ചരിത്രരേഖകൾ


ഡോ.എം.എസ്‌.ജയപ്രകാശ്‌ 
ഈഴവർ ഹിന്ദുക്കളല്ല, സ്വതന്ത്രസമുദായം

ഈഴവർ ഹിന്ദുക്കളാണെന്നും ക്രൈസ്തവരും, മുസ്ലീങ്ങളും ഹിന്ദുക്കളുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും വനിതാസംഘം പ്രസിഡന്റ്‌ ഡോ.ഷേർളി പി.ആനന്ദും പറഞ്ഞുനടക്കുകയാണല്ലോ. ഭരണഘടനാപരമായി ഈഴവർ ഹിന്ദുക്കളാണെന്നാണ്‌ ഷേർളി പറയുന്നത്‌. ഭരണഘടനയിലെവിടെയാണ്‌ അങ്ങിനെ പറയുന്നതെന്ന്‌ ഷേർളി വെളിപ്പെടുത്തണം. ഹിന്ദുമതം മതമാണെങ്കിൽ അത്‌ ആര്‌ എപ്പോൾ, എവിടെ, എന്തിന്‌ സ്ഥാപിച്ചു എന്ന്‌ ഷേർളി പറയട്ടെ. വെള്ളാപ്പള്ളിക്കും മകനും അതു പറയാൻ കഴിയുമെന്നു തോന്നുന്നില്ല. നാമായി ഒരു മതത്തിലും പെടുന്നില്ലെന്ന്‌ പറഞ്ഞ ശ്രീനാരായണഗുരുവിനെ ഹിന്ദുമതക്കാരനാക്കാൻ വനിതാസംഘനേതാവിന്‌ ആരാണ്‌ അധികാരം തന്നത്‌? ശ്രീനാരായണസന്ദേശങ്ങൾ അനുസരിച്ച്‌ ജീവിച്ചാൽ ഈഴവർ തെണ്ടിപ്പോകുമെന്ന്‌ പറഞ്ഞ യോഗം നേതാവാണ്‌ വെള്ളാപ്പള്ളി നടേശൻ ആ യോഗത്തിന്റെ വനിതാ നേതാവ്‌ ഇങ്ങനെ പറയുന്നതിൽ അതിശയിക്കാനുമില്ല. എസ്‌.എൻ.ഡി.പി യോഗ നേതാവായിരുന്ന ഇ.മാധവൻ (മുൻമന്ത്രി ബിനോയ്‌ വിശ്വത്തിന്റെ മുത്തച്ഛൻ) എഴുതിയ 'സ്വതന്ത്രസമുദായം' എന്ന കൃതി വായിച്ചു പഠിച്ചാൽ നല്ല വനിതാസംഘം പ്രവർത്തകയാകാൻ കഴിയും. 1930കളിൽ മൂന്നു സർക്കാരുകൾ നിരോധിച്ച കൃതിയാണിത്‌. ഇപ്പോൾ സാഹിത്യഅക്കാദമി പുനഃപ്രകാശനം ചെയ്തിട്ടുണ്ട്‌.


    "ഈഴവരും മറ്റും ഹിന്ദുമതം അവരുടെ മതമെന്നു പറയുന്നത്‌ അടിമപഴക്കം കൊണ്ട്‌ ചങ്ങല സ്വന്തമെന്നുപറയുന്നതുപോലെയാണ്‌
". എന്ന്‌ സഹോദരൻ അയ്യപ്പൻ പറഞ്ഞത്‌ എസ്‌.എൻ.ഡി.പി നേതാക്കൾ പഠിക്കുന്നത്‌ നന്നായിരിക്കും. ശിവഗിരി ഹിന്ദുമഠമല്ല; ശ്രീനാരായണഗുരു ഹിന്ദുസന്യാസിയല്ല എന്ന്‌ ശിവഗിരികേസിൽ ഹൈക്കോടതി വിധി പറഞ്ഞത്‌ എന്തുകൊണ്ടാണെന്ന്‌ യോഗം നേതാക്കൾ മനസ്സിലാക്കുന്നത്‌ നന്നായിരിക്കും. ഈഴവർ ഹിന്ദുക്കളാണെങ്കിൽ അനേകം നൂറ്റാണ്ടുകൾ അവരെ ക്ഷേത്രത്തിൽകയറ്റാതിരുന്നത്‌ എന്തുകൊണ്ട്‌? ഇപ്പോൾ ദേവസ്വം ബിൽ നടപ്പാക്കാതിരിക്കുന്നത്‌ ഹിന്ദുക്കളാണല്ലോ,  അതെന്തുകൊണ്ട്‌?
    പാഠപുസ്തകങ്ങളിൽ നാരായണഗുരുവിനെ അവഹേളിക്കുന്നത്‌ ഹിന്ദുക്കൾ തന്നെയാണല്ലോ. ഈഴവർ പന്നിപെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളാണെന്നും അവർക്ക്‌ സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും കൊടുക്കുന്നത്‌ പുനഃപരിശോധിക്കണമെന്നും പറഞ്ഞത്‌ ഹിന്ദുവായ മന്നത്തുപത്മനാഭൻ തന്നെയായിരുന്നല്ലോ. (മന്നത്തിന്റെ ശാസ്തമംഗലം പ്രസംഗം) ക്രൈസ്തവരുമായി ചേർന്ന്‌ ആർ.ശങ്കർ മന്ത്രിസഭയെ തകർത്തത്‌ എൻ.എസ്‌.എസ്‌ ആയിരുന്നില്ലേ? മിഷണറിമാർക്ക്‌ ഭൂമികരമൊഴിവാക്കി കൊടുത്ത ഹിന്ദു ഭരണാധികാരികൾ അവരുടെ പ്രജകളെ അയിത്തം കൽപിച്ച്‌ മാറ്റിയിരുന്നില്ലേ? ദാമോദരനും കേശവനും ചാത്തനും ക്രിസ്ത്യാനിയോ മുസ്ലീമോ ആയാൽ അയിത്തമില്ലാത്ത സ്വതന്ത്ര മനുഷ്യരാകാൻ കഴിഞ്ഞിരുന്നു. 
അവർക്ക്‌ വിദ്യാഭ്യാസവും ഉന്നതിയുമുണ്ടായി. ഷേർലി കരുതുന്നതുപോലെ മതത്തിന്‌ ആളെക്കൂട്ടാനായിരുന്നെങ്കിൽ അപ്പണി ഹിന്ദുമതക്കാർ ചെയ്യാതിരുന്നത്‌ എന്തുകൊണ്ട്‌? ജനസംഖ്യയിൽ 25ശതമാനത്തിലധികം വരുന്ന ഈഴവർക്ക്‌ മറ്റു മതസംഘടനകൾ എം.എൽ.എമാരെ ഉണ്ടാക്കി തരണമെന്നു പറയാൻ ലജ്ജയില്ലേ? രണ്ടു ക്യാബിനറ്റ്‌ അംഗം മാത്രമുണ്ടായതിന്‌ ഉത്തരവാദി ഈഴവർ തന്നെയല്ലേ? അത്‌ ക്രിസ്ത്യാനിയും മുസ്ലീമും ഉരുളഉരുട്ടി തരുമെന്ന്‌ കരുതുന്നത്‌ വിഡ്ഢിത്തമാണ്‌. ഈഴവർ രാഷ്ട്രീയ ശക്തിയാകരുതെന്ന്‌ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പറയുന്നുണ്ടോ? കഴിഞ്ഞ 17 വർഷക്കാലമായി ഈഴവനൊന്നും കിട്ടുന്നില്ലെങ്കിൽ അതിന്‌ ഉത്തരവാദി ഈഴവനേതാക്കൾ തന്നെയല്ലേ? നേതാക്കൾക്ക്‌ കോളേജും മറ്റ്‌ സ്ഥാപനങ്ങളും കിട്ടുന്നുമുണ്ട്‌. സംഘടിച്ച്‌ ശക്തരാവാതെ ക്രിസ്ത്യാനിയേയും മുസ്ലീങ്ങളേയും കുറ്റം പറഞ്ഞ്‌ നടക്കുന്നത്‌ നാണക്കേടാണ്‌ 'ഗുരോ ഇവരോട്‌ പൊറുക്കേണമേ'.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ