പിയത്ത കണ്ടപ്പോൾ

കണക്കൂര്‍ ആര്‍ സുരേഷ്കുമാര്‍

                  ഗോവയില്‍ വച്ച് നടക്കാറുള്ള  ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കുറച്ചു വര്‍ഷങ്ങളായി ഡെലിഗേറ്റായി   പങ്കെടുക്കാറുണ്ട്  . ഈ വര്‍ഷം , ഗോവന്‍ ചലിചിത്രമേളയിലെ  അനുഭവങ്ങള്‍ വൈറ്റ് ലൈന്‍ വായനക്കാരുമായി പങ്ക് വെക്കണം എന്ന് കരുതി . കുറഞ്ഞ പക്ഷം ഒരു സിനിമയെ എങ്കിലും കുറിച്ച് എഴുതണം എന്നായി പിന്നെ. അപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയത്‌   പ്രശസ്തനായ കിം കി ഡുക്ക്‌ എന്ന ദക്ഷിണകൊറിയന്‍ ചലച്ചിത്രകാരന്‍ അണിയിച്ചൊരുക്കിയ പിയത്ത എന്ന ചിത്രമാണ് . പണവും സ്നേഹവും തമ്മിലുള്ള പോരിന്റെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രീകരണം ആണ് ഈ ചിത്രം .
            ഇതിലെ പ്രധാന കഥാപാത്രമായ കാങ് ഡൂ  എന്ന അനാഥനായ ചെറുപ്പക്കാരന്‍ സിയോളിന്റെ  പിന്നാമ്പുറത്തെ ചേരി സമാനമായ പ്രദേശങ്ങളില്‍ ബ്ലേഡ് പിരിവ് നടത്തുന്ന ആളാണ്‌ . വളരെ ക്രൂരമായ മാര്‍ഗങ്ങളിലൂടെയാണ് അയാള്‍ തന്റെ ജോലി നിര്‍വ്വഹിക്കുന്നത് . ചിത്രത്തിന്റെ ആദ്യ ഭാഗം മുഴുവന്‍ ഇതുമായി ബന്ധപ്പെട്ട നിഷ്ടൂരദൃശ്യങ്ങള്‍ ആണ് . പണം തിരിച്ചടക്കാത്ത ഇരയെ മര്‍ദ്ദിച്ചു വികലാംഗനാക്കി കിട്ടുന്ന ഇന്‍ഷുറന്‍സ് തുകയില്‍ നിന്ന് മുതലും പലിശയും ഈടാക്കുന്നതാണ് കാങ് ഡൂ   സ്വീകരിച്ച രീതി. ചേരികളില്‍ അരികുജീവിതം  വിധിക്കപ്പെട്ട സാധാരണക്കാരായ പാവങ്ങള്‍ ആണ് ഇതിന് ഇരയാകുന്നത് . അമ്മയുടെ കണ്മുന്നില്‍ വച്ച് മകനെയോ , ഭാര്യയുടെ മുന്നില്‍ വച്ച് ഭര്‍ത്താവിനെയോ ഇത്തരത്തില്‍ വികലാംഗരാക്കാന്‍ കാങ് ഡൂവിന്  യാതൊരു മനക്ളേശവും ഇല്ല. 
             എന്നാല്‍ അവന്റെ അമ്മ എന്ന അവകാശം പറഞ്ഞ്   പൊടുന്നനെ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ ചിത്രത്തിന്റെ ഗതി ആകെ മാറ്റുന്നു . അത്രനാളും അമ്മ എന്തെന്ന് , അല്ലെങ്കില്‍ സ്നേഹം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അവന്‍ അത് നിഷേധിക്കുന്നു . എങ്കിലും അവര്‍ അവനെ വിടാതെ പിന്തുടരുന്നു . പക്ഷെ അതി ക്രൂരമായ മാര്‍ഗങ്ങളിലൂടെ അവരെ അവന്‍ പരീക്ഷിക്കുകയാണ് . അതില്‍ ഒരിടത്തുവച്ച് " ഞാന്‍ വന്ന വഴിയിലൂടെ തിരികെ പോകട്ടെ " എന്ന് പറഞ്ഞ് അവര്‍ അവരെ ഭോഗിക്കുന്നുണ്ട്  . അവസാനം സ്നേഹവും സഹനവും ജയിക്കുന്നു . അവന് മെല്ലെ ആ സ്ത്രീയോട് ആത്മബന്ധം തോന്നിത്തുടങ്ങുന്നു . അത്രകാലം ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം കാങ് ഡൂ തിരിച്ചറിയുന്നു . എന്നാല്‍ സിനിമയുടെ അവസാനം വലിയ ദുരന്തങ്ങള്‍ ആണ് അവനെ കാത്തിരിക്കുന്നത് . മാതൃസ്നേഹം എന്ത് എന്ന് അവനെ കാണിച്ചു കൊടുത്ത അതേ ശക്തിയോടെ ആ സ്ത്രീ അവനോടു പ്രതികാരം ചെയ്യുന്നു . അവരുടെ മറ്റൊരു പുത്രന്റെ ജീവിതം ഒരിക്കല്‍ ക്രൂരമായി നശിപ്പിച്ചതിനുള്ള പ്രതികാരം. ഇതിനായി വിചിത്രമായ വഴികള്‍ ആണ് അവള്‍ തിരഞ്ഞെടുക്കുന്നത് . ഇല്ലാത്ത ഒരു അപായം ഉണ്ടെന്ന് വരുത്തിയിട്ട്  അവര്‍ അവനില്‍ നിന്നും മറയുന്നു ! 
              മനോവേദനയോടെ അമ്മയെ തിരക്കി ഇറങ്ങിയ കാങ് ഡൂവിന്    മുന്‍കാലങ്ങളില്‍ താന്‍ ഉപദ്രവിച്ചവരില്‍ നിന്നെല്ലാം തിരിച്ചടി നേരിടേണ്ടിവരുന്നു  . ഒടുക്കം ആ മാതാവ് കാങ് ഡൂവിന്റെ മുന്നില്‍ വച്ചുതന്നെ ഒരു കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുമ്പോള്‍ പോലും അയാള്‍ തന്റെ ശത്രുക്കള്‍ ആരോ തള്ളിയിട്ടതാണ് എന്നാണ് ധരിക്കുന്നത് . ഒടുക്കം താന്‍ പണ്ട് വല്ലാതെ ഉപദ്രിവിച്ച ഒരു സ്ത്രീയുടെ വാഹനത്തിന്റെ അടിയില്‍ സ്വയം പൂട്ടികിടന്ന്  അയാള്‍ മരണം ഏറ്റുവാങ്ങുന്നു . മഞ്ഞുമൂടിയ പാതയിലൂടെ ആ വാഹനം നീങ്ങുമ്പോള്‍ പിന്നില്‍ ചോരപ്പാട് വരച്ചിടുന്ന ഒരു നീണ്ട വരയുടെ ദൂരക്കാഴ്ച ,  പണത്തിനും സ്നേഹത്തിനും ഇടയില്‍ ആഴത്തില്‍ വരയ്ക്കുന്ന ഒരു വരയാണ് എന്ന് തോന്നി . 
             വിഖ്യാതനായ കിം കി ഡുക്ക്‌ എന്ന ചലച്ചിത്രകാരനുമായി ദ്വിഭാഷിയുടെ സഹായത്തോടെ രണ്ടു മിനിറ്റ് സംസാരിക്കുവാന്‍ കഴിഞ്ഞു . മൈക്കലാഞ്ചലോയുടെ 'പിയത്ത'യില്‍ നിന്നും ഉടലെടുത്തതാണ്  ചിത്രത്തിന്റെ ആശയം . ചിത്രത്തില്‍ വയലന്സിനു വലിയ പ്രാധാന്യം നല്‍കി എങ്കിലും കഥാഗതിയുമായി അത് യോജിച്ചു നില്‍ക്കുന്നു . മേളയിലെ  Rose (Poland) , When I saw You (Jordan-Palestine) , The color of Chameleon (Bulgarian)  എന്ന ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു . ഈ ഇഷ്ടമെല്ലാം കാഴ്ചക്കാരന്‍ എന്ന നിലയില്‍ ആണ് . അല്ലാതെ ചലച്ചിത്ര നിരൂപകന്‍ എന്ന നിലയില്‍ അല്ല . എങ്കിലും, നമ്മുടെ കൊടിവച്ച  സ്വന്തം സിനിമാക്കാര്‍  ഇനിയും എത്രമാത്രം സഞ്ചരിക്കുവാന്‍ കിടക്കുന്നു എന്ന് ഇത്തരം മേളകള്‍  നമുക്ക് മനസ്സിലാക്കിത്തരുന്നു .

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ