22 Nov 2012

പുഴമനസ്സ്

ഗണേഷ് പന്നിയത്ത്

മുന്നില്‍ പ്രളയത്തിന്റെ പുഴ
ഭ്രമതാളത്തിന്റെ നീരൊഴുക്കായി
അസ്തമയത്തിന്റെ ദിക്ക്തേടി.

കിഴക്കന്‍ കാറ്റ് ചുറ്റിപടര്‍ന്ന
ദൈവമരങ്ങള്‍ ആകാശം പെയ്യുന്ന
മഴനീരിനായി മിഴിയോര്‍ത്തു....
സഹസ്രനാമങ്ങളുടെ തെരൊലിയായി.
കാലവും ദേശവും ജൈവബോധങ്ങളും
സംസ്കൃതിയും ജലരാശിയുടെ
തീവ്ര വേഗത്തില്‍ പവിത്രമായി.

കാലവര്‍ഷത്തില്‍ കലിപൂണ്ട്
രൌദ്ര ഭാവത്തിന്റെ മഹാവ്യഥ.
ഗ്രീഷ്മത്തില്‍ ഭസ്മക്കുറിയിലുറഞ്ഞ
നാമജപത്തിന്റെ സൌമ്യത.

പ്രഹരമേറ്റ ഋതുക്കള്‍.
പെയ്തൊഴിഞ്ഞ വര്‍ഷപാതങ്ങള്‍.
രാപ്പകലുകളുടെ സംക്രമണം.
മന്ത്രങ്ങള്‍ മുറിഞ്ഞു വീണ
മണല്‍ തിട്ടകളിലൂടെ
നിര്‍വാണം കൊണ്ട ദേഹികളുടെ
സ്വൈര്യ സഞ്ചാരങ്ങള്‍,
വംശ പരമ്പരകള്‍.

പുഴ പിന്നെയും ഒഴുകികൊണ്ടെയിരുന്നു
ഓരോ നിമിഷവും ഓരോ പുഴ
പ്രേമബന്ധിതയായി കടലിന്റെ
കരുത്തും കാമവുമറിഞ്ഞു.

ആധി നിറഞ്ഞ മനസ്സും
ഒഴുകിതീരാത്ത കണ്ണീരിന്റെ കനപ്പുമായി
അനാദിയായ കാലത്തിന്റെ
സിരാബോധങ്ങളിലൂടെ
കടല്‍ മോഹങ്ങളിലേക്ക്
അവസ്സാനികാത്ത യാത്ര
തുടരുക തന്നെയാണ്
പ്രണയാതുരയായ പ്രളയപ്പുഴ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...