22 Nov 2012

നാവിക വേഷം ധരിച്ച കുട്ടി



 ഇന്ദു മേനോന്‍


ഇയ്യിടെ പഴയ മരയലമാരി തുറന്നപ്പോള്‍ വെളുത്ത രണ്ടു ജോഡി വസ്ത്രങ്ങള്‍ കണ്ടു. ഒന്ന് ഒത്ത ഒരു പുരുഷന്റെ വസ്ത്രമാണ് ഖാദിയുടെ മൃദുത്വം ചേര്‍ന്ന വെളുത്ത കള്ളി ജൂബയും ഒരു കോട്ടണ്‍ മുണ്ടും. ‘നീ ഈ ഉടുപ്പിന്റെ ഉടമസ്ഥനെ കുറിച്ച് ഇപ്പൊ ആരോടും പറയരുത് കുട്ടീ’ കഴുത്തിലെ മാംസ വളര്‍ച്ചയില്‍ അവര്‍ വിരല്‍ കൊണ്ട് തൊട്ടു. ‘ഇല്ല..’ ‘എന്റെ മരണ ശേഷം നീയിതു ലോകത്തോട് വിളിച്ചു പറഞ്ഞോളു പറയില്ല്യെ നീയ്യ് ?’ അവര്‍ മുടിയിഴകള്‍ മുമ്പോട്ടിട്ടു. ‘ഇല്ലാ.. ഇല്ല..’ ഞാന്‍ തലയിളക്കി ആ രഹസ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യര്‍ കേരളത്തിലുണ്ടാവില്ല.

എനിക്കൊന്നും പറയണ്ടാ. ഞാന്‍ ആ രഹസ്യ വസ്ത്രത്തെ അലമാരിയിലേക്ക് തള്ളി. രണ്ടാമത്തെ വസ്ത്രം ഒരു നൈറ്റിയായിരുന്നു. പര്‍പ്പിള്‍ പൂവുകള്‍ ഉടുപ്പില്‍ അസാധാരണശോഭയോടെ ചിതറിക്കിടന്നു. പഫു വെച്ച് തുന്നിയ വലിയ നീളക്കയ്യുകളായിരുന്നു അതിനു. നെഞ്ചിലും കയ്യോരങ്ങളിലും വെള്ളി നിറമുള്ള ഞെക്ക് കുടുക്കുകള്‍. മാംസളമായ വലിയ സ്ത്രീ ശരീരത്തിന് വേണ്ട ഏറിയ വലിപ്പം

. ‘ഇമ്മാച്ചി നൈറ്റി..’ ഞാനതിനെ കളിയാക്കി. എങ്കിലും വീട്ടിലിടാന്‍ ഉടുപ്പില്ലാതെ വന്നപ്പോള്‍ ഇമ്മാച്ചി നൈറ്റി തന്നെ ഞാനും വലിച്ചു കേറ്റി.. ‘ഹയ്യീ സുന്ദര്യായിരിക്കന് കുട്ട്യേ..’ ഞാന്‍ മുഖം ചുളിച്ചു. ‘കളിയാക്കണ്ടാ അമ്മാ..’, എനിക്ക് നാണം വന്നു. ‘നാവിക വേഷം ധരിച്ച കുട്ടീന്നൊരു കഥയെഴുതീരുന്നു ഞാന്‍ വായിചിട്ടില്ല്യെ? ഉമ്മാച്ചി വേഷം ധരിച്ച കുട്ടി എന്ന് ഒരെണ്ണം എഴുത്യാലോ’

 ആ നൈറ്റി എനിക്ക് വളരെ അയഞ്ഞതായിരുന്നു. .’അമ്മ ഞാന്‍ സ്വതേ ഇടാറുള്ള ആ ചെറ്യെ നൈറ്റി എവിടെ?’ ‘അത് ഉണങ്ങീ ട്ടില്ല്യാ ഉവ്വോ അതോണങ്ങിയോ ?’ അവര്‍ വാല്ല്യക്കാരികളോടായി വിളിച്ചു ചോദിച്ചു. എന്റെ കോലം കണ്ട എന്റെ ഭര്‍ത്താവ് എന്നെ കളിയാക്കി കൊല്ലാന്‍ തുടങ്ങി.
‘നിനക്ക് വീട്ടിലിടാന്‍ എന്തേലും കൊണ്ടോന്നൂടെ?’ മിക്കവാറും അന്ന് തന്നെ മടങ്ങണം എന്ന് കരുതിയാരിക്കും ഞങ്ങള്‍ റോയല്‍ മാന്ഷനിലേക്ക് പോകുന്നത്. പക്ഷെ എന്നും സംഭവിക്കുക നാലഞ്ചു ദിവസം അവിടെ താമസിക്കലായിരിക്കും. ‘മൂന്നു ഇന്ദുമാരെ കൊള്ളും അതില് അദേഹം വാ പൊത്തി ചിരിച്ചു. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു എന്നാലും ഞാന്‍ എന്റെ ഗര്‍വ്വു വിട്ടില്ല. എന്റെ സ്വകാര്യ അഹങ്കാരം. മാധവിക്കുട്ടീടെ അലമാരി തുറന്നു അവരുടെ വസ്ത്രങ്ങള്‍ എടുത്തു ധരിക്കാന്‍ കിട്ടുന്ന ആ ഒരു അവകാശത്തിന്റെ വലിപ്പം എന്നെ ഗര്‍വ്വിയാക്കി. ‘കുളൂസ്സുണ്ടെയ് എനിക്ക് ‘ ഞാന്‍ കണ്ണാടിയില്‍ നോക്കി അയഞ്ഞ കുപ്പായത്തില്‍ ഞാന്‍ ഒരു കന്നാസ് കടലാസ്സിനെ പോലെ യായിരുന്നു. അവരുടെ ബാല്‍ക്കണിയില്‍ ചെന്ന് നിന്ന് പുറത്തു അവരെയ കാണാന്‍ വന്നു കാത്തു നില്‍ക്കുന്ന ആരാധകരോട് വിളിച്ചു പറയണമെന്ന് തോന്നി. മറ്റൊരാളുടെ വസ്ത്രം ധരിക്കുമ്പോള്‍ നമുക്ക് അപകര്‍ഷത തോന്നേണ്ടതാണ്. അഭിമാനക്ഷതം തോന്നേണ്ടതാണ് പക്ഷെ എനിക്ക് വല്ലാത്ത ഒരു അഭിമാനം തന്നെ തോന്നി. മാധവിക്കുട്ട്യുമായി ബന്ധപ്പെട്ട ഓരോന്നും എന്നെ അതീവ സന്തുഷ്ടയുമാക്കി. ജീവിതത്തില്‍ നൈറ്റി ധരിക്കാത്ത ഞാന്‍ നൈറ്റി ധരിച്ചു.

മാധവിക്കുട്ടിയോടപ്പമുള്ള വേറൊരു രംഗം മാധവിക്കുട്ടി എന്റെ സ്വകാര്യ സ്വത്തല്ല. കേരളത്തിലെ ഓരോ സ്ത്രീയും ഓരോ പുരുഷനും അവര്‍ക്ക് മേല്‍ അവകാശങ്ങള്‍ സ്ഥാപിച്ചിരുന്നു.
ആമിയോപ്പുവായും ചേച്ചിയായും, മാഡം ആയും അമ്മ ആയും കമലയായും അവര്‍ ഓരോരുത്തര്‍ക്കും തന്നെ വീതിച്ചു നല്‍കി. അനേകം പേര്‍ മാധവിക്കുട്ടിക്ക് തന്നോടുള്ള തങ്ങളോടുള്ള ആത്മ ബന്ധത്തെ പറ്റി സംസാരിച്ചു കൊണ്ടേയിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഒരു അടുപ്പം പുറത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഓര്‍മ്മിക്കണമെന്നും അനുസ്മരണം എഴുതണമെന്നും വിചാരിക്കുമ്പോള്‍ അസന്ഖ്യം കഥകള്‍ ഓര്‍മ്മ വന്നു. അവരുടെ പ്രേമത്തെ പറ്റി, ദാമ്പത്യത്തെ പറ്റി, ആളുകളെ പറ്റി അവര്‍ സ്വകാര്യമായി പറഞ്ഞു തന്നവ, കാറു തന്നത്, ഓണപ്പുടവ കൊടുത്തത്, ഞാന്‍ മൂക്ക് കുത്തിയത്, കൊള്ളക്കാരനായ രത്‌നവ്യാപാരി വന്നത്, ആളുകള്‍ അവരോടു ചീത്തയായി പെരുമാറിയത്, ബാലാത്കാരം ചെയ്യാന്‍ ഒരാള്‍ കേറി വന്നത്, ലഹളകള്‍ ഉണ്ടാക്കിയത്, ജഗതി മഞ്ഞ ബിയര്‍ മൂത്രം ഒഴിച്ചത്, കൈക്കൂ ലിക്കാരനായ ടൌണ്‍ പ്ലാനറിനെ പറ്റി, സ്വാമിയാരായി ഫ്‌ലാറ്റിനു മുകളില്‍ താമസിച്ച സന്തോഷ് മാധവനെ പറ്റി, ശോഭ ജോണ് തന്റെ കാറില്‍ കയറിയതിനെ പറ്റി, തന്റെ മതം മാറ്റത്തെ പറ്റി, താന്‍ സ്‌നേഹിച്ച പുരുഷന്‍മാരെ പറ്റി..

തന്നെ സ്‌നേഹിച്ചവരെ പറ്റി, ചതിച്ചവരെ പറ്റി, അപവാദം പറഞ്ഞവരെ പറ്റി, അലക്‌സാന്‍ട്രേറ്റ് എന്ന വില കൂടിയ കല്ലിനെ പറ്റി, മറ്റു എഴുത്തുകാരെ പറ്റി, ലവ്വ് ജിഹാദിനെ പറ്റി, വീരപ്പ മൊയ്‌ലി വന്നതിനെ പറ്റി, നാണപ്പന്റെ ഫാന്‍സി ഡ്രസ്സ് നെ പറ്റി, അപ്പിയിട്ടു കൈകഴുകാത്ത മദാമ്മയെ പറ്റി, പണം പറ്റിച്ച മോയില്ല്യാരെ പറ്റി.. ജസ്‌റിസ് ഫാത്തിമാ ബീവിയുടെ ഫലുടയെ പറ്റി, ത്രിപുര സുന്ദരി പ്രതിമ പുലി തേച്ചു കഴുകിയതിനെ പറ്റി.. അങ്ങനെ അങ്ങനെ എത്ര ഓര്‍മ്മകള്‍ പിണങ്ങിയതും പരിഭവിച്ചതും പൊട്ടിച്ചിരിച്ചതും സങ്കടപ്പെടുത്തി കരയിച്ചതും വരെ ഉണ്ട്. ഒന്നും പക്ഷെ എഴുതാന്‍ തോന്നുന്നില്ല.. ഒന്നും..
മരണ ശേഷം പാളയം പള്ളിയിലെ ഖബര്‍ സ്ഥാനില്‍ ഞാന്‍ ഒറ്റയ്ക്ക് പോയതും ഓര്‍ക്കുന്നു. ഒന്നുമില്ലാരുന്നു അന്നവിടെ ഒരു മീസാന്‍ കല്ല് പോലും. പച്ചമണ്ണിന്റെ കൂന മാത്രം. ഒന്നും ഞാന്‍ ഓര്‍ക്കുന്നില്ല, എഴുതുന്നു മില്ല. അവരുടെ വസ്ത്രം ധരിച്ചതിനെ പറ്റി ഓര്‍ക്കുന്നു. അഭിമാനത്തോടെ.. ആഹ്ലാദത്തോടെ ഓര്‍ക്കുന്നു…. ഒരിക്കലും തിരിച്ചു കൊടുക്കാനാവാത്ത ആ നൈറ്റിയെ പറ്റിയും ഓര്‍ക്കുന്നു. മാധവിക്കുട്ടിയുടെ എഴുത്തിനു മുമ്പില്‍ ആ പ്രതിഭയ്ക്ക് മുമ്പില്‍.. അവരുടെ പ്രേമത്തിനു മുമ്പില്‍, അവരുടെ ധൈര്യത്തിനു മുമ്പില്‍ നിവര്‍ന്നു നില്ക്കാന്‍ എനിക്ക് ധൈര്യമില്ല.. ഒരേ ഒരു വാക്ക് ‘ഇത്ര നേരത്തെ മരിച്ചു പോവേണ്ടി യിരുന്നില്ല അമ്മാ..അമ്മ ഐ ലവ്വ് യു..’

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...