പി.രവികുമാർ
എപ്പടി പാടിനാരോ
ഡി.കെ.പട്ടമ്മാളുടെ നിര്യാണത്തോടെ കർണാടക സംഗീതത്തിലെ ഗായികാത്രയമായ എം.എസ്.സുബലക്ഷ്മി, ഡി.കെ.പട്ടമ്മാൾ, എം.എൽ.വസന്തകുമാരി എന്നിവർ നിറഞ്ഞുനിന്ന വിശുദ്ധമായ ഒരു കാലം അസ്തമിച്ചു. മണികൃഷ്ണസ്വാമി മുതൽ അരുണാസായീറാംവരെയുള്ള നിരവധി ഗായികമാർ പിന്നീട് വന്നുവേങ്കിലും അവരിൽ ആർക്കും തന്നെ ഗായികാത്രയത്തിന്റെ ഉയരങ്ങളിലേക്കെത്താൻ കഴിഞ്ഞില്ല. പുതിയ തലമുറയിലെ ഗായികമാരിൽ ആരും തന്നെ വലിയ പ്രതീക്ഷ ഉണർത്തുന്നുമില്ല.
കർണാടക സംഗീതത്തിൽ വ്യത്യസ്തമായ മൂന്നു ശൈലികൾക്ക് രൂപം നൽകിയവരാണ് സുബലക്ഷ്മിയും വസന്തകുമാരിയും പട്ടമ്മാളും. സുബലക്ഷ്മിയുടെ സംഗീതം ഭക്തിയിൽ അധിഷ്ഠിതമാണ്. വസന്തകുമാരിയുടെ സംഗീതം ബുദ്ധിപരമാണ്. പട്ടമ്മാളുടെ സംഗീതം ആചാരനിബദ്ധമാണ്.
പ്രതിഭാശാലികളെന്ന് വാഴ്ത്തപ്പെടാറുള്ള പലരുടെയും സംഗീതം ആചാരങ്ങളുടെ യാന്ത്രികതയിൽ സംഗീതം ആചാരങ്ങളുടെ യാന്ത്രികതയിൽ അമർന്ന് ചൈതന്യരഹിതമായിത്തീരുകയാണ് പതിവ്. സംഗീത ശാസ്ത്രത്തിന്റെ നിയതമായ അതിരുകൾ കടന്നുപോകുവാനുള്ള ഉൾക്കരുത്തോ, സമഗ്രമായ ജീവിതാവബോധമോ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവിടെയാണ് പട്ടമ്മാൾ ഇത്തരം ഗായകരിൽ നിന്ന് വ്യത്യസ്തയായി നിൽക്കുന്നത്. കർണാടക സംഗീതത്തിന്റെ കർക്കശമായ നിയമങ്ങൾ അതേപടി അനുസരിച്ചുകൊണ്ട് തന്നെ, മനോധർമ്മത്തിന്റെ അനന്തസാധ്യതകളിലേക്കും ആത്മാനുഭൂതിയുടെ അതീതത്തലങ്ങളിലേക്കും പ്രവഹിക്കുന്നതാണ് പട്ടമ്മാളിന്റെ സംഗീതം.
പട്ടമ്മാൾ പാരമ്പര്യത്തിൽ നിന്ന് അണുവിടപോലും വ്യതിചലച്ചില്ല; എന്നാൽ പാരമ്പര്യത്തിന്റെ ജീർണതകളെ ചോദ്യം ചെയ്യുന്നതിൽ തെല്ലും അലംഭാവം കാട്ടിയതുമില്ല.
സുബലക്ഷ്മി ത്യാഗരാജകൃതികളിലും വസന്തകുമാരി പുരന്ദരദാസകൃതികളിലും ടി.ബൃന്ദ ശ്യാമശാസ്ത്രിയുടെ കൃതികളിലുമെന്ന പോലെ, പട്ടമ്മാൾ ദീക്ഷിതർ കൃതികളിൽ ആലാപനത്തിന്റെ അനന്തസാധ്യതകൾ കണ്ടെത്തുകയായിരുന്നു. ദീക്ഷിതർ കൃതികളുടെ ഉൾക്കരുത്ത് പൂർണ്ണമായും പുറത്തുകൊണ്ടുവരാനുള്ള സൂക്ഷ്മമായ കാലപ്രമാണം പട്ടമ്മാൾ അനുസ്യൂതമായ സാധനയിലൂടെ സ്വായത്തമാക്കി. ദീക്ഷിതരുടെ 'രംഗപുരവിഹാര' സാരംഗയുടെ അപൂർവ ലാവണ്യം നാം അനുഭവിക്കുന്നു. കർണാടക സംഗീതത്തിന്റെ ചരിത്രത്തിൽ ഈ കൃതി അതിന്റെ സമസ്ത ഭാവഗാംഭീര്യത്തോടെയും പട്ടമ്മാളെപ്പോലെ മറ്റാർക്കും പാടാൻ കഴിഞ്ഞിട്ടില്ല.
ദീക്ഷിതരുടെ 'ശ്രീസത്യനാരായണം' എന്ന ശുഭപന്തുവരാളി രാഗകൃതി പട്ടമ്മാൾ പാടുന്നതു കേൾക്കുക. ഈ കൃതിയിൽ പട്ടമ്മാൾ രാഗഭാവത്തിന്റെ മുഴുവൻ സാധ്യതകളും കണ്ടെത്തുന്നു. പിന്നെ, ഭക്തിയുടെ പരകോടിയിലെത്തുന്നു. ഒടുവിൽ, രാഗഭാവവും ഭക്തിയും കടന്ന് നിർവേദത്തിലെത്തുന്നു. ത്യാഗരാജസ്വാമിയുടെ 'മുന്നു രാവണ' (തോഡി), ദീക്ഷിതരുടെ 'മാനസ ഗുരുഗുഹ' (ആനന്ദഭൈരവി), അരുണാചല കവിരായരുടെ 'യാരോ ഇവർ യാരോ' (ഭൈരവി), പാപനാശം ശിവന്റെ 'ശിവകാമസുന്ദരി' (മുഖാരി), ദേശിക വിനായകം പിള്ളെയുടെ 'വേലൻ വരുവാരെടി' (രാഗമാലിക), ശുദ്ധാനന്ദ ഭാരതിയുടെ 'തൂക്കിയ തിരുവടി' (ശങ്കരാഭരണം) തുടങ്ങി പട്ടമ്മാൾ പാടിയ എല്ലാകൃതികളും നമ്മുടെ സംഗീത സംസ്കാരത്തിന്റെ തീവ്രാനുഭവങ്ങളാണ്.
പട്ടമ്മാൾ പാടിയ എല്ലാ കൃതികളും ശുദ്ധസംഗീതത്തിന്റെ നിദർശനങ്ങളായി വിളങ്ങുന്നു. എന്നാൽ എന്നെ ഏറെ ആകർഷിച്ച അവരുടെ ആലാപനം ഇതൊന്നുമല്ല. ശുദ്ധാനന്ദ ഭാരതിയുടെ 'എപ്പടി പാടിനാരോ' എന്ന കർണാടക ദേവഗാന്ധാരി കൃതിയാണ് ഞാൻ എണ്ണമറ്റ തവണ കേട്ടാനന്ദിച്ചിട്ടുള്ളത്. ഇപ്പോഴും അതു കേൾക്കുന്നു. ഓരോ തവണ കേൾക്കുമ്പോഴും അതിന്റെ തീവ്രത കൂടിക്കൂടിവരുന്നു.
ഡി.കെ.പട്ടമ്മാൾ |
ഹ്രസ്വമായ രാഗാലാപനത്തോടെയാണ് പട്ടമ്മാൾ 'എപ്പടി പാടിനാരോ' ആരംഭിക്കുന്നത്. രാഗാലാപനത്തിന്റെ ആദ്യ സ്പർശത്തിൽതന്നെ രാഗസ്വരൂപം സുവ്യക്തമായി വെളിപ്പെടുന്നു. അക്ലിഷ്ടവും അകൃത്രിമവുമാണ് പട്ടമ്മാളിന്റെ ശൈലി. അപ്പരും സുന്ദരരും മാണിക്യവാചകരും ഗുരുമണി ശങ്കരരും തായുമാനവരും അരുണഗിരിനാഥരും അരുൾജ്യോതി വള്ളലും പട്ടമ്മാളുടെ സ്വരവിശുദ്ധിയിലൂടെ തെളിഞ്ഞുയരുന്നു. കരുണൈക്കടൽ പെരുകുന്നു. കാതലിനാൽ ഉരുകുന്നു. ഗുരുസ്മൃതിയുടെ സമൃദ്ധിയിൽ ഘനശാന്തി നിറയുന്നു. കാലാതീതരായ ഈ മഹാജ്ഞാനികളുടെ നാമശ്രവണമാത്രയിൽ തന്നെ നാം സനാഥരായിത്തീരുന്നു; അവർ നമുക്ക് അഭയമായിത്തീരുന്നു.