മൃതിസംക്രമണം


എം.കെ.ജനാർദ്ദനൻ

ഇവിടെ നെടുവീർപ്പുകൾ മരവിച്ചൊരുണ്മകൾ
ഇവിടെ സംസ്കൃതികളെരിയുന്നിതഗ്നിയിൽ
ഇവിടെ പുരാസ്മൃതികളിൽ പീതാകാശ
മുരുവിട്ട വേദങ്ങൾ ചിതലരിക്കുന്നു
ഇവിടെ നിഷാദ പർവ്വങ്ങൾ ജയിപ്പു
പ്രിയെ-പ്രണയനിനവിന്നു കാതോരമീ
ല്ലാകയാൽ നിനക്കായ്മൊഴിയുന്നതീയഗ്നിയെ
ഇതുനമ്മൾതൻ യാത്രമൊഴി
ഇവിടെ തളിരുകൾ കരിയുന്നു പൂക്കൾ
മരിക്കുന്നു, സുഗന്ധങ്ങളെല്ലാം
വിടചൊല്ലീടുന്നു ശ്മശാന-
ശവംനാറികൾ പൂക്കുന്നു ഗതിയ-
ടാത്മാക്കളലയുന്നു ഗൃഹാതുരതകൾ
ശവമടങ്ങുന്നു ഇവിടെകനക്കുന്ന
മൗനത്തിലൊരുകോടി സങ്കടം
ശപിത ജന്മങ്ങൾ നാമെങ്കിലും
പ്രണയമഗാധം എനിക്കുള്ള
തവിഛിന്ന സാഗരം നിൻ
രുചിരമാകാശ വിസ്തൃതം
നമ്മളൊന്നായി ഭുവിലെ വരിക്കുകിൽ
ഭൂമിയനവദ്യസുരഭിലമതിലലിയവൊ
ഉലകിനാദിമൂലങ്ങളിൽനാമദ്വൈത സുന്ദരം
നാം കറതീർന്ന പ്രേമസായൂജ്യം
പ്രിയേ കാൺക നീ നഗരനീശിഥത്തിൽ
വഴിതെറ്റിവന്നൊരുകന്യകയാരോ
ചതിച്ചമാൻകിടാവിന്‌ രാക്ഷസ
ക്കനിവിന്റെ യക്ഷയഖനികൾ
കഴുകന്റെ കൊക്കുകൾ കാമവെറി
യന്റെ പാപാസകൾ ദംശനം!
പുലരിപുതമഞ്ഞിലവൾതൻജഡം
മൃതിവണ്ടിയിൽ യാത്രപോകുന്നിതാ!
വീണ്ടും കാണുക നടവഴിയിൽ പട്ടാപ്പകൽ
തീർത്തക്കുരുതിക്കളം രാഷ്ട്രീയ
യുവാവുതൻ ഗളമറ്റ ശിരസ്സ്‌
ചാരെ, 'കുരുതിപ്പണം'കൊണ്ടെതി-
രാളിതീർത്തമണിമന്ദിരം അവ-
നുതുണ, യനുസാരിവൃന്ദങ്ങൾ കപട
വേതാള നരസഞ്ചയം നിത്യസ്തുതികൾ
മിഴികൾ ചുടുനീരണിയുമ്പോൾ
നമുക്കെന്തു സമാധാനം, പ്രണയിച്ചു
കാമിച്ചു പ്രസവിച്ചൊരമ്മക്കുതന്നുണ്ണി
യീവീതം...! കരൾ ശമിക്കുന്നതെങ്ങിനെ?
പ്രിയേ വേണമോ നിനക്കു സുമംഗല്യം?
ചുടുനെടുവീർപ്പുകൾ കൊണ്ട്‌ കൊടു-
ങ്കാറ്റുതീർക്കുവാൻ
കണ്ണീർ ചുരന്നുള്ള കടലുകൾ തീർക്കുവാൻ
നമുക്കു തുണയേകുകില്ല പ്രത്യയശാസ്ത്രങ്ങൾ
രാമരാജ്യങ്ങളും നമ്മളഭയമില്ലാത്തവർ
സഖി നമ്മെ മാടി വിളിക്കുന്നതാത്മഹത്യാമുമ്പുകൾ
ഇനിയെന്തുള്ളൂ? ഒരുപുണരൽ
ചുടുചുംബനം ചുംബനവർഷങ്ങൾ
ഘനമൗനം പിന്നെയമൃതമൃത്യുവിൽ നിത്യശാന്തികൾ
എത്രശ്രമിച്ചു നാമെത്ര ശയിച്ചുനാമി-
ചപലസമൂഹത്തിലൊത്തു
ജീവിക്കുവാൻ -ഒരു പൂവിരിയിക്കുവാൻ!
കാലംബധിരം ധരയുടെ യാർദ്രശ്രവണ
പുടങ്ങളുടഞ്ഞുപോയ്‌
സകല സത്യത്തിനും,സകല,
നീതിസാരത്തിനും, സ്വത്വത്തിനും
സകല ദൈവത്തിനുമാധാരമായ
'പണം' രാജസിംഹാസനംവാഴുന്നു
പ്രിയേ നമ്മൾ പ്രണവം സാനന്ദ-
പ്രണയപനിനീർസുഗന്ധഹൃദയങ്ങൾ!
ഇത്‌ നരകസ്ഥലി നമ്മൾ തൻ നമുക്കു-
പിറക്കാനിരിക്കുമുണ്ണികൾ തൻ-
ജീവനിഷേധനരകലോകം!
നമുക്കിവിടെ സങ്കടക്കൂനകൾ!
ഇവിടമസുരപാതാളലോകം!
നല്ലോരുഭൂമിയെയുയിർപ്പിക്കുവാൻ
നവഭാവനതുളുമ്പുമൊരു ദേവനെ
പ്രാർത്ഥിച്ചിടാം യാത്രാമൊഴി
നമുക്കിനി മൃതിസംക്രമണങ്ങൾ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ