Skip to main content

കുടിവെള്ളത്തിനും റേഷൻ !


അമ്പാട്ട്‌ സുകുമാരൻനായർ

    നാൽപത്തിനാല്‌ നദികളും ശുദ്ധജലതടാകങ്ങളും കിണറുകളും കുളങ്ങളും കാലവർഷവും തുലാവർഷവുമെല്ലാമുള്ള ഈ കൊച്ചുകേരളത്തിൽ കുടിവെള്ളത്തിന്‌ രൂക്ഷമായ ക്ഷാമം! കുടിക്കാൻ വെള്ളമില്ലാതെ ആളുകളുടെ തൊണ്ട വരളുന്നു. ശുദ്ധജലം കിട്ടാതെ പുഴകളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. വയലുകൾ വെള്ളമില്ലാതെ വരണ്ടുണങ്ങി വിണ്ടുകീറുന്നു. വയലുകളിലും നാട്ടിൻപുറങ്ങളിലും കണ്ടുവന്നിരുന്ന പക്ഷികളെല്ലാം എവിടേക്കോ പറന്നകന്നു. ഇതാണ്‌ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ.
    ഏഴുപതിറ്റാണ്ടുകൾക്കപ്പുറമുള്ള കുട്ടിക്കാലത്തിലെ ഓർമ്മകളിലേക്കെന്റെ ചിന്തകൾ പറന്നുപോകുന്നു. ഹായ്‌! അന്നത്തെ കേരളം എത്രമനോഹരമായിരുന്നു. ഞാനിന്ന്‌ മറ്റേതോ നാട്ടിലാണ്‌ ജീവിക്കുന്നതെന്നു തോന്നിപ്പോകുന്നു. ഹരിതാഭയമായ നെൽവയലുകൾ. എന്നും കുളിർജലമൊഴുക്കിക്കൊണ്ടിരിക്കുന്ന നദികൾ. മണൽപ്പുറങ്ങൾ നിറഞ്ഞ നദീതടങ്ങൾ. ആറ്റുവഞ്ചിയും മുളയും പരുത്തിയും ഇഴിഞ്ഞിലും കണ്ടലുമൊക്കെ വളർന്നു നിൽക്കുന്ന തിട്ടുകൾ. അവയുടെ തണൽപറ്റി ഉല്ലാസത്തോടെ വെള്ളത്തിൽ തുള്ളിക്കളിക്കുന്ന നാണാത്തരം മത്സ്യങ്ങൾ. ആറ്റിലെ വെള്ളത്തിലേക്കിറങ്ങിയാലോ? കൂട്ടത്തോടെ പാഞ്ഞെത്തി പാദങ്ങളിൽ മുത്തം വയ്ക്കുന്ന പരൽ മീനുകൾ.
    മീനച്ചിലാറിന്റെ തീരത്താണ്‌ ഞാൻ ജനിച്ചുവളർന്നത്‌. ആ പുഴയോരത്തെ ജീവിതം ആഹ്ലാദഭരിതമായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ ആറ്റുതീരത്തെ മണൽപ്പുറത്താണ്‌ കുട്ടികൾ ഓടികളിച്ചിരുന്നത്‌. ദാഹം തോന്നിയാൽ പുഴയിലിറങ്ങി കൈക്കുമ്പിളിൽ വെള്ളംകോരികുടിക്കും. പുഴയിലെ വെള്ളം കുടിച്ചതുകൊണ്ട്‌ അന്നൊന്നും ആർക്കും ഒരസുഖവുമുണ്ടായതായി കേട്ടിട്ടില്ല. കുമരകം ഭാഗത്തേക്കു പോയാൽ ഉപ്പുകലർന്ന വെള്ളമാണ്‌ ലഭിക്കുക. അതുകൊണ്ട്‌ അവിടെയുള്ളവർ വലിയ വള്ളങ്ങളുമായി മുകൾ ഭാഗത്തേക്കുവന്ന്‌ ഉപ്പുരസമില്ലാത്ത വെള്ളം വള്ളം നിറയെ കൊണ്ടുപോകും. ആ വെള്ളമാണ്‌ അവിടെയുള്ളവർ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുക.
    അന്ന്‌ പുഴകളെ പവിത്രമായിട്ടാണ്‌ ആളുകൾ കരുതിയിരുന്നത്‌. ആറ്റിലേക്ക്‌ മലിനവസ്തുക്കൾ വലിച്ചെറിയുകയോ മലിനജലം ഒഴുക്കിവിടുകയോ ചെയ്തിരുന്നില്ല. ഏതു കടുത്ത വേനൽക്കാലത്തും ആറ്റിൽനല്ല ഒഴുക്കുണ്ടായിരുന്നു. 'ഒഴുക്കുനീറ്റിൽ അഴുക്കില്ല' എന്ന ചൊല്ല്‌ അന്വർത്ഥമായിരുന്നു. ഇന്ന്‌ ആറ്റിൽ വേനൽക്കാലത്ത്‌ ഒഴുക്കില്ല. ഒഴുക്കില്ലാത്തതുകൊണ്ട്‌ വെള്ളം കെട്ടിക്കിടന്നു ദുഷിക്കുന്നു. കൊതുകും മറ്റു കീടങ്ങളും പെരുകുന്നു. ദുഷിച്ച വെള്ളത്തിൽ മീൻ വളരുകയില്ല. അവയുടെ മുട്ട വിരിയുകയില്ല. അങ്ങനെ ഒട്ടേറെ ചെറുമീനുകളുടെ വംശനാശം തന്നെ സംഭവിച്ചു.
    എന്തേ പുഴകളിലെ ഈ ഒഴുക്കു നിലയ്ക്കാൻ കാരണം? മലകൾ വെള്ളം ചുരത്തി തരാത്തതുകൊണ്ടുതന്നെ. എന്തേ മലകൾ വെള്ളം ചുരത്താത്തത്‌? മഴ ഇല്ലാത്തതുകൊണ്ടല്ല. വനമില്ലാത്തതുകൊണ്ട്‌ വനമെല്ലാം കാട്ടുകള്ളന്മാർ വെട്ടിക്കടത്തി. കാട്ടുകള്ളന്മാർ മാത്രമല്ല, സർക്കാരും ഉയർന്ന വനംവകുപ്പുദ്യോഗസ്ഥന്മാരും അതിനുകൂട്ടുനിന്നു. വനം നശിച്ചതോടെ ഊറ്റുറവയും വറ്റി. അരുവികൾ വറ്റി. നദികളിലെ ഒഴുക്കും നിലച്ചു. വനഭൂമിയിലേറിയ പങ്കും കൃഷി ഭൂമിയായി മാറി. അതിന്റെ ഫലമായി കാലാവസ്ഥയും മാറിമറിഞ്ഞു.
    എന്റെ ചെറുപ്പകാലത്ത്‌ എല്ലാപുരയിടങ്ങളിലും തെങ്ങും കമുകും മാവും പ്ലാവും ആഞ്ഞിലിയുമൊക്കെയുണ്ടായിരുന്നു. അവയ്ക്കിടയിൽ ചേമ്പും ചേനയും കാച്ചിലും വാഴയും പച്ചക്കറികളുമെല്ലാം കൃഷിചെയ്തിരുന്നു. ഒന്നിനുമൊരു പഞ്ഞവുമില്ല. താളും തകരയും തഴുതാമയും മറ്റനേകം ഇലക്കറികളും പറമ്പിൽ താനേകിളിർത്തുവരുമായിരുന്നു. എല്ലാ തറവാടുകളോടും ചേർന്ന്‌ കാവും കുളവുമുണ്ടായിരുന്നു. ആ കുളങ്ങളിൽ മത്സ്യങ്ങളുമുണ്ടായിരുന്നു. അവയും കീടങ്ങളെ വളരാൻ അനുവദിച്ചിരുന്നില്ല. വെള്ളത്തിലും കരയിലുമുള്ള കീടങ്ങളെ നശിപ്പിക്കാൻ തവളകളുണ്ടായിരുന്നു. ആ തവളകളെ മുഴുവൻ പിടിച്ച്‌ കാലുകൾ വെട്ടിയെടുത്ത്‌ കപ്പലിൽ കയറ്റി അയച്ചു. ഇവിടെയുള്ളവർക്കും അത്‌ ഇഷ്ടഭോജ്യമായി. ഇപ്പോൾ തവളയുടെ ശബ്ദം പോലും കേൾക്കാനില്ല. രോഗങ്ങളെ അകറ്റി നിർത്താനും ഈ തവളകൾ വഹിച്ച പങ്ക്‌ നിസ്സാരമായിരുന്നില്ല. നമുക്കു പണം മതിയെല്ലാം തവളകളുടെ ഇറച്ചി കയറ്റി അയച്ച്‌ ചിലർ ഡോളറുകൾ സമ്പാദിച്ചു. ഇപ്പോൾ കാലവർഷം വരുമ്പോൾ തവളകളുടെ ശബ്ദം നമ്മെ അലോസരപ്പെടുത്തുന്നില്ല. കാവും കുളങ്ങളും അന്ധവിശ്വാസത്തിന്റെ പ്രതീകങ്ങളാണെന്നു പറഞ്ഞ്‌ കാവുകൾ പിഴുതെറിഞ്ഞു. കുളങ്ങൾ നികത്തി. ഭക്ഷ്യവിളകൾ വേണ്ടെന്നു വച്ചു. നാണ്യവിളകൾക്ക്‌ അവവഴിമാറിക്കൊടുത്തു. അരിയും പച്ചക്കറിയും നാണ്യവിളകളുമൊക്കെ നമുക്കുവേണ്ടി അയൽസംസ്ഥാനക്കാർ കൃഷി ചെയ്യുന്നു. അവരോടിരന്നു വാങ്ങാം. അതിന്റെ ദുരന്തമൊന്നു വേറെ. ഇങ്ങനെ പറഞ്ഞു പോയാൽ ഒന്നിനുമൊരന്തവുമില്ല.
    കേരളത്തിന്റെ കാലാവസ്ഥപോലും എത്രപെട്ടെന്നാണ്‌ തകിടം മറിഞ്ഞത്‌! ഋതുഭേദം നാമിന്നുതിരിച്ചറിയുന്നില്ല. കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയുമൊക്കെ കലണ്ടർ തെറ്റി.
    1955-ലാണ്‌ ആദ്യമായി ഞാൻ വയനാട്‌ കാണുന്നത്‌. അഞ്ച്‌ പതിറ്റാണ്ട്‌ മുമ്പ്‌. അന്നത്തെ ആ ഓർമ്മകൾ ഇന്നു പച്ചപിടിച്ചു നിൽക്കുന്നു. താമരശ്ശേരിച്ചുരം കയറിയാണ്‌ വയനാട്ടിലേക്കു പോയത്‌. നല്ല വേനൽക്കാലം. അടിവാരത്തെത്തിയപ്പോൾ കാലാവസ്ഥയുടെ മാറ്റം തിരിച്ചറിഞ്ഞു. നല്ലതണുപ്പ്‌. ബസ്സിലെ യാത്രക്കാരെല്ലാം ചുരം കയറാനുള്ള ഒരുക്കങ്ങൾ നടത്തി. കമ്പിളിവസ്ത്രങ്ങൾ ധരിച്ചു. ഷാളുകൊണ്ട്‌ ദേഹം മൂടിപ്പുതച്ചു. മഫ്ലർ കഴുത്തിൽ ചുറ്റിക്കെട്ടി.
    വളരെസാവകാശമാണ്‌ ബസ്സ്‌ ചുരം കയറിക്കൊണ്ടിരുന്നത്‌. വഴിയുടെ ഇരുവശവും പടർന്നു പന്തലിച്ചു നിൽക്കുന്ന വന്മരങ്ങൾ. മരങ്ങളിൽ ചുറ്റിക്കയറി പൂത്തുലഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകൾ. നാണാത്തരം പക്ഷികളുടെ കൂജനങ്ങൾ. ചില സ്ഥലത്തെത്തുമ്പോൾ വഴികാണാനാവാത്തവിധം മൂടൽ മഞ്ഞ്‌. മഞ്ഞൊഴിഞ്ഞു പോകുന്നതുവരെ ബസ്സ്‌ അവിടെ നിർത്തിയിടേണ്ടിവരും. പല ദിക്കുകളിലും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ. തികച്ചും വിജനമായ വഴി. ഒരു സ്ഥലത്തു മാത്രമേ ഏതാനും ആളുകളെയും ഒന്നുരണ്ടു കുടിലുകളും കാണാൻ കഴിഞ്ഞുള്ളൂ. ഒരു കാപ്പിക്കട. കള്ളും ചാരായവുമാണ്‌ പ്രധാനവ്യാപാരമെന്നറിഞ്ഞു. ലോറി ഡ്രൈവർമാരാണ്‌ അധികവും അവിടെ തങ്ങുന്നത്‌.
    ചുരം കയറി വയനാടിന്റെ നിറുകയിലെത്തി. കൊച്ചുകൊച്ചു കുന്നുകളും മലകളും നിറഞ്ഞനാട്‌. കുന്നുകൾക്കും മലകൾക്കുമിടയിൽ വ്യാപരിച്ചു കിടക്കുന്ന നെൽവയലുകൾ. കുന്നുകളെ ചുറ്റി വളഞ്ഞ്‌ നീണ്ടു നീണ്ടു കിടക്കുന്ന പാതയിലൂടെയുള്ള യാത്ര വളരെ രസകരമായി തോന്നി. അങ്ങ്‌ ദൂരേക്കു നോക്കിയാൽ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകൾ. നിരത്തിനിരുവശവും കാണുന്ന കുന്നിൻചരുവുകളിൽ കുറ്റിച്ചു നിൽക്കുന്ന കാപ്പിച്ചെടികൾ. ഇത്രയും മനോഹരമായ ഒരു കാഴ്ച ആദ്യമായിട്ടാണ്‌ കാണുന്നത്‌. എല്ലാമലകളിൽ നിന്നും പാലരുവികൾ ചുരന്നൊഴുകുന്നു. വെള്ളത്തിനൊരു പഞ്ഞവുമില്ല.
    വയനാട്ടിലെ ഒരു പ്രത്യേകതയാണ്‌ നാൽപതാം നമ്പർ മഴ. നാൽപതാം നമ്പർ നൂലിന്റെ വലിപ്പത്തിൽ പെയ്യുന്ന ചാറ്റൽ മഴ. മഴക്കാലം കഴിഞ്ഞാലും ആറു മാസക്കാലം ഈ നാൽപതാം നമ്പർ മഴ തുടരും. നല്ല വേനൽക്കാലത്തുപോലും കുട്ടികൾ സ്വെറ്ററുമിട്ട്‌ കഴുത്തിൽ മഫ്ലറും ചുറ്റിയാണ്‌ സ്കൂളിൽ പോകുന്നത്‌. അതൊരുകാഴ്ചയായിരുന്നു. ആ വയനാടിന്റെ ചിത്രം ഇന്നും എന്റെ മനസ്സിൽ വർണ്ണപ്പൊലിമയോടെ നിൽക്കുന്നു.
    മൂന്നു പതിറ്റാണ്ടിനുശേഷം ഞാൻ വീണ്ടും വയനാട്‌ സന്ദർശിക്കാനെത്തി. ഒരു പത്രപ്രവർത്തകനായിട്ട്‌. അന്ന്‌ വയനാടിന്റെ ആ കോലം കണ്ട്‌ ഞാൻ ഞെട്ടിപ്പോയി. വയനാട്‌ വനമില്ലാത്ത നാടായി. അരുവികളില്ല, വെള്ളച്ചാട്ടമില്ല. നാൽപതാം നമ്പർ മഴയില്ല. തണുപ്പ്‌ ലവലേശമില്ല. കൊടുംചൂടാണ്‌!തൊണ്ട നനയ്ക്കാൻ തുള്ളിവെള്ളമില്ല. അന്നത്തെ ചെറിയ ഗ്രാമങ്ങൾ വൻ നഗരങ്ങളായി മാറി!
    ഒരു രാത്രി കഴിഞ്ഞാൽ പുൽപ്പള്ളിയിലെ വിശ്രമമന്ദിരത്തിലെത്തി. അതിന്റെ മാനേജർ പറഞ്ഞു: "മുറിതരാം. പക്ഷെ കുടിക്കാൻ വെള്ളം ചോദിക്കരുത്‌."
"അപ്പോൾ വി.ഐ.പികൾ വന്നാൽ ഇവിടെ എങ്ങനെ താമസിക്കും?"
"ഒരു കുഴപ്പവുമില്ല. അവർ വരുന്നവിവരം നേരത്തെ അറിയിക്കും. ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്ന്‌ ടാങ്കുകളിൽ നിറയ്ക്കും."
    ഇതാണു സ്ഥിതി. അന്ന്‌ ആ വിശ്രമമന്ദിരത്തിൽ താമസിക്കാതെ മറ്റ്‌ അഭയസ്ഥാനം നോക്കേണ്ടി വന്നു. വയനാട്‌ എത്രമാത്രം വികസിച്ചു! കൊടും കാടുകളിൽ ബഹുനിലമന്ദിരങ്ങളുയർന്നു. കാട്‌ നഗരത്തിനു വഴിമാറി. സ്കൂൾ കുട്ടികൾ പോലും കമ്പിളിയുടുപ്പിട്ട്‌ സ്കൂളിൽ പോയിരുന്നിടത്ത്‌ ഇന്ന്‌ ഫാനും ഇ.സിയുമില്ലാതെ ജീവിക്കാൻ വയ്യെന്ന അവസ്ഥയായി. വയനാട്ടിൽ വെള്ളമില്ലാത്ത അവസ്ഥയുണ്ടായതിന്‌ പ്രകൃതിയെ കുറ്റപ്പെടുത്താനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. വയനാട്‌ വികസിച്ചു.
    മറ്റൊരനുഭവം. നിലമ്പൂർകാടുകളിൽ ചോലനായ്ക്കന്മാരെ തേടിപ്പോയി. കാടുകളിൽ നഗ്നരായി കഴിയുന്ന ഗുഹാമനുഷ്യരാണവർ. നിലമ്പൂർ ടൗണിൽ നിന്ന്‌ വളരെയകലെ ചാലിയാർപ്പുഴയ്ക്കക്കരെ ഒരു കൊടുങ്കാട്ടിലാണ്‌ ഗുഹാമനുഷ്യർ താമസിക്കുന്നത്‌. ടൗണിൽ നിന്ന്‌ ചാലിയാർപ്പുഴവരെ കാട്ടിലൂടെ ജീപ്പ്പ്‌ റോഡുണ്ട്‌. ജീപ്പ്പിൽ കയറി വളരെ ദൂരം സഞ്ചരിച്ചു. യാത്ര കാട്ടിലൂടെയാണെന്നാണ്‌ സങ്കൽപം. ചാലിയാർപ്പുഴ വരെ സഞ്ചരിച്ചിട്ടും സത്യത്തിൽ കാടുകാണാൻ കഴിഞ്ഞില്ല. ഒരു പക്ഷിയുടെ സംഗീതം പോലും കാതിൽ മുഴങ്ങിയില്ല. കാടിനൊരു സംഗീതമുണ്ട്‌. അതും കേട്ടില്ല. ഒരു കുരങ്ങിനെപ്പോലും ആ വഴിക്കെങ്ങും കണ്ടില്ല. വരിവരിയായി നിൽക്കുന്ന തേക്കു മരങ്ങൾ കണ്ടു. ചിട്ടയായി വച്ചു പിടിപ്പിച്ച തേക്കുമരങ്ങൾ വനമാകുമോ? എങ്കിൽ കേരളം ഒരു ഘോരാരണ്യമാണ്‌. വിസ്തൃതമായ റബ്ബർത്തോട്ടങ്ങൾ എവിടെയും കാണാം. പത്തുസെന്റ്‌ സ്ഥലമേയുള്ളുവേങ്കിലും അവിടെയും റബർ നട്ടുപിടിപ്പിക്കും!
    ജീപ്പ്പ്‌ റോഡവസാനിച്ച ചാലിയാർപ്പുഴയുടെ തീരത്ത്‌ ഒരാദിവാസികോളനിയുണ്ട്‌. എട്ടു പത്തു കുടിലുകളുള്ള ഒരു കോളനി. കോളനിയിലൊരു മൂപ്പനുണ്ട്‌. അദ്ദേഹത്തെ കണ്ടു സംസാരിച്ചു. അദ്ദേഹം ഞങ്ങളോട്‌ ആ കാടിന്റെ കഥ പറഞ്ഞു.
    ഏതാനും വർഷംമുമ്പ്‌ ഇതൊരു കൊടുകാടായിരുന്നു. നട്ടുച്ചയ്ക്കുപോലും വെളിച്ചം കടക്കാത്ത കാട്‌. ആനയും കടുവയും പുലിയും കാട്ടുപോത്തും മാനും മ്ലാവും മുയലും പന്നിയുമെല്ലാമുള്ള ഘോരവനം. ഞങ്ങളെ കൂടാതെ വേറെയും ഒരുപാടാദിവാസികൾ ഈ കാട്ടിലുണ്ടായിരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം ഒത്തുകൂടിയുള്ള ഒരു ജീവിതമായിരുന്നു അന്ന്‌.
    "ആനയും കടവയുമൊന്നും ഞങ്ങളുടെ കുടികളിൽ വന്നാക്രമിച്ചിട്ടില്ല. ഒറ്റപ്പെട്ട ചില അപകടങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്‌. അതൊക്കെ അറിയാതെ സംഭവിച്ചുപോകുന്നതാ. ഞങ്ങൾ ഭക്ഷണത്തിനോക്കെ ചെറുമൃഗങ്ങളെയൊക്കെ വേട്ടയാടിപിടക്കും. അതാണ്‌ കാട്ടുനീതി. കാട്ടിൽ ഭക്ഷണത്തിനൊരു പഞ്ഞവുമുണ്ടായിരുന്നില്ല. കായ്കനികളും കിഴങ്ങുകളുമൊക്കെ വേണ്ടുവോളമുണ്ടായിരുന്നു. കുടികളുടെ അടുത്ത്‌ ഞങ്ങൾ കുറുമ്പുല്ലും കൃഷി ചെയ്യും.
    " ഏതു വേനൽക്കാലത്തും ഈ ചാലിയാർ നിറഞ്ഞു കവിഞ്ഞാണൊഴുകുന്നത്‌. ഈ കാട്ടിൽത്തന്നെ എത്ര അരുവികളും വെള്ളച്ചാട്ടങ്ങളുമുണ്ടായിരുന്നു. അതെല്ലാം ചാലിയാറിലേക്കാണ്‌ ഒഴുകിയെത്തുന്നത്‌.
    " ഒരു ദിവസം നാലഞ്ച്‌ ഫോറസ്റ്ററന്മാർ ഞങ്ങളുടെ കുടിയിൽ വന്നു. ഈകാടെല്ലാം വെട്ടി ഇവിടെ തേക്കുനടാൻ തീരുമാനിച്ചിരിക്കുകയാണ്‌. കാട്ടിൽ കുറെ പാഴ്മരങ്ങളും വള്ളിപ്പടർപ്പുകളുമല്ലാതെ മറ്റെന്താണുള്ളത്‌? ഞങ്ങൾ എതിർത്തെങ്കിലും ഒരു വിശേഷവുമുണ്ടായില്ല. ഞങ്ങൾക്കിഷ്ടം പോലെ പണികിട്ടും. ജീവിക്കാനൊരു ബുദ്ധിമുട്ടുണ്ടാവില്ല. നല്ല വീടുവച്ചു തരാം എന്നൊക്കെ പറഞ്ഞു. അവസാനം അവർ പറഞ്ഞതു തന്നെ നടപ്പാക്കി. കാടുവെട്ടാൻ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളെയും കൊണ്ടുവന്നു. തടികളെല്ലാം ലോറിയിൽ കടത്തിക്കൊണ്ടുപോയി. പാഴ്മരങ്ങൾ മാത്രമല്ല. വലിയ വിലകൂടിയ മരങ്ങളുമുണ്ടായിരുന്നു. തേക്കും ഈട്ടിയും ആഞ്ഞിലിയും ചന്ദനവുമൊക്കെയുണ്ടായിരുന്നു അതെല്ലാം വെട്ടിക്കടത്തിയപ്പോൾ ഞങ്ങടെ ചങ്കു തകർന്നു. മൃഗങ്ങളെല്ലാം എവിടേക്കോ ഓടിയൊളിച്ചു.
    "കാടുപോയതോടെ കാലാവസ്ഥയ്ക്കു മാറ്റം വന്നു. തണുപ്പോടിയകന്നു. സഹിക്കാനാവാത്ത ചൂട്‌. അരുവികൾ വറ്റി. വെള്ളച്ചാട്ടം നിലച്ചു. തേക്കു നടാൻ കുഴിയെടുത്തവർക്ക്‌ കുടിക്കാൻ വെള്ളമില്ലായിരുന്നു. ടാങ്കർ ലോറികളിൽ കുടിവെള്ളം കൊണ്ടുവരേണ്ടിവന്നു. തൈ നട്ടപ്പോൾ അതു നനയ്ക്കാനും ലോറിയിൽ വെള്ളം കൊണ്ടു വന്നു.
    ഞങ്ങളുടെ ജീവിതമാകെ തുലഞ്ഞു. വിശപ്പടക്കാൻ കായ്കനികളും കിഴങ്ങുകളുമൊന്നുമില്ല. ഒരു ചെറുജീവിയെപോലും ഈ പ്രദേശത്തെങ്ങും കാണാനില്ല. ഞങ്ങൾ പട്ടിണിയിലായി. മറ്റുള്ളവരെല്ലാം കൂട്ടത്തോടെ നാട്ടിലേക്കെവിടെയോപോയി. അവരുടെ ജീവിതമാകെ തുലഞ്ഞു. ഞങ്ങൾ മാത്രം ഇവിടെ ഇങ്ങനെ കഴിയുന്നു.
    "ഇപ്പോൾ തേക്കു വളർന്നു. തണുപ്പശേഷമില്ല. വേനൽക്കാലത്ത്‌ തേക്കിന്റെ ഇലകളെല്ലാം കൊഴിയും. ഒരു തണൽമരം പോലുമില്ല. മൃഗങ്ങൾ മാത്രമല്ല, പക്ഷികളും മറ്റു ചെറുജീവികളുമൊക്കെ സ്ഥലം വിട്ടു. തേക്കിന്റെ ഇലവീണ്‌ ഉണങ്ങിക്കിടക്കുന്നതു കൊണ്ട്‌ ഒരു പുൽനാമ്പുപോലും മുളക്കില്ല. ഇതാണിവിടത്തെ അവസ്ഥ. ഈ ഫോറസ്റ്ററന്മാർ എന്തുദ്രോഹമാണ്‌ ചെയ്തത്‌!"
    ഒരു രാത്രിമുഴുവനിരുന്ന്‌ മൂപ്പൻ കാടിന്റെ കഥ പറഞ്ഞു. ഇപ്പോൾ ചാലിയാർ പുഴയിലെ വെള്ളവും  വറ്റി. പുഴയിലൊഴുക്കില്ല. വെള്ളമില്ലാതായതിന്‌ ആരെയാണ്‌ കുറ്റപ്പെടുത്തേണ്ടത്‌? നാട്ടുകാരെയോ സർക്കാരിനെയോ അതോ വനപാലകരെയോ?
    മറ്റൊരിക്കൽ ഇടുക്കിയിൽ ഒരു വനപ്രദേശത്തുകൂടി യാത്ര ചെയ്യുകയായിരുന്നു. മേമാരി എന്ന സ്ഥലത്തേക്കാണു പോയത്‌. സാധാരണ ആൾക്കാർക്ക്‌ അവിടെ കയറിച്ചെല്ലാനാവില്ല. ഊരാളികൾ എന്ന ഒരു ഗോത്രവർഗ്ഗമാണവിടെ താമസിക്കുന്നത്‌. ഒരു വലിയ പാറമല കയറി വേണം അവിടെത്താൻ. മഴക്കാലമായാൽ പാറവഴുക്കൽ പിടിച്ച്‌ തെന്നും. നിരവധി ആദിവാസികൾ അവിടെ അപകടത്തിൽപെട്ടു മരിച്ചിട്ടുണ്ട്‌. ഒരു ഘോരവനത്തിലേക്കാണ്‌ പോകുന്നതെന്ന സങ്കൽപത്തിലാണ്‌ കയറി ചെന്നത്‌. അവിടെ കാര്യമായി വനമൊന്നും കണ്ടില്ല. കുറെ തൊഴിലാളികൾ അവിടെ നിന്നു കുഴിവെട്ടുന്നതുകണ്ടു. യൂക്കാലി വച്ചു പിടിപ്പിക്കാനുള്ള ശ്രമമാണത്രെ. മണ്ണിലെ ജലം മുഴുവൻ വലിച്ചെടുത്തു വറ്റിക്കുന്ന ഒരു സസ്യമാണ്‌ യൂക്കാലി. അതാണീ വനപ്രദേശത്തുകൊണ്ടു വച്ചുപിടിപ്പിക്കുന്നത്‌! ഏതാനും വർഷം കഴിയുമ്പോൾ അതൊക്കെ വെട്ടിയെടുത്തു കാശാക്കാം. അതാണിതിന്റെ മെച്ചം.
    ഊരാളികോളനിയിൽ ഒരു ദിവസം ഞങ്ങൾ താമസിച്ചു. അവർ ഞങ്ങളോട്‌ സങ്കടം പറഞ്ഞു. ഫോറസ്റ്റുദ്യോഗസ്ഥന്മാർ വന്ന്‌ നിരന്തരമായി ശല്യപ്പെടുന്നത്രെ. ഒരു ദിവസം ഫോറസ്റ്റുദ്യോഗസ്ഥന്മാർ വന്ന്‌ കുടിലുകളിൽ കയറി പരിശോധിച്ചു. അവിടെ കണ്ട അമ്പും വില്ലും മറ്റായുധങ്ങളുമെല്ലാം അവർ നശിപ്പിച്ചു കളഞ്ഞു. മേലിൽ അമ്പും വില്ലും ഉപയോഗിക്കാൻ പാടില്ലെന്ന്‌ താക്കീതും നൽകി. ആദിവാസികൾക്ക്‌ കാട്ടിൽ കഴിയണമെങ്കിൽ അമ്പും വില്ലും കൂടിയേ കഴിയൂ.
    കള്ളത്തടി വെട്ടുകാർ അവിടെ കാട്ടിൽ വന്ന്‌ മരം മുറിക്കുമ്പോൾ ആദിവാസികൾ പ്രശ്നങ്ങൾ സൃഷ്ടിക്കും. അവർ ഫോറസ്റ്റാഫീസിൽ ചെന്ന്‌ പരാതി പറയും. അതിന്‌ ഇവരെ ഇവിടെ നിന്നു പറപ്പിക്കാൻ വേണ്ടി ചെയ്ത ഒരു സൂത്രപ്പണിയാണ്‌. എന്തായാലും യൂക്കാലികൃഷി നടപ്പിലാക്കിയതോടെ അവിടത്തെ ജലസ്രോതസുകൾ മുഴുവൻ വറ്റി.
    ഏറെ വിവാദമുണ്ടാക്കിയ ഒരു വനമേഖലയാണ്‌ മാങ്കുളം. അന്ന്‌ മാങ്കുളം കണ്ണൻ തേവൻ കമ്പനി യുടെ അധീനതയിലായിരുന്നു. ഏതാണ്ട്‌ അമ്പതിനായിരം ഏക്കറോളം വരുന്ന വിസ്തൃതമായ ഒരു വനപ്രദേശം. കമ്പനി ഉടമകളായ സായപ്പന്മാർ തന്നിഷ്ടംപോലെ ആ വനം കൈകാര്യം ചെയ്തിരുന്നു. സെയിലന്റ്‌ വാലിക്കു തുല്യമായ ഒരു വനമായിരുന്നു അത്‌. അടിമാലിയിൽ നിന്ന്‌ കല്ലാർ-വട്ടയാറിൽ ചെന്നിട്ട്‌ അവിടെ നിന്ന്‌ നടന്നുവേണം മാങ്കുളം എന്ന സ്ഥലത്തേക്കു പോകാൻ. അങ്ങു മുകളിൽ നിന്ന്‌ ഒരരുവി ഒഴുകിവരുന്നത്‌ കാണികളെ വളരെയേറെ ആകർഷിക്കും. ഈറ്റക്കാടിനു നടുവിൽ ആനത്താരിയിലൂടെ ഏറെദൂരം നടന്നു. ഈറ്റക്കാട്‌ കഴിഞ്ഞാൽ ഇരുണ്ടവനം. ചൂടാറാത്ത ആനപ്പിണ്ടി പലദിക്കിലും കണ്ടു.
    ആ വനം സായിപ്പിന്റെ കൈയിൽ നിന്ന്‌ മോചിപ്പിക്കണമെന്നു പറഞ്ഞ്‌ സമരം നയിച്ച്‌ ഞാൻ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്‌. പക്ഷേ, ഒരു സത്യം പറയാം. ഏറെക്കാലം സായിപ്പിന്റെ കൈയിലിരുന്നിട്ടും ആ വനത്തിന്‌ ഒരാഘാതവുമേൽക്കാൻ അവർ സമ്മതിച്ചിട്ടില്ല. വനം നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു. ഏതാനും വർഷത്തിനകം വനം സായിപ്പിന്റെ കൈയിൽ നിന്നും സർക്കാർ ഏറ്റെടുത്തു. അധികം വൈകിയില്ല കുടിയേറ്റക്കാർ അത്‌ കൈയടക്കി. വനം പൂർണ്ണമായും നശിച്ചു. കൈയേറ്റക്കാരും കുടിയേറ്റക്കാരും ചേർന്ന്‌ വാശിക്കാണ്‌ വനം നശിപ്പിച്ചതു. അതിന്റെ പിന്നിൽ വേറെയും ഒട്ടേറെ കഥകളുണ്ട്‌. അതൊന്നും ഇവിടെ വിവരിക്കേണ്ട കാര്യമില്ലല്ലോ. ആ വനം ഇന്ന്‌ ജനത്തിരക്കുള്ള ഒരു പട്ടണമായി രൂപാന്തരപ്പെട്ടുവേന്നറിഞ്ഞു.
    ഇങ്ങനെ കേരളത്തിന്റെ വനം മുഴുവൻ പല രീതിയിലും നശിപ്പിക്കപ്പെട്ടു. എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടു നിൽക്കാൻ മാറിമാറി വന്ന സർക്കാരുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോൾ മുപ്പത്തി മൂന്നു ശതമാനത്തിലധികം വനമുണ്ടായിരുന്ന കേരളത്തിൽ ഇന്ന്‌ ആറ്‌ ശതമാനത്തിലും താഴയേ ഉള്ളൂ എന്നു പറഞ്ഞു കേൾക്കുന്നു.
    മതവും രാഷ്ട്രീയവുമൊക്കെ ഈ വന നശീകരണത്തിനു പിന്നിൽ പ്രവർത്തിക്കുന്നു എന്നത്‌ പകൽ പോലെ സത്യമാണ്‌. ഇന്ന്‌ മണലൂറ്റലിനു പിന്നിൽ പ്രവർത്തിക്കുന്ന ലോബികളെ സംരക്ഷിക്കുന്നതാരൊക്കെയാണെന്ന്‌ പത്രങ്ങളിലൂടെ വായിച്ച്‌ നാമറിയുന്നുണ്ടല്ലോ.
    പണ്ടൊക്കെ നദീതടങ്ങളെ പ്രകൃതി തന്നെയാണ്‌ സംരക്ഷിച്ചുകൊണ്ടിരുന്നത്‌. ആറ്റുവഞ്ചി, ഇഴിഞ്ഞിൽ, പരുത്തി, കണ്ടൽച്ചെടികൾ, ഇല്ലിക്കൂട്ടങ്ങൾ, നായിങ്കണ, കൈത എന്നിങ്ങനെ എത്രയോ സസ്യജാലങ്ങൾ പുഴയോരങ്ങളെ കുത്തൊഴുക്കിൽ നിന്നു സംരക്ഷിച്ചിരുന്നു. അന്ന്‌ ആരും തന്നെ ഈ സസ്യങ്ങൾ നശിപ്പിക്കുമായിരുന്നില്ല. ആ സസ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്നതും സർക്കാർ തന്നെയാണ്‌. തീരത്ത്‌ മണ്ണടിയാതിരിക്കാൻ കരിങ്കല്ലുകൊണ്ട്‌ ഭിത്തി കെട്ടിക്കൊടുക്കാൻ തീരുമാനിച്ചു. ഖജനാവിലെ പണം മുടക്കി സൗജന്യമായിട്ടാണ്‌ ഈ ഭിത്തികെട്ടിക്കൊടുക്കുന്നത്‌. ഇതിന്റെ ഗുണഭോക്താക്കൾ പണക്കാരായ ഭൂവുടമകളും എഞ്ചിനീയർമാരുമായിരുന്നു. എഞ്ചിനിയറെ കണ്ട്‌ നല്ല തുക കൈക്കൂലി കൊടുത്താൽ ഭിത്തികെട്ടിക്കൊടുക്കും. അടുത്തുകിടക്കുന്ന പാവപ്പെട്ടവന്റെ വസ്തുവിലേക്കു തിരിഞ്ഞുനോക്കുക പോലുമില്ല.
    ഇങ്ങനെ ആറിന്റെ ഇരുകരകളിലും പലയിടത്തും കരിങ്കൽ ഭിത്തികളുയർന്നു. അതോടെ ആറിന്റെ വീതി കുറഞ്ഞു. വർഷക്കാലത്ത്‌ ഒഴുക്കിനു ശക്തിയേറി. പഴയ ആറുകളെല്ലാം ഇപ്പോൾ കനാലുകളായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. വേനൽക്കാലത്ത്‌ വെള്ളം കെട്ടിക്കിടന്ന്‌ മാലിന്യങ്ങൾ ചീഞ്ഞഴുകുകയും ചെയ്യും. ആളുകൾക്കിപ്പോൾ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ആറ്‌ സൗകര്യപ്രദമായി. ദുർഗ്ഗന്ധം നിമിത്തം ഇന്ന്‌ ആറ്റുതീരത്തെ താമസം ദുഃസ്സഹമായി. കൊതുകും കീടങ്ങളും കണക്കറ്റു പെരുകി. ആറ്റിലെ വെള്ളത്തിൽ കുളിച്ചാൽ ത്വക്‌ രോഗങ്ങളും മറ്റ്‌ മഹാരോഗങ്ങളും പിടിപെടും.
    ഇനിയിപ്പോൾ കുടിവെള്ളത്തിനും റേഷൻ കൊണ്ടുവരുന്നതിനെക്കുറിച്ചാണ്‌ ചിന്തിക്കുന്നത്‌. ജലക്ഷാമം പരിഹരിക്കണമെങ്കിൽ ആദ്യം വനം സംരക്ഷിക്കപ്പെടണം. എങ്കിൽ മാത്രമേ മഴവെള്ളവും സംരക്ഷിക്കപ്പെടുകയുള്ളു. നമുക്കു വെള്ളമില്ലെങ്കിലെന്താ? അയൽ സംസ്ഥാനങ്ങളിൽ നിന്ന്‌ ശുദ്ധജലം കുപ്പികളിലാക്കി കൊണ്ടുവരാമല്ലോ. നമുക്കിപ്പോൾ അരിയും പച്ചക്കറികളും നാളികേരം പോലും തരുന്നനവരാണല്ലോ. എല്ലാം വിലയ്ക്കു വാങ്ങാൻ കിട്ടും. കുടിവെള്ളവും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…