ഉണരുക, അറിയുക കൃതകൃത്യരാവുക!


സി.രാധാകൃഷ്ണൻ


പേടിക്കേണ്ടിവന്നാലോ എന്നാണ്‌ നമ്മുടെ ഏറ്റവും വലിയ പേടി!
തോണിയിൽ പുഴയോ കായലോ കടലോ കടക്കുന്ന നമുക്കറിയാം, നീന്തലറിയാത്തവർക്ക്‌ മരിക്കാൻ വെള്ളത്തിന്‌ മൂക്കിനു മുകളിൽ ആഴം മതി എന്ന്‌. നീന്തലറിയാമെങ്കിലും ഏറെ നീന്തിയാൽ മുങ്ങിമരിക്കാനും അത്രതന്നെ ആഴം മതി എന്നും തീർത്തറിയാം. എന്നിട്ടും വെള്ളത്തിന്‌ ആഴം കൂടുംതോറും നമ്മുടെ പേടിയും പെരുകുന്നു! ഇരുപതിനായിരം അടി ആഴമുള്ള ശാന്ത സമുദ്രം എന്നും മറ്റും ചിന്തിക്കുമ്പോഴേ അകം കാളുന്നു!
    ഉയരത്തിന്റെ കഥയും ഇതുതന്നെ, അപകടം പറ്റാൻ വെറുതെ നിന്ന നിൽപ്പിൽനിന്ന്‌ വീണാലും മതി പക്ഷെ വിമാനം മുപ്പത്തയ്യായിരം അടി ഉയരെയായതിനാൽ അത്രയുമിരട്ടിയാണ്‌ നമ്മുടെ ഭയം!
    ഭാവനയിൽ നിന്നാണ്‌ ഭയം ഉണ്ടാകുന്നതെന്നർത്ഥം. ഇതേ പരിതസ്ഥിതികളിൽ ഒരു മൃഗത്തിന്‌, സ്ഥലമാറ്റത്തിന്റെ അപരിചിതത്വം കാരണമുള്ള അസ്വാസ്ഥ്യത്തിൽ കവിഞ്ഞ ഒന്നും ഉണ്ടാകാനിടയില്ല.
    കഴിഞ്ഞുപോയതിനെക്കുറിച്ച്‌ നമുക്ക്‌ ഭയമുണ്ടാകാറില്ല. വർത്തമാനനിമിഷങ്ങളുടെ നേർതുടർച്ചയായ കാലം ഉൾപ്പെടെയുള്ള ഭാവിയിലെ അനിശ്ചിതത്വം പേടിയെ പരിപോഷിപ്പിക്കുന്നു. തുണയ്ക്കാൻ ആരും  ഇല്ലെന്നു വരുമ്പോൾ പേടി നൂറിരട്ടിക്കുകയും ചെയ്യുന്നു.
    അപ്പോൾ പേടി മാറാൻ രണ്ടു മൂന്നു കാര്യങ്ങളെ വേണ്ടൂ. ഒന്ന്‌, അനിശ്ചിതത്വം ഇല്ലാതാകണം. രണ്ട്‌, താങ്ങുണ്ടെന്ന്‌ ഉറപ്പാവണം. മൂന്ന്‌, ഭാവനയുടെ പോക്കിന്റെ ഗതി മാറണം. ഈ അവസാനകാര്യം മാത്രം മതി ആദ്യത്തെ രണ്ടും ശരിയാകാൻ.
    ഭാവനയുടെ ദിശ മാറ്റിയെടുക്കാൻ എന്തുചെയ്യണം? മരുന്നോ മന്ത്രമോ ഒന്നും മതിയാവില്ല. കാരണം, ഇവയുടെയെല്ലാം, വാസ്തവത്തിൽ ഉള്ളതോ ഉണ്ടെന്നു നാം കരുതുന്നതോ ആയ, ഫലം തീരുമ്പോൾ ഭയം പൂർവാധികം ശക്തിയോടെ തിരിച്ചുവരും.
    ഒരു വഴിയേ ഉള്ളൂ-ആത്യന്തികമായ ബലം സ്വായത്തമാണെന്ന നിശ്ചയം വരണം. അതായത്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ പരമബലം തന്നെ. ഏത്‌ ആണവായുധത്തെക്കാളും കോടാനുകോടി ഇരട്ടി ശക്തം, അജയ്യം!
    സർവവ്യാപിയായ ഈശബലം! നാം അതാണെന്നിരിക്കെ, ആരെ, എന്തിനെ ഭയപ്പെടാൻ? ആ ബലവുമായി താദാത്മ്യം പ്രാപിച്ചുകിട്ടിയാൽ മതി. ആ അവസ്ഥയിൽ ഈ പ്രപഞ്ചത്തിന്റെ മുഴുവൻ നടത്തിപ്പിനു പിന്നിലെ ബലം നാം തന്നെ ആയിത്തീരുന്നു. പിന്നെ, നമ്മെ പേടിപ്പിക്കാനോ, ദുഃഖിപ്പിക്കാനോ, വേദനിപ്പിക്കാനോ ആർക്കും ഒന്നിനും കഴിയില്ലെന്നു തീർച്ചയല്ലേ?
    ഈശാവാസ്യമാണ്‌ പ്രപഞ്ചമെന്നറിഞ്ഞ്‌ അതിന്റെ വെളിച്ചത്തിൽ കർമ്മം ചെയ്ത്‌ നൂറു വർഷം ജീവിക്കാനാണ്‌ ഉപനിഷത്ത്‌ ഉപദേശിക്കുന്നത്‌. ജീവിതം മായയെന്നു നിശ്ചയിച്ച്‌ കാടുകയറാനോ ഇന്ദ്രിയസുഖങ്ങളാണ്‌ ജീവിതം എന്നുകരുതി കാടനാകാനോ അല്ല.
    മനുഷ്യജീവിതത്തിന്റെ ഇത്തരം ശാക്തീകരണമാണ്‌ സ്വാമി വിവേകാനന്ദൻ പൗരസ്ത്യദർശനത്തിന്റെ ഫലശ്രുതിയായി കണ്ടത്‌. അതിനാൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ ബലോപനിഷത്ത്‌ എന്നാണ്‌ അറിവുള്ളവർ വിശേഷിപ്പിക്കുന്നത്‌.
    ഇങ്ങനെ ഒരു സംസ്കാരം ലോകത്ത്‌ നിലവിൽ വരുന്നതോടെ മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയും മനുഷ്യജന്മം എങ്ങും ഫലവത്താവുകയും ചെയ്യും. ആരും ആരെയും ചൂഷണം ചെയ്യില്ല. നിത്യവൃത്തിക്കുള്ളതിലേറെ ആരും കൂട്ടിവയ്ക്കില്ല. ആരും ആരെയും പേടിപ്പിക്കില്ല. പേടിക്കയുമില്ല. അതിർത്തികളോ സേനകളോ നിയമപാലകരോ കോടതികളോ വേണ്ടിവരില്ല. ദുഃഖം എന്ന സംഗതി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാകും. മരണവും രോഗവും വേദനയുമെല്ലാം സ്വഭാവികവും സഹ്യവുമായിത്തീരും.
    ഇതുതന്നെ സ്വർഗം. ഇത്‌ മരീചികയായി തുടരുന്നതിന്റെ മുഖ്യഹേതു പേടിയുളവാക്കുന്ന ദിശയിൽനിന്ന്‌ മനുഷ്യഭാവന ഇനിയും മോചിതമായില്ല എന്നതുതന്നെ. തീയിലേക്ക്‌ പറന്നു ചെല്ലുന്ന ഈയാംപാറ്റയുടെ പേടിയില്ലായ്മയല്ല ഇപ്പറയുന്ന ഭയരാഹിത്യമെന്ന്‌ വ്യക്തമാണല്ലോ. ജീവസഹജമായ മുൻകരുതലുകൾ എന്നുമെവിടെയും അനിവാര്യമാണ്‌. കാരണം ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും തന്നെയാണ്‌ ഈശബലബോധ്യമുണ്ടാകാനുള്ള ഉപാധികൾ. ഇവയുടെ നിലനിൽപ്പും സുസ്ഥിതിയും പ്രാഥമികാവശ്യമാണ്‌. ഉപാധികളെ ലക്ഷ്യങ്ങളായി കണ്ട്‌ വണ്ടി തിരിച്ചോടിക്കരുതെന്നു മാത്രം.
    അനാദിയായ പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലെ അനിവാര്യഘടകങ്ങളാണ്‌ നമ്മിൽ ഓരോരുത്തരും. നാം നിശ്ചയിക്കുന്നതല്ല നമ്മുടെ പിറവി എന്ന പരിണതി. നമ്മുടെ വളർച്ചയിലെ ഒട്ടുമിക്ക ഘടകങ്ങളും നാം നിശ്ചയിച്ചതല്ല എന്ന്‌ മെല്ലെയൊന്ന്‌ തിരിഞ്ഞു നോക്കിയാൽ കാണാം. പക്ഷെ, ആ വഴിത്താരയിൽ ഉടനീളം നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നുകൂടി കാണാം. ആ സ്വാതന്ത്ര്യം നാം ഉപയോഗിച്ചതു പലപ്പോഴും പലതിനേയും പേടിച്ചും പല ഭൗതിക പ്രലോഭനങ്ങൾക്കും വശപ്പെട്ടും അഹന്തയുടെ തള്ളിച്ചയാലും ആയിരുന്നു എന്നുകൂടി കാണാം. ഞാൻ ഈശ്വരനാണ്‌ എന്ന നിലപാടിൽ നിന്നുകൊണ്ട്‌ വളരെ കുറച്ചു തീരുമാനങ്ങളേ നാം എടുത്തിരിക്കൂ. കുറച്ചെങ്കിലും ഏവരും തീർച്ചയായും എടുത്തിരിക്കും.
    ഈ അവസാനം പറഞ്ഞ തീരുമാനങ്ങളാവും നമുക്ക്‌ ഏറ്റവും കൂടുതൽ സന്തോഷം പിൽക്കാലത്ത്‌ തന്നിരിക്കുക. മറ്റു തീരുമാനങ്ങളാവും നമുക്ക്‌ ഏറ്റവും കൂടുതൽ ദുഃഖവും വേദനയും ഭയവും അവശേഷിപ്പിച്ചതു. സംശയമുണ്ടെങ്കിൽ കണക്കെടുത്തു നോക്കുക!
    നമുക്കു ജന്മസിദ്ധമായ സ്വാതന്ത്ര്യം എന്തിനുള്ളതാണെന്ന്‌ ഇതുതന്നെ തെളിയിക്കുന്നു. ജീവപരിണാമത്തിൽ ഈ സ്വാതന്ത്ര്യത്തിലേക്കുള്ള വളർച്ച തെളിഞ്ഞുകാണാം. നിന്നിടത്തുനിന്ന്‌ എങ്ങും പോകാനാവാത്ത സസ്യലതാദികൾ, അസ്വതന്ത്രരെന്നാലും, സ്വതഃസിദ്ധമായ അജ്ഞതയോടെയെന്നാലും പരസേവനവ്യഗ്രരായാണ്‌ ജീവിക്കുന്നത്‌. മൃഗങ്ങളോ, കുറച്ചുകൂടി സ്വതന്ത്രരെന്നാലും, നിയതമായ പാതയിൽ ജീവിതം നയിക്കുന്നു. സ്വതന്ത്രരും ചിന്താശേഷിയുള്ളവരുമായ മനുഷ്യർ സ്വാഭാവികമായും തിരിച്ചറിയേണ്ടത്‌ നിയതിയുടെ ബലോപനിഷത്താണ്‌. ഈ വിശേഷബുദ്ധി കൈവരിച്ചവരെയാണ്‌ അമൃതം ഭക്ഷിച്ചവർ എന്ന്‌ ഋഷിവര്യന്മാർ വിശേഷിപ്പിക്കുന്നത്‌. മറിച്ച്‌, പാപത്തിന്റെ ഫലം തിന്നാൻ മനുഷ്യർക്കു മാത്രമേ സാധിക്കൂ എന്നതിനാൽ ഈ തിരിച്ചറിവ്‌ മർമ്മപ്രധാനമാണ്‌. ഉണരുക, അറിയുക, കൃതകൃത്യരാവുക!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ