കമ്പ്യൂട്ടർ - ചില ആരോഗ്യപ്രശ്നങ്ങൾ ജാസിർ ജവാസ്

നിങ്ങളുടെ ജോലി കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടതാണോ? അല്ലെങ്കില്‍ അക്കൌണ്ടിംഗ് ജോലിയാണോ? അതുമല്ലെങ്കില്‍ ഏതെന്കിലും കമ്പനിയിലെ റിസപ്ഷനിസ്റ്റ് ആണോ നിങ്ങള്‍ ?എങ്കില്‍ തീര്‍ച്ചയായും ദിവസം എട്ടു മുതല്‍ ഒമ്പത് മണിക്കൂറുകള്‍ വരെ കുത്തിയിരിക്കുന്നവരാകും നിങ്ങള്‍ . ഇതിനിടയില്‍ വെള്ളം കുടിക്കാനോ ബാത്ത്റൂമില്‍ പോവാനോ അല്ലെങ്കില്‍ ലഞ്ച് കഴിക്കാനോ എണീക്കാറുണ്ട് എന്ന ഒരു ദുര്‍ന്യായം നിങ്ങള്‍ പറഞ്ഞേക്കാം. എങ്കിലും അതിനിടയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നേരം എന്തായാലും അതിനു മുന്‍പില്‍ കുത്തിക്കുറിക്കുന്നവരാകാം നിങ്ങള്‍ . അതെത്ര ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ആണ് നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
നമ്മളില്‍ പലരും വളരെ ചെറുപ്പത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ്. പലരും എല്‍കെജിയില്‍ പഠിക്കുമ്പോള്‍ തന്നെ എന്‍ എഫ് എസ്സും റോഡ്‌രാഷും കളിച്ച് രസിക്കുന്നവരാണ്. മാതാപിതാക്കള്‍ ചീത്ത പറയുന്നത് വരെ അതിനു മുന്‍പില്‍ തപസ്സിരിക്കുന്നവരാകാം പലരും. അങ്ങിനെ ഹൈ സ്കൂളില്‍ എത്തിയതില്‍ പിന്നെ നട്ടപ്പാതിരക്കും ഗെയിം കളിച്ചവരായിരിക്കാം നമ്മളില്‍ പലരും. ഹോസ്റ്റലില്‍ താമസിക്കന്നവര്‍ ആണെങ്കില്‍ വീക്കെന്‍ഡില്‍ വീട്ടില്‍ വന്നതിനു ശേഷം ആ ദിവസം മുഴുവനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരും ആകും.
ഇങ്ങനെ സ്വയം നമ്മളെ വിലയിരുത്തുമ്പോള്‍ തന്നെയും നമ്മള്‍ നമ്മുടെ ശരീരത്തെ കുറിച്ച് തീരെ ബോധവാന്‍മാര്‍ ആകാറില്ല. അതിനു ശേഷം നമ്മള്‍ കോളേജില്‍ പഠിക്കുമ്പോള്‍ ആകും ഈ കാര്യത്തെ കുറിച്ച് സീരിയസ്സായി ചിന്തിക്കുക. അപ്പോഴേക്കും ശരീരത്തില്‍ അവിടെയും ഇവിടെയും ഒക്കെ വേദനകള്‍ പ്രത്യക്ഷപ്പെട്ടു കാണും. അതിനു ശേഷം ജോലിക്ക് കയറി എട്ടും ഒമ്പതും മണിക്കൂറുകള്‍ ജോലി ചെയ്യുമ്പോള്‍ വീണ്ടും സീരിയസ്സായി ഇതിലെ അപകടം മനസ്സിലാക്കുക. അപ്പോഴേക്കും അതിനു പ്രതിവിധികള്‍ ചെയ്യാനാവാത്ത വിധം സമയം ഇല്ലാത്തവരാകും നമ്മള്‍.
അത് കൊണ്ട് തന്നെ ഇത്തരം അപകടങ്ങളും രോഗങ്ങളും നമ്മുടെ കൂടെപ്പിറപ്പാകുന്നതിനു മുന്‍പേ ഇതിലെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തിന്റെ ഭാരം വളരെയധികം വര്‍ധിച്ചു ഇനി തിരികെ ലഭിക്കാത്ത വിധം രോഗിയവുന്നതിനു മുന്‍പേ ഇവ മനസ്സിലാക്കൂ.
ഇരുന്ന് കൊണ്ട് നിങ്ങള്‍ നിങ്ങളെ തന്നെ കൊല്ലൂ
ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും, ഈ ദീര്‍ഘമായ ആര്‍ട്ടിക്കിള്‍ വായിക്കുമ്പോഴും ഞാന്‍ അത് തന്നെയല്ലേ ചെയ്യുന്നതെന്ന്? തീര്‍ച്ചയായും അത് തുറന്നു പറയുന്നതിന് എനിക്കൊരു മടിയുമില്ല. ഇനി കാര്യത്തിലേക്ക് വരാം.
നിങ്ങളോട് കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു പോയി തപസ്സ് ചെയ്യാന്‍ പറയുക ഒന്നുമല്ല എന്റെ ഉദ്ദേശം. ഇതെഴുതാന്‍ വേണ്ടി ഞാനും കുറെ തപസ്സിരിന്നിട്ടുണ്ട്, കമ്പ്യൂട്ടറിന് മുന്‍പില്‍. കമ്പ്യൂട്ടറില്‍ നിന്നും നിങ്ങളെ അകറ്റാന്‍ കഴിയുമെന്ന വിശ്വാസവും എനിക്കില്ല. എന്നാലും ഒരു സീരിയസ്സായ കാര്യം ഇവിടെ പറഞ്ഞോട്ടെ. പുതിയ പഠനങ്ങള്‍ പ്രകാരം ഇങ്ങനെ കൂടുതല്‍ സമയം കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരിക്കുന്നത് ഭാവിയില്‍ നിങ്ങളെ ഒരു കാന്‍സര്‍ രോഗിയാക്കുവാനോ അല്ലെങ്കില്‍ പ്രമേഹ രോഗിയാക്കുവാനോ അതുമല്ലെങ്കില്‍ ഹൃദ്രോഗി ആക്കുവാനോ ഇനി അതും അല്ലെങ്കില്‍ നിങ്ങളെ ഒരു പൊണ്ണത്തടിയന്‍ ആക്കുവാനോ ആണ് ഇടയാക്കുക.
ചുരുക്കിപ്പറയുകയാണെങ്കില്‍ നിങ്ങളുടെ മരണം ഇതാ വളരെ അടുത്താണ്
എണ്ണമില്ലാത്ത പഠനങ്ങള്‍ നമ്മോട് പറയുന്നത് അത് തന്നെയാണ്. ഇങ്ങനെയുള്ള ഇരുത്തം നിങ്ങളെ എത്തിക്കുന്നത് മരണത്തിലേക്ക് എത്തിക്കുന്ന ഗുരുതര രോഗങ്ങള്‍ തന്നെയാണ്. ലോകാരോഗ്യ സംഘടന പുറത്തു വിട്ട അഭിപ്രായ പ്രകാരം ശരീരം അനങ്ങാതിരിക്കുന്നത് മരണത്തിലെത്തിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്.
അതുപോലെ ആര്‍ക്കൈവ്സ് ഓഫ് ഇന്‍റെണല്‍ മെഡിസിന്‍റെ മാര്‍ച്ച്‌ 26 ലെ ലക്കത്തില്‍ കൊടുത്ത പഠന റിപ്പോര്‍ട്ട് പ്രകാരം രണ്ടു ലക്ഷത്തോളം ആളുകളില്‍ ഇവര്‍ പരിശോധന നടത്തിയെത്രേ. ഇവരില്‍ ദിവസവും 11 മണിക്കൂറോളം അനങ്ങാതെ ഇരിക്കുന്നത് മരണ കാരണം 40 ശതമാനം ഉയര്‍ത്തുന്നു എന്ന് കണ്ടെത്തിയെത്രേ. ലോകാരോഗ്യ സംഘടനയുടെ മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് ഈ മാസിക പുറത്തു കൊണ്ട് വന്ന പഠന റിപ്പോര്‍ട്ട്.
ഇരുപത്തി അഞ്ചു ശതമാനത്തോളം ബ്രസ്റ്റ് കാന്‍സറിനും കാരണം മറ്റാരും അല്ലെത്രേ, അനങ്ങാതിരിക്കുന്നത് തന്നെയാണ്. 27% പ്രമേഹ രോഗങ്ങള്‍ക്കും കാരണക്കാരന്‍ നമ്മുടെ ഈ ഇരിപ്പ് തന്നെയാണ്. 30% ഹൃദ്രോഗത്തിനും കാരണം വേറെ ആരും അല്ല. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ജിമ്മില്‍ പോകുന്നതും ദിവസേന നടക്കുന്നത് നല്ലതാണ്. എന്നാല്‍ ഇങ്ങനെയുള്ള കുത്തിയിരിപ്പ് നിങ്ങള്‍ക്ക് അപകടം തന്നെയാണ്.
കുത്തിയിരിപ്പ്‌ കാന്‍സര്‍ സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നു
നമുക്കറിയാം ഇപ്പോള്‍ മൊബൈല്‍ഫോണ്‍, മൈക്രോവേവ് ഓവന്‍, എക്സ്റേ തുടങ്ങീ ഒട്ടു മിക്ക കാര്യങ്ങളും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇരുത്തം ?
അതെ, നിങ്ങളുടെ കുത്തിയിരിപ്പ് ഒരു വലിയ അളവില്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 49,000 ത്തോളം ബ്രസ്റ്റ് കാന്‍സര്‍, 43,000 ത്തോളം വന്‍ കുടലിനുള്ള കാന്‍സര്‍ തുടങ്ങിയവയ്ക്ക് കാരണം കുത്തിയിരിപ്പാണ്.
നിങ്ങളിരിക്കുന്ന ആ കസേര നിങ്ങള്‍ക്ക് ചിലപ്പോള്‍ തരുന്നത് പ്രമേഹമോ ഹൃദ്രോഗമോ ആയിരിക്കാം
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠന പ്രകാരം രണ്ടു മണിക്കൂറിലധികം ടിവി കണ്ടിരിക്കുന്നത് 20% ത്തോളം പ്രമേഹ രോഗ സാധ്യത വര്‍ധിപ്പിക്കുന്നു എന്നും രക്ത ചംക്രമണ രോഗങ്ങള്‍ക്കും ഇടയാക്കും. 15 ശതമാനത്തോളം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കാനും ഇത് ഇടയാക്കുന്നുണ്ട്.
കൂടുതല്‍ ഇരിക്കുന്നത് പൊണ്ണത്തടിക്ക് ഇടയാക്കുന്നു
ഈ കാര്യം കൂടുതല്‍ വിശദീകരിക്കേണ്ട കാര്യം ഇല്ലല്ലോ. യാതൊരു വിധ എക്സര്‍സൈസും ഇല്ലാതെ കുത്തിയിരിക്കുന്നത് തീര്‍ച്ചയായും നിങ്ങളെ പൊണ്ണത്തടിയന്‍ ആക്കി മാറ്റും. അത് തെളിയിക്കാന്‍ ഒരു പഠന റിപ്പോര്‍ട്ടിന്റെയും കാര്യമില്ല.
ഇതൊക്കെ അര്‍ത്ഥമാക്കുന്നത്, നിങ്ങള്‍ തടി കുറയ്ക്കുവാന്‍ ഡയറ്റ്‌ ശീലിച്ചത് കൊണ്ടൊന്നും മുകളില്‍ പറഞ്ഞ രോഗങ്ങള്‍ കുറയ്ക്കുവാന്‍ സാധിക്കില്ല എന്നത് തന്നെയാണ്. ആദ്യം വേണ്ടത് ഒന്ന് എഴുന്നേറ്റ് നടക്കുകയാണ്. ദിവസേന എട്ടു – ഒമ്പത് മണിക്കൂര്‍ കമ്പ്യൂട്ടര്‍ ജോലി ഉള്ളവര്‍ ആണെങ്കില്‍ അതിനിടയില്‍ ചെയ്യേണ്ട എക്സര്‍സൈസ് എടുക്കൂ. അത്തരം എക്സര്‍സൈസുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വളരെ അധികം ലഭ്യമാണ്. നിങ്ങളുടെ ഭാവി ജീവിതം ശോഭനമാക്കുവാന്‍ അതാണ്‌ നല്ലത്.
ഈ ലേഖനം എഴുതി ഞാന്‍ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. ഒന്ന് ഓടി ചാടി വന്നേക്കാം. അല്ലെങ്കില്‍ എന്‍റെ കാര്യം തഥൈവ :)

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ