ഷാജി തലോറ
പ്രകൃതി ലോകത്തിനുനൽകിയ ഉദാത്തവും അനിർവചനീയവുമായ സ്ഥാനമാണ് മാതൃത്വം. സ്ത്രീത്വത്തിന്റെ പൂർണ്ണതയും മഹത്വവുമാണ് അത്. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്റെ പൊരുൾ ഇതുവരെ ഒരു ശാസ്ത്രത്തിനും വസ്തുനിഷ്ഠമായി തെളിയിച്ചെടുക്കാനും സാധിച്ചിട്ടില്ല. ഒരു സ്ത്രീ ഏറ്റവും അധികം വേദന അനുഭവിക്കുന്നതും ഏറ്റവും അധികം സന്തോഷം അനുഭവിക്കുന്നതും അവൾ അമ്മയാകുമ്പോഴാണ്. മാതാവിന്റെ ഗർഭപാത്രത്തിൽ ഒരു കുട്ടി ഭ്രൂണാവസ്ഥ പ്രാപിക്കുന്ന നാൾതൊട്ട് തുടങ്ങുന്ന ആ ബന്ധം പൊക്കിൽക്കൊടി വേർപെടുന്നതിനുശേഷവും അതിന്റെ ആത്മീയവും ഭൗതീകവുമായ ബന്ധം ജീവന്റെ അവസാന ശ്വാസം വരേയും മായാതെ പിൻതുടരുന്നതുമാണ്. അതുകൊണ്ടുതന്നെയാണ് ലോകജീവിതത്തിലെ എല്ലാ ബന്ധങ്ങൾക്കും മുകളിൽ മാതൃശിശുബന്ധം ഇടംപിടിക്കുന്നതും. ലോകത്തിന്റെ നിലനിൽപുതന്നെ ഈ ഒരു പ്രക്രിയയുടെ നൈസർഗികത കൊണ്ടുകൂടിയാണ്.
അമ്മ കുഞ്ഞിന് മുലയൂട്ടുന്നതും ചുംബിക്കുന്നതും ലാളിക്കുന്നതും എല്ലാം പരസ്യമായി സംഭവിക്കുമ്പോൾ ആർക്കും അതിൽ അശ്ലീലതയോ വിമ്മിഷ്ടമോ തോന്നാത്തതും മാതൃശിശുബന്ധത്തിന്റെ പവിത്രത കൊണ്ടുതന്നെയാണ്. ലോകസിനിമയുടെ നാൾവഴികളിലേക്ക് കൺതുറന്നാൽ മാതൃശിശുബന്ധത്തിന്റേയും സ്ത്രീത്വത്തിന്റെയും രതിയുടേയും തുടങ്ങി മനുഷ്യജീവിതത്തിൽ സംഭവിക്കുന്നതും ഇനി സംഭവിക്കാൻ പോകുന്നതുമായ എല്ലാവിധ വികാരങ്ങളും വിചാരങ്ങളും സെല്ലുലോയ്ഡിൽ പകർത്തപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റേയും, അതിന്റെ യാഥാർത്ഥ്യത്തെയും ചോദ്യംചെയ്യുന്ന അല്ലെങ്കിൽ പൊതുസമൂഹം ഗോപ്യമായി വെക്കുന്ന പലതും വെള്ളിത്തിരയിൽ വിഷയീഭവിച്ചിട്ടുണ്ട്. സിനിമയിൽ ലൈംഗീകതയുടെ പ്രാധാന്യം വളരെ വലുതാണ്. ഒരു പരിധിവരെ സിനിമ വിറ്റുപോകുന്നതിനും സെക്സിന് പങ്കുണ്ടെന്ന് പറയാം. ആധുനിക സമൂഹം ഗോപ്യമായി കരുതുന്ന സെക്സിന് സിനിമയിലും, സാഹിത്യത്തിലും കലകളിലും വൻ സ്വാധീനം നേടാൻ കഴിയുന്നത് പ്രേക്ഷകരും, കലാ ആസ്വാദകരും അത് അംഗീകരിക്കുന്നത് കൊണ്ടാണ്. സ്ത്രീയെ ഗർഭാവസ്ഥയിലേക്ക് നയിക്കുന്ന ബീജ അണ്ഡ സങ്കലനം (രതിക്രീഡ) ആവോളം വിളമ്പുന്ന സിനിമയിൽ സ്ത്രീക്ക് പവിത്രസ്ഥാനം കൽപിക്കുന്ന മാതൃത്വം അഥവാ പ്രസവം ചിത്രീകരിക്കുന്നത് അശ്ലീലവും, ആഭാസവുമായി കാണുന്നത് സ്ത്രീയെ ഒരു ലൈംഗീക ഉപകരണമായി മാത്രം കാണുന്നതുകൊണ്ടാണ്. ഒപ്പം കപട സദാചാരാബോധവുമാണ്.
ബ്ലെസ്സി സംവിധാനം ചെയ്ത ?കളിമണ്ണ്? എന്ന ചിത്രത്തിൽ ശ്വേതാമേനോൻ എന്ന അഭിനേത്രി കാണിച്ച ധീരമായ നീക്കത്തെ കല്ലെറിയുന്നത് സംസ്കാരശൂന്യതയായി വേണം കണക്കിലാക്കാൻ. സിനിമാതിയേറ്ററുകൾ ലേബർർറൂം ആക്കില്ലെന്നും ശ്വേതയുടെ പ്രസവരംഗം ചിത്രീകരിച്ച കളിമണ്ണ് പ്രദർശിപ്പിക്കില്ലെന്നും ഉള്ള കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രഖ്യാപനം തീർത്തും ബാലിശവും നിരുത്തരവാദപരവുമാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള തിയേറ്ററുകളിൽ രതിചിത്രങ്ങൾ തകർത്തോടിയപ്പോൾ അപമാനമായി കാണില്ല അല്ലേ.
എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് ലിബർട്ടി ബഷീറിന്റെ തലശ്ശേരി മാഞ്ഞോടിയിലുള്ള ലിബർട്ടി മൂവീസ് തിയേറ്ററിൽ കുറച്ചുകാലം മുമ്പുവരെ നീലച്ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്. കേരളത്തിലെ മറ്റനേകം തിയേറ്ററുകളുടെ അവസ്ഥയും ഇതൊക്കെത്തന്നെയാണ്. പ്രസവരംഗം ചിത്രീകരിച്ച സിനിമ പ്രദർശിപ്പിച്ചാൽ തിയേറ്റൽ ലേബർ ർറൂം ആകുമെങ്കിൽ നിലച്ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ വേശ്യാലയം ആകുമോ ?
ശ്വേതാമേനോൻ ഒരുപാട് ചിത്രങ്ങളിൽ ഗ്ലാമർവേഷം ചെയ്തിട്ടുണ്ട്. ശ്വേതയുടെ ആകാരവടിവ് വിറ്റ് കാശുവാരിയ ചിത്രങ്ങളും ഒട്ടേറെയാണ്. ഒപ്പം താനൊരു മികച്ച അഭിനേത്രിയാണെന്ന് തെളിയിക്കുന്ന ഒട്ടേറെ കഥാ ചിത്രങ്ങളിലും തന്റെ അഭിനയപാടവം ശ്വേത തെളിയിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച നടിക്കുള്ള കേരളസംസ്ഥാന സർക്കാർ അവാർഡും നേടിയ അഭിനേത്രിയാണ് ശ്വേതാമേനോൻ. സിനിമയ്ക്കുവേണ്ടി തന്റെ പ്രസവം ചിത്രീകരിച്ചതു ഒരിക്കലും തെറ്റായിട്ട് അവർക്ക് തോന്നിയിട്ടില്ല. അതോടൊപ്പം തന്റെ കുഞ്ഞിന്റെ മുഷ്യാവകാശം ലംഘിക്കപ്പെട്ടതായും അവർ വിശ്വസിക്കുന്നില്ല.
ലോകം തിരിച്ചറിയേണ്ട പ്രകൃതിയുടെ നൈസർഗികമായ പ്രക്രിയയാണ് പ്രസവം. അതിനെ വൾഗറായി കാണുന്നത് പെണ്ണിന്റെ ഏത് അവയവം കാണുമ്പോഴും വികാരം വരുന്ന ഞരമ്പ് രോഗമായി വേണം കണക്കിലാക്കാൻ. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഏതൊരു പൗരന്റേയും മൗലികാവകാശമാണ്. രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയേയോ രാജ്യ താത്പര്യങ്ങളേയോ ദേശീയ വികാരങ്ങളേയോ ഒന്നും വ്രണപ്പെടുത്തുന്ന ചിത്രമല്ല കളിമണ്ണ്. ഗർഭസ്ഥശിശുവും അമ്മയും തമ്മിലുള്ള ആത്മബന്ധം ആവിഷ്കരിക്കുന്ന ഇതിവൃത്തമാണ് കളിമണ്ണ്. സ്ത്രീ ഒരു അമ്മയാകുന്നതിന്റെ നിർവൃതിയും അതിൽനിന്ന് ഒരമ്മയ്ക്കുണ്ടാകുന്ന അനുഭൂതികളുമെല്ലാമാണ് ബ്ലെസ്സി ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
പ്രകൃതിവിരുദ്ധപ്രസവം (സിസേറിയൻ) രീതിയാണ് ആധുനിക സ്ത്രീകൾ കൂടുതലും പിൻതുടരുന്നത്. ഇതിന് ഒരു മാറ്റം വരുത്തുവാൻ അല്ലെങ്കിൽ മാറിച്ചിന്തിക്കുവാൻ യുവതലമുറകളെ പ്രേരിപ്പിക്കുവാൻ ഈ സിനിമ ഇടയാകുമെങ്കിൽ അതുതന്നെയായിരിക്കും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടം. പ്രകൃതിയുടെ ആരംഭം തൊട്ടേയുള്ള പ്രക്രിയയാണ് പ്രസവം. എന്നാൽ ഒരു പ്രസവം എങ്ങനെ സംഭവിക്കുമെന്ന് അനുഭവം ഇല്ലാത്തവർക്കും അറിയാൻ അവകാശമുണ്ട്. ബ്ലെസ്സിയെ വിമർശിക്കുന്നവർ ഒന്ന് ഓർക്കുക. ആശയദാരിദ്ര്യംകൊണ്ട് ശ്വാസംമുട്ടി ചക്കരശ്വാസം വലിക്കുന്ന മലയാളസിനിമയിൽ മാറ്റത്തിന്റെയും പരീക്ഷണത്തിന്റെയും പാതകൾ കൊട്ടിയടക്കുന്നത് മലയാളസിനിമയുടെ ശവപ്പെട്ടിക്ക് ആണിയടിക്കുന്നതിന് തുല്യമായിരിക്കും. ഒഴുക്കിനെതിരെ നീന്തുന്നവർ മാത്രമേ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ളൂ. മറ്റുള്ളവ ചത്ത മീനുകളാണ്. മലയാളസിനിമയ്ക്ക് ഇന്നാവശ്യം ഒഴുക്കിനെതിരെ നീന്തുന്ന മീനുകളെയാണ്. അല്ലാതെ ചത്തമീനുകളെയല്ല.

