ശ്രീകൃഷ്ണദാസ് മാത്തൂർ
ലിഫ്റ്റില്‍ കയറി പൊങ്ങിത്താഴുംപോള്‍
ഒരിരുണ്ട പൊട്ടിച്ചിരി.
സിംഹാസനസ്ഥനായ ഒരധികാരിയുടെ
ചിരിയില്ലാത്ത ചിരി!
ലിഫ്റ്റ് ഒരു പാതാളക്കരണ്ടി.
എന്നെ കുരുക്കിയെടുത്ത്
ഏതെന്കിലും നിലയില്‍ തള്ളും,
നിലകള്‍ തള്ളിപ്പറയുമ്പോള്‍
ചിരിയുടെ മാറ്റോലിയകംപടിയാക്കി
താഴെ തള്ളും.
വഴിയിലുപേക്ഷിച്ചു പീപ്പിയൂതിപ്പോം
വണ്ടി പോലെ.
ഇതിന്റെ കോളറിനു പിടിപ്പിച്ച
ബലമുള്ള ചൂണ്ടല്‍ കൊളുത്താണ്
താഴെയും മുകളില്‍ നിന്നുമുള്ള
ചിരിയുടെ വിശപ്പിന്
എന്നെ വലിച്ചെറിഞ്ഞു കൊടുക്കാത്തത് ...
ലിഫ്റ്റില്‍ കയറുമ്പോഴൊക്കെ
കീഴ്മേല്‍ അനന്തസഞ്ചാരവഴിയില്‍
പുറത്തുള്ള വന്യ നഗ്നതയെ
അകത്തു നിന്ന് മറയ്ക്കാന്‍
മറപ്പുര കെട്ടിയതെന്നു തോന്നും.
നിലയ്ക്കൊപ്പിച്ചു നില്‍കുംപോള്‍
രണ്ടു നിലകളുടെ ചേര്‍പ്പില്‍
ജീവന്‍ ഇറ്റുപോയേക്കാവുന്ന
ഒരന്ധകാരക്കിണറനക്കം.
ഈ താഴ്ന്നുയര്‍ന്നു പോക്ക്
ഒരു തൂക്കക്കാഴ്ച പോലെ.
പിടി വിട്ടു പോയാല് പിന്നെ
തൂക്കച്ചാടിനടിയില്‍ ,
ചോരയും നീരുമായി...