നഗരത്തില്‍ അലയുമ്പോള്‍ ...
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എത്ര ചെറിയ ദൂരം പോലും ഊര്‍ജ്ജം പകരും എന്നതില്‍ സംശയമില്ല. ഒരു യാത്ര പോകണമെന്നു തോന്നിയാല്‍ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്ഥലത്തിന്‍റെ മാപ്പ് അന്വേഷിക്കുന്നവരാണ്, പലരും. പക്ഷേ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്, വഴിയറിയാതെ ,ദിക്കറിയാതെ ,ലക്ഷ്യമില്ലാതെ ഒന്നു നടന്നു നോക്കൂ, ഏറ്റവും മികച്ച ഒരു യാത്രാനുഭവം ആയിരിക്കുമത്.വളര്‍ച്ചയുടെ പടവുകളില്‍ എപ്പൊഴോ ഒറ്റയ്ക്കായിപ്പോയത് വേദനയായി തോന്നിയത് അവിടെ വച്ചായിരുന്നു. അതു വരെ പറമ്പിലെ പൂക്കളോടും മരങ്ങളോടും വിശേഷങ്ങള്‍ പറഞ്ഞ്, സൌഹൃദങ്ങളോട് ഒത്തു നടക്കുമ്പോള്‍ ഒറ്റയാകുന്നതാണ്, ഏറെ മനോഹരമെന്നു തോന്നി.പക്ഷേ അസ്ഥിരമായ ജീവിതം യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കുള്ള ചൂണ്ടു പലകയായപ്പോള്‍ മടുപ്പിന്‍റെ ആവരണം പുതച്ച മനസ്സിനെ വഴിയില്‍ വെറുതേ വിരിച്ചിട്ടു. എന്നാലും ഉടലിനെ പൊള്ളിച്ച പനിക്കാലവും ,ആഗ്രഹം ഒരുക്കിത്തന്ന ചെറിയ സന്തോഷങ്ങളും ഇടയ്ക്കൊക്കെ വഴിയില്‍ പൂക്കാലമൊരുക്കിത്തന്നു. പക്ഷേ അന്നൊന്നും ആ വഴികളില്‍ ഞാന്‍ ലക്ഷ്യമില്ലാതെ നടന്നിട്ടില്ല. മൌനത്തിന്‍റെ ഇതള്‍ക്കൂട്ടില്‍ തനിച്ചിരുന്നിട്ടില്ല. പക്ഷേ എന്നിട്ടും അന്നു ഞാന്‍ ആരുമില്ലാത്തവളായിരുന്നു.അയല്‍വക്കത്തെ ചായമിളകിയ ഭിത്തിയില്‍ പതുക്കെ പിടിച്ചു കയറിയും ഇറങ്ങിയും ജീവിതം തീര്‍ക്കുന്ന കണ്ണുകാണാത്ത മുത്തശ്ശിയെ നോക്കിയിരിക്കുമ്പോള്‍ മറ്റാരുമില്ലാതെ ആ സാമാന്യം വലിയ വീട്ടില്‍ ആ മുത്തശ്ശി എങ്ങനെ ജീവിക്കുന്നു എന്നറിയാന്‍ തോന്നിയ കൌതുകം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കാഴ്ച്ചകള്‍ നയിക്കുന്നത് ആത്യന്തികമായ ഇരുട്ടിലേയ്ക്കാണെന്ന് ആരോ ഓര്‍മ്മിപ്പിക്കുന്നു. കാഴ്ച്ചയില്ലാത്തവന്, ജീവിതം വെളിച്ചത്തിലേയ്ക്കുള്ള അടയാലപ്പെടുത്തലുകളുമാണത്രേ. പക്ഷേ ഇല്ലാത്ത കാഴ്ച്ചയേക്കാളും എന്നില്‍ കൌതുകമുണര്‍ത്തിയത് ഒറ്റപ്പെട്ട് നടക്കുന്ന ആ മുത്തശ്ശി തന്നെ. ചില നേരങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുകയും എന്നാല്‍ എനിക്ക് കഴിയാതെ പോകുന്നതുമായ ഒരു കൌതുകം.ഇത്തവണത്തെ കോഴിക്കോട് യാത്ര ഒരു ഓര്‍മ്മ പുതുക്കലായ്രുന്നു. കൌതുകങ്ങളിലേയ്ക്കുള്ള ഒരു വഴിയൊരുക്കല്‍ . മലബാറിന്‍റെ രുചിക്കൂട്ടുകളെ എന്നും സുഹൃത്തുക്കള്‍ നിരത്തുമ്പോഴും വെറും രണ്ടു വര്‍ഷത്തെ അടുപ്പം മാത്രമുള്ള ആ മഹാ നഗരത്തോട് ഒരിഷ്ടവും തോന്നിയിട്ടില്ല. പക്ഷേ ഇത്തവണ രുചിക്കൂട്ടൊരുക്കി അപരിചിതമായ എന്‍റെ നാട് ഭക്ഷ്ണപ്രിയയായ എന്നെ ആനന്ദിപ്പിച്ചു. രണ്ടു വര്‍ഷമായിട്ടും യഥാര്‍ത്ഥ കോഴിക്കോടന്‍ ഹല്‍വയുടെ രുചിയറിഞ്ഞിട്ടില്ലാത്ത എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് ശങ്കരേട്ടന്‍റെ നെയ്യ് ഹല്‍വയുടെ രുചി പകര്‍ന്നു കൊടുത്തു(ഞാനും ആദ്യാണുട്ടോ..). പിന്നെ എനിക്കപരിചിതമായ മിഠായിത്തെരുവിന്‍റെ തിരക്കിലൂടെ വഴിയറിയാതെ വെറുതേ നടന്നു. ചിന്തിക്കാന്‍ ഒന്നും ഇല്ലായ്കയല്ല, പക്ഷേ ചിന്തകളെയൊക്കെ പടിയ്ക്കു പുരത്തിരുത്തി ലോകത്തിലേയ്ക്ക് സ്വയം തുറന്നു കൊടുത്ത് എന്നാല്‍ സമൂഹത്തിനു മുന്നില്‍ കാഴ്ച്ചയില്ലാത്തവളായി ഒരു അലച്ചില്‍ . അതിന്ടയില്‍ എന്നെ കടന്നു പോയ നിറങ്ങളുടെ പ്രദര്‍ശനങ്ങള്‍ , സൌഹൃദങ്ങളുടെ നൂലിഴകള്‍ ...ഒരു യാത്ര മനോഹരമാകുന്നത് അതിന്‍റെ അവസാനം വരെ നിലനില്‍ക്കണം. ഈ യാത്രയില്‍ മനസ്സിനെ അടുക്കിപ്പിടിച്ച മറ്റൊന്ന്, എന്‍റെ ആദ്യ പുസ്തകത്തിന്‍റെ പബ്ലിഷര്‍ മുന്നില്‍പെട്ടു എന്നതു തന്നെ. എന്‍റെ പ്രണയക്കുറിപ്പുകളുടെ പ്രിയ പുസ്തകം "പ്രണയപ്പാതി" പുസ്തകങ്ങളുടെ നഗരമായ കോഴിക്കോട് വച്ച് അതിന്‍റെ അവസാന മിനുക്കു പണികളിലേയ്ക്കു കടക്കുമ്പോള്‍ ഒരു നിര്‍വൃതി. എഗ്രിമെന്‍റ്, ഒപ്പിട്ടു കൊടുക്കുമ്പോള്‍ വെറുതേ ഹൃദയം ഒന്നു തുടിച്ചു ചാടി , ഇത്ര നാളത്തെ എന്‍റെ എരിച്ചില്‍ , ഞാനെരിഞ്ഞ ചിത , എന്‍റെ പ്രിയപ്പെട്ടവന്‍ നടന്ന വഴികള്‍ ,അത് ലോകത്തിനു മുന്നില്‍ തുറക്കാന്‍ കാത്തു നില്‍ക്കുന്നു.പ്രിയ നഗരത്തിനു തല്‍ക്കാലം വിട...ഇത്ര നാളും ഈ നഗരം എന്നിലുണ്ടായിരുന്നില്ല. ആകസ്മികമായി വന്നുപെട്ട് വിഭ്രാന്തിയിലായിപ്പോയ ആട്ടിന്‍കുഞ്ഞിനേ പോലെ പേറ്റിയോടെ കണ്ട കടലായിരുന്നല്ലോ എനിക്കീ നഗരം. ഇപ്പോള്‍ ഞാനിതിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഒരു പകല്‍ മുഴുവന്‍ അലഞ്ഞു നടന്ന നഗരം എന്ന പേരില്‍ മാത്രമല്ല, എന്‍റെ പ്രിയനെ എനിക്കു പരിചയപ്പെടുത്തിയ ഇടമൊരുക്കിയത് എന്നതു കൊണ്ടു മാത്രവുമല്ല, എന്‍റെ ഹൃദയം അക്ഷരങ്ങളാക്കിയൊരുക്കുന്ന നഗരം ആയതുകൊണ്ടും കൂടി.പ്രിയ നഗരമേ നിന്നെ ഇതാ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു...