിനിടേൽ ഞാനൊരു പിന്റ് മടുമടാന്ന് തീർത്തു)
" ശരിയാ  ശരിയാ"
വീണ്ടും മൗനം!
 "നമുക്കവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം , അല്ലേൽ മനുഷ്യനായിട്ട് ജീവിച്ചിട്ടെന്താ ?"
" അതേ, ഞാനുമതിനേപ്പറ്റി ചിന്തിക്കാറുണ്ടായിരുന്നു"

ഓഫീസിൽ അറുമുഖം കുറച്ച് നാൾ മുൻപ് സൂചിപ്പിച്ച  ഓർഫനേജായിരുന്നു മനസ്സിൽ, എല്ലാവരും കൂടി ഒരു ദിവസം അവിടം വ്യത്തിയാക്കുന്നതിനേക്കുറിച്ചും, ഫയലുകൾ ഒക്കെ കമ്പ്യൂട്ടറൈസ്ഡ് ആക്കി കുറച്ച് സാമ്പത്തിക സഹായവും ചെയ്യുന്ന ഒരു സജഷനോടെ ഒരു ഇ മെയിൽ കണ്ടിരുന്നു. കൂർഗിൽ ട്രിപ്പ് പ്ലാൻ ചെയ്തത് കൊണ്ട് മറ്റ് അത്യാവശ്യതിരക്കുകളുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.

സത്യത്തിൽ ഒരവിശ്വാസം പണ്ടേ ഉണ്ട്. അനാഥാലയങ്ങളുടെ മറവിൽ എന്തൊക്കെ തട്ടിപ്പാ നടക്കുന്നത് എന്നാസമയത്ത് ഓർക്കുകയും ചെയ്തു.
ബാപുജി സെന്റർ  ഇവിടെ അടുത്താണു. ഇവൻ പറഞ്ഞ സ്ഥിതിക്ക് അവിടം വരെ പോയി നോക്കികളയാം. ഉദ്ദേശശുദ്ധിയുള്ള കൂട്ടരാണെങ്കിൽ എന്തെങ്കിലും സംഭാവന കൊടുക്കയുമാവാം,റസീറ്റ് വാങ്ങിയാൽ ടാക്സ് ബെനഫിറ്റ് കൂടി ഉണ്ടെന്ന് ഗണേഷ് പറഞ്ഞതും ഓർമ്മ വന്നു.

കള്ളിൻപുറത്തെ വാക്കുകൾ മറന്ന് പോകാറാണു പതിവ്. ഉടുമുണ്ട് തല വഴി മൂടിപുതച്ചുറങ്ങുന്ന എന്നെ, ഞായറാഴ്ച പള്ളിയിൽ പോയിവന്നവൻ കാലുകൊണ്ട് തലോടി ഉണർത്തും വരെ അതു സീരിയസ്സായെടുത്തെന്ന് ഞാൻ കരുതിയിരുന്നില്ല.

പോകുന്ന വഴിക്കൊരു പാക്കറ്റ് മിഠായിയും ബിസ്കറ്റുകളും കൂടി വാങ്ങി. കുട്ടികളുള്ളതല്ലേ.
ബാപുജി സെന്ററിന്റെ കരയുന്ന ഇരുമ്പ് ഗേറ്റ് കടന്ന് ഉള്ളിൽ കടന്നപ്പോൾ കുറച്ച് കൊച്ച് കുട്ടികൾ ഒരു വശത്ത് കളിക്കുന്നത് കാണായി.മറ്റൊരു വശത്തെ ഷെഡിൽ കുറച്ച് കുട്ടികൾ അവരവരുടെ വസ്ത്രങ്ങൾ അലക്കുന്നുണ്ട്. 
ഓർമ്മ വന്നത് എന്റെ  കുട്ടിക്കാലമാണു. ഹൈസ്കൂൾ പഠനകാലത്ത് വരെ അടിവസ്ത്രങ്ങൾ പോലും അമ്മ കഴുകിതന്നേ ഇട്ടിട്ടുള്ളു.
കഷ്ടം തോന്നുന്നു.

ഓഫീസ് എന്നെഴുതിവച്ചിടത്തേക്ക് കയറി ചെന്നു. രണ്ട് കുട്ടികൾ ചെയറിൽ ഇരിക്കുന്നുണ്ട്, തല ഒരു വശത്തേക്ക് കോടിയിരിക്കുന്നു.ശരീരത്തിൽ അനക്കമില്ല. എന്തോ കളിപ്പാട്ടം കൈക്കരുകിലുണ്ട്. അവരുടെ നോട്ടം തീക്ഷ്ണമായിരുന്നു.

"യാരു ? "

കുട്ടികളിൽ നിന്ന് കണ്ണെടുത്ത് നോക്കി, വെള്ള സാരിയണിഞ്ഞ ഒരു സ്ത്രീയാണു.
"നിനക്കല്ലേ കന്നഡ അറിയുക നീ പറയ്" അവൻ എന്നെ തോണ്ടി.
ഇതിനു മുൻപ് ഇത്തരം സ്ഥലങ്ങൾ പരിചയമില്ല. കന്നഡ ഒക്കെ ചിലപ്പോൾ കണക്കാണു. ഒന്നു മുരടനക്കി ആരംഭിച്ചു

" ഏനോ ഹെൽപ്പ് മാഡക്കാഗത്താ ? അധിഗെ ബന്തിതെ " *

അവരൊന്നു പരിഭ്രമിച്ചെന്നു തോന്നുന്നു.
പറഞ്ഞത് തിരിഞ്ഞു പോയെന്നു ഒന്നു റിവൈൻഡ് ചെയ്തെടുത്തപ്പോൾ വ്യക്തമായി. ചുമ്മാതല്ല അവർ പരിഭ്രമിച്ചത് , അനാഥാലയത്തിൽ ആദ്യമായായിരിക്കും ഒരു കൂട്ടർ വന്ന് അവരോടു ഹെൽപ്പ് തരുമോയെന്ന് ചോദിച്ചിട്ടുണ്ടാവുക!!
" നാനു വിപ്രോദല്ലി കെല്സാ മാഡ്ത്തായിദേ,   കാൻ ഐ ഡൂ സം ഹെല്പ് ഹിയർ ?"

അവർ സ്വീകരിച്ചിരുത്തിയപ്പോൾ  മിഠായിപൊതി കൈമാറി , നന്ദി പറഞ്ഞെങ്കിലുംഅവർ സൗമ്യമായി വ്യക്തമാക്കി
" അവിടെ വരുന്നവരൊക്കെ തന്നെ ഇത്തരം പൊതികൾ കൊണ്ട് വരാറുണ്ടത്രെ, പക്ഷേ ഭക്ഷണത്തിനും കുട്ടികളുടെ വിദ്യഭ്യാസത്തിനും മറ്റ് ദൈനംദിന കാര്യങ്ങൾക്കും കൂടുതൽ ഉപകരിക്കുക സാമ്പത്തിക സഹായമാവും, പിന്നെ അരിയും പച്ചക്കറിയുമാവാമെന്ന് "

സംസാരിച്ച് വന്നപ്പോൾ അവിടുത്തെ അന്തേവാസികളുടെ ജീവിതചിത്രം വ്യക്തമായി. ഗവണ്മെന്റിന്റെ ചെറിയ ഗ്രാന്റും, ഉദാരമതികളുടെ സഹായങ്ങളും കൊണ്ട് കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു പോകുന്നു. കുട്ടികൾ പഠിക്കുന്നുണ്ട്.

അതിനിടയിൽ ഒരു ചീവീടിന്റെ ശബ്ദം പോലെ ഒരലർച്ച.ഒരു മൂന്നു വയസ്സുകാണും ആ കരച്ചിലിന്റെ ഉടമയ്ക്ക്. അവന്റെ ആവലാതികൾ മുഴുവൻ രത്നമ്മ കേട്ടു, തലയിൽ തലോടി ആശ്വസിപ്പിച്ച് പുറത്തേക്ക് നോക്കി, ഒരു പെൺകുട്ടിയുടെ പേരു വിളിച്ചതും ഓടിയെത്തി. ഏട്ടുഒൻപത് വയസ്സു തോന്നിക്കുന്ന അവളവനെ ചേർത്ത് പിടിച്ച്, ഏതോ കഥ പറഞ്ഞ് കളിക്കാൻ കൂട്ടി കൊണ്ട് പോകുന്നതു കണ്ടപ്പോൾ വാത്സല്യം തോന്നി.
ചേച്ചിയുടെ കുട്ടിയെപറ്റിയാണു ഓർമ്മ വന്നത്. ഭക്ഷണം കഴിക്കില്ല. കുസ്യതിയും, നിർബന്ധിച്ച് മടുക്കുമ്പോൾ അവൾ ചൂടാകും, രണ്ട് തല്ലും കൊടുക്കും. എത്ര ശാന്തതയോടെ കുട്ടികളുടെ അടുത്തിരിന്നാലും ക്ഷമയുടെ നെല്ലിപ്പലക കടക്കുന്ന അവസ്ഥ കണ്ടിട്ടുണ്ട്.
ഇത്രയധികം കുട്ടികളെ ഒരുമിച്ച് പരിപാലിക്കുന്നതത്ര എളുപ്പമല്ല.
എൺപത്തെട്ടിലോ മറ്റോ ആണത്രേ രത്നമ്മ അവിടെ  ഹൗസ് മദറായി പ്രവർത്തിക്കാൻ തുടങ്ങിയത്.ഇവിടെയിവർ എത്രയെത്ര കുട്ടികളുടെ വാശിയും, കുരുത്തക്കേടും കണ്ടിരിക്കാം. എനിക്കവരോടു ബഹുമാനം തോന്നി.
നിശബ്ദതയിൽ  ഇതെനിക്ക് പരിചിതമായ അവസ്ഥയല്ലെന്ന് തിരിച്ചറിഞ്ഞു. ഒരു തരം മടുപ്പ് ബാധിച്ചിരിക്കുന്നു.
ഇത്രയും നേരം എന്നെ ചൂഴ്ന്ന് നോക്കി, വീൽ ചെയറിലിരിക്കുന്ന കുട്ടിയിലേക്ക് ശ്രദ്ധ പോയി. കോടിയ വായിൽ നിന്ന് ഒരൽപ്പം തുപ്പൽ ഒലിച്ചിറങ്ങുന്നുണ്ട്.

"സിവിയർ സെറിബ്രൽ പൾസി" രത്നമ്മയാണു പറഞ്ഞത്. ആ ഇരുപ്പിൽ നിന്നനങ്ങാനാവില്ല.

അവനെന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നത് പോലെ. കണ്ണുകൾ കടന്ന് ആ നോട്ടം തലച്ചോറിലേക്ക് തുളച്ച്കയറുന്നെന്ന് ഭയപ്പെട്ടു. വല്ലാത്ത ഒരസ്വസ്ഥത എന്നെ പിടികൂടിയിരിക്കുന്നു.!
കൊണ്ട് വന്ന പണം ആ സ്ത്രീയെ ഏൽപ്പിച്ച് മടങ്ങാൻ ഞാൻ തിടുക്കം കൂട്ടി.

"റസീറ്റ് ബുക്ക് കാലിയാഗിതെ , അഡ്രസ്സ് കൊഡി , നാവു മെയിൽ മാഡ്ത്തിനി"**
റസീറ്റ് തീർന്നത്രെ, അതൊന്നും വേണമെന്നില്ലെന്ന് പറഞ്ഞിട്ടും അവർ അഡ്രസ്സ് എഴുതി വാങ്ങി.
പുറത്ത് കടന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു. ഞങ്ങൾ രണ്ടും പരസ്പരം ഒന്നും സംസാരിച്ചില്ല. വരുമ്പോൾ ഉള്ള ഉത്സാഹങ്ങളൊക്കെ എപ്പോഴോ ചോർന്ന് പോയിരിക്കുന്നു.
"പാവം കുട്ടികൾ അല്ലേടാ ?"
"ഉം"
" റസീറ്റ് ഇല്ലാത്തത് ഇനി അടവായിരിക്കുമോ"
" എന്തോ ആവട്ടെ നമ്മൾ അത് കൊടുക്കാനുദ്ദേശിച്ച പണമല്ലേ ?" അവൻ

രണ്ട് ദിവസമായിട്ടും അസ്സ്വസ്ഥത എന്നെ ചുറ്റിപറ്റിനിന്നു. വല്ലാത്ത തലവേദന!

അന്ന് , വൈകുന്നേരം ബൈക്ക് സ്റ്റാൻഡിൽ വച്ച് അകത്തേക്ക് കടക്കുമ്പോൾ ആ കവറു കണ്ടു, ഒരു  മഞ്ഞ കടലാസ്, ബാപുജി സെന്ററിന്റെ റസീറ്റാണു, അതിൽ എഴുതിയിരിക്കുന്നു. " താങ്ക്സ്, മേ ഗോഡ് ബ്ലസ്സ് യു"
എന്നെ ദൈവം അനുഗ്രഹിക്കുമോ ?
ഒന്നു കിടക്കണം.
 കിടന്നു.
ഉറക്കത്തിലെപ്പഴോ ആ തീക്ഷണനോട്ടം വീണ്ടുമെന്റെ കണ്ണുകൾ തുളച്ചത് ഞാനറിഞ്ഞു.

എനിക്കവനെ കാണാമായിരുന്നു. അത്ഭുദം !.വീൽചെയറിൽ നിന്നെഴുനേറ്റ് അവൻ മുന്നിലേക്ക് വന്നു. എന്റെ നേരേ കൈചൂണ്ടിയപ്പോൾ ഒരു പുച്ഛരസം തെളിഞ്ഞു കാണായി.
" കഷ്ടം ! എന്തോ വലിയ കാര്യം ചെയ്തുവെന്നാണോ കരുതിയത് ? ?
അമ്പലത്തിൽ പൂജാരിക്ക് നൂറും,ഹോട്ടലിൽ വെയ്റ്റർക്ക് ഇരുപതും  ടിപ്പ് കൊടുത്തിറങ്ങി, വഴിവക്കിൽ കൈനീട്ടിയ യാചകനു ഒരു രൂപാ തിരഞ്ഞ് അഥവാ കൈതടഞ്ഞില്ലെങ്കിൽ ആട്ടിയോടിച്ച് കൈവീശി നടക്കുന്നൊരുവൻ!
സ്റ്റാറ്റ്സ് സിംബലുകളുടെയും പൊങ്ങച്ചങ്ങളുടെയും കൂട്!

നിന്റെ സ്വാർത്ഥതയ്ക്ക്  വേണ്ടി മാത്രം, നിന്നേക്കാൾ കീൾത്തട്ടിലുള്ളവരെന്ന്  കരുതുന്നവരെ കണ്ടാസ്വദിച്ച് നിന്റെ  നിസാര പ്രശ്നങ്ങൾക്കാശ്വാസം തേടാൻ മാത്രം പടി കടന്ന് വന്നതല്ലേ നീ ?
 പ്രണയവും, പ്രമോഷനും, അപ്രൈസലുകളും , ഇൻവസ്റ്റ്മെന്റുമൊക്കെയല്ലേ നിന്റെ വലിയ ലോകത്തെ വലിയ പ്രശ്നങ്ങൾ ?
കണ്ടിരുന്നു ഞങ്ങളുടെ അന്തരീക്ഷത്തിൽ ശ്വാസം മുട്ടുന്നത്!. യാഥാർത്ഥ്യത്തെ കണ്ടപ്പോൾ പകച്ച് പോയല്ലേ ?
 പണമല്ല!
ഒരു നിമിഷം ഞങ്ങളിലൊരാളായി നിന്ന് ഞങ്ങളെ മനസ്സുകൊണ്ട് സ്നേഹിക്കുവാൻ കഴിയുമോ നിങ്ങൾക്ക് ?
ഇല്ലെങ്കിൽ മാന്യതയുടെ പുറംപൂച്ചുകൾക്ക് വേണ്ടി ഇനിയുമവിടെ വരാതിരിക്കുകയെങ്കിലും ചെയ്ക!"

എന്റെ നെഞ്ച് പൊള്ളിച്ചു കൊണ്ട് അവൻ പറഞ്ഞു കൊണ്ടിരുന്നു.
എപ്പോഴാണവൻ പോയതെന്നറിഞ്ഞില്ല.
എഴുനേറ്റിരുന്നപ്പോൾ വിയർത്ത് കുളിച്ചിരിക്കുന്നു.
പിറ്റേന്നൊന്ന്കൂടി അവിടെ പോകണമെന്ന് തോന്നി..
ഒറ്റയ്ക്കാണു പോയത്.നിറയെ നിറങ്ങളുള്ള ഒരു ചെറിയ കളിപ്പാട്ടം വാങ്ങിയിരുന്നു

വണ്ടി പുറത്ത് നിർത്തി അവനരികിലേക്കെത്തിയപ്പോൾ കണ്ടു, ആ നോട്ടത്തിലെ സൗമ്യത! , ഒരു വശം ചേർന്നിരുന്നു ആ നിറുകയിൽ തൊട്ടപ്പോൾ അവന്റെ കണ്ണുകളിൽ ഭൂമിയിലെ നക്ഷത്രതിളക്കം കാണാനായി.

കാഴ്ച മൂടൽ പോലെയാവുന്നതിനിടയ്ക്ക് രത്നമ്മ മുറിയിലേക്ക് നടന്നു വരുന്നതറിഞ്ഞു. പുറത്തിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മനസ്സിൽ ഒരുഭാരമില്ലാതായി.

ഇന്ന്, പ്രവാസത്തിനിടയ്ക്ക് വീണ്ടുമോർക്കാൻ വൈകി. മൈസൂർ പോകണം. ഇനിയുമൊന്നവനെ കാണുവാൻ.


----------------------------------------
* -  എന്തെങ്കിലും സഹായം ചെയ്യാമോ ? അതിനാണു വന്നത്
** - റസീറ്റ് ബുക്ക് തീർന്നു പോയി, അഡ്രസ്സ് തരൂ , ഞങ്ങൾ തപാലയക്കാം.

Read more: http://sumeshvasu.blogspot.com/#ixzz29jklcXsS

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?