പെണ്‍കുട്ടി

 മിനി എസ അടൂര്‍ 

പെണ്‍കുട്ടി തനിച്ചായിരുന്നു
ഒട്ടൊരു മുഴക്കത്തോടെ വണ്ടി സ്റ്റേഷനില്‍ നിന്നപ്പോള്‍
കമ്പിയില്‍ തൂക്കിയിട്ടിരുന്ന തുണിസഞ്ചിയില്‍ അവളെന്തോ പരതി.
പിന്നെ ഒന്നൊതുങ്ങിയിരുന്നു.

കമ്പാര്‍ട്ട്മെന്റ് മിക്കവാറും വിജനമായിരുന്നു .
വണ്ടി നീങ്ങിത്തുടങ്ങിയ ശേഷമാണ്
അയാള്‍ പെണ്‍കുട്ടിക്കെതിര്‍വശത്തെ സീറ്റില്‍ വന്നിരുന്നത്.
പുറത്ത്, മറയുന്ന തരിശു ഭൂമിയിലേക്ക്‌ നോക്കി
സ്വയം നഷ്ടപെട്ടെന്നപോലെ അയാളിരുന്നു .

യാത്രക്കാരില്‍ ആരൊക്കെയോ നടത്തുന്ന വാഗ്വാദങ്ങള്‍ ഒന്നും അവളുടെ മനസ്സിലെക്കെത്തിയില്ല.
എന്തിനേക്കുറിച്ചൊക്കെയോ ചിന്തിക്കുകയായിരുന്നു അവള്‍ .
സ്വപ്നങ്ങളിലെ പൊന്‍പുലരികളെക്കുറിച്ച് .
കണ്ണീരുപ്പുറയുന്ന  മനസ്സിനെക്കുറിച്ച്‌..

ഒന്നുമറിയാതെ വണ്ടി അപ്പോഴും നീങ്ങിക്കൊണ്ടിരുന്നു.
ആരൊക്കെയോ കയറുകയും ഇറങ്ങിപ്പോവുകയും
ചെയ്തു കൊണ്ടിരുന്നു .
പിന്നെ എപ്പോഴോ അവര്‍ ചങ്ങാതിമാര്‍ ആയി .
തരിശു ഭൂമിക്കപ്പുറം
തളിര്‍ത്ത പച്ചപ്പുകളും നിറഞ്ഞ പാടങ്ങളും
താഴ്വാരങ്ങളും ഒക്കെ കടന്നുവന്നത് അവര്‍ അറിഞ്ഞില്ല ..
അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു ...

പൊടുന്നനെ അവര്‍ക്കിടയിലേക്ക് മഴ ഇരമ്പി വന്നു ..
വശത്തെ ചില്ലുജാലകത്തിനപ്പുറം
തിമര്‍ക്കുന്ന മഴയെ നോക്കിയിരിക്കുമ്പോള്‍
മനസ്സ് വീണ്ടും പഴയ കാലങ്ങളിലേക്ക്
പോകുകയാണോ എന്നവള്‍ ഭയന്നു.
മഴയുടെ ആര്‍ദ്രതയെ പ്രണയിച്ച് നടന്ന പഴയ കാലങ്ങളിലേക്ക് .

അയാളെപ്പോഴോ ഒരു മയക്കത്തിലെക്കാഴ്ന്നു പോയിരുന്നു....
പെണ്‍കുട്ടിക്കിറങ്ങേണ്ട സ്റ്റേഷനിലേക്ക് വണ്ടി എത്തുകയായിരുന്നു ..
സഞ്ചിയുമെടുത്ത് അവള്‍ എഴുന്നേറ്റു.
അയാളപ്പോഴും ഉണര്‍ന്നിരുന്നില്ല.
അയാള്‍ക്കിറങ്ങേണ്ട സ്റ്റേഷന്‍ ഇനിയും എത്തിയിട്ടില്ല.

വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ എന്തുകൊണ്ടെന്നറിയില്ല
അയാള്‍ കൂടി അവിടെ ഇറങ്ങിയിരുന്നെങ്കില്‍
എന്ന് പെണ്‍കുട്ടി വെറുതെ ഓര്‍ത്തു.
മഴവെള്ളം ഒലിച്ചിറങ്ങുന്ന കണ്ണാടിക്കപ്പുറം
അയാളപ്പോഴും മയങ്ങുകയായിരുന്നു.
വണ്ടി നീങ്ങിത്തുടങ്ങുന്നത്
ഒട്ടൊരു നഷ്ടബോധത്തോടെ അവളറിഞ്ഞു.
മഴ പെയ്തുകൊണ്ടേയിരുന്നു..

വണ്ടി ദൂരെ മറയുമ്പോഴും
പെണ്‍കുട്ടി അവിടെത്തന്നെ നില്‍ക്കുകയായിരുന്നു 
മഴയില്‍ കുതിര്‍ന്ന്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ