22 Dec 2012

നോട്ടം

ബി.ഗോപാലകൃഷ്ണൻ


യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ മലയാള സാഹിത്യ നിരൂപണ ശാഖയെക്കുറിച്ച്‌ ചർച്ച ചെയ്യുമ്പോൾ ഒരു സാഹിത്യാസ്വാദകന്റെ ചില സന്ദേഹങ്ങളാണ്‌ ചുവടെ ചേർക്കുന്നത്‌. ഇത്‌ ചോദ്യം ചോദിക്കലല്ല. വായന സമൂഹത്തിലെ ഒരു പ്രതിനിധി എന്ന നിലയ്ക്കുള്ള ചികിത്സ തേടലാണ്‌. രോഗം വായനക്കാർക്കാണെങ്കിൽ അത്‌ ചികിത്സിച്ച്‌ ഭേദമാക്കേണ്ടതുണ്ട്‌. ഒരു കാര്യം നമുക്ക്‌ ഉറപ്പിച്ചു പറയാം. എഴുതുന്നത്‌ വായിക്കപ്പെടുമ്പോൾ മാത്രമേ എഴുത്തുകാരനുണ്ടാകുന്നുള്ളു. ആ കേവല സത്യത്തെ തിരിച്ചറിഞ്ഞുകൊണ്ട്‌ ചില സംശയങ്ങൾ പങ്കുവയ്ക്കുന്നു.
    മലയാളത്തിലുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും വരുന്ന സാഹിത്യ സംബന്ധിയായ നിരവധി ലേഖനങ്ങളും നിരൂപണ പ്രബന്ധങ്ങളും അക്കാഡമിക്‌ പാണ്ഡിത്യമൊന്നുമില്ലാത്ത സാധാരണ വായനക്കാരെ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല; ഒരു ന്യൂനപക്ഷം മാത്രം ഇതൊക്കെ വായിക്കുന്നു. സാധാരണക്കാരനെ അകറ്റിക്കളയുന്ന ക്ലിഷ്ടവും, വളച്ചു കെട്ടിയതുമായ ഭാഷാപ്രയോഗം മൂലം എഴുത്തുകാരൻ അവന്റെ വായനക്കാരെ പടിക്കു പുറത്തു നിറുത്തുന്നു. നഷ്ടം വായനക്കാരനല്ല; എഴുത്തുകാർക്കല്ലേ?
    ആസ്വാദനവും അഭിപ്രായവും എന്തൊക്കെപ്പറഞ്ഞാലും വ്യക്തിനിഷ്ടമാണ്‌. എങ്കിലും ഒരു കൃതിയെ വിലയിരുത്തുമ്പോൾ, അല്ലെങ്കിൽ ഒരെഴുത്തുകാരനെ വിലയിരുത്തുമ്പോൾ, വിമർശകന്റെ 'ഞാൻ'അൽപം അകന്നു നിൽക്കേണ്ടതല്ലേ?
    തനിക്കു ചുറ്റുമുള്ള ഉപഗ്രഹങ്ങൾക്കുമാത്രം പ്രകാശം ചൊരിഞ്ഞുകൊടുക്കുന്ന ലേസർ ഷോ നടത്തിപ്പുകാരനായി ചില നിരൂപകരെങ്കിലും മാറിപ്പോകുന്നില്ലേ? അവിടെ വർഗ്ഗവും ജാതിയും മതവും പദവിയും നിഗോ‍ൂഢമായി സ്വാധീനം ചെലുത്തുന്നു എന്നു പറഞ്ഞാൽ നിഷേധിക്കാനോക്കുമോ?
    നിരൂപണ സാഹിത്യം പൊതുവേ ഭാരത സംസ്കൃതിയുടെ അടിത്തറ മറന്നുകൊണ്ട്‌ വൈദേശിക തത്വദർശന പദ്ധതികളെയും സിദ്ധാന്തങ്ങളെയും മാത്രം അടിസ്ഥാനമാക്കുന്നത്‌ ആശാസ്യമാണോ? ഒന്നും തിരസ്കരിക്കേണ്ടതില്ല എന്ന വാദം അംഗീകരിക്കുമ്പോൾ തന്നെ പൈതൃകത്തെ തമസ്കരിച്ചു കളയുക എന്നത്‌ കുലംകുത്തലല്ലേ?
    പാശ്ചാത്യ സാഹിത്യപരിചയം വച്ചുകൊണ്ട്‌ ഏതൊരു കൃതിയെ വിലയിരുത്തുമ്പോഴും നിരൂപകന്റെ മുമ്പിൽ സാധാരണക്കാരനില്ല; 19-​‍ാം നൂറ്റാണ്ടിലെ സോറൻകീർക്കെ ഗോറിനെയും, ഇമ്മാനുവൽ കാന്റിനെയും ഫെഡ്‌റിക്‌ നീത്ഷേയെയും മറ്റും ഉദ്ധരിച്ചുകൊണ്ട്‌ നിരൂപണ സാഹിത്യം അക്കാഡമിക്‌ തലത്തിൽ ഒതുങ്ങിപ്പോവുകയല്ലേ ചെയ്യുന്നത്‌?
    'മാർക്ക്സിനെ വിലയിരുത്തികൊണ്ട്‌ 'അറോണിവിച്ച്‌' സിദ്ധാന്തിക്കുന്നുണ്ട്‌.' എന്നൊക്കെ എഴുതുമ്പോൾ സാദാവായനക്കാരനെ ഭയപ്പെടുത്തലല്ലേ ഇത്‌. സാധാരണക്കാരന്‌ 'അറോണിവിച്ച്‌' ആരാണെന്നന്വേഷിക്കാൻ നേരമെവിടെയാണ്‌!?
    ഭാരതീയ കാവ്യ സിദ്ധാന്തങ്ങളെയും, പ്രാക്തന കാവ്യ സൈദ്ധാന്തികരായ ബാണൻ,ദണ്ഡി, ഭാമഹൻ, കുന്തകൻ, വൈശിക തന്ത്രരചയിതാക്കൾ തുടങ്ങിയവരെപ്പറ്റിയൊക്കെ മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കാൻ ലീലാവതി ടീച്ചറൊഴികെ ആധുനിക നിരൂപകരിൽ എത്രപേർക്ക്‌ കഴിയുന്നുണ്ട്‌?

നിരീക്ഷണം

    എം.കെ.ഹരികുമാറിനെപ്പോലുള്ള ചുരുക്കം ചില നവ നിരൂപകരെ വായനക്കാർ നെഞ്ചേറ്റുന്നത്‌ അവർ പാശ്ചാത്യലോകത്തെ ഏതു കൊലകൊമ്പനെ പരിചയപ്പെടുത്തുമ്പോഴും അതിനൊരു രീതിശാസ്ത്രം കൈമുതലാക്കിയിട്ടുള്ളതുകൊണ്ടാണ്
‌. സാമാന്യ വായനക്കാരനാണ്‌ തന്റെ മുമ്പിലുള്ളതെന്ന തിരിച്ചറിവാണത്‌; പ്രഗത്ഭമതികളായ എഴുത്തുകാരെ പരിചയപ്പെടുത്തുമ്പോൾ തന്റെ പംക്തിയിലൂടെ വ്യക്തവും, സുതാര്യവുമായ ഭാഷയിൽ അക്കമിട്ടു നിരത്തി ഗ്രന്ഥപരിചയം കൂടി നടത്തി തരുന്ന ഹരികുമാറിനെ അഭിനന്ദിക്കാതെ വയ്യ. വൈദേശിക സാഹിത്യത്തിൽ അഭിരമിക്കുമ്പോൾ പോലും ഹരികുമാർ തന്റെ നാടിന്റെ പൗരാണിക സംസ്കൃതിയെ ഉൾക്കൊള്ളുന്നുണ്ട്‌. വൈക്കം ചന്ദ്രശേഖരൻ നായരുടെ 'ഗോത്രദാഹം' എന്ന നോവലിനെ വിലയിരുത്തുന്ന 'നവാദ്വൈതത്തിന്റെ പ്രഭാവം' എന്ന ലേഖനം (ഗ്രന്ഥാലോകം ഏപ്രിൽ 2012) അതിനുദാഹരണമായി ചൂണ്ടിക്കാണിക്കാം.
    ഇന്ത്യൻ സാംസ്കാരിക തനിമയുടെയും മാനവികതയുടെയും മൂല്യസങ്കൽപങ്ങൾ ഉയർത്തിപ്പിടിക്കാൻ മറ്റാരെക്കാളും സാഹിത്യനിരൂപകർക്ക്‌ കഴിയേണ്ടതാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...