24 Jan 2013

പ്രണയാനുഭവം

ബഷീര്‍ തോന്നക്കല്‍ 



പറയാന്‍ പോകുന്നത് ഒരു പ്രണയ കഥയാ ‘അതും തികച്ചും സാങ്കല്പികം’(വിശ്വസിക്കണം)
സംഭവത്തിന്റെ തുടക്കം പ്ലസ്‌ വണ്ണിനു പരീക്ഷയും എഴുതി വെക്കേഷന്‍ അടിച്ചു പൊളിക്കുന്ന സമയം.
വീട്ടില്‍ നിന്നുമുള്ള പോക്കറ്റ്‌ മണീസ് അടിച്ചുപൊളി ജീവിതത്തിനു തികയാത്തതു കൊണ്ട് കേറ്ററിംഗ് സര്‍വീസിനും അല്ലറ ചില്ലറ ശരീരം അനങ്ങാത്ത ജോലികള്‍ക്കും പോയി ബജറ്റ് ടാലിയാക്കികൊണ്ടിരിക്കുവാ
അങ്ങനെ ഒരു കല്യാണത്തില്‍ ഞാന്‍ വിളമ്പുകാരന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോ ഒരു ടേബിളില്‍ ഇരുന്ന, ശേ, അല്ല, ഒരു ടേബിളിനു പിന്നില്‍ കസേരയില്‍ ഇരുന്ന ചുരുളന്‍ മുടിക്കാരി പൂച്ചക്കണ്ണിയില്‍(!!!ആവോ.. ആര്‍ക്കറിയാം) കണ്ണുകള്‍ ഉടക്കി.
ഒരു ചെറിയ പരിചയം പോലെ തോന്നുന്നല്ലോ.
ഇവളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ.
എവിടെയാ??
കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല
ആ പുടി കിട്ടി, പുടി കിട്ടി. അദ്ധന്നെ.
ഒരു വര്ഷം മുന്‍പ്‌ എന്റെ ജൂനിയര്‍ ആയിരുന്നു അവള്‍.
ഈ ഒരു വര്ഷം ഗാപ്‌ വന്നത് വേറൊന്നും കൊണ്ടല്ല, ഞാന്‍ പത്തില്‍ ആയിരുന്നപ്പോ അവള്‍ ഒന്‍പതില്‍ ആയിരുന്നു. പിന്നെ ഞാന്‍ പ്ലസ്‌ വണ്ണിനു പോയി. അവള്‍ പത്തിലും. രണ്ടും ഒരേ സ്കൂളില്‍ തന്നെയായിരുന്നെങ്കിലും രണ്ടു സെക്ഷന്‍ ആയത് കൊണ്ട് കാണുവാനുള്ള സാഹചര്യം ഉണ്ടായില്ല അത്രന്നെ.

അവളുടെ പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു അവള്‍ ചുമ്മാ കല്യാണവും അടിയന്തിരവുമൊക്കെ കൂടി തടി കൊഴുപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുവാ. (അവളുടെ തീറ്റ കണ്ടപ്പോള്‍ എനിക്ക് തോന്നിയതാ കേട്ടോ)
ഞാന്‍ നോക്കിയ ലാ സമയത്ത് തന്നെ ദെ, ലവളും എന്നെ നോക്കി, കണ്ണുകള്‍ തമ്മിലിടിച്ചു ആക്സിടന്റായി.
കണ്ണും കണ്ണും.. തമ്മില്‍ തമ്മില്‍..
കഥകള്‍ ഒന്നും കൈമാറാനുള്ള അവസരം അവള്‍ തന്നില്ല. പെട്ടെന്ന് തന്നെ അവള്‍ കണ്ണുകള്‍ മാറ്റി. എങ്കിലും ഇടയ്ക്കിടെ എന്റെ കണ്ണുകള്‍ കറങ്ങി കറങ്ങി അവളിലേക്ക്‌ തന്നെ എത്തുന്നുണ്ടായിരുന്നു, ഞാന്‍ അറിയാത്ത മട്ടില്‍ അവളും അത് അറിയുന്നുണ്ടായിരുന്നു. (നമ്മള്‍ ഇതൊക്കെ എത്രയോ കണ്ടതാ)
ഇവള്‍ എന്തായാലും ഇപ്പൊ കാണാന്‍ പഴയതിനെക്കാലും ഒരു ചന്തമൊക്കെയുണ്ട്
ചുമ്മാതെ ആണെങ്കിലും എന്റെ മനസ്സിലും പൊട്ടി രണ്ടു ലഡു.
അപ്പൊ തന്നെ ഞാന്‍ പിന്നാലെ കൂടി, അല്ലെങ്കില്‍ തന്നെ എന്തെങ്കിലും ഒരു കച്ചിതുരുമ്പിനു വേണ്ടി നടക്കുവായിരുന്നു.
ബിരിയാണിയുടെ കൂടെ ഒരല്പം മസാല കൂടുതല്‍ വിളമ്പിയും അവളുടെയടുതെതിയപ്പോ അറിയാത്ത മട്ടില്‍ ഐസ്ക്രീം ഒരെണ്ണം അധികം സപ്ലേ ചെയ്തും അവളോടുള്ള എന്റെ അകമഴിഞ്ഞ സ്നേഹം ഞാന്‍ അവളെ അറിയിച്ചു.
എന്ത് കാര്യം.. കിട്ടിയതാകട്ടെ എന്ന് കരുതി മുഴുവന്‍ തട്ടിയിട്ടു അവള്‍ അവളുടെ പാട്ടിനു പോയി, ഞാന്‍ ചില്ലറയും വാങ്ങി എന്റെ പാട്ടിനും.

അങ്ങനെ വെക്കേഷന്‍ ഒക്കെ കഴിഞ്ഞു നമുക്ക് പ്ലസ്‌ ടു ക്ലാസ്സുകള്‍ നേരത്തെ തന്നെ തുടങ്ങി.. അറുബോറന്‍ ക്ലാസ്സുകള്‍ മുന്നോട്ടു പോകുന്നു. പണ്ടേ ‘പഠനത്തോട് വലിയ താല്പര്യം’ ആയിരുന്നത് കൊണ്ട് ഒന്നും അങ്ങോട്ട്‌ ശ്രദ്ധിച്ചുമില്ല തലയില്‍ കയറിയതുമില്ല.
സാധാരണയായി പ്ലസ് ടു ക്ലാസുകള്‍ നടക്കുന്ന സമയത്താണ് പ്ലസ് വണ്ണിലേക്കുള്ള കുട്ടികളുടെ അഡ്മിഷന്‍ നടക്കാറുള്ളത്.
ക്ലാസ്സുകളിലെ ബോറിംഗ് കൂടിവന്ന സമയത്ത് തന്നെ പ്ലസ്‌ വണ്ണിനു അഡ്മിഷന്‍ തുടങ്ങി. നമ്മുടെ ജോലി ഇനി തുടങ്ങാന്‍ പോകുന്നെയുള്ളൂ ജൂനിയേര്‍സ്‌ കുറെ ‘ചരക്കുകള്‍’ ഉണ്ടാകും
ജൂനിയെര്‍സിനെ കാണുവാന്‍ എല്ലാവനും കണ്ണില്‍ എണ്ണയൊഴിച്ചും പെട്രോള്‍ ഒഴിച്ചും അതിനു പറ്റാത്തവര്‍ വെള്ളം ഒഴിച്ചും കാത്തിരിക്കുവായിരുന്നു. അവരെ താലോലിക്കുവാന്‍(റാഗിങ്ങ്) മനക്കണക്കുകള്‍ പലതും കൂട്ടി.
അഡ്മിഷന്‍ നടക്കുമ്പോ ഹാളിനുള്ളില്‍ പെണ്‍കുട്ടികളുടെ ഇടയില്‍ സീനിയെര്സ് വായിനോക്കികളെ കൊണ്ട് നിറഞ്ഞു. പുതിയ കുട്ടികളെ നമ്പര്‍ നോക്കി റെഡി ആക്കാനും ഫോം പൂരിപ്പിക്കാന്‍ ഹെല്പ് ചെയ്യാനും, സര്‍വോപരി സേവന സന്നദ്ധരായി ഒരു കൂട്ടം സീനിയേര്‍സ് ഓടി നടക്കുന്നു. ഇവന്മാരെല്ലാം പെണ്‍കുട്ടികളുടെ പിന്നാലെ മാത്രമേ ഉള്ളല്ലോ. അവിടെ തടി വടി പോലെ കുറെ പയ്യന്മാര്‍ മിഴുങ്ങസ്യാ നില്‍ക്കുന്നു. ഒരെന്നതിനെയും ആരും മൈന്റ് ചെയ്യുന്നില്ലാ. ഒഹ് അതിനിപ്പോ ആര്‍ക്കു വേണം ഇവന്മാരെ.
അഡ്മിഷന് വന്നവരില്‍ സൈസും ഫൈസും നോക്കി ഓരോരുത്തരെയായി ഞങ്ങളുടെ സഹപാഠികള്‍ സെലക്ട്‌ ചെയ്യുന്നുണ്ട്.
‘ഡാ ആ മഞ്ഞ ചുരിദാര്‍ അടിപോളിയാണല്ലോ. ഒന്ന് നോക്കിയാലോ.’.
‘നീ മഞ്ഞയെ നോക്കിക്കോ ദെ ആ ചുവപ്പും വെള്ളയും എങ്ങനെയുണ്ട്?’
“ആഹ, അതിനെ നീയെടുതോ”
പേരറിയാന്‍ പറ്റാത്തതു കൊണ്ട് ഓരോരുത്തരുടെയും ഡ്രെസ്സ് നോക്കി സെലക്ട്‌ ചെയ്യാന്‍ തുടങ്ങി
സംഭവം കേമാമാകുമ്പോ ആ കൂട്ടത്തിനിടയില്‍ ഒരു പരിചയമുള്ള മുഖം…
ങേ,ഇത് ലവളല്ലേ,നമ്മുടെ പഴയ ആ കല്യാണ കക്ഷി. ഇവള്‍ നമ്മുടെ ജൂനിയര്‍, ഹേ അല്ല…ല്ല(അങ്ങനെ എല്ലാവനും കൂടി എടുക്കണ്ട) എന്റെ ജൂനിയര്‍ ആയി വരാന്‍ പോണു.
ഹോ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ..
അന്ന് പൊട്ടിയ ലടുകള്‍ വീണ്ടും വീണ്ടും പൊട്ടി. ദൈവമേ ഇതിപ്പോ ഷുഗറിന്റെ(പഞ്ചാരയടി) അസുഖം തുടങ്ങുമല്ലോ..
ആ കല്യാണം കഴിഞ്ഞപ്പോ കീറിക്കളഞ്ഞ ലവ് ആപ്പ്ളിക്കേഷന്‍ ഒന്നുകൂടി എടുത്തു ഒട്ടിച്ചു വച്ചു. ഇവളെ വളച്ചിട്ടു തന്നെ കാര്യം.
സംഗതി സന്തത സഹാചാരികളോട് പറഞ്ഞപ്പോ അവര്‍ക്കും സമ്മതം, ജീവന്‍ പോയാലും കൂടെ നില്‍ക്കാംഅത്രേ (അല്ലെങ്കിലും ഒരുത്തനെ ഏടാകൂടത്തില്‍ കൊണ്ട് ചാടിക്കാന്‍ ഇവന്മാര്‍ മിടുക്കന്മാരാ). അപ്പൊ തന്നെ ഞാന്‍ അവളെ സെലക്ട്‌ ചെയ്തു മതിലിലോക്കെ രാഷ്ട്രീയ പാര്‍ടികള്‍ ചെയ്യുന്ന പോലെ ‘ബുക്ക്ട്‌’ ബോര്‍ഡും തയ്യാറാക്കി.
അവളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചെറിയ പേപ്പര്‍ പ്ലൈന്‍ പരിപാടിയും പേപ്പര്‍ ബോള്‍ പരിപാടിയുമൊക്കെ നടത്തി നോക്കി. ആരെടാ എറിയുന്നെ എന്ന മട്ടില്‍ പുറത്തേക്കു നോക്കിയെങ്കിലും അവിടെ ഇളിച്ചു കൊണ്ട് നിക്കുന്ന എന്നെ കണ്ടപ്പോ തല പെട്ടെന്ന് വെട്ടി തിരിച്ചു കളഞ്ഞു. ഒഹ് ഒരു വകക്ക് കൊള്ളില്ലെന്കിലും അവളുടെ ഒരു പവര്‍ കണ്ടോ, ആരെങ്കിലും ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോഴുണ്ടാകുന്ന ആ ഒരു തലക്കനമുണ്ടല്ലോ, അതന്നെ കാരണം.
പിറ്റേന്ന് തന്നെ പ്ലസ്‌ വണ്ണിനും ക്ലാസ്സ്‌ തുടങ്ങി. അങ്ങനെ നമ്മുടെ ടൈമും വന്നു. ഞങ്ങള്‍ സീനിയെര്സ് കളിച്ചു നടന്നു. പിള്ളാരെയൊക്കെ ചുമ്മാ വട്ട് ചോദ്യങ്ങള്‍ ചോദിച്ചും ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തി പാട്ട് പാടിച്ചും തീപ്പെട്ടി കൊള്ളി കൊണ്ട് ക്ലാസ്സ്‌ റൂമിന്റെ വിസ്തീര്‍ണ്ണം അളന്നും, സീനിയെര്സ് ചെട്ടന്മാരോട് ഐ ലവ് യു പറയിച്ചും (അങ്ങനെയെങ്കിലും കൊതി തീരട്ടെ) അര്‍മാദിച്ചു.
ആരും വിഷമിക്കരുത്, പെണ്‍കുട്ടികളോട് മാത്രമേ റാഗ്ഗിംഗ് ഉള്ളൂ കേട്ടോ
ഇതാണോ റാഗ്ഗിംഗ് എന്ന് ചോതിക്കുന്നവരോട് ഒരു വാക്ക്, റാഗ്ഗിംഗ് നടത്തിയാല്‍ ചവിട്ടി പുറത്തു കളയും എന്ന് പ്രിന്‍സി (പ്രിന്‍സിപ്പല്‍) കര്‍ശന നിര്‍ദേശം തന്നിരിക്കുവാ, അതിനിടയിലാ ഇതെല്ലം അവരുടെ കണ്ണ് വെട്ടിച്ചു ചെയ്യുന്നേ.
എന്റെ കൊച്ചിന്റെ(അതെ ലവളു തന്നെ) ക്ലാസ് എത്തിയപോ അവളെ ആരും റാഗ് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ തന്നെ അവളോട്‌ മാന്യമായ രീതിയില്‍ പേരും നാളും മുതല്‍ കുടുംബ പുരാണത്തില്‍ എത്തി വല്ല തടിമിടുക്കുള്ള ചേട്ടന്മാര് വല്ലതും ഉണ്ടോ എന്ന് വരെ അന്വേഷിച്ചു (ഉണ്ടെങ്കില്‍ പിന്നെ വെറുതെ തടി കേടാക്കണ്ടല്ലോ) ഇത്രയൊക്കെ ചോദിച്ചിട്ടും കക്ഷി മസില് പിടിത്തം വിട്ടില്ല. ചില്ലറ നമ്പര്‍ ഒക്കെ ഇറക്കി നോക്കിയെങ്കിലും ഞാന്‍ ഇതെത്ര കണ്ടതാ എന്ന ഭാവമാ പെണ്ണിന്. അവള്‍ക്കു എന്റെ സ്വഭാവം നന്നായി അറിയാംന്നു തോന്നുന്നു, അല്ലെങ്കി പിന്നെ എന്താ ഇങ്ങനെ.
അവള്‍ മൈന്റു ചെയ്തില്ലെങ്കിലും വേണ്ടില്ല, പാവപ്പെട്ട ഒരു പെണ്‍കുട്ടിക്ക് സമൂഹത്തില്‍ നിന്നും നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്യുവാന്‍ വിശാലമനസ്കനായ ഞാന്‍ അന്നുമുതല്‍ അവളുടെ എസ്കോര്‍ട്ട് പണി ഏറ്റെടുത്തു, അതും ഒരു ശമ്പളവും ഇല്ലാതെ.
എന്തെ മനസ്സിലായില്ലേ??
ഇത്രേയുള്ളൂ.. ഇനി വേറെ വല്ലവനും വഴിയിലെങ്ങാനും കാത്തു നിന്ന് വല്ല ലവ് ലെറ്റര്‍ വല്ലതും കൊടുക്കുന്നുണ്ടോ എന്നറിയണമല്ലോ.
ചെരുപ്പുകള്‍ മാസാമാസം പുതിയത് വാങ്ങി തുടങ്ങി.
ക്ലാസുകള്‍ ഒരുപാട് കഴിഞ്ഞു പോയി
“ഒന്നുകില്‍ ഇഷ്ടമാണെന്ന് പറയണം. അല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് പറയണം” ഇവളിത് രണ്ടും പറയുന്നില്ല.
അതിനു ഞാന്‍ ഇഷ്ടമാണോ എന്ന് ചോദിച്ചാലല്ലേ അവള്‍ മറുപടി പറയൂ. കേള്‍ക്കേണ്ട താമസം ഇഷ്ടമല്ല എന്ന് തന്നെ അവള്‍ പറയും എന്നു നൂറ്റി ഒന്ന് ശതമാനം ഉറപ്പുള്ളതു കൊണ്ട് ആ ചോദ്യം ചോദിച്ചില്ല (അത്ര നല്ല സ്വഭാവമാ എന്റേത്)
അവള്‍ക്കാണെങ്കില്‍ ചുമ്മാ ഒരു വളിച്ച ചിരിയും കൊഞ്ഞനം കുത്തലും മാത്രം(അത് ചീത്ത വിളിച്ചതാണെന്നാ സഹചാരികള്‍ പറഞ്ഞത്. ച്ചുംമാതെയാ അവര്‍ക്ക് അസൂയയാ).
ഇതൊന്നും വേണ്ടാ, ചുമ്മാ പിന്നാലെ നടക്കണ്ടാ എന്ന് കരുതുമ്പോഴേക്കും ലവള്‍ ഒന്ന് ചെറുതായി പുഞ്ചിരി സമ്മാനിക്കും. അപ്പൊ പിന്നെ വീണ്ടും നടന്നുകളയാം എന്നങ്ങു തീരുമാനിക്കും

അങ്ങനെ ഒരു വര്ഷം അവളുടെ പിറകെ നടന്നു കളഞ്ഞു. അത് കൊണ്ട് ഒരു ഗുണം ഉണ്ടായി മിക്കവാറും എന്നും ക്ലാസിനു പോകും. ഒന്നൂല്ലെങ്കിലും ചുമ്മാ അവളെ കാണാല്ലോ.
ഇതിനിടയില്‍ പല സൈഡ് ‘ലൈനുകളും’ വലിച്ചു. അവയൊക്കെ അത് പോലെ തന്നെ കളയുകയും ചെയ്തു.
ഒരു വര്ഷം കഴിഞ്ഞപ്പോ പ്ലസ്‌ ടു കഴിഞ്ഞത് കൊണ്ട് നമ്മളെ അവിടുന്ന് ചവിട്ടി പുറത്താക്കി അവര്‍ സീനിയെര്സ് കളിച്ചു.ക്ലാസ്സ്‌ കഴിഞ്ഞത് കൊണ്ട് പിന്നെ പിന്നെ ഞാന്‍ ആ ഭാഗത്ത്‌ തിരിഞ്ഞു നോക്കിയില്ല.

അവള്‍ പ്ലസ്‌ ടു കഴിഞ്ഞു കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോ അവളെ വീട്ടുകാര്‍ ഏതോ ഒരു കോന്തന് പിടിച്ചു കെട്ടിച്ചു കൊടുത്തു എന്നറിഞ്ഞു. ഞാന്‍ കറക്കവും ഉറക്കവും പഠനവും പരിപാടികളുമായി ഇങ്ങനെ വേറെ വഴിക്കും നടന്നു.
അവളുടെ കല്യാണം കഴിഞ്ഞു ഒരു രണ്ടു മൂന്നു മാസം കഴിഞ്ഞു കാണും
ഞാന്‍ ഒരു സുഹൃത്തിന്റെ കൂടെ അവന്റെ ചേട്ടന്റെ വീട്ടില്‍ പോയതായിരുന്നു. ലാ സമയത്ത് തന്ന എവിടുന്നോ പൊട്ടി മുളച്ച പോലെ ദേ അവളും അവിടെ വീട്ടിനകത്ത് നിന്നും പുറത്തേക്കു വരുന്നു,

ഇതിപ്പോ… ഇവള്‍….?? എങ്ങിനെ?? ഇവിടെ?!!
ഞാന്‍ ഇപ്പൊ എന്താ ചെയ്ക,
ചിരിക്കണോ..??
വേണ്ടേ.. ?
നോക്കണോ..?
എങ്ങിനെ മുഖത്ത് നോക്കും..??

ഞാന്‍ ആലോചിച്ചു കൊണ്ട് നില്‍ക്കെ അവള്‍ എന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വരുന്നു ആ ഒരു വര്ഷം എന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുതിയതിനെക്കാള്‍ മനോഹരമായി. ഉഗ്രന്‍ ചിരി.. പല്ല് മുപ്പത്തിരണ്ടും.. ഹേയ്‌ അത്രയോന്നുമില്ല. മുന്നിലെ മൂന്നു നാല് പല്ലുകള്‍ മാത്രം കാണുന്ന രീതിയില്‍ ഉഗ്രന്‍ ‘പുഞ്ചിരി’.
“പോടീ, മുന്‍പില്‍ നിന്നു ചിരിക്കാതെ, മനുഷ്യനെ ഒരു കൊല്ലം മുഴുവന്‍ എസ്കോര്‍ട്ട് നടത്തിച്ചിട്ടു അവള് അവളുടെ പാട്ടിനു പോയി എന്നിട്ട് നിന്ന് കിണിക്കുന്നു” എന്ന് പറയണമെന്നുണ്ടായിരുന്നു പക്ഷെ അവളുടെ ചിരികണ്ടാപ്പോ എനിക്ക് അതിനു തോന്നിയില്ല..
കാരണം അവള്‍ എന്നെ ആക്കി ചിരിച്ചതാണോ എന്നൊരു ചിന്ന ഡൌട്ട്. ആണോ?? ഞാന്‍ ഒന്ന് കൂടി നോക്കി.
ഹേയ്, അല്ല..
“…..”
!!! ആണോ.. ???
അല്ല നിങ്ങള്‍ പറ അവള്‍ കളിയാക്കി ചിരിച്ചതാകുമോ..?!!!
എന്തും വരട്ടെ എന്ന് കരുതി ഞാന്‍ ചോദിച്ചു “എന്താ ഇവിടെ?”
“ദെ അതാ എന്റെ ‘ഹസ്’ ന്റെ വീട്” അയല്‍വക്കത്തെ ഒരു വീട് ചൂണ്ടിക്കാട്ടികൊണ്ട് അവള്‍ പറഞ്ഞു.
“ഒഹ്.. അതാണല്ലേ ആ കോന്തന്റെ വീട്” ചോദിക്കണമെന്ന് ഉണ്ടായിരുന്നു. വെറുതെ ഇപ്പൊ തടി കേടാക്കണോ എന്ന് ആലോചിച്ചപ്പോ ചോദിച്ചില്ല
എനിക്ക് ഒരു സ്ടാര്ട്ടിംഗ് ട്രബള്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കുറച്ചു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇതെല്ലം കഴിഞ്ഞു വീണ്ടും ഒരു ചിരി സമ്മാനിച്ചു അവള്‍ അവളുടെ ‘ഹസ്’ ന്റെ വീട്ടിലേക്കു നടന്നു.
എന്റെ കുറെ ജോഡി ചെരുപ്പുകള്‍ തേഞ്ഞു തീര്‍ന്നത് മിച്ചം, അവള് ദെ ഇന്ന് സുഖമായി ജീവിക്കുന്നു.
അതെല്ലാം പോട്ടെ. എടീ ദുഷ്ടേ. നീ ഇഷ്ടമാണെന്നോ പറഞ്ഞില്ല. കല്യാണത്തിനെന്കിലും വിളിക്കാമായിരുന്നു. ഒന്നൂല്ലെന്കിലും കുറെ ചെരുപ്പ് തേഞ്ഞു തീര്‍ന്നില്ലെടീ.

എന്ത് പറയാന്‍,
ഒരു ഉഗ്രന്‍ ബിരിയാണിയാ നഷ്ടപ്പെട്ടത് (മട്ടനായിരുന്നോ അതോ ചിക്കെന്‍ ആയിരുന്നോ എന്തോ…)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...