22 Dec 2012

നിലാവിന്റെ വഴി


ശ്രീപാർവ്വതി
പ്രിയ ഡിസംബര്‍ ,

നിന്നോടെനിക്ക് എന്നും പ്രിയമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തണുത്ത രാത്രിയിലായിരുന്നല്ലോ എന്‍റെ അമ്മയ്ക്ക് ഈശ്വരന്‍ എന്നെ കൊടുത്തത്. എന്‍റെ പ്രിയപ്പെട്ടവനേയും. അന്നു തൊട്ടേ തുടങ്ങിയതാവണം മഞ്ഞിനോടുള്ള എന്‍റെ അനുരാഗം. മഞ്ഞു പൊഴിയുന്ന യൂറോപ്പിലെ ചിത്രങ്ങള്‍ കണ്ട് അവിടെ ജനിക്കാന്‍ എന്തുമാത്രം കൊതിച്ചെന്നോ. 
നിന്നോടെനിക്കുള്ള ഇഷ്ടം മഞ്ഞിനോടൊപ്പം.
ഡിസംബറിലെ തണുത്ത രാവില്‍ കാലിത്തൊഴുത്തില്‍ പിറന്നു വീണ ലോകനാഥനും എന്‍റെ പ്രിയങ്ങളില്‍ എന്നുമുണ്ട്. അത്ര കരുണ വഴിയുന്ന കണ്ണുകള്‍ മറ്റൊരു ചിത്രത്തിലും ഞാന്‍ കണ്ടിട്ടില്ല. പൊള്ളുന്ന പനിയില്‍ കയ്യുയര്‍ത്തി അനുഗ്രഹം ചൊരിയുന്ന ഈശോയുടെ മുഖം സ്വപ്നമായിരുന്നോ... പക്ഷേ അതിന്നും എന്നില്‍ മായാതെയുണ്ട്. 
ഓരോ ഡിസംബറും കടന്നു പോകുമ്പോള്‍ ഞാനറിയും  പ്രിയപ്പെട്ടതെന്തൊക്കെയോ എനിക്ക് നല്‍കിയിട്ടാനല്ലോ ഇത്തവണയും നീ പോയതെന്ന്. എന്‍റെ കലാലയത്തിന്‍റെ നിറമുള്ള ഓര്‍മ്മകളില്‍ അത്തരം ഒരു ഓര്‍മ്മ എപ്പോഴും ജ്വലിച്ചു നില്‍ക്കുന്നു. 
വിറയ്ക്കുന്ന തണുപ്പില്‍ സ്വെറ്റര്‍ പോലുമില്ലാതെ കൊഡൈക്കനാലിലെ കുളിരില്‍ തണുത്ത തറയില്‍ കമ്പിളി വിരിച്ചു കിടന്ന് കൂട്ടുകാരോടൊപ്പം ഉറങ്ങിയത്. അതിരാവിലെ എഴുന്നേറ്റ് ഐസ് തണുപ്പില്‍ പച്ചവെള്ളത്തില്‍ നീരാടിയത്, പിന്നെ നനുത്ത മഞ്ഞു വീഴ്ച്ച ആസ്വദിച്ച് നിന്നിലലിഞ്ഞ് വെറുതേ നടന്നത്. ഒക്കെയും പ്രിയ ഡിസംബര്‍ തന്ന സുഖമുള്ള ഓര്‍മ്മകള്‍ .
പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഡിസംബറില്‍ മൂന്നാറിലെ തണുപ്പില്‍ പ്രിയപ്പെട്ടവനോടൊപ്പം ദൂരേ നോക്കിയാല്‍ മഞ്ഞലലതെ മറ്റൊന്നും കാണാനില്ലാത്ത ചെറിയ അരുവിയുള്ള വില്ലയില്‍ രണ്ട് ദിവസം.
"മഞ്ഞിനോടുള്ള നിന്‍റെ പ്രണയം എന്നാ തീരുക" എന്ന് ചോദിച്ചപ്പോള്‍ "ഈ മഞ്ഞല്ലേ എനിക്ക് നിന്നെയും തന്നത്" എന്ന് പറയാതെ പറഞ്ഞ മൌനം.

പ്രിയ ഡിസംബര്‍ നീയെനിക്കു തന്നത് നിന്നെ തന്നെയായിരുന്നില്ലേ... നഷ്ടങ്ങളുടെ കണക്കുകള്‍ ബാക്കി വയ്ക്കാതെ നന്‍മയുടെ വിളക്കുമായി നിന്‍റെ യാത്ര തുടരട്ടെ. മരവിപ്പിന്‍റെ ചൂളയിലെരിയാതെ ആത്മവിശുദ്ധിയുടെ തണുപ്പ് എന്നിലേയ്ക്കിറ്റിച്ച് നീ യാത്ര തുടരുക. മഞ്ഞിലൂടെ , എന്‍റെ പിറന്നാള്‍ ദിനങ്ങളിലൂടെ , പുലരും വരെ തുടരുന്ന തിരുവാതിര രാത്രിയിലൂടെ, ഞാന്‍ നിന്നിലഞ്ഞുതീരട്ടെ...
എനിക്കുറങ്ങാന്‍ കമ്പിളിപ്പുതപ്പുകള്‍ വേണ്ട, തണുത്ത പ്രഭാതത്തിലെ ആവി പൊന്തുന്ന കോഫ്ഫീ ബൌളും വേണ്ട, മഞ്ഞായി എന്നെ പൊതിയുന്ന നിന്‍റെ നിശ്വാസങ്ങള്‍ മതി.

പ്രിയ ഡിസംബറിന്, സ്നേഹത്തോടെ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...