സ്നേഹപൂർവ്വം വിശ്വരൂപ്‌

ശരത് ജി.മോഹൻ  മീനാക്ഷിയേടത്തിക്ക്‌, ജയിലഴിക്കിപ്പുറത്തു നിൽക്കുമ്പോളെനിക്കു നമ്മുടെ വള്ളി പടർപ്പുകയറിയ വേലി ഓർമ്മ വരുന്നു. അഴികൾ കടന്നു മതിൽക്കെട്ടിനു പുറത്തേക്ക്‌ കത്ത്‌ എത്തുമോ, എന്നെനിക്കറിയില്ല എന്നാലും എന്റെ സമാധാനത്തിനു മീനാക്ഷിയേടത്തി മാത്രമറിയുവാൻ വേണ്ടി എഴുതുകയാണ്‌. പണ്ട്‌ ഇറയത്തിരുന്നു അവിടുത്തെ മുത്തശ്ശി ഭൂതങ്ങളുടെ കഥ പറയുമ്പോൾ ആനണ്ട്‌ ഭയന്ന്‌ മീനാക്ഷിയേടത്തിയോടൊട്ടിയിരിക്കും. ഞാൻ വൃഥാ ധൈര്യം ഭാവിക്കും.

എന്നാലും ഇടയ്ക്കിടെ ഇടതുവശത്തെ ഇരുളിലേക്ക്‌ കണ്ണോടിക്കുകയും ചെയ്യും. പിന്നൊരിക്കൽ ഏടത്തിയുടെ ?ബാഗലെ?വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ മുത്തശ്ശിയുടെ കുടീരത്തിൽ ഒന്നുതൊട്ടു നമസ്കരിച്ചു. ഒരുപാട്‌ വർഷങ്ങളുടെ നല്ലയോർമ്മകൾ നമ്മുടെ അയൽപക്ക ബന്ധത്തിലുണ്ടെങ്കിലും ഏടത്തിയുടെ മനസ്സിൽ ആനന്ദിന്റെ കുഴിമാടം ഉറയ്ക്കുന്നതിനു മുൻപ്‌ അവന്റെ ലാപ്ടോപ്പും, മൊബെയിലും മോഷ്ടിച്ച ഒരാളായിട്ടായിരിക്കുമല്ലോ ഞാനിപ്പോഴുള്ളത്‌. പോലീസെന്നേ അറസ്റ്റ്‌ ചെയ്തു കൊണ്ടു വന്നപ്പോൾ നാട്ടുകാരുടെ കൂക്കുവിളിക്കിടയിൽ ഏടത്തിയുടെ ഒരു നോട്ടം; ഒരുപക്ഷേ അതാണീ കത്തെഴുതാൻ എന്റെ കാരണവും.

ആനന്ദിന്റെ ആത്മാവ്‌ പൊറുക്കുമായിരിക്കും. ഞാൻ വാക്ക്‌ തെറ്റിക്കുകയാണ്‌. ഏടത്തിയുടെ കഥകളിൽ മാത്രമല്ല ആനന്ദിന്റെ ഉള്ളിലും ഒരു ഭൂതമുണ്ടായിരുന്നു. ഒരു പക്ഷേ ഒരുപാട്‌ കൗമാരക്കാരുടെ നിഴലുപോലെ അതുണ്ടാകും. അതവരെ ഏതറ്റംവരെ കോലംതുള്ളിക്കും എന്നത്‌ മറ്റാർക്കും അറിയാൻ കഴിയുന്നില്ല. കാരണം ആ ഭൂതം രംഗവേദിയാക്കുന്നതും, അഴിഞ്ഞാടുന്നതും സ്വപ്നം സ്വരുക്കൂട്ടുന്നതുമെല്ലാം അവരുടെ മനസ്സുകളിലാണ്‌. ഞാനും ആനന്ദും സുഹൃത്തുക്കളും സഹപാടികളുമായിരുന്നെങ്കിലും അവനിലെ ഭൂതത്തെ തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. ആനണ്ട്‌ തുറന്നു പറയുമ്പോഴേക്കും വളരെ വൈകിയിരുന്നു. സ്വാമിനാഥനങ്കിൾ അവനു വാങ്ങിക്കൊടുത്ത ലാപ്ടോപ്പോ, മൊബെയിലോ നമുക്കാർക്കുമന്നു ഉപയോഗിക്കാനത്ര പരിചയമില്ലായിരുന്നല്ലോ.

ഞാൻ മലയാളം എം. എ. യ്ക്കു പുറകെ ഓടുമ്പോൾ അവൻ ബിസിനസ്സ്‌ മാനേജ്‌മന്റ്‌ പൂർത്തീകരിക്കാനുള്ള ശ്രമത്തിനു പിന്നാലെ അല്ലായിരുന്നോ. എവിടെയാണ്‌ കാഴ്ചപ്പാടുകൾ കാൽതെറ്റി വീഴുന്നത്‌? അവൻ തന്റെ ഹോസ്റ്റലിലെ സ്വർഗ്ഗാനുരാഗികളെക്കുറിച്ചും മദ്യപാനാസക്തിയെക്കുറിച്ചും വാചാലനാകുമ്പോൾ എനിക്കറപ്പും ഭയവും തോന്നിത്തുടങ്ങി. എങ്ങുമെത്താതെ നെട്ടോട്ടമോടുമ്പോൾ അവനെ കണ്ടു പഠിക്കാൻ അച്ചമ്മ പോലും ഉപദേശിച്ചു. അച്ഛനും അമ്മയും ഒക്കെയായ അവരെ ഇക്കാര്യത്തിൽ മാത്രമെ ഞാൻ അനുസരിക്കാതിരിന്നിട്ടുള്ളു. പുതിയ ലോകവും പുതിയ ഭൂതവും മീനാക്ഷ്യേടത്തിക്കെന്നപോലെ എന്റെ അച്ചമ്മയ്ക്കും അജ്ഞാതമാണ്‌.


 ഞാനിങ്ങനെ പഴമയ്ക്കും പുതുമയ്ക്കുമിടയിൽ ആശയക്കുഴപ്പത്തിൽപ്പെട്ട ഒരാളായിട്ടു അങ്ങനെ നിന്നു. ഒരുക്കലവൻ തന്റെ സഹപാഠി ഒരു പെൺകുട്ടി ഉടുപ്പുമാറുന്ന വീഡിയോ മൊബെയിലിൽ എന്നെ കാണിച്ചു. ഞാനൊരുപാട്‌ അവനെ ശകാരിച്ചു. അവൻ ചിരിച്ചോണ്ടു പറഞ്ഞു. ?നീയൊരു നാട്ടിൻപുറത്തുകാരൻ; ചില പെമ്പിള്ളേരെ പോലെ എടാ പട്ടണത്തിൽ ഇതൊക്കെ പതിവാ? അത്ഭുതപ്പെടുത്തിയ മറ്റൊന്നു ആ വീഡിയോയുടെ കാര്യം ആ പെൺകുട്ടിക്കും അറിയാം എന്നതായിരുന്നു. അറിഞ്ഞപ്പോൾ എനിക്ക്‌ തലകറങ്ങുന്നതുപോലെ തോന്നി കാരണം. ഏഴാം ക്ലാസ്സു മുതൽ നിങ്ങളാരുമറിയാതെ ഞാൻ മനസ്സിൽ കൊണ്ടു നടന്ന ശ്രീലക്ഷ്മിയും പട്ടണത്തിലേക്കാണു പഠിക്കാൻ പോയിരിക്കുന്നത്‌. മീനാക്ഷിയേടത്തിക്കറിയില്ല ഭൂതങ്ങളിന്നുമുണ്ട്‌ . അതൊടുവിൽ ശരീരത്തെ നശിപ്പിച്ച്‌ ആത്മാവാവിനെ പിടിച്ചുകൊണ്ട്‌ പോകും. നമ്മുടെ ആനന്ദിനെയും അവർ അതാണ്‌ ചെയ്തിരിക്കുക. മുത്തശ്ശി മരിച്ചതിനു ശേഷം മീനാക്ഷിയേടത്തിക്കു തുണനിന്ന ആ തമിഴത്തി കമലം ഒരു സന്ധ്യയ്ക്ക്‌ ഒന്നും മിണ്ടാതെ മടങ്ങിയതു ഓർമ്മയില്ലേ?

 ഭൂതങ്ങൾ ആനന്ദിനെ അവരുടെ നഗ്നത ആവശ്യപ്പെടാൻ പ്രേരിപ്പിച്ചിരിക്കും. ഒടുവിലന്നു അവസാനത്തെ ദിവസങ്ങളിൽ ആനന്ദിന്റെ കൂടെ ആശുപത്രിയിൽ ഞാനാണല്ലോ നിന്നത്‌. എയ്ഡ്സ്‌ എന്ന മഹാരോഗത്തെക്കുറിച്ച്‌ ഡോക്ടറും ഞാനും ആനന്ദും കുറേ സംസാരിച്ചു. പാസ്‌വേർഡിലായിരുന്നു അവന്റെ രഹസ്യങ്ങൾ.


ഒരു ഏറ്റുപറച്ചിലിനിടയിൽ അവനെന്നോടു ആവശ്യപ്പെട്ട ഒന്നായിരുന്നു ലാപ്ടോപ്പിലെ അശ്ലീല ചിത്രങ്ങൾ മൊത്തം നശിപ്പിക്കണമെന്നു. പ്രതീക്ഷിക്കാത്ത സമയത്ത്‌ മരണത്തെ വിളിച്ചുവരുത്തി (?) ആനണ്ട്‌ മടങ്ങി. ദൗർഭാഗ്യവശാൽ അവന്റെ പാസ്‌വേർഡ്‌ ഞാൻ മറന്നുപോയി. ഒരുപക്ഷേ അതു തുറക്കാൻ മറ്റുവഴികൾ അറിയാവുന്ന ആരെങ്കിലും അവന്റെ ഭൂതത്തെ കണ്ടെത്തുന്നതിനു മുൻപ്‌ എനിക്കെന്റെ സുഹൃത്തിന്റെ മാനം രക്ഷിക്കണമായിരുന്നു. നമ്മുടെ വേലിക്കെട്ടവസാനിക്കുന്നിടത്തെ പാറകളിൽ ഞാനാ ലാപ്ടോപ്പും, മൊബെയിലും എറിഞ്ഞുടച്ചു; തീയിട്ട്‌. പക്ഷേ ഭൂതങ്ങളുടെ പ്രതികാരമായിരിക്കാം, പിറ്റേന്നത്തെ പത്രങ്ങളിൽ മരിച്ച സുഹൃത്തിന്റെ ലാപ്ടോപ്പ്‌ മോഷ്ടിച്ച നീചനായി എന്റെ പടം ഉണ്ടായത്‌. എനിക്കതിൽ വിഷമമില്ല. ആനണ്ട്‌ സന്മനസ്സുള്ളവനായി നാട്ടുകാരിലുണ്ടല്ലോ. ആ ഡോക്ടറും നല്ലയാളണ്‌. അദ്ദേഹം രഹസ്യം സൂക്ഷിക്കും.


 അവസാനമായി മീനാക്ഷിയേടത്തിയോടു അടുത്ത വർഷം ഞാനിറങ്ങിയാലും ജീവിതാവസാനം വരെ നിന്ദ അനുഭവിക്കും. നാട്ടുകാർക്കു മനസ്സാക്ഷിയില്ലാത്ത ഒരുത്തനായി ചിത്രീകരിക്കാൻ ഒരാളാകും. എങ്കിലും ഏടത്തി എന്നെ മനസ്സിലാക്കുക. ഒരിക്കലും ആനന്ദിനെ വെറുക്കയുമരുത്‌. ഏടത്തി കഥകളിൽ പറയാത്ത ഭൂതങ്ങളാണു തെറ്റുകാർ. നമ്മുടെ വേലിക്കെട്ടിൽ ഇനിയും പടർപ്പുണ്ടാകും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ