24 Jan 2013

മരണവഴിയിലെ ആ മരക്കുരിശ്

31008_369437449816994_1019907941_n

 ഇന്ദുമേനോൻ

എന്റെ രണ്ടാം ഗര്‍ഭകാലത്ത് ഞാന്‍ അകാരണമായി കഠിനവിഷാദരോഗത്തിനകപ്പെട്ടു. മാരകമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളും പിശാചിനിയെപ്പോലെ, അല്‍പം ഉന്തിയ പല്ലുള്ള ഒരു സ്ത്രീയുടെ മനഃപൂര്‍വമായ ചതിയുംചേര്‍ന്ന് എന്റെ ജീവിതം ദുസ്സഹമായി. ഈ പെണ്‍കുട്ടിയുടെ നുണയെപ്പറ്റിയും ചതിയെപ്പറ്റിയും ഞാനെത്രതന്നെ പറഞ്ഞിട്ടും എന്റെ ഭര്‍ത്താവോ വീട്ടുകാരോ വിശ്വസിച്ചില്ല. പ്രസവിക്കാനുള്ള ഭയം, ഗര്‍ഭകാലത്തെ രോഗങ്ങള്‍ എന്നിവ ചേര്‍ന്നുണ്ടാക്കിയ ഡെല്യൂഷനാണിവയെല്ലാം എന്ന് എല്ലാവരും വിശ്വസിച്ചു. നന്നായി പെരുമാറാനും നുണകള്‍ സത്യസന്ധമായി പറയുന്നതിലും പിഎച്.ഡി ചെയ്യുന്നവളായിരുന്നു അവള്‍ . എന്റെ വാക്കുകളെ ആരും വിലകൊണ്ടില്ല.
ഒറ്റക്ക് ഗര്‍ഭംപേറിയലയുന്ന അനാഥപട്ടിയായി ഞാന്‍ സ്വയംമാറി. ആ സമയത്തെല്ലാം ഞാന്‍ പതിവായി ശസ്ത്രക്രിയാമുറിയിലെ മെറ്റല്‍ടേബ്ള്‍ ദുഃസ്വപ്നമായി കാണുമായിരുന്നു. ശീതീകരണിയും തണുപ്പിച്ച മൂളലും മുറികത്രികകളുടെ മൂര്‍ച്ചവായുരസ്സിയുണ്ടാവുന്ന ശബ്ദങ്ങളും ഞാന്‍ പതിവായികേട്ടു. വെളുത്ത വസ്ത്രംധരിച്ചുനില്‍ക്കുന്ന ഒരാളെയും ഞാന്‍ കണ്ടു. മരിക്കുകയാണ് നല്ലത്. ഭയംകാരണം ആ നിഴല്‍രൂപി മരണദേവനെന്ന് വിശ്വസിച്ചു. എന്നാല്‍ ഒരുറക്കത്തില്‍ എന്നെ സ്തബ്ധയാക്കിക്കൊണ്ട് ശസ്ത്രക്രിയാ ബള്‍ബുകള്‍ക്കു നടുവില്‍ ഞാനയാളുടെ മുഖം കണ്ടു. അത് ഷെല്‍വിയായിരുന്നു.
ആ ഞെട്ടലില്‍ പിന്നീടെനിക്കുറക്കം വന്നില്ല. ആത്മഹത്യചെയ്യലായിരിക്കും എന്റെ വിധിയെന്നു കരുതി ഞാന്‍ ഡയറിയില്‍ ഇങ്ങനെ കുറിച്ചു:
”തികച്ചും ഏകാകിയായ ഒരാള്‍ ,ശവക്കുഴിക്കകത്തെന്നതുപോലെ ഇരുട്ടും ഒറ്റയാക്കപ്പെടലും അനുഭവപ്പെടുന്ന ഒരാള്‍ ,തന്റെ ഹൃദയത്തെക്കുറിച്ചെഴുതുന്ന ചെറുകുറിപ്പുകള്‍ക്ക് എന്തെങ്കിലും വിലയുണ്ടാകുമോ എന്നറിയില്ല. എപ്പോഴും പ്രിയപ്പെട്ടവരാല്‍ പരിഹസിക്കപ്പെടുകയും ഭര്‍ത്സിക്കപ്പെടുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ കുറിപ്പുകള്‍ .ഇരുട്ടില്‍ എന്റെ കുളിമുറിയില്‍വെച്ചും എച്ചില്‍പാത്രങ്ങള്‍ കുമിച്ചുകൂനിച്ചിട്ട അടുക്കളപ്പുറത്തുനിന്നും എന്റെ ഭര്‍ത്താവോ കുഞ്ഞുങ്ങളോ കാണാതെ ഞാന്‍ എഴുതുന്നു. ഇനി വരുന്ന വരികളുടെ സത്യസന്ധത ആരിലും ഉള്‍ക്കിടിലമുണ്ടാക്കും. ഈ വരികളുടെ ചോരമണവും പശപശപ്പും ആരിലും അറപ്പുണ്ടാക്കും. ഒരാളുടെ രക്തം അയാള്‍ക്ക് വേദനയും മറ്റൊരാള്‍ക്ക് കേവല ചുവപ്പുനിറവുമാണ്. എങ്കിലും, ഞാന്‍ അറിയുന്നു. എന്റെ ഹൃദയരക്തത്തിന് ചുവപ്പു കൂടുതല്‍ … ഹാ, കൊഴുകൊഴുപ്പ് കൂടുതല്‍ ,എന്റെ ഹൃദയരക്തത്തിന്. നിങ്ങള്‍ക്കറിയുമോ, കേടുവന്ന ഒരു ഹൃദയത്തിലെ രക്തത്തിന് എന്നും എപ്പോഴും ഓക്കാനിപ്പിക്കുന്ന ഒരു മുശുക്കു മണമുണ്ടാവും.”
ആദ്യമായി ഒരു പുരുഷനാല്‍ ചുണ്ടുകളില്‍ ചുംബിക്കപ്പെടുമ്പോള്‍ എനിക്ക് 22 വയസ്സായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. മഴയുള്ള മണ്‍സൂണ്‍ തണുപ്പുള്ള ഒരു തീവണ്ടിവരാന്തയുടെ കടകട ശബ്ദത്തില്‍ എനിക്ക് ചെവി നൊന്തിരുന്നു. അയാള്‍ പച്ചഷര്‍ട്ടാണ് ധരിച്ചിരുന്നത്. എന്നെക്കാള്‍ ഏറെ ഉയരമുള്ള ആളായതിനാല്‍ ഏറെ പ്രയാസപ്പെട്ട് അദ്ദേഹം തല കുനിച്ചു. ആജ്ഞാശക്തി നിറഞ്ഞ കണ്ണുകളുടെ ചെറുചലനത്താല്‍ അദ്ദേഹം എന്നെ നിശ്ശബ്ദയാക്കി.
”അനങ്ങരുത്’
അദ്ദേഹം ദേഷ്യത്തോടെ മുരണ്ടു. എന്റെ സന്ധികളില്‍ ഭയം സിമന്റുപോലെ നിറഞ്ഞു. വിവാഹം കഴിയാതെ ഒരു പുരുഷനാല്‍ ചുംബിക്കപ്പെടാന്‍ പോകുന്നതിന്റെ പാപമോര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മഴ കൂലംകുത്തി നൂലിഴയായി പിറന്നവള്‍ കണ്ണാടിസര്‍പ്പങ്ങളെപ്പോലെ എന്റെയും അദ്ദേഹത്തിന്റെയും ഉടുപ്പുകളെ ചുറ്റിവരിഞ്ഞു. ഇടതുകൈകൊണ്ട് അദ്ദേഹം എന്നെ തീവണ്ടിചുവരില്‍ ചേര്‍ത്തുനിര്‍ത്തി. ചുണ്ടുകള്‍ എന്റെ ചുണ്ടുകളുമായി കോര്‍ത്തു. ഒരു മിന്നല്‍പിണര്‍ ,ആകാശത്തെ വജ്രരേഖകള്‍ എന്റെ ശിരസ്സില്‍ പതിച്ചപോലെ ഞാന്‍ വിറച്ചു. ആസിഡ് വീണതുപോലെ, അദ്ദേഹത്തിന്റെ ഉമിനീരാല്‍ എന്റെ ചുണ്ടുകള്‍ പൊള്ളി. പല്ലുകള്‍ അമര്‍ത്തിയയിടങ്ങളില്‍ ഒടുങ്ങാത്ത നീറ്റല്‍ ,വായില്‍ ചോരയുടെ കയ്പ്…
”ചായ് ചായ് ചായ് ചാ… ”
ചായക്കാരന്‍ ഈ രംഗം കണ്ട് സ്തബ്ധനായി. എന്റെ ചുണ്ടുകളില്‍നിന്ന് ചുണ്ടുകളെടുക്കാതെ ഇടതുകൈകൊണ്ട് ”കടന്നുപോടാ”
എന്നൊരാംഗ്യം അദ്ദേഹം കാണിച്ചു.
അന്ന് വൈകുന്നേരം എനിക്ക് പനിച്ചു. ഏറെനേരം മഴകൊണ്ടതുപോലെ എന്റെ കണ്ണുകള്‍ ചുവന്നു. എന്റെ കന്യകാത്വത്തിന്റെ പാതി അദ്ദേഹത്തിന്റെ ചുണ്ടുകള്‍ എടുത്തതായി എനിക്ക് തോന്നി. ചുംബിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഈ ചുംബനം, പുരുഷന്റെ ആദ്യചുംബനം എനിക്ക് ഭാരവും ബാധ്യതയുമായി മാറി.
ഒരു കാര്യം ഉറപ്പാണ്.അന്നദ്ദേഹം അങ്ങനെ ചെയ്തതുകൊണ്ട് ഞാന്‍ അദ്ദേഹത്തെതന്നെ വിവാഹം ചെയ്തു. ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ഭയപ്പെട്ടതുപോലെ എന്റെ മാതാപിതാക്കളുടെ കണ്ണീര്‍ എന്നെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചേനെ. ബുദ്ധിമാനും സൂത്രക്കാരനുമായ ആ കാമുകന്‍ ഒരു ചുംബനത്തിലൂടെ എന്നെ ഒതുക്കി അദ്ദേഹത്തിന്റേത് മാത്രമാക്കി.സൂത്രശാലിയായ ഒരു കുറുക്കന്റെ കുശലതയോടെ അദ്ദേഹം എന്നെ ചുംബിച്ചു. എനിക്ക് പ്രേമംഒരു കുരുക്കാക്കി തന്നു. ഒരിക്കലും ഊരിപ്പോകാതിരിക്കാന്‍മാത്രം മുറുക്കിയും കുടുക്കിയും തന്റെ ജീവിതത്തിലേക്ക് അദ്ദേഹം എന്നെ അദൃശ്യവലയിട്ടുപിടിച്ചു.
അന്ന് ആ തീവണ്ടിയാത്ര, കോഴിക്കോട്ടെ പുസ്തകപ്രസാധകന്‍ ഷെല്‍വിയെ കാണാനായിരുന്നു. എന്റെ കൈയില്‍ എന്റെ ആദ്യഗര്‍ഭംപോലെ ആദ്യപുസ്തകത്തിന്റെ ഡ്രാഫ്റ്റ്. മിഠായിത്തെരുവിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു. ജനങ്ങള്‍ തിങ്ങിത്തിരുങ്ങിയിടുങ്ങിയ തെരുവ്. ഒരു തിയറ്റര്‍ കോമ്പൗണ്ടിനുസമീപത്തെ ലോഡ്ജിലേക്ക് അദ്ദേഹം നടന്നുകയറി.
ആര്യഭവന്‍… പഴയ, തീരെപ്പഴയ ഒരു ലോഡ്ജ്. സിനിമ കാണാന്‍ വരിനിന്നവര്‍ എന്നെ തുറിച്ചുനോക്കി. ചുംബനം സമ്മാനിച്ച കടുത്ത തലവേദനയാലും അകാരണമായ ഒരു ഭയത്താലും എന്റെ കണ്ണുകള്‍ നിറഞ്ഞുവേദനിച്ചു. ഉറക്കെ കരയാന്‍ കഴിയാതെ ഒരു മുറിവായി എന്റെ തൊണ്ടയില്‍ സങ്കടം പൊട്ടി. മതിലിനകത്തേക്ക് ചെല്ലുമ്പോള്‍ ഹൃദയം പറയച്ചെണ്ടയായി. ഭയംകൊണ്ട് എനിക്ക് കാല് വേദനിച്ചു.
”വാ”
അദ്ദേഹം എന്നെ തിരിഞ്ഞുനോക്കി. പുരുഷനാല്‍ ആദ്യമായി സ്പര്‍ശിക്കപ്പെടുന്ന ഏതൊരു സ്ത്രീക്കുമുണ്ടാകുന്ന ആന്ധ്യം എന്നെയും ബാധിച്ചിരുന്നു. മരത്തിന്റെ ഗോവണികള്‍ കയറുമ്പോള്‍ അവ ഇളകിയ ‘കിര്‍കിര്‍’ ശബ്ദം കേള്‍പ്പിച്ചു. ലോഡ്ജിലെ അന്തേവാസികള്‍ അദ്ഭുതത്തോടും പരിഹാസത്തോടും ആഭാസകരമായ ചിരിയോടുംകൂടി എന്നെ കാണാന്‍ ജനലിലൂടെ തലയിട്ടു നോക്കി
29 എന്നോ മറ്റോ എഴുതിയ മുറിയിലേക്ക് കയറുമ്പോള്‍ ,ഉച്ചവെയിലില്‍നിന്ന് തണലിലേക്ക് കയറുന്നവര്‍ക്ക് തോന്നുന്ന ഒരു ഇരുട്ടിന്റെ കറുപ്പ് എനിക്കും അനുഭവപ്പെട്ടു. അസാധാരണമാംവിധം ചുവന്ന എന്റെ ചുണ്ടുകള്‍ കാണാതിരിക്കാന്‍ ഞാന്‍ അത്രയുംസമയം ചുണ്ടുകള്‍ വായ്ക്കുള്ളിലേക്ക് അമര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു…
”ആഹ്, നിങ്ങളോ വാ ഇരിക്ക്.”
നിറച്ചും പുസ്തകക്കെട്ടുകളുള്ള ആ മുറിയുടെ മൂലയില്‍നിന്ന് ഷെല്‍വി പുറത്തേക്കിറങ്ങി. ഒരു ഇരുണ്ട നിറമുള്ള മനുഷ്യന്‍. കണ്ണുകളില്‍ നിറയെ പ്രകാശം.
”ഞാന്‍ താഴെ വരുമായിരുന്നല്ലോ”, എന്റെ മുഖത്തെ പതര്‍ച്ചയും വിളര്‍ച്ചയും കണ്ട് ഷെല്‍വി ചിരിച്ചു.
”ഇവടെ ആദ്യായിട്ടായിരിക്കും അല്ലെ?”
”അതെ.”
”ഭക്ഷണം കഴിച്ചില്ല അല്ലേ?വാ താഴെ ഹോട്ടലുണ്ട്.”
ഒരു ലോഡ്ജ് അവിവാഹിതയായ പെണ്‍കുട്ടിക്ക് നല്‍കുന്ന മുഴുവന്‍ അപമാനവും പേറി ഞാന്‍ ഗോവണി ഇറങ്ങി. സിനിമ തുടങ്ങിയതിനാല്‍ താഴെ ആളുകള്‍ കുറവായിരുന്നു. ദോശ കഴിക്കുമ്പോള്‍ ഉള്‍ച്ചുണ്ടിലെ മുറിവ് നന്നായി നീറി.
പിന്നീടൊരിക്കല്‍ മള്‍ബറിയുടെ ഒരുപുസ്തകം അലമാരിയില്‍നിന്നെടുക്കുമ്പോള്‍ ഭര്‍ത്താവ് പറഞ്ഞു
”അന്ന് നീ മള്‍ബറിയില്‍ വന്നപ്പോള്‍ ഷെല്‍വി വല്ലാതെ വറീഡ് ആയിരുന്നു. നീ അവളെ കല്യാണം കഴിക്കില്ലേ എന്ന് ആവര്‍ത്തിച്ച് ചോദിച്ചു.”
ഗര്‍ഭിണിയായ സമയത്തെല്ലാം ഞാനിടക്കിടെ മരണത്തെപ്പറ്റിയോര്‍ത്തു; സ്വാഭാവികമായും ദുര്‍മരണം വാങ്ങിയ ഷെല്‍വിയെപ്പറ്റിയും.
ഷെല്‍വിയുടെ മരണമറിയുന്നതും ഒരു റെയില്‍വേസ്‌റ്റേഷനില്‍വെച്ചാണ്. മഴതോര്‍ച്ചയുള്ള ഒരു വെയില്‍പുലര്‍ച്ചെ ജംസ് മിഠായികള്‍ തിന്നുകൊണ്ട് തൃശൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഞങ്ങളിരുന്നു. മേതില്‍പപ്പയുടെ കഥകളിലെ പ്രണയത്തെക്കുറിച്ച് ഞാന്‍ ചെയ്ത പുസ്തകം ഇറക്കാന്‍ വേണ്ടി ഷെല്‍വി തലേന്നും വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോണിലേക്കാണ് വിളിവന്നത്. ഭയാനക ലോഹശബ്ദം കേള്‍പ്പിച്ച് ഒരു കാലി ഗുഡ്‌സ് വണ്ടി സിമന്റ് പാറിച്ചുകൊണ്ട് അപ്പോള്‍ ഓടിപ്പോയി.
”ഷെല്‍വി സൂയിസൈഡ്‌ചെയ്തു”, എന്റെ ഭര്‍ത്താവ് സാവകാശം പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
എന്റെ ഹൃദയത്തില്‍ എന്തോ വന്നിടിച്ചപോലെ തോന്നി. അദ്ദേഹം നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. തീവണ്ടികള്‍ കൂകിപ്പാഞ്ഞുവന്നു. പെരുംമഴ അലറിപ്പൊട്ടി.അലൂമിനിയ ഷീറ്റുകള്‍ക്കുമീതെ ചാത്തനേറില്‍ പുളിങ്കുരുപോലെ ജലത്തുള്ളികള്‍ ചിതറിവീണുകൊണ്ടേയിരുന്നു.
പിന്നീട് ഷെല്‍വിയുടെ മരണത്തെപ്പറ്റി പലതും കേട്ടു. ഞാനപ്പോഴെല്ലാം കഠിനമായ സ്‌തോഭത്തോടെ അദ്ദേഹത്തിന്റെ ചെറിയ മകളെപ്പറ്റിയോര്‍ത്തു. ആര്യഭവന്റെ ഗോവണി ഞാന്‍ കയറിവന്നതില്‍ അസ്വസ്ഥനായ ഷെല്‍വിക്ക് പെണ്മക്കളായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഭയങ്കരമായ ഒരു ചതിയാണ് തന്റെ മരണത്തോടെ ഷെല്‍വി കാണിച്ചതെന്ന് എനിക്ക് തോന്നി. ഭാര്യയോടും മകളോടും സ്‌നേഹിക്കുന്നവരോടുമുള്ള വലിയ ചതി.
ആത്മഹത്യചെയ്യാന്‍ തോന്നിയപ്പോഴൊക്കെ ഞാന്‍ ഷെല്‍വിയെ വേദനയോടെ ഓര്‍ത്തു. ആത്മഹത്യ ഒരു ചതിയല്ല എന്ന തിരിച്ചറിവ് എന്നിലേക്കാരോ നിറച്ചുകൊണ്ടിരുന്നു. വ്രണിതവും ദുസ്സഹവുമായ വേദനകളോട്, അന്യായങ്ങളോട് നമ്മള്‍ നീതിതേടലാണ് മരണത്തിലൂടെ ചെയ്യുന്നത്. മരണം നമുക്ക് നീതി വിധിക്കുന്നു.
പിന്നീട്, വിഷാദം അതിന്റെ എട്ടാം മാസവയറുമായി എന്നെ ഞെരുക്കിയ ഒരു ത്രിസന്ധ്യയില്‍ പഴയ പാളയത്തെ സെക്കന്‍ഡ്‌സെയിലില്‍നിന്ന് ഷെല്‍വിയുടെ പേഴ്‌സനല്‍ കലക്ഷനിലെ നാലഞ്ചു പുസ്തകങ്ങള്‍ കണ്ടു.
‘സ്വന്തം ഷെല്‍വി’
ഷെല്‍വിയുടെ നീലമഷിയൊപ്പ് .ഷെല്‍വിയാല്‍ അനാഥമാക്കപ്പെട്ട പുസ്തകങ്ങളില്‍ ഷെല്‍വിയുടെ കണ്ണീരിന്റെ കറയുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. അക്ഷരങ്ങളില്‍ അയാളുടെ സ്പര്‍ശം. ഒരു കരച്ചില്‍വന്ന് തൊണ്ടയില്‍ മുട്ടി.
”ഇതിനെത്രയാ?”
ഷെല്‍വിപുസ്തകങ്ങളിലൊരെണ്ണം സനാഥമായി. ഒരു പെണ്‍കുട്ടിയായിരുന്നു അത്. അവള്‍ പുസ്തകം ഒന്ന് മറച്ചു നോക്കി പിന്നെ നിന്നു.
”ദ് നോക്കിയേ, ദേണ്ടെ ഒരു പടം”
അവള്‍ ഒരു ഫോട്ടോ നീട്ടി. അതില്‍ ഷെല്‍വിയുണ്ടായിരുന്നു. പടിപടിയായി കോണിപ്പടികള്‍ .പള്ളിയില്‍ നിന്നും ഇറങ്ങുന്ന ഷെല്‍വി. പിറകില്‍ വലിയ കുരിശ്, അതില്‍ തൂങ്ങിനില്‍ക്കുന്ന യേശു.
ദൈവമേ, ആ ഫോട്ടോ ആരാ എടുത്തത്? അത് അറംപറ്റിയപോലെയായല്ലോ. ഷെല്‍വി തൂങ്ങിക്കിടന്ന കയറിനെപ്പറ്റി ഞാന്‍ ഭയത്തോടെ ഓര്‍ത്തു. അക്ഷരങ്ങളെ അതികഠിനമായി, ഭ്രാന്തമായി സ്‌നേഹിച്ച ഒരു പാവം പ്രസാധകന്റെ ഹൃദയവേദന എനിക്കും പൊടുന്നനെ അനുഭവവേദ്യമായി. അക്ഷരങ്ങള്‍ക്കുവേണ്ടി സ്വയം തൂക്കിലേറിയ ആ പാവത്തിന്റെ പീഡാനുഭവം ഓര്‍ത്ത് ഞാന്‍ ഉറക്കെ പൊട്ടിക്കരഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...