ഗുരുവന്ദനം


അമ്പാട്ട്‌ സുകുമാരൻനായർ

    മൂന്നുവയസ്സു തികഞ്ഞപ്പോൾത്തന്നെ അച്ഛനെന്നെ ആശാൻകളരിയിൽ കൊണ്ടുപോയി എഴുത്തിനിരുത്തി. ഇന്നിതെഴുതുമ്പോൾ എനിക്കു വയസ്സെഴുപത്തേഴ്‌. എങ്കിലും ആശാൻ കളരിയിലെ ആ പഠനത്തെക്കുറിച്ച്‌ ഇന്നെന്നപോലെ ഞാനോർക്കുന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എന്തെല്ലാം അനുഭവങ്ങളുണ്ടായിട്ടുണ്ട്‌. അവയിൽ പലതും ഓർമ്മയിൽ തങ്ങി നിൽക്കുന്നില്ല. എങ്കിലും ആശാൻ കളരിയിലെ പഠിത്തം മരണം വരെ മറക്കില്ല.
    മുണ്ടയ്ക്കൽ തറവാട്ടിലെ രാമനാശാനാണ്‌ എന്റെ ആദ്യഗുരു. അന്ന്‌ മഹാനവമി നാളിൽ ആശാന്റെ മടിയിലിരുത്തിയാണ്‌ എന്റെ നാവിൽ ഹരിശ്രീ കുറിച്ചതു. എന്നോടൊപ്പം വെറെയും കുട്ടികളുണ്ടായിരുന്നു. എല്ലാവരുടെയും നാവിൽ അക്ഷരം കുറിച്ചതിനുശേഷം അവലും മലരും ശർക്കരയും കൽക്കണ്ടവും ഉണക്കമുന്തിരിങ്ങയും എല്ലാം ചേർത്ത്‌ വയറുനിറയെ കഴിക്കാൻ തന്നു.
    ആദ്യദിവസം തന്നെ ഹരിശ്രീ കുറിച്ച ഒരോല ആശാൻ എനിക്കു തന്നു. അതുവാങ്ങിക്കൊണ്ട്‌ ആശാണ്‌ ദക്ഷിണ കൊടുത്തത്‌ നന്നായി ഓർക്കുന്നു. ദക്ഷിണ വാങ്ങിക്കൊണ്ട്‌ ആശാൻ നിറുകയിൽ കൈവച്ച്‌ അനുഗ്രഹം ചൊരിഞ്ഞു. പിറ്റേദിവസം മുതൽ ഒരു കുടുക്ക പൊടിമണലും തലക്കെട്ടോടുകൂടിയ എഴുത്തോലയും ഇരിക്കാനുള്ള തടക്കുമായാണ്‌ കളരിയിൽ പോയത്‌.
    ഉള്ളിലുള്ള സ്നേഹം പുറത്തുകാണിക്കാത്ത ആളാണ്‌ ആശാൻ. ചിലപ്പോൾ ആശാനു ദേഷ്യം വന്നാൽ വിരൽ പിടിച്ച്‌ മണലിൽ അമർത്തി എഴുതിക്കും. ചൂരൽ പ്രയോഗവുമുണ്ട്‌. കളരിയോട്‌ ചേർന്ന്‌ ഒരുമൂട്‌ ചൂരൽ നട്ടു പിടിപ്പിച്ചിരുന്നു. ഞങ്ങൾ കുട്ടികൾ എന്നും അതിനു ചുവട്ടിൽ ആശാൻ കാണാതെ മൂത്രമൊഴിച്ചു വയ്ക്കും. മൂത്രമൊഴിച്ചാൽ ചൂരൽ ഉണങ്ങിപ്പോകുമെന്ന്‌ ആരോ ഞങ്ങൾക്കു പറഞ്ഞു തന്നിരുന്നു.
    രണ്ടു വർഷക്കാലം ആശാൻ കളരിയിൽ പഠിച്ചു. പക്ഷേ, ആ ചൂരൽ ഉണങ്ങിയില്ല. അത്‌ പൂർവ്വാധികം ശക്തിയായി വളർന്നു വന്നു. സത്യത്തിൽ കളരിയിൽ പോകുന്നത്‌ ഒരു പേടി സ്വപ്നമായിരുന്നു. ആശാന്റെ അടി കൊള്ളാത്ത ദിവസങ്ങളുണ്ടാവില്ല. അതൊരു പീഡനകാലമായിരുന്നുവേന്നു പറയാതെവയ്യ. കളരിയിലേക്കു പോകണമെന്നു പറയുമ്പോഴേ കുട്ടികൾ കരയാൻ തുടങ്ങും. കളരിയിൽ നിന്നു തിരിച്ചു വരുമ്പോൾ പിഞ്ചുതുടയിൽ ചൂരലിന്റെ പാട്‌ തിണർത്തു കിടക്കും. പഠിച്ചില്ലെങ്കിൽ നല്ല അടികൊടുത്തുകൊള്ളണമെന്നാണ്‌ രക്ഷാകർത്താക്കൾ ആശാനോടു പറയുന്നത്‌. എവിടെ നിന്നുമില്ല ഒരിറ്റു കാരുണ്യം. സഹിക്കുക തന്നെ. ചില ആശാന്മാർ നാരായം (എഴുത്താണി) കൊണ്ട്‌ നല്ല കിഴുക്കുതരുമത്രെ! എന്തായാലും ആ പീഡനം എനിക്ക്‌ സഹിക്കേണ്ടി വന്നിട്ടില്ല.
    'ചിന്തം കയറ്റം' കിട്ടുന്നതോടെ മണലിലുള്ള അഭ്യാസം കഴിയും. മണൽക്കുടുക്കയോടും തലക്കെട്ടുള്ള ഓലയോടും വിട പറയും. ചിന്തം കയറുക എന്നു പറഞ്ഞാൽ ക്ലാസ്‌ കയറ്റം കിട്ടുക എന്നാണർത്ഥം. അക്ഷരം മുഴുവൻ പഠിച്ചു കഴിഞ്ഞാലാണ്‌ ചിന്തം കയറുന്നത്‌. ഓരോ കുട്ടിയും അവൻ പഠിച്ചു തീരുന്ന ക്രമത്തിലാണ്‌ ചിന്തം കയറ്റം. അതൊരാഘോഷമാണ്‌. കളരിയിൽ നിലവിളക്കു കൊളുത്തി വയ്ക്കും. വിളക്കിനുമുമ്പിൽ ഒരു തൂശനിലയിൽ അവലും മലരും പഴവും ശർക്കരയും മുന്തിരിങ്ങയും കൽക്കണ്ടവുമൊക്കെ കൂട്ടിക്കലർത്തിവൈക്കും.
    ചിന്തം കയറുന്ന കുട്ടിയെ ആശാൻ മടിയിലിരുത്തി അക്ഷരം മുഴുവൻ ഉച്ചാരണശുദ്ധിയോടെ ചൊല്ലിക്കും. പിന്നെ ദക്ഷിണവാങ്ങി അനുഗ്രഹിക്കും. അനുഗ്രഹം നൽകിക്കഴിഞ്ഞ്‌ എല്ലാ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പ്രസാദം നൽകും. ഇനി ഒരുവർഷക്കാലം കൂട്ടി എഴുതാനും കൂട്ടി വായിക്കാനും പഠിപ്പിക്കും. കണക്കുപട്ടികയും പഠിപ്പിക്കും. അവിടെയും കിട്ടും നല്ല പ്രഹരം. ഉച്ചാരണം അൽപമൊന്നുപിഴച്ചാൽ അടി ഉറപ്പാണ്‌.
    ഇന്ന്‌ നല്ല പഠിപ്പുള്ളവർപോലും അക്ഷരശുദ്ധിയില്ലാതെ മലയാളം പറയുന്നത്‌ കേൾക്കുമ്പോൾ ചൂരലുമോങ്ങി നിൽക്കുന്ന ആശാന്റെ രൂപം മനസ്സിൽ തെളിഞ്ഞുവരും. ഇന്ന്‌ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നത്‌ കളി തമാശകളിൽക്കൂടിയാണ്‌. പീഡനമശേഷമില്ല. പഠനം ലഘൂകരിക്കാൻ പുതിയ സമ്പ്രദായങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്‌. ഇത്‌ വളരെ നല്ലകാര്യമാണ്‌. കുട്ടികളെ തല്ലിപഠിപ്പിക്കണമെന്നൊരു ചൊല്ലുണ്ടായിരുന്നു. ആ കാലമൊക്കെ പോയി. ഇന്ന്‌ പഠിക്കാനെന്തെന്ത്‌ സൗകര്യങ്ങൾ. പഠിത്തം രസകരമാണിന്ന്‌. പക്ഷേ, ഒരുകാര്യം പറയാതെവയ്യ. ഇന്നത്തെ തലമുറയ്ക്ക്‌ അക്ഷരശുദ്ധി അശേഷമില്ല. പഠിപ്പിക്കുന്നവർക്കുമില്ല അക്ഷരശുദ്ധിയും ഭാഷാശുദ്ധിയും. പഠിപ്പിക്കുന്ന എല്ലാവരെക്കുറിച്ചുമല്ല പറഞ്ഞത്‌. ഏറിയപങ്കും അത്തരക്കാരാണ്‌.
    അക്ഷരം പഠിപ്പിക്കാൻ ബാല്യത്തിൽ ആശാൻ തന്നെ എത്തണം. എന്തൊക്കെ പീഡനങ്ങൾ അന്ന്‌ സഹിക്കേണ്ടിവന്നുവേങ്കിലും ഗുരുനാഥനെന്നു പറയുമ്പോൾ മനസ്സിൽ തെളിയുന്നത്‌ ആശാന്റെ ഭവ്യരൂപമാണ്‌.
    സ്നേഹപൂർവ്വം മടിയിലിരുത്തി നാവിലക്ഷരംകുറിച്ചു തന്ന, ചെവിയിൽ അക്ഷരമന്ത്രമോതിത്തന്ന ആ ഗുരുനാഥൻ ഈശ്വരതുല്യനാണ്‌. അദ്ദേഹത്തിന്‌ പ്രണാമം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ