സി.വി.ബാലകൃഷ്ണന്‍
മലയാള സാഹിത്യലോകത്തെ ഭൂരിഭാഗം പേരും നപുംസകങ്ങളാണെന്ന് എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍.
ഇടപെടലുകള്‍ ആവശ്യമായ പല സന്ദര്‍ഭങ്ങളിലും കൃത്യമായ നിലപാടെടുക്കാന്‍ പല എഴുത്തുകാര്‍ക്കും കഴിയുന്നില്ല. അടിയന്തരാവസ്ഥ മുതല്‍ ടി.പി. ചന്ദ്രശേഖരന്‍ വധം വരെയുള്ള അവസരങ്ങളില്‍ ഈ നിലപാടില്ലായ്മ അവര്‍ പ്രകടമാക്കിയിട്ടുണ്ടെന്ന് പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒമാനിലെത്തിയ സി.വി. ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സുകുമാര്‍ അഴീക്കോട് പൊതുപ്രശ്നങ്ങളില്‍ ഇടപ്പെട്ട് പ്രതികരിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷെ, അദ്ദേഹത്തിന് കൃത്യമായ നിലപാടുകളുണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല.
പെട്രോളിന് പിന്നാലെ ഡീസലിന്‍െറ വില നിര്‍ണയിക്കാനുള്ള അവകാശം സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നു. നമ്മുടെ ജനാധിപത്യം എത്ര അപഹാസ്യമാകുന്നു എന്നതിന്‍െറ തെളിവാണ് ഇത്തരം തീരുമാനങ്ങള്‍. ഫാസിസത്തിന് വളരാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യന്‍ ജനാധിപത്യം. ഇടത് ആഭിമുഖ്യമുള്ള പല എഴുത്തുകാര്‍ക്കും അവരുടെ പാര്‍ട്ടി വിധേയത്വം സ്വതന്ത്ര്യമായ അഭിപ്രായപ്രകടനത്തിന് തടസമാകുന്നുണ്ട്. യഥാര്‍ഥ ഇടതുപക്ഷമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിന് പകരം പാര്‍ട്ടി ഒരുക്കുന്ന ചട്ടക്കൂടിനകത്ത് ചുരുങ്ങുകയാണ് ഇക്കൂട്ടര്‍. 51 വട്ടം വെട്ടി ടി.പി. ചന്ദ്രശേഖരനെ കൊന്നപ്പോള്‍ അതിനോട് പ്രതികരിക്കുന്നതല്ല സാഹിത്യകാരന്‍െറ ജോലി എന്ന് പറയാന്‍ അവരെ പ്രേരിപ്പിക്കുന്നതും ഇതാണ്. അടിയന്തരാവസ്ഥ കാലത്ത് രാജന്‍ കേസ് അന്വേഷിക്കണമെന്ന നിവേദനത്തില്‍ ഒപ്പുവെക്കാന്‍ തയാറാകാതിരുന്നവ സാഹിത്യകാരന്‍മാരും നമുക്കിടയിലുണ്ട്. എങ്കിലും, സാമൂഹിക പരിവര്‍ത്തനത്തിന് നാട്ടുകാര്‍ ഇപ്പോഴും ചെവികൊടുക്കുന്നത് സാഹിത്യകാരന്‍മാര്‍ക്കല്ല, രാഷ്ട്രീയക്കാര്‍ക്കാണ്.
ദല്‍ഹി സംഭവത്തില്‍ ആരുടെയും ആഹ്വാനമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയത് പുതിയൊരു രാഷ്ട്രീയത്തിന്‍െറ സൂചനയാണ്. ഇതിനെ അരാഷ്ട്രീയ മുന്നേറ്റം എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഈ സമരങ്ങളിലൂടെ ജനം പുതിയ രാഷ്ട്രീയം തേടുന്നുന്നുണ്ട് എന്ന് വ്യക്തമാവുകയാണ്. മലയാള സാഹിത്യം മുന്നേറിയതിന്‍െറ നാലയലത്ത് പോലും മലയാള സിനിമ മുന്നേറിയിട്ടില്ല. നവ തലമുറ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നവ അടൂര്‍, അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍, ഐ.വി. ശശി എന്നിവര്‍ പുതുതായി കടന്നുവന്നപ്പോഴും ഉണ്ടായിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ അത്തരത്തില്‍ വിശേഷിപ്പിക്കുന്ന സിനിമകളില്‍ പലതും വിദേശസിനിമകളുടെ പകര്‍പ്പുകള്‍ മാത്രമായി മാറുന്നുണ്ടെന്നും സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു.
[ബൂലോകം]