22 Dec 2012

തിന്മയുടെ ബീജം


അച്ചാമ്മ തോമസ്‌

    ജീവിതത്തിൽ പലപ്പോഴായി ചെയ്തുകൂട്ടിയ കർമ്മങ്ങൾ അവ രണ്ടു തട്ടുകളിലാകുമ്പോൾ തിന്മയുടെ വശത്തേയ്ക്ക്‌ കൂടുതൽ ചരിവ്‌. എങ്ങനെ ചരിവ്‌ വരാതിരിക്കും. അത്തരമൊരു ജനനമാണല്ലോ രാവിന്റെ യാമങ്ങളിൽ ഇരുട്ടിന്റെ മറയ്ക്കുള്ളിലെ രതിക്രീഡകളിലെ സ്ഖലിതബീജങ്ങളിലേയ്ക്കു നന്മയുടെ ഉറവകളുമായ്‌ ഇറങ്ങിവന്ന മാലാഖമാർ ഭ്രാന്തിപെണ്ണിനെ കീഴടക്കുന്ന ഏതോ ദുഷ്ടയുവത്വത്തിന്റെ വന്യവും നീചവുമായ പ്രവർത്തികണ്ട്‌ ഒഴുകി നടന്ന മേഘത്തുണ്ടുകളിലൂടെ വന്നിടത്തേയ്ക്കു തന്നെ മടങ്ങി. ഇരുട്ടിൽ കാത്തുനിന്ന ആത്മാക്കൾ തിന്മയുടെ ജീവകണികകൾ പാവമാ ഭ്രാന്തിയുടെ ഉള്ളറകളിൽ നിക്ഷേപിച്ചു. പിന്നിടെന്തൊക്കെ നടന്നിരിക്കും.
    ഓർമ്മ ഉറച്ചു തുടങ്ങുമ്പോൾ കള്ളുഷാപ്പിലേ കപ്പപ്പുഴുക്കും ഇറച്ചിക്കറിയും തയ്യാറാക്കുന്നതിന്റെ വാസനകൾക്കിടയിലൂടെ ഓടിനടക്കുകയായിരുന്നു. ചത്തുകിടന്ന ഭ്രാന്തിത്തള്ളയുടെ മാറത്തുനിന്നടർത്തിയെടുത്ത കുഞ്ഞിനെ പാറുവമ്മ തന്റെ രണ്ടു പെൺകുഞ്ഞുങ്ങളുടെ കൂടെ വളർത്തി. ജീവിതത്തിൽ കിട്ടിയ ഒരേയൊരു സൗഭാഗ്യം അതിന്റെ മറുവീലയ്ക്കപ്പുറവും പാറുവമ്മയെയും മക്കളെയും സ്നേഹിച്ചു.
    മണ്ടപോയ തെങ്ങുകളും കമ്മ്യൂണിസ്റ്റ്‌ പച്ചകളും കൊണ്ട്‌ ആളനക്കമില്ലാത്ത പറമ്പിലിട്ടാണ്‌ പാറുവമ്മയുടെ കെട്ടിയോൻ കേശവൻ കാളകളെ കൊല്ലുക. വയറൊട്ടി എല്ലുകളുയർന്നു ദൈന്യതയുടെ അവതാരംപോലെ നിൽക്കുന്ന അവയെ നിർദയം അടിച്ചു വീഴ്ത്തി ചൂടാറാതെ തൊലിപൊളിച്ച്‌ ഇറച്ചിവിൽക്കുന്ന കേശവനെയാണ്‌ കണ്ടുവളർന്നത്‌. സന്ധ്യകളിൽ ചാരായമടിച്ച്‌ ഉടുതുണിഭാരമായി പറിച്ചെറിഞ്ഞ്‌ കിടക്കുന്ന കേശവനെ അച്ഛാ എന്നു വിളിച്ചു വളർന്ന തന്നിലേയ്ക്ക്‌ അസ്വഭാവമഹിമ വളർന്നത്‌ സ്വാഭാവികം.
    പിത്തശൂല പിടിച്ച ചെറുക്കൻ എത്രപെട്ടെന്നാണ്‌ വളർന്നത്‌. കപ്പപ്പുഴുക്കും കാളയിറച്ചിയും പേശികളിൽ ചൂടും ചൂരും നിറച്ചു. മസിലുകൾ ഉരുണ്ടുകളിയ്ക്കുന്ന നീണ്ടകൈകാലുകൾ. കറുത്തിരുണ്ട്‌ മുടിയും കട്ടിമീശയും. പുരുഷത്വത്തിന്റെ കരുത്തും ഉറപ്പുമായി ഇറച്ചിക്കടയിൽ നിവർന്നുനിൽക്കുമ്പോൾ അച്ഛനോടുള്ളതിനേക്കാൾ സൗഹാർദ്ദവുമായി പരിചയക്കാർ. വീടിനടുത്തുള്ള കനാലിലെ ഒഴുക്കുവെള്ളത്തിൽ നീന്തിതുടിച്ചുകയറി പോകുന്ന തന്നെ നോക്കി ഒളിഞ്ഞും തെളിഞ്ഞും നാണിപ്പിക്കുന്ന സൗന്ദര്യങ്ങളെ ഒന്നിനെയും നിരാശപ്പെടുത്താതെ അടുപ്പിച്ചുനിർത്തി. നിലാവുള്ള രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ സിരകളിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട്‌ പൊട്ടിത്തരിച്ച്‌ വികാരങ്ങൾ കിനിഞ്ഞിറങ്ങി. മദം പൊട്ടിയ കരിവീരനെപ്പോലെ പരക്കംപാഞ്ഞ്‌ കാട്ടിക്കൂട്ടിയതെന്തെല്ലാം.
    ഒടുവിൽ സിറ്റൗട്ടിലെ ഈ ചാരുകസേരയിൽ ഒടിഞ്ഞുമടങ്ങിയുള്ള കിടപ്പ്‌. പാറുവമ്മയുടെ പെൺമക്കളെ പട്ടിണിക്കിടാത്തവന്മാരുടെ കൂടെത്തന്നെ പറഞ്ഞയച്ചു. കൊന്നുകൂട്ടിയ മിണ്ടാപ്രാണികളുടെ ശാപമായിരിക്കാം സംസാരിക്കാൻ പറ്റാതെ പെട്ടെന്നൊരു ഇടിമിന്നലിൽ വളർത്തച്ഛന്റെ മരണം. പൊള്ളലേറ്റ്‌ പകുതി ജീവൻപോയ ശരീരവുമായി കിടന്നും ഇരുന്നും ഒരു ജീവിതം ബാക്കിയായി. ലോകത്തെല്ലാത്തിനോടും യാത്രാവചനംചൊല്ലി. വിവാഹിതനാകാത്തതിനാൽ ഒരു സ്ത്രീയുടെ കണ്ണുനീർ കാണാതെ കഴിഞ്ഞു. അന്ത്യത്തിനായുള്ള കാത്തിരിപ്പ്‌. അതൊരു വല്ലാത്ത കാത്തിരിപ്പുതന്നെ. പാറുവമ്മയുടെ നിസ്വാർത്ഥമായ മാതൃസ്നേഹത്തിനുമാത്രം ഇന്നും ഒരു കുറവുമില്ല. ആ കടം എങ്ങനെ വിട്ടുകിട്ടുമെന്നു മാത്രം അറിയില്ല. മറുകരതാണ്ടാനുള്ള ഈ പ്രയാണത്തിൽ വിധിയുടെ ചരടുവലിയിലെ പാവകൾ. അവ കളിയ്ക്കുന്നു ഒന്നുമറിയാതെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...