താക്കോൽ


സാജു പുല്ലൻ

            "സാർ, ഒപ്പിട്ടുകിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായേനെ - ഈ ഓഫീസിൽ കയറിയിറങ്ങി രണ്ടാമത്തെ ചെരിപ്പും തീർന്നു."
ഒരു അവസാനവട്ട ശ്രമമെന്നോണം ഓഫീസറോട്‌ അപേക്ഷകൻ കൈകൂപ്പി പറഞ്ഞു.

ഓഫീസർ ഏതോ ഫയലിൽ കണ്ണും കുത്തിയിരിക്കുകയായിരുന്നു. അതേ ഇരുപ്പിൽ തന്നെ മറുപടി പറഞ്ഞു, ഇപ്രകാരം.
            "നിങ്ങളുടെ കാര്യം നടത്തിതരാനാണല്ലോ ഞങ്ങൾ. പക്ഷേ... നിങ്ങളുടെ ഫയൽ വച്ചു പൂട്ടിയ താക്കോൽ കണ്ടു കിട്ടുന്നില്ല. താക്കോൽ വേണമല്ലോ പെട്ടി തുറക്കാൻ -"
ഓഫീസർ കൈ മലർത്തിയതും അപേക്ഷകൻ ഒന്നുകൂടി വളഞ്ഞു കുത്തി നിന്നു.
            "ഞാനും കൂടി തിരയാം സാർ. പണിക്കു പോയാലേ അരി വാങ്ങാനാവൂ. ഇന്നും ഒപ്പിട്ടു തന്നില്ലെങ്കിൽ നാളെയും ഇങ്ങോട്ട്‌ വരേണ്ടിവരും. പട്ടിണിയായിപ്പോവും. തന്നെയുമല്ല പൊന്നുംവിലയ്ക്കാണ്‌ അക്വയർ എന്നു പറയുന്നെങ്കിലും എന്റെ സ്ഥലത്തിന്റെ യഥാർത്ഥ വിലയെന്നും കിട്ടുന്നില്ല. വില കൂട്ടികിട്ടാൻ സമരം തുടങ്ങിയപ്പോൾ വീടും കുടിയും പോകുന്നവർ ഒന്നിച്ചുണ്ടായിരുന്നു. പിന്നെ പിന്നെ ഓരോരുത്തരായി പിന്മാറി... ഓരോ ഇടങ്ങളിൽ സ്ഥലം വാങ്ങി വീട്‌ പണിയും തുടങ്ങി. പലർക്കും യഥാർത്ഥ വിലയേക്കാൾ കൂടുതൽ ഇട്ടിരുന്നു. അതിലും കൂടുതൽ കിട്ടാനാണ്‌ സമരത്തിൽ ചേർന്നത്‌. സമരം തുടർന്നാൽ അന്വേഷണം വരുമെന്നും അവരുടേത്‌ കുറച്ച്‌  എനിക്ക്‌ കൂട്ടിതരുമെന്നും അറിഞ്ഞപ്പോൾ അവർ പിന്മാറി. ഞാൻ ഒറ്റയ്ക്ക്‌ എന്ത്‌ ചെയ്യാനാ... അങ്ങനെ സമരം പൊളിഞ്ഞു. വില കൂട്ടി തരാമെന്ന അധികാരികളുടെ വാക്കിൽ വിശ്വസിച്ച്‌ കാത്തിരുന്നത്‌ എന്റെ കുറ്റം തന്നെ. സ്ഥലത്തിനും വീട്‌ പണിക്കും ഓരോ ദിവസവും തുക ഇരട്ടിക്കുകയല്ലേ... ഇനിയും വൈകിയാൽ ഈ കിട്ടുന്ന കാശുകൊണ്ട്‌ ഒരു സെന്റ്‌ പോലും വാങ്ങാൻ ഒക്കാതെ പോകും...".
അപേക്ഷകൻ കണ്ണീരൊതുക്കി നിന്നു.

ഓഫീസറുടെ വാക്കുകൾ അപ്പോൾ ദാർശനികഭാവം പൂണ്ടു-
            "മനുഷ്യൻ അപ്പം ഭക്ഷിച്ച്‌ മാത്രമല്ല ജീവിക്കുന്നത്‌!" കൂട്ടത്തിൽ ഒരു ചോദ്യവും എറിഞ്ഞു. "താൻ വികസനത്തിന്‌ എതിരാണല്ലേ?"
"കാര്യം വികസനം നല്ലതുതന്നെ. ഈ നഗരം വളർന്നു വളർന്നു വലുതാകുമ്പോൾ മറ്റൊരു നാട്ടിലിരുന്ന്‌ എനിക്ക്‌ ഓർക്കാം, ഞാൻ പിറന്നത്‌ ഒരു വലിയ നഗരത്തിൽ ആയിരുന്നു എന്ന്‌. എന്റെ കുഞ്ഞുങ്ങൾ ഓടികളിച്ച മണ്ണ്‌ ഒരുപാട്‌ ഉയരത്തിൽ എത്തിയിരിക്കുന്നു എന്ന്‌. അവിടെ ഒരുപാട്‌ സുഹൃത്തുക്കൾക്ക്‌ വേണ്ടപ്പെട്ടവനായിരുന്നു ഞാനെന്ന്‌. അവിടെ വലിയ വലിയ ആൾക്കാർ വന്നുപോകുന്നതും വലിയ സംഭവങ്ങൾക്ക്‌ വേദിയായ ആവുന്നതും... ഒക്കെ എനിക്ക്‌ ഓർക്കാമല്ലോ, ഓർത്ത്‌ സന്തോഷിക്കാമല്ലോ. അപ്പോഴേയ്ക്കും എന്റെ പുതിയ സ്ഥലത്ത്‌ കുറെ കാര്യങ്ങൾ ഓർക്കാനുണ്ടാകും... പതുക്കെ പതുക്കെ പഴയതൊക്കെ മറക്കും. പഴയതൊക്കെയും മറക്കുമ്പോഴാണല്ലോ എന്നെപ്പോലെയുള്ളവർക്ക്‌ പിന്നെയും സന്തോഷിക്കാനാവുക... പക്ഷെ സാറെ...  ഞാനുമൊരു പൗരനല്ലേ, എന്റെ ആവശ്യങ്ങളും നടന്നു കിട്ടേണ്ടതല്ലേ-"
അപേക്ഷകൻ അവകാശം ബോധിപ്പിച്ചു, കൈ പിണച്ച്‌ നിന്നുതന്നെ.
ഓഫീസർ അപ്പോൾ അയാൾക്കു നേരെ നോക്കി ചുണ്ടുകോട്ടി ഒന്നു ചിരിച്ചു.
            "സാങ്കേതികമായി നിങ്ങൾ ഒരു പൗരനാണ്‌. പക്ഷേ ആപേക്ഷിക സിദ്ധാന്ത പ്രകാരം നിങ്ങളുടെ സ്ഥാനം എവിടെയാണെന്നതിനെപ്പറ്റി കൃത്യമായ ഒരു നിർവചനമില്ല. തന്നെയുമല്ല അപ്രധാനമായ ഈ വിഷയത്തേക്കാൾ ചർച്ചക്ക്‌ സുപ്രധാനമായ മറ്റൊരു വിഷയമുണ്ട്‌. അതേപറ്റിയൊരു ചോദ്യം ഞാൻ ചോദിക്കാം -
            "ഇയാൾ ആരോപിത ദർശനം പഠിച്ചിട്ടുണ്ടോ?"
അപേക്ഷകൻ നിന്ന നിൽപ്പിൽ വിനയം പഠിച്ചു. "പൊറുക്കണം, പഠിക്കാം സാർ...".
            "പഠിക്കണം. എല്ലാ ദർശനങ്ങളുടേയും ആകെ തുക ഈ ദർശനത്തിലാണ്‌. ചുരുക്കം ഇതാണ്‌ - അതായത്‌, നമ്മൾ പറയാനുദ്ദേശിക്കുന്ന കാര്യം നേരിട്ടുപറയാതെ മറ്റൊന്നിൽ ആരോപിച്ച്‌ പറയുന്നു. സമയവും സാഹചര്യവും അനുസരിച്ച്‌ കേൾക്കുന്നയാളിന്‌ സംഗതി വെളിപ്പെടണം. പിന്നെ എല്ലാം എളുപ്പം. കാര്യങ്ങൾ കണ്ണുചിമ്മുന്ന സ്പീടിൽ നടക്കും. ഒന്നുകൂടി വ്യക്തമാക്കാം. നിങ്ങളുടെ ഫയൽ വച്ചുപൂട്ടിയ പെട്ടിതുറക്കാനുള്ള താക്കോൽ നിങ്ങൾ കൈയിൽ കരുതണം. അതുണ്ടോ?"
തിരുമുമ്പിൽ അടിയാനെപ്പോലെ തലകുനിഞ്ഞാരാഞ്ഞു അപേക്ഷകനപ്പോൾ-
            "ഞാനെന്തു ചെയ്യും യജമാനാ-?"
            "പോയി താക്കോൽ കൊണ്ടു വരൂ. സ്വന്തമായില്ലെങ്കിൽ ഉള്ളവനിൽനിന്നും വാങ്ങി വരൂ. പോ പോ. പുതിയതായി വന്ന ആളെ ഇങ്ങോട്ട്‌ കടത്തിവിട്‌. അയാളെ കണ്ടാലറിയാം താക്കോലുമായാണ്‌ വരവേന്ന്‌, പോക്കറ്റ്‌ വീർത്ത്‌ ഇരിക്കന്നു..."

വന്നയാൾ വെളുക്കെ ചിരിച്ച്‌ ഓഫീസർ ചൂണ്ടിയ കസേരയിൽ ഇരുന്നു. മറ്റെയാൾ പോകാൻ ആവാതെ എന്തൊക്കെയോ ഓർത്തുകൊണ്ട്‌ വരാന്തയിൽ നിന്നു.
ഓഫീസർ അന്നേരം മുമ്പിൽ ഇരിക്കുന്നയാളോടായി ഇങ്ങനെ പറഞ്ഞു. "ജനങ്ങളെ സേവിക്കാൻ തന്നെ ഈ കസേര. പക്ഷേ ദരിദ്രവാസികളെ ചുമ്മാ സേവിച്ചിട്ടെന്നാത്തിനാ.... ഒപ്പിന്റെയൊക്കെ ശരിക്കുമുള്ള വില അവൻ അറിയട്ടെ. അറിവ്‌ ഉണ്ടാവുക എന്നതാണല്ലോ ഏതു കാലത്തേയും ഏറ്റവും വലിയ വിജയം... അറിവ്‌ വെച്ചില്ലെങ്കിലും അവന്റേത്‌ തീർപ്പാക്കാതിരിക്കാൻ ഒക്കത്തില്ല. പക്ഷേ വൈകിപ്പിക്കാം. അറിവില്ലാത്തവൻ വന്നപാടെ തന്നെ കാര്യം നടത്തിപോയാൽ പിന്നെ നമുക്കെന്നതാ ഒരു വിലയും നിലയും. അല്ലേ....?"

അവരുടെ സന്തോഷം പൊട്ടി ഉയർന്നപ്പോൾ ആ സ്ഫോടനത്തിലേക്ക്‌ തുറന്ന്‌ കയറാനുള്ള താക്കോൽ കൈയ്യിലില്ലാതെ ഒരു ദുഃഖം അവിടെ ശബ്ദമില്ലാതെ ഓരം പറ്റി നിന്നു -* എക്വൈഅർ - ഭൂമിയും അതിലുള്ളതും ഒഴിപ്പിച്ചെടുക്കുക.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ