22 Dec 2012

കാമത്തിന്റെ തിര മഷിനോട്ടം




മോഹൻ ചെറായി
           

 പരസ്യപ്രസിദ്ധനായ ജ്യോത്സ്യൻ ഗോപിനാഥ പണിക്കരെ കുറിച്ച്‌ അതൊരു പുതിയ വിവരമായിരുന്നു,. ഘടോൽക്കചരൂപനായ അദ്ദേഹത്തിന്റെ ശാലീന സുന്ദരിയാം നാലാംഭാര്യ സുലോചന വിഷഹാരിണിയാണത്രേ! (കിളുന്തു പ്രായത്തിൽ പണിക്കർ സ്വന്തമാക്കിയ മുൻഭാര്യമാർ മൂന്നും വിഷം തീണ്ടിയാണ്‌ ആദ്യരാത്രികളിൽ മരിച്ചതു എന്നു കേട്ടുകേൾവി. പണിക്കരുടെ  തീണ്ടൽ അതി കഠിനമെന്നു നാട്ടുകേൾവി)
"അതുകൊണ്ടായിരിക്കും ഒരു വിഷഹാരിണിയെത്തന്നെ അയാൾ വിവാഹം കഴിച്ചതു"
ഗോപന്റെ മുഖത്ത്‌  ഒരു പാൽ പുഞ്ചിരി
'അവളാണെങ്കിൽ മിക്കവാറും ദിവസങ്ങളിൽ രാത്രി പട്ടിണിയാണത്രേ"
"ഉപവാസമായിരിക്കും! ഇതുപോലെ പ്രത്യേക സിദ്ധിയുള്ളവർ സിദ്ധി നിലനിർത്താൻ ഒരിക്കലെടുക്കും"
"ഒലക്കയെടുക്കും"
ഗോപൻ പൊട്ടിച്ചിരിച്ചു.
"മണ്ടൻ"
അവനിറങ്ങിപ്പോയി
മണ്ടൻ തലയിലേക്കു വെളിച്ചം സാവധാനം അരിച്ചരിച്ചിറങ്ങി വന്നു. ഒരു തിരിച്ചറിവ്‌!
    ആ തിരിച്ചറിവിന്റെ പര്യവസാനത്തിൽ ഗോപനെ വിളിച്ചു. അവന്റെ അടുത്ത വിസിറ്റിന്റെ ഡീറ്റെയിൽസ്‌ ചോദിച്ചറിഞ്ഞു. അറിഞ്ഞപ്പോൾ ചിരിയടക്കാൻ പാടുപെടുകയും ചെയ്തു. ഘടോൽകചന്റെ വിഷം തീണ്ടലും ധർമ്മ പത്നിയുടെ വിഷഹാരണവും ഒരേസമയം!
ബ്ലോക്കു കഴിഞ്ഞ്‌ ഗ്രാമത്തിലേക്ക്‌ ഇടിച്ചു കയറണമെങ്കിൽ പട്ടണത്തിന്‌ ഏറെ നേരം ക്ലേശിക്കേണ്ടി വരും.  അത്രയും നേരം അവൾക്കു സ്വന്തം !
കാര്യങ്ങൾ പ്ലാൻ ചെയ്യാൻ വളരെ എളുപ്പമായിരുന്നു......
    പട്ടണത്തിൽ ഘടോൽകചൻ  തങ്ങുന്ന ലോഡ്ജ്‌ കണ്ടെത്തി. മുറിക്കു പുറത്ത്‌ സ്ത്രീകളടക്കം വിശ്വാസികളേറെ. ഊഴം കാത്ത്‌ ഒടുവിൽ സവിധത്തിലെത്തി. കണ്ടപാടെ ഘടോൽകചൻ പാറപ്പുറത്ത്‌ ചിരട്ടയുരക്കും പോലെ ശബ്ദമുണ്ടാക്കി (അതിനെ ചിരി എന്നും പറയും) അനന്തരം ഉവാച:
"അപ്പൊ, ഹരികൃഷ്ണനും മഷിനോട്ടത്തിൽ വിശ്വാസമായി അല്ലേ!  സന്തോഷമായി ........... വീട്ടിൽ വന്നാൽ മതിയായിരുന്നല്ലോ"
"കൂട്ടുകാരനു വേണ്ടിയാണ്‌ ഒരു കാര്യം അറിയാൻ"
"പറഞ്ഞോളൂ"
"അയാൾ ഒരു സ്ഥലം വരെ പോകുകയാണ്‌ അൽപം അപകടം പിടിച്ച സ്ഥലം.
മഷിനോട്ടം നടക്കുമ്പോൾ അയാൾക്കു സംഭവിക്കുന്നതെല്ലാം നമുക്ക്‌ മഷിനോക്കി അറിയാൻ പറ്റുമോ?!"
"എന്താ ഇത്ര സംശയം? എന്തും അറിയാം"
"ഉറപ്പല്ലേ, തെറ്റിയാൽ ഞാൻ പൈസ തരില്ല !!"
"തെറ്റിയാൽ എന്ന വിഷയമുദിക്കുന്നില്ല; തെറ്റില്ല! എന്നാ നോക്കേണ്ടത്‌? ബുക്കു ചെയ്യണം"
"അടുത്ത മലയാളം ഒന്ന്‌. സന്ധ്യക്ക്‌ ഒരേഴു മണി"
"ഔ ... കർക്കിടകം ഒന്ന്‌, നല്ലതെരക്കായിരിക്കും. അല്ലെങ്കിൽ തന്നെ ഒരു ഒന്നാം തീയതിയും എനിക്കു വീട്ടിൽ പോകാൻ കഴിയാറില്ല. ആൾക്കാർക്കിപ്പോ മഷിനോട്ടത്തിൽ  വിശ്വാസം ഏറി വരാണെന്നേയ്‌....."
വിഷഹാരിണിയുടെ കാണാത്തമുഖം മനസ്സിൽ സങ്കൽപിച്ച്‌ അവളോടു പറഞ്ഞു:
"മിടുക്കി!"
"ഇപ്പൊത്തന്നെ യുക്തിവാദിയായ ഹരികൃഷ്ണൻ പോലും.............".
"അപ്പൊ, നമ്മള്‌ തീരുമാനിക്കയല്ലേ? ഒന്നാം തീയതി സന്ധ്യ കഴിഞ്ഞ്‌ ഏഴുമണി."
ഡയറിയിലെ അപ്പോയിന്റ്‌മന്റു നോക്കി ഘടോൽകചൻ ഉരച്ചു:
"ഒഴിവില്ല!  പക്ഷെ ഏഴുമണി ക്കുള്ള ആളെ നമുക്ക്‌ ഒഴിവാക്കാം. ഫോൺ ചെയ്തു പറയാം......"
അങ്ങനെ ബുക്കിംഗ്‌ നടന്നു
    ഒന്നാം തീയതി ഇഴഞ്ഞെത്തി. അതിനേക്കാൾ സാവധാനം ഏഴുമണി ഇഴഞ്ഞു.
സമയത്തു തന്നെ പണിക്കാർ അകത്തെ ഇരുട്ടു മുറിയിലേക്കു വിളിപ്പിച്ചു. ചമ്രം പടിഞ്ഞിരിക്കവേ ചിരട്ട ശബ്ദിച്ചു.
"കൂട്ടുകാരന്റെ നാളും പേരും പറഞ്ഞ്‌ ദക്ഷിണ വച്ചോളൂ"
"ദക്ഷിണ?"
"ആയിരത്തൊന്നു രൂപ"
പൈസവച്ചു
"ഗോപൻ - ആയില്യം "
കത്തിച്ചു വച്ച നിലവിളക്കിനരികിൽ വച്ചിരുന്ന കൂട്ടത്തിൽ നിന്ന്‌ മന്ത്രോച്ചാടനത്തോടെ ഒരു വെറ്റിലയെടുത്ത്‌ മന്ത്രോച്ചാടനത്തോടെ തന്നെ വെറ്റിലയിൽ കണ്മഷി പുരട്ടി വിളക്കിന്റെ മുമ്പിൽ വച്ചു.
"ഗോപൻ - ആയില്യം"
 കണ്ണടച്ചു പ്രാർത്ഥന, അനന്തരം കുനിഞ്ഞ്‌ വെറ്റിലയിലെ മഷിയിലേക്കു മിഴിയൂന്നുവാൻ ശ്രമിക്കവെ കുടവയർ രണ്ടായൊടിഞ്ഞു.
"വല്ലതും കാണുന്നുണ്ടോ പണിക്കരേ?"
"ഹും .......... കാണുന്നുണ്ടോന്ന്‌.............
....തന്റെ സുഹൃത്ത്‌ ഒരുസർപ്പ ദംശനത്തിന്റെ നിഴലിലാണ്‌. രാഹുവും കേതുവും ചേർന്ന്‌ വിഷം ദ്വിഗുണീഭവിപ്പിക്കുന്നു."
"എന്നു വച്ചാൽ പാമ്പുകടിയേറ്റെന്നോ"
"ഇല്ല ദംശനമേറ്റിട്ടില്ല. ഏൽക്കാതിരിക്കാൻ നമുക്കൊരു ഹവനം നടത്തണം. ഒരു മൂവായിരം രൂപ ചെലവു വരും"
"ദംശനമേറ്റിട്ടു പരിഹാരം ചെയ്താലെന്താ പ്രയോജനം?"
"ദംശനമേറ്റെന്നോ"
"അതേ ......ഇപ്പോ വിഷം ഇറക്കിക്കൊണ്ടിരിക്ക്യയാ"
"വിഷമിറക്കേ.............എനിക്കൊന്നും അങ്ങട്‌ മനസ്സിലാവണില്ല"
ചിരട്ട തേങ്ങി!
"ശബ്ദം ഞാൻ കേൾപ്പിച്ചു തരാം."
മൊബെയിലെടുത്തു ഡയൽ ചെയ്തു
    മൊബെയിൽ ഫോണിന്റെ ലൗഡ്‌ സ്പീക്കറിൽ നിന്നു പുറത്തേക്കൊഴുകുന്ന സീൽക്കാര ശബ്ദം.............
ആ ശബ്ദം പരിചിതമെന്നു തിരിച്ചറിഞ്ഞ പണിക്കരുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. അതു പിന്നെ ചാലു വച്ചൊഴുകി വെറ്റിലയിലെ കൺമഷിയിൽ വീണു. അനന്തരം കരിനാഗങ്ങളായി മഷിച്ചാലുകൾ ഇണചേർന്നൊഴുകി , പിരിഞ്ഞു പൊങ്ങി പണിക്കർക്കു നേരെ ഫണങ്ങൾ വിടർത്തിയാടി. ഘടോൽകചൻ പണിക്കർ പകച്ചിരുന്നു. ഇടിവെട്ടുകൊണ്ടപോലെ!
    ദക്ഷിണ വച്ച ആയിരത്തൊന്നു രൂപ നാണയമടക്കം പെറുക്കിയെടുത്ത്‌ ആ കണ്ണുകളിലേക്കു നോക്കി. അവിടെ നിസ്സഹായത തളം കെട്ടി നിന്നിരുന്നു...............

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...