Skip to main content

സന്ദർശനം


അശോകൻ അഞ്ചത്ത്‌

ഏറ്റവും പ്രിയപ്പെട്ട ഓമനേടത്തി മരിച്ചപ്പോൾ അയാൾ നഗരത്തിലേക്കു പോകുന്ന തീവണ്ടിയിലായിരുന്നു. പുഴയ്ക്കു കുറുകെയുള്ള പാലത്തിലൂടെ വണ്ടി കടന്നുപോകുമ്പോൾ മൊബെയിൽ ശബ്ദിച്ചു. ചെവിയോട്‌ ചേർത്തപ്പോൾ അങ്ങേതലയ്ക്കൽ നിന്ന്‌ പരിഭ്രമിക്കുന്ന സ്വരം കേട്ടു.
-രവി, പ്തമേടത്തിയാണ്‌. നമ്മുടെ ഓമനേടത്തി പോയെടാ...
അയാൾ നിമിഷനേരത്തേക്ക്‌ ഒന്നും മിണ്ടാനായില്ല. സന്ധി ബന്ധങ്ങൾ അയഞ്ഞ്‌ അയാളില്ലാതായി. എപ്പോൾ... എവിടെ...എങ്ങിനെ?
നൂറുചോദ്യങ്ങൾ തലയ്ക്കുള്ളിൽ മുഴങ്ങി.
പത്മേടത്തിയുടെ ശബ്ദം പിന്നീട്‌ കേട്ടില്ല. റേഞ്ച്‌ പ്രശ്നമാണെന്ന്‌ മനസ്സിലായി.
കഴിഞ്ഞയാഴ്ചയാണ്‌ ചെന്നു കണ്ടത്‌. അന്ന്‌ വളരെ പ്രസന്നമായാണല്ലോ സംസാരിച്ചിരുന്നത്‌. സുമയ്ക്ക്‌ വിളിച്ചു.
അറിഞ്ഞു രവ്യേട്ടാ... പത്മേടത്തി പറഞ്ഞു. ഞാൻ പോവ്വാണ്‌.
അയാൾക്ക്‌ പോകാനായില്ല. മുപ്പതുദിവസമാണ്‌ ട്രെയിനിങ്ങ്‌. നൊമ്പരപ്പെടുത്തി കടന്നുപോയ മുപ്പതുനാളുകൾ. പിന്നീട്‌ നാട്ടിലെത്തിയപ്പോൾ ഓടുകയായിരുന്നു. മനസ്സിൽ നിറയുന്ന ശൂന്യതയോടെ പഴയ തറവാടിന്റെ മുറ്റത്തു നിന്നു.
നീ വന്നു അല്ലേ...?
കൂരിരുട്ടുപോലെ താടിവളർന്ന ഗോപേട്ടന്റെ ക്ഷീണിച്ച മുഖത്തുനിന്നും അയാളെ തകർക്കുന്ന ചോദ്യമുണ്ടായി.
നീണ്ടവിരലുകൾ പാൽകുപ്പികൾ കഴുകി തുടയ്ക്കുന്ന തിരക്കിലായിരുന്നു. തൊഴുത്തിൽ അമറിക്കരയുന്ന പശുക്കൾ.
ഇടയ്ക്ക്‌ ഗോപേട്ടൻ രണ്ടുപ്രാവശ്യം പറഞ്ഞിരുന്നു.
-ഇരിക്ക്‌ .
അയാൾ വേറെ ഏതോ ലോകത്തായിരുന്നു.
ഉമ്മറതിണ്ണയിൽ കയറിയിരുന്നാൽ ഏടത്തി അരികത്തു വന്നിരിക്കും.
ടൂവീലർ മുറ്റത്തുവന്നുനിന്ന്‌ കിതയ്ക്കുമ്പോൾ തന്നെ പൂമുഖവാതിൽ തുറക്കപ്പെടും. അതായിരുന്നു പതിവ്‌. ഒരു കുടന്നമുല്ലപ്പൂപോലെ മുഖത്ത്‌ നിറയുന്ന ചിരിയുണ്ടാവും.
-നിന്നെ ഇന്നലെ ഓർത്തേ ഉള്ളൂ...
പട്ടണത്തിലേക്കെത്തുമ്പോൾ സന്തത്തസഹചാരിയായ ടൂവീലറിനറിയാം. അടുത്ത ഗ്രാമത്തിൽ അയാളുടെ ചേച്ചി കാത്തിരിപ്പുണ്ടാവുമെന്ന്‌.
ഞാൻ വൈകും. ഓമനേടത്തിയെ കാണണം.
സുമയോടു പറഞ്ഞീട്ടാകും ഇറങ്ങുക. തണുപ്പുറയുന്ന ഈ തിണ്ണയിലിരുന്ന്‌ എന്തെല്ലാം വിശേഷങ്ങൾ...
ജീവിതം മുഴുവൻ ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്ന തലവേദന കാര്യം. ഡോക്ടർമാർക്കും ടെസ്റ്റുകൾക്കും നൽകേണ്ടി വരുന്ന അമിത ചാർജുകൾ.
ചായകുടിപ്പിച്ചീട്ടെ പറഞ്ഞയക്കൂ. ചിത്രപണികൾ ചെയ്ത പ്ലേറ്റിൽ പലഹാരങ്ങൾ നിറച്ച്‌ കൊണ്ടുവച്ച്‌ അടുത്തിരിക്കുമ്പോൾ പറയും.
-അടുത്തയാഴ്ച സുജേം, ചന്ദ്രേട്ടനും വരും. ഞാൻ ഒരു കുല കായ വെട്ടി വറുത്തുവച്ചേക്ക്വാണ്‌...
ഗോപേട്ടന്റെ അധ്വാനത്തിന്റെ ഫലസമൃദ്ധി പറമ്പുനിറയെ കാണുന്നു.
സുജയ്ക്ക്‌ എന്റെ പ്രായമാണ്‌. ചന്ദ്രേട്ടൻ മൂത്ത ആങ്ങളയും. ചിലപ്പോൾ പറയാറുണ്ട്‌.
-സുജ വിളിക്കുമ്പോഴൊക്കെ നിന്റെ കാര്യവും അന്വേഷിക്കാറുണ്ട്ട്ടോ...
-സുഖമാണെന്നു പറഞ്ഞോളു...
-ജോലീപ്പോ തൃശൂര്‌ തന്നെല്ലേ...എന്നും പോയി വർവ്വാ...?
അതെ.
നിന്റെ വീടുപണിയൊക്കെ എന്തായി.
വാചകവീട്‌ അന്വേഷിക്കുന്നു. കിട്ടിയിട്ടില്ല. അതുകേട്ടപ്പോൾ അടുത്തേക്ക്‌ നീങ്ങിയിരുന്നു പറഞ്ഞു.
നീയ്യും, സുമേം, കുട്ട്യോളും ഇങ്ങ്ട്‌ പോരെ. ഇവിടെ ഞാനും, ഗോപേട്ടനും മാത്രംല്ലേ ഉള്ളൂ. ഈ വലിയ വീട്‌ പൊളിക്കണമെന്ന്‌ വിചാരിച്ചിട്ട്‌ കഴിയണില്ല.
അവിടെ താമസിക്കേണ്ടിവന്നില്ല. അവസാനം ഭാഗ്യംപോലെ വേറൊരു വീടുകിട്ടി. അപ്പോൾ ഒരു നിരാശ മനസ്സിൽ ബാക്കി നിന്നു.
ചേച്ചിയോടൊത്ത്‌ കുറച്ചുകാലമെങ്കിലും ഒരുമിച്ച്‌ താമസിക്കാൻ കഴിഞ്ഞില്ലല്ലോ.
മരയഴികളിട്ട ജനലുകൾ. കുടുസ്സുമുറികൾ. ചായം തേച്ചു പിടിപ്പിച്ചിട്ടുള്ള തൂണുകൾ. വർഷങ്ങളോളം കണ്ടു പരിചയിച്ചിട്ടുള്ള അയാളുടെ പ്രിയപ്പെട്ട ഇടത്താവളം.
ഓർമ്മകൾ ഒഴുകിയൊഴുകി കാലങ്ങൾക്കപ്പുറത്തേക്കു പോകുന്നു.
അച്ഛന്റെയൊപ്പം വലിയച്ഛന്റെ വീട്ടിലേക്ക്‌ മനസ്സിൽ ഉത്സവതിമർപ്പോടെ നടന്ന പന്ത്രണ്ടു വയസ്സുകാരൻ.
വല്യച്ഛന്റെ വീട്‌ വല്ലാതെ ഇഷ്ടപ്പെട്ടു. ജാലകത്തിനപ്പുറം നിന്ന്‌ ചേച്ചിയും അനുജത്തിയും വിളിച്ചു. ടെയിലറിങ്ങ്‌ മേഷീനു പിന്നിലിരുന്ന കൊലുന്നനെയുള്ള ചേച്ചിയാണ്‌ വിശേഷങ്ങൾ ചോദിച്ചതു. അനുജത്തി മിണ്ടാതെ നിന്നു. ഇടയ്ക്ക്‌ ചിരിച്ചുകാണിച്ചു.
പഠിപ്പിന്റെ വിശേഷങ്ങൾ. ഒരു അന്തർമുഖനെപോലെ നടക്കുന്നതുകണ്ടപ്പോൾ സ്നേഹപൂർവ്വം ഉപദേശിച്ചു.
ഇങ്ങിനെ നടന്നാൽ മതിയോ...നീ വലിയ ആളാവണ്ടതല്ലേ...രവീ...
-അമ്മ എങ്ങട്ടും പറഞ്ഞയക്കില്ല. കളിക്കാൻ പോലും...
പിന്നീട്‌ അമ്മയോടായി ഉപദേശം.
-കുഞ്ഞമ്മേ, രവിയെ എല്ലായിടത്തക്കും പറഞ്ഞയ്ക്കു...ആൺകുട്ട്യല്ലേ...
എവിടൊക്കെ കേറി ചെല്ലണ്ടതാ.
-കുഞ്ഞമ്മേ...ആഴ്ചയിലൊരിക്കൽ അവനെ ഇങ്ങോട്ടു പറഞ്ഞയക്കൂ. ഇത്‌ അന്യവീടല്ലല്ലോ...വല്ല്യച്ഛന്റെ വീടല്ലേ...
എന്റെ വളർച്ചയ്ക്കൊപ്പം ഉപദേശങ്ങൾ തന്ന്‌, സ്നേഹിച്ച്‌...ലാളിച്ച്‌...
ജനാലയ്ക്കപ്പുറം ചുണ്ടിൽ മന്ദസ്മിതവുമായി നിന്ന അനുജത്തി പിന്നീട്‌ മുന്നിൽ നിന്ന്‌ സംസാരിക്കാൻ തുടങ്ങി.
പഠിപ്പ്‌ കഴിഞ്ഞപ്പോൾ പല ജോലികളിലും ഏർപ്പെട്ടു. കുടുംബത്തിലെ കഷ്ടപ്പാടുകൾ. അച്ഛന്‌ എപ്പഴും  പ്രാരാബ്ധങ്ങളാണ്‌. ഒഴിവുവേളകളിലൊക്കെ വല്യച്ഛന്റവിടേക്ക്‌ ഓടിയെത്തി. കാത്തിരിക്കാൻ ഒരു ചേച്ചിയുണ്ടെന്ന അറിവ്‌ എപ്പഴും ഒരു നിറനിലാവായി മനസ്സിൽ കിടന്നു. അപ്പോഴൊക്കെ സംതൃപ്തിയോടെ അറിയിച്ചു.
-നിനക്കു നന്നാവും. കഴിഞ്ഞാഴ്ച അച്ഛൻ വന്നിരുന്നു. നിന്നെക്കുറിച്ച്‌ പറയുമ്പോൾ ചെറിയച്ഛന്‌ നൂറുനാവാണ്‌. പതിനെട്ടു വയസ്സായപ്പോഴെക്കും എന്തു പണിയൊക്കെയാണ്‌ നീ ചെയ്യണത്‌. കുട്ടികൾക്ക്‌ ട്യൂഷൻ. മെഡിക്കൽ ഷാപ്പിലെ ജോലി.
പിന്നീട്‌ എന്തെല്ലാം മാറ്റങ്ങൾ. ഗോപേട്ടനുമായുള്ള വിവാഹം. വല്യച്ഛന്റെ മരണം. അനുജത്തിയുടെ കല്യാണം. മഹാനഗരത്തിലേക്കുള്ള പറിച്ചുനടൽ. വല്യമ്മയുടെ മരണം.
ഒടുവിൽ പകളൊക്കെ ചേച്ചി ഒറ്റപ്പെട്ടു. വലിയ തറവാടിലെ മൗനത്തിൽ ജീവിതത്തെ അസ്വസ്ഥമാക്കുന്ന വേദനകളുമായി.
ഏടത്തിക്കടുത്തു ചെല്ലുമ്പോഴൊക്കെ വല്ലാത്ത സന്തോഷമായിരുന്നു.
മറന്നില്ലല്ലോ നീ...ഓടിവരണുണ്ടല്ലോ ഇപ്പോഴും.
ഹൃദയം നിറഞ്ഞുള്ള അനുഗ്രഹങ്ങൾ. അതുകൊണ്ടുകൂടിയല്ലേ ഇത്രയൊക്കെ ആകാൻ കഴിഞ്ഞത്‌.
പക്ഷെ.
ഇപ്പോൾ മനസ്സുനിറയെ നിരാശയുടെ കിനാവള്ളികളാണ്‌. ചേച്ചിയില്ലാത്ത ലോകത്ത്‌ ജീവിക്കാൻ വിഷമമുണ്ട്‌.
അയാൾക്ക്‌ ഒന്നു തേങ്ങിക്കരയണമെന്ന്‌ തോന്നി. അയാളുടെ കണ്ണുകൾ തൊടിയിലേക്കു ചെന്നു. വാഴക്കൂട്ടങ്ങൾ നശിക്കാൻ തുടങ്ങുന്നു.
അതൊന്നും നോക്കണ്ട. എല്ലാം പോയി. എന്റെ ശ്രദ്ധക്കുറവ്‌. എനിക്ക്‌ ഒന്നിനും പറ്റണില്ല. എന്നെ തനിച്ചാക്കിയിട്ട്‌ എന്തിനാ അവള്‌ പോയത്‌...?
ഗോപേട്ടൻ പുലമ്പുന്നു. വിഷമിക്കണ്ട എന്നു പറഞ്ഞ്‌ സമാധാനിപ്പിക്കാൻ ഒരു മകനോ മകളോ ഇല്ലാതെ...
അലങ്കോലമായി കിടക്കുന്ന വീടും തൊടിയും. തൊട്ടാവാടി ചെടികൾക്കപ്പുറത്ത്‌ നാരായണ കിളികൾ ചിലച്ചുനടക്കുന്നു. ഇരയും കൊത്തി കിണറിന്റെ ആഴങ്ങളിലേക്ക്‌ പറന്നിറങ്ങുന്ന നീലപൊൻമാൻ.
അവിടെയാണ്‌  അവളുറങ്ങുന്നത്‌. അവളുടെ അമ്മ ഉറങ്ങുന്നത്‌.
പ്ലാവിൻ ചുവട്ടിലേക്കു ചൂണ്ടി ഗോപേട്ടൻ പറഞ്ഞു. ആറടി നീളത്തിൽ ചാരനിറമുള്ള മണ്ണിന്റെ കൂന നിരാശയോടെ കിടക്കുന്നു.
അയാൾ കൈകൂപ്പി.
മാപ്പ്‌. പോയപ്പോൾ അരികത്തുണ്ടാവാൻ കഴിയാത്തതിന്‌.
ഗോപേട്ടൻ പാൽക്കുപ്പികൾ കഴുകി കഴിഞ്ഞിരിക്കുന്നു.
ഇവറ്റകളെം വിൽക്കാൻ പോക്വാ-നോക്കി നടത്താൻ വയ്യാ. അവളുണ്ടെങ്കിൽ എല്ലാത്തിനും ഒരുരസമുണ്ടായിരുന്നു.
തൊഴുത്തിൽ അശാന്തരായി നിൽക്കുന്ന പശുക്കളെ നോക്കി ഗോപേട്ടൻ പറഞ്ഞു.
ഞാൻ ചായവച്ചാൽ നീ കുടിക്ക്വോ-
ചായ വേണ്ട. ഞാൻ പോവ്വ്വാണ്‌.
ചോറ്‌ ഞാനിവിടെ വയ്ക്കാറില്ല. അപ്പറത്ത്ന്ന്‌ പ്രേമ കൊണ്ടുവരും.
പറഞ്ഞപ്പോഴേക്കും പടികടന്ന്‌ പ്രേമ എത്തി. കൈയ്യിൽ ഗോപേട്ടനുള്ള ഭക്ഷണം.
രണ്ടു പേരും വലിയ കൂട്ടായിരുന്നു. പട്ടണത്തിൽ ഡോക്ടർക്കടുത്തു പോകുമ്പോഴൊക്കെ.
രവ്യേട്ടൻ എപ്പോ വന്നു.?
കുറച്ചു നേരായി...
ഇലച്ചീന്തുകൊണ്ട്‌ അടച്ചു ഭക്ഷണം അടുക്കളയിൽ വച്ച്‌ അവൾ പൂമുഖത്ത്‌ വന്നു.
എന്റെ ഈ കൈയ്യിൽ കിടന്നാ രവ്യേട്ടാ പോയത്‌. പാവം. കുത്തിപിളരുന്ന വേദന ഒരുപാട്‌ വിഷമിപ്പിച്ചു. വിയർപ്പും.
അവർ കരഞ്ഞുപോകുമോ എന്നയാൾ സംശയിച്ചു.
അന്ന്‌ സന്ധ്യക്ക്‌ നല്ല മഴപെയ്തിരുന്നെന്ന്‌ പ്രേമ പറഞ്ഞു.
നമ്മുടെയൊക്കെ കണ്ണീരുപോലെ.
രവ്യേട്ടന്റെ കാര്യം എപ്പഴും പറയാറുണ്ട്‌.
ഉം. അയാൾ മൂളി.
അവള്‌ പോവുമ്പോ കാര്യായിട്ട്‌ ഒന്നും ഉണ്ടായിരുന്നില്ലടാ...തലവേദന സഹിക്കണില്ലാന്ന്‌ പറഞ്ഞ്‌ നിലവിളിയായിരുന്നു. കാലത്തും വൈകിട്ടും ഡോക്ടർക്കടുത്ത്‌ കൊണ്ടുപോയിരുന്നു. എന്നിട്ടും അവള്‌ പോയി.
ഗോപേട്ടൻ അയാൾക്ക്‌ ബോധ്യപ്പെടാനെന്ന മട്ടിൽ പറഞ്ഞു.
ദണ്ണിച്ചു കിടന്നപ്പോൾ എന്നെ എന്തുകൊണ്ട്‌ വിളിച്ചില്ല.
അയാളുടെ മനസ്സ്‌ ഓമനേടത്തിയുടെ ആത്മാവിനോടു ചോദിച്ചു.
ഞാൻ വരാം. അയാൾ തിരിച്ചിറങ്ങാൻ തുടങ്ങി.
കാവില്‌ വിളക്കു വയ്ക്കാനൊന്നും ഞാനിനി പോവില്ല. ദേഷ്യാടാ എനിക്കു ദൈവങ്ങളോട്‌. എന്നെക്കാൾ മുമ്പേ അവളെ കൊണ്ടുപോയതിന്‌.
ഗോപേട്ടൻ നിരാശയോടെ വീണ്ടും പറഞ്ഞു.
ഞാൻ ഇടയ്ക്കൊക്കെ വരാം.
വെയിലിന്റെ ധാരാളിത്തത്തിലേക്ക്‌ അയാളിറങ്ങി.
നീ പോവ്വ്വാടാ...
മൺകൂനയിൽ നിന്നും നെഞ്ചുപൊട്ടുന്ന ശബ്ദം.
വരാം. എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഒരിടം ഇതായിരുന്നില്ലേ...
എന്താ ചേട്ടാ ഈ കാണുന്നത്‌. ബീഡിക്കുറ്റീം...
ഗോപേട്ടനെ സ്നേഹത്തോടെ ശാസിച്ച്‌ പ്രേമ അടിച്ചു വാരാൻ തുടങ്ങുന്നു. കൈനറ്റിക്‌ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അയാൾ സ്വയം പറഞ്ഞു.
ഈ വഴി ഒരിക്കലും മറന്നു പോകരുത്‌.
പട്ടണത്തിൽ വരുമ്പോഴൊക്കെ ഇവിടെ വരണം.
മൺകൂനക്കടിയിൽ സ്നേഹത്തിന്റെ ഒരു പുഴ കാത്തു കിടപ്പുണ്ടാവും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…