പ്രണയം

സലില മുല്ലൻ

അടിയില്‍ പതിയിരിക്കുന്ന
മുള്ളുകള്‍ കാണാതെയല്ല
വാനമ്പാടി പനിനീര്‍പ്പൂവുമായി
പ്രണയത്തിലായത്.
സ്വന്തം ഹൃദയം
പൂവിനു നല്‍കിയപ്പോള്‍
പൂവിന്റെ മുള്ളുകളും
അവള്‍ക്കു സ്വന്തം.

വരാനിരിക്കുന്ന ക്ഷയം
അറിയാതെയല്ല
പൂര്‍ണ്ണചന്ദ്രനെ
രാപ്പാടി പ്രണയിച്ചത്.
സ്വയം
ചന്ദ്രന് സമര്‍പ്പിച്ചപ്പോള്‍
ആ ക്ഷയാഭിവൃദ്ധികളും
അവള്‍ക്കു സ്വന്തം.

ഉദയ സൂര്യനെ
പ്രണയിക്കുമ്പോള്‍
വരാനിരിക്കുന്ന അസ്തമയം
സൂര്യകാന്തിക്കറിയാമായിരുന്നു.
.

നാലുനാള്‍ക്കകം
മണ്ണടിയുമെന്നറിഞ്ഞു തന്നെയാണ്
പൂത്തുമ്പിയെ കാറ്റു പ്രണയിച്ചത്.

സായാഹ്നത്തിലെത്തി
എന്നറിയാതെയല്ല ,
നമ്മള്‍ പരസ്പരം പ്രണയിച്ചത്
ആഹ്ലാദത്തിലും അവശതയിലും
അന്യോന്ന്യം ചാരാന്‍ ,
ഒരു കൈക്കടിയില്‍ മറ്റൊരുകൈ
താങ്ങാവാന്‍ ,
ചുവടുകള്‍ പിഴക്കുമ്പോള്‍
ഉറപ്പുള്ള ഊന്നുവടിയാവാന്‍ ,
അവസാന ശ്വാസത്തിലും
ഒന്നായലിയാന്‍ ‍.....
ഒന്നായി പുനര്‍ജ്ജനിക്കാന്‍ ....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?