24 Jan 2013

പ്രയാണം


ദിനകരൻ.പി.പി.


ദൂരെകിഴക്കൊരു മാമലക്കപ്പുറ-
മർക്കകുമാരകൻ ഭൂജാതനായ്‌.
കാലമേൽപ്പിച്ചൊരു കർത്തവ്യമെന്നപോൽ
കൂകിയുണർത്തീടും കുക്കുടങ്ങൾ.
കൂവലതുകേട്ടുണർന്ന കുയിലുകൾ
നിദ്രവിട്ടീടെന്നങ്ങേറ്റുപാടി.
ഘോഷമിതെല്ലാമറിഞ്ഞൊരു കാകനും
നാട്ടിലൂടെല്ലാം പറന്നു പാടി.
മുട്ടിലിഴയുന്ന ബാലകൻ തന്നുടെ
ശോഭയും വാനിലുയർന്നുപൊങ്ങി.
മാരിവില്ലേകിയ വർണ്ണക്കൂട്ടെല്ലാമേ
വാരിവലിച്ചങ്ങെറിഞ്ഞപോലെ.
വാനിലെറിഞ്ഞൊരു വർണ്ണച്ചെപ്പിൽനിന്ന്‌
വർണ്ണമീ പാരിൽ പരന്നിറങ്ങി.
വാനിലുയർന്നു നിന്നീടുമാദിത്യനു-
മന്ധകാരത്തെ വലിച്ചുനീക്കി.
പാരിലുഷസ്സിനൊളിപരന്നീടുന്നു
പുത്തനുണർവു നിറഞ്ഞീടുന്നു.
സർവ്വചരാചര ജീവികൾക്കും നേരാം
നന്മനിറഞ്ഞൊരു സുപ്രഭാതം.
വിണ്ണിൽ ദിവാകരൻ യൗവനം പൂകിനാൻ;
മണ്ണിലുയരുന്നാരാധനയും.
ഉർവ്വീതലത്തിലേയാരാധനയ്ക്കൊപ്പം
ഗർവ്വുമതൽപ്പമങ്ങേറിയപോൽ.
കോടിപ്രഭയോടെ വാനിലുയർന്നപ്പോ-
ളോടിയകലുന്നു ജീവികളും.
ശക്തിയേറുന്നോരു രശ്മിയെയേൽക്കാന-
ശക്തരാണേവരുമെന്നപോലെ.
വിഖ്യാതിയോടെഴും സുര്യനുപോലുമ-
പഖ്യാതി നേടാനായെന്തുവേണം?
താപം സഹിപ്പാനെളുതല്ലയെന്നപോൽ
ശാപവാക്കോതുന്നു മാലോകരും.
പ്രാമുഖ്യമേറീടും സ്ഥാനത്തിരുപ്പോരും
ആമുഖമില്ലാതെയോർക്കവേണം.
കീർത്തിമാനായോരു മാന്യദ്ദേഹത്തിനു
മാർജ്ജിതമാവാമീ ശാപവർഷം.
മണ്ണിൽ വിനാശം വിതച്ചു ദിനേശനും
വിണ്ണിൽ ചെരിഞ്ഞു തുടങ്ങീടുന്നു
നിശ്വാസമോടെയീ ജീവജാലങ്ങളു
മാശ്വാസമായെന്നങ്ങോർത്തീടുന്നു.
മാനത്തിനുച്ചിയിൽനിന്നുമാദിത്
യനും
മന്ദം പടിഞ്ഞാട്ടു നീങ്ങീടുന്നു.
ഏറിവന്നീടും വിഷാദഭാവത്തോടെ
ഏന്തിവലിഞ്ഞങ്ങു നീങ്ങുംപോലെ.
ആയനേരത്തൊരു പ്രൗഢഭാവത്തോടെ
ആഴിയെപ്പോലും തിളപ്പിച്ചു പോൽ.
ആവതില്ലാത്തൊരു നേരമണഞ്ഞെന്നാൽ
ആഴിതൻമാറിലഭയം തേടാം.
മണ്ണിലുച്ചയ്ക്കൊരു തീക്കാറ്റായ്‌ വീശിയോൻ
മണ്ണിലിളംകാറ്റായ്‌ വീശീടുന്നു.
മണ്ണിലെ ജീവനുരുകിയൊലിക്കാതെ
മഞ്ഞിൻ മേലാപ്പുമണിഞ്ഞീടുന്നു.
കൂട്ടിലൊളിച്ചൊരു കള്ളക്കുയിലതാ
കൂകിവിളിച്ചുകൊണ്ടാർത്തു പൊങ്ങി.
നമ്രശിരസ്സോടെ നിന്ന ലതാദികൾ
നാദവും താളവുമുൾക്കൊണ്ടപോൽ!
മണ്ണിൽ തിരതല്ലുമാനന്ദമുൾക്കൊണ്ടു
മായുമാദിത്യന്‌ രക്തവർണ്ണം.
വീണ്ടുമൊരിക്കലീയൂഴിയെ കാണാനായ്‌
വിണ്ണിലുദിക്കാനായാശ തോന്നി.
വാനിലൊരാനന്ദക്കാഴ്ചയൊരുക്കാനായ്‌
വാരിധിതന്നിൽ മറഞ്ഞൂ സൂര്യൻ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...