കടുത്ത കണക്കെടുപ്പ്ഫസൽ റഹ് മാൻ

മഴവില്‍ ചിറകില്‍ പറന്നവര്‍
എന്റെയും തരുണ സ്വപ്‌നങ്ങള്‍
കവിതയുടെ ആകാശത്തില്‍
നിനക്കും ഒരു ഇടമുണ്ടെന്ന്
സ്നേഹാനുഗ്രഹങ്ങളോടെ
പ്രചോദിപ്പിച്ചവരുണ്ടായിരുന്നു
അക്ഷരത്തണലുകളിലൊക്കെയും
നിരന്തരം നിന്നെ തിരഞ്ഞെന്നു
നിരാശപ്പെട്ടവരുണ്ടായിരുന്നു.
എന്നാല്‍, കലങ്ങിയ കടലില്‍
നിഷേധിയുടെ മെയ് വഴക്കത്തോടെ
തിടുക്കത്തില്‍ തോണിയിറക്കവേ
ഞാനെന്റെ ഗുരു തുല്യരെ മറന്നു
ശാപങ്ങളില്‍ അഭിരമിക്കുന്നവന്റെ
മൃത്യു വാഞ്ചയോടെ
ഞാനെന്റെ കിനാക്കുഞ്ഞുങ്ങളെ
കയ്യൊഴിഞ്ഞു.
അകിട് ചുരത്തി കാക്കേണ്ട കാലത്ത്
അവര്‍ തെരുവിന്റെ കയ്യേറ്റങ്ങളേറ്റു മുറിഞ്ഞു

പതിറ്റാണ്ടുകള്‍ക്കിപ്പുറം
എന്റെ പ്രേത ഭവനത്തിലേക്ക്‌
പടിയിറക്കപ്പെട്ട കുഞ്ഞുങ്ങളെ
കുടിയിരുത്താന്‍ നോക്കുന്നു ഞാന്‍.
കപ്പല്‍ ചേതങ്ങളുടെ അലകടല്‍ സ്മൃതികള്‍
ഒളിഞ്ഞും തെളിഞ്ഞും കലുഷമാക്കുന്ന
എന്റെ പ്രേത ഭവനം.
കരിദിനങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം
വിഷപ്പുക ചേക്കേറിയ
ഞരമ്പുകളുടെ ഇടനാഴികള്‍
അകലങ്ങളിലെ കുരുതികള്‍
ചോരച്ചാലുകളായ് വിങ്ങിയ
ചിത്തഭ്രമത്തിന്‍ നിഴല്‍ പാടുകള്‍.
അറ്റുപോയ കണ്ണികളോട്
ചിറ്റം കൂടുക എളുപ്പമല്ലെന്ന്
ഉപേക്ഷിക്കപ്പെട്ടവരുടെ നിരാസത്തില്‍
അവരെന്നെ അന്യനാക്കുന്നു.
നീക്കിയിരുപ്പുകളുടെ വിനിമയ മൂല്യം
പോയ കാലത്തിന്റേതെന്നു
കൊണ്ട് വളര്‍ന്നവന്റെ നിസ്സംഗതയില്‍
അവരെന്റെ മുഖത്തടിക്കുന്നു.
മുറിഞ്ഞു പോവുന്ന വരികളില്‍
തിരിച്ചുപിടിക്കവേ
എന്റെ ആകാശങ്ങളില്‍
പേക്കിനാക്കള്‍ കാളമേഘങ്ങളാവുന്നു.
ആര്‍ത്തനാദങ്ങള്‍ ഇടികിടുക്കങ്ങളാവുന്നു.

വേരുകിളിര്‍പ്പിക്കാത്ത കടുത്ത മണ്ണില്‍
വിത്തുകള്‍ക്ക് ഭ്രൂണ ഹത്യ.
പിറക്കാതെ പോയവന്റെ ശാപം
ഉമിത്തീച്ചിതയായ് എന്നുമുള്ളില്‍.
ആരെയും പഴി പറയാനില്ലാത്തവന്
ആരാണ് മാപ്പ് നല്‍കുക?
ഏറ്റവും കടുത്ത കണക്കെടുപ്പ്
തന്നോട് തന്നെ ചെയ്തതെന്ത്
എന്നതല്ലാതെ മറ്റെന്താവാനാണ്!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?