24 Jan 2013

കമ്പോളം പുരുഷനെ സ്ത്രീയുടെ ആജന്മ ശത്രുവാക്കുന്നു



 മനോജ് ചെമ്മന്തറ

സ്ത്രീശരീരത്തില്‍ ദുരര്‍ഥത്തോടെ നോക്കുന്നതും ലൈംഗികപീഡനമാണെന്ന് വരണം. സ്ത്രീകളെ മാനിക്കാതെ, അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഡയറക്ടറിയുണ്ടാക്കണം. ‘കാമക്കോമരങ്ങള്‍’ എന്ന പേരില്‍. ഇവരുടെ ഫോട്ടോ എല്ലാ പോലീസ്സ്റ്റേഷനുകളിലും പതിക്കണം,  സുനിത കൃഷ്ണന്‍ ( സോഷ്യല്‍ ആക്റ്റിവിസ്റ്റ് )
ഇങ്ങിനെ കടുത്ത വിവേചനം വേണോ? പുരുഷന്‍ സ്ത്രീയെ നോക്കുന്നത് വെറും സെക്സുമായി ബന്ധപ്പെട്ടു മാത്രമാണെന്നു സ്ത്രീ ചിന്തിച്ചു തുടങ്ങിയാല്‍ കാലം നമ്മെ എവിടെ കൊണ്ടുചെന്നു എത്തിക്കും എന്ന് കണ്ടറിയണം.ജാതിയുടെയും മതത്തിന്റെയും ഒക്കെ പേരില്‍ നമ്മെ പലരും ഭിന്നിപ്പിച്ചു നിര്‍ത്തുകയും, തമ്മില്‍ അടിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അവയുടെ കരാള ഹസ്തങ്ങളില്‍ നിന്നും നമ്മള്‍ ഒരു പരിധിവരെയൊക്കെ പുറത്തുകടന്നിട്ടുണ്ട് എന്ന് പറയാമെങ്കിലും പൂര്‍ണമായിട്ടു മോചിതരായിട്ടുമില്ല. മാനവന്‍ ആര്‍ജ്ജിച്ചെടുത്ത പുരോഗതി എന്നത് പുരുഷന്‍ മാത്രം ഉണ്ടാക്കിയതല്ല; അതിനു പിന്നില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒട്ടനവധി സ്ത്രീകളും ഭാഗഭാക്കായിട്ടുണ്ട് എന്നത് നമ്മള്‍ വിസ്മരിച്ചുകൂടാ. സമൂഹത്തില്‍ സ്ത്രീ കൈവരിച്ച നേട്ടങ്ങളില്‍ പുരുഷനും ,പുരുഷന്റെ നേട്ടങ്ങളില്‍ സ്ത്രീക്കും പങ്കുണ്ട്. സ്ത്രീയും പുരുഷനും ഒന്നിച്ചു തോളോടുതോള്‍ചേര്‍ന്ന് പൊരുതി നേടിയ ലോകത്ത് നിന്നാണു നമ്മള്‍ നാളെയെകുറിച്ച് സ്വപ്‌നങ്ങള്‍ നെയ്യുന്നത്.അത് കുടുംബമായാലും രാജ്യമായാലും ഇരുകൂട്ടരും തുല്യപങ്കാളികള്‍ തന്നെ! പുരോഗമന ആശയങ്ങളുടെ ആര്‍ത്തലയ്ക്കുന്ന കൊടുങ്കാറ്റാഞ്ഞു വീശിയപ്പോള്‍ കടപുഴകി വീണുപോയ വരേണ്യതയുടെ കോട്ടകൊത്തളങ്ങള്‍ സ്മൃതിയുടെ അരികു ചേര്‍ന്ന് തുടങ്ങിയിരിക്കുന്നു. നവോത്ഥാന കാലഘട്ടം ഇന്ധനം നിറച്ചത് പുരുഷ മനസ്സുകളില്‍ മാത്രമായിരുന്നില്ല; ഉര്‍വ്വരമായ സ്ത്രീ ഹൃദയങ്ങളില്‍ കൂടിയായിരുന്നു. തലമുറകള്‍ പകര്‍ന്നു നല്‍കിയ ആ കരുത്തു പ്രതിലോമ ശക്തികളെ തെല്ലൊന്നുമല്ല അകലെ നിറുത്തിയത് . അത് നമുക്കൊരു കവചമായി നിലകൊണ്ടു. സ്ത്രീയും പുരുഷനും ലിന്ഗപരമായി ഇത്രയൊന്നും വേര്‍തിരിക്കപ്പെടാതിരുന്ന ഒരു കാലഘട്ടം നമ്മള്‍ നടന്നു മുന്നേറിയതാണ്. അന്ന് പരസ്പരം താങ്ങും തണലുമായി നിലകൊണ്ട അവര്‍ ഒന്നിച്ചു നിന്ന പ്പോള്‍ കരുത്തിന്റെ പ്രതീകങ്ങള്‍ ആയി മാറുകയായിരുന്നു.
എന്നാല്‍ ഇന്ന് …..എല്ലാം വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെടുകയാണ്. ഒന്നിച്ചു നിന്ന സ്ത്രീയും പുരുഷനും മറ്റാരുടെയോക്കെയോ സ്വസ്ഥത ഇല്ലാതാക്കി തുടങ്ങിയിരിക്കുന്നു. അവര്‍ സ്ത്രീയെ സ്ത്രീ മാത്രമായും പുരുഷനെ പുരുഷന്‍ മാത്രമായും വെവ്വേറെ ലോകത്ത് പ്രതിഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഇത് കമ്പോളത്തിന്റെ ഉത്തരാധുനിക യുഗമാണ്.അവര്‍ക്ക് സ്ത്രീയോട് മാത്രമായി “ചിലത് ” പറയാനുണ്ട്.പുരുഷനോട് മാത്രമായി മറ്റു “ചിലതും”! ഇത് രണ്ടും നമ്മള്‍ ഒന്നിച്ചു അറിഞ്ഞു കൂട ! സ്ത്രീയെ പുരുഷന്റെ കണ്ണില്‍ വെറും ശരീരമാക്കി പ്രദര്‍ശിപ്പിക്കുന്നതും, പുരുഷനെ കരുത്തിന്റെയും “പൌരുഷ”ത്തിന്റെയും പ്രതീകം മാത്രമാക്കി പ്രദര്‍ശിപ്പിച്ചു അവന്റെ കരുത്തില്‍ അഭിരമിക്കുന്നവള്‍ മാത്രമായി വീണ്ടും സ്ത്രീയെ മാറ്റി എടുക്കേണ്ടതും കമ്പോളത്തിന്റെ ആവശ്യമാണ്‌. അതിനു വേണ്ടിയുള്ള തന്ത്രങ്ങള്‍ “ചന്തകള്‍”തന്നെ മെനഞ്ഞുണ്ടാക്കുകയും അവയ്ക്ക് അനുസരിച്ച് ജീവിക്കുന്ന ഒരു വഴങ്ങല്‍ ജീവിയായി മനുഷ്യരെ മാറ്റി എടുക്കുകയും ചെയ്യുന്നു. അമ്മയും പെങ്ങളും മകളും ഒക്കെയായിരുന്ന സ്ത്രീയെ ശരീരങ്ങളിലേക്ക് മാത്രം ചുരുക്കി കൊണ്ട് വരികയും പുരുഷനെ കരുത്തിന്റെ കൊടുമുടികളിലേക്ക് എടുത്തുയര്‍ത്തുകയും ചെയ്യുന്നത് കമ്പോളം തന്നെയാണ്. പുരുഷന് കരുത്തിന്റെ ലോകത്തെ ചെങ്കോലും കിരീടവും നല്‍കി പട്ടാഭിഷേകം ചെയ്യിക്കുകയും, സ്ത്രീയെ അവന്റെ മുന്നിലേക്ക്‌ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്നു എന്ന് മാത്രമല്ല പിന്നീട് അവള്‍ക്കു വേണ്ടി അവളുടെ രക്ഷനനായി എത്തുന്നതും കമ്പോളം തന്നെയാണ്. പുരുഷന്‍ എന്നത് സ്ത്രീ അകറ്റി നിര്‍ത്തേണ്ട ഒരു വന്യ പ്രക്രുതമാണെന്നും സ്ത്രീക്ക് പുരുഷനെ ബഹുമാനിക്കേണ്ട കാര്യമില്ലെന്നും പറയുന്ന കമ്പോളം, സ്ത്രീ ബഹുമാനിക്കപ്പെടെണ്ടവളാണെന്നു പറയുന്നുമില്ല. ഇങ്ങിനെ സ്വാഭാവികമായ സ്ത്രീപുരുഷ ബന്ധത്തെപോലും കമ്പോളം തച്ചുടക്കുകയാണു. സ്ത്രീ പുരുഷന്റെ അടിമയല്ലെന്നു “പുരോഗമനം ” വിളമ്പുന്ന കമ്പോളം സ്ത്രീയെ സ്വന്തം അടിമയാക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്.
വാല്‍കഷണം:
പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സ്ത്രീകള്‍ക്ക് പുതിയ വാച്ച് വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. വില 500 രൂപ മാത്രം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...