അഭിമുഖം:എം.കെ.ഹരികുമാർ X ശൈലേഷ് തൃക്കളത്തൂർ
? ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
എം.കെ:- ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് പോലെ വ്യത്യസ്തമായ ഒരവാർഡ്
മലയാളത്തിലില്ല, കാരണം ഇത് ഒരെഴുത്തുകാരന്റെ പുസ്തകത്തിന്റെ
പേരിലുള്ളതാണ്. അതാകട്ടെ, ഒരു വിമർശനകൃതിയാണ്. മലയാളത്തിൽ, ഒരു നോവലിനെ
മാത്രം ആസ്പദമാക്കി ഉണ്ടായ നവചിന്താധാരകളുള്ള പുസ്തകം. പല സംസ്കാരങ്ങളെയും
എഴുത്തുകാരെയും സംയോജിപ്പിച്ചുകൊണ്ട് ഒരു വിമർശകൻ സ്വന്തം
ആന്തരികതയിലേക്ക് തിരിയുന്നതിന്റെ സാഹസികതയുള്ള കൃതി. അതിന്റെ ഭാഷയിലുള്ള
ദാർശനികത, വിമർശകന്റെ ഉള്ളിലെ കൃതിയെ, എഴുതപ്പെടാത്ത കൃതിയെ
അന്വേഷിക്കുന്നതിന്റെ ഭാഗമായി സംഭവിച്ചതാണ്.
മാത്രമല്ല, ഈ വിമർശനകൃതിയുടെ പേരിൽ ആ എഴുത്തുകാരൻ തന്നെ നൽകുന്ന
അവാർഡ് മറ്റെവിടെയെങ്കിലുമുണ്ടോ? എന്റെ ആദ്യത്തെ പുസ്തകമാണത്. 1984 ലാണ്
അത് പുറത്തുവന്നത്. അതിന്റെ പേരിൽ ഞാനും സുഹൃത്തുക്കളും ചേർന്ന് 1995
ലാണ് അവാർഡ് ഏർപ്പെടുത്തിയത്.
ഒരു എഴുത്തുകാരൻ തന്റെ പുസ്തകത്തിന്റെ പേരിൽ നൽകുന്ന അവാർഡിന്
തുല്യമായ വൈകാരികതയും സാഹോദര്യവും എവിടെ കിട്ടും? ഇപ്പോൾ പതിനെട്ട്
വർഷമായി ഈ അവാർഡ് നൽകി വരുന്നു. അമ്പതിലേറെപ്പേർ, ഈ അവാർഡ് സ്വീകരിച്ചു
കഴിഞ്ഞു.
സാഹിത്യ അക്കാദമിയുടെ അവാർഡിന് തുകയും ഔദ്യോഗികമായ
പിൻബലവും ഉണ്ടാകും. എന്നാൽ എഴുത്തിന്റെ മേഖലയിൽ മുഴുവനായി മുങ്ങി
നിൽക്കുന്ന ഒരെഴുത്തുകാരൻ അയാളുടെ ഹൃദയത്തിൽ നിന്ന് തരുന്ന ഈ അവാർഡിന്റെ
സുഗന്ധത്തെ, എഴുത്തിന്റെ ശുദ്ധവായു ശ്വസിച്ച് ജീവിക്കുന്ന ഒരാളും
തള്ളിക്കളയുകയില്ല. ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്പോലൊന്ന് ഈ ലോകത്തിൽ
തന്നെയുണ്ടാകില്ല. കാരണം അതൊരു ഫീൽ ആണ്. വേറെയും പ്രത്യേകതകളുണ്ട്. എന്റെ
കൃതിയിലൂടെ, ഈ അവാർഡിലൂടെ മറ്റൊരു എഴുത്തുകാരനും ഓർമ്മിക്കപ്പെടുന്നു.
അത് ഒ.വി.വിജയനാണ്. അദ്ദേഹത്തിന്റെ കൃതിയും ഈ അവാർഡിന്റെ സബ്
ടെക്സ്റ്റ് (ടൗയ ഠലഃി)ഉപപാഠമായി നിൽക്കുന്നു. ഈ സ്മൃതി മറ്റെവിടെ
കിട്ടും. ഇത്രയും ലൈവായ പുരസ്കാരത്തിലൂടെ, സാഹിത്യത്തിന്റെ ആത്മാവിനെയാണ്,
പെരുവിരലിൽ ഉയർന്ന് നിന്ന്, നാം എതിരേൽക്കുന്നത്.
? ആത്മായനങ്ങളുടെ ഖസാക്ക് എങ്ങനെ വായിച്ചു മനസ്സിലാക്കും? എല്ലാ
വാക്യങ്ങളും ഏതോ അജ്ഞാത ലോകത്തേക്കാണ് നീങ്ങുന്നതെന്ന് തോന്നും.
വിമർശനത്തിന് യുക്തിയുടെ വിചാരം അനിവാര്യമല്ലേ?
എം.കെ:-
ആത്മായനങ്ങളുടെ ഖസാക്ക് എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ എഴുതിയതാണ്. പല
ആശയങ്ങളും തമ്മിൽ ഉണരുകയും എവിടെയോ അപ്രത്യക്ഷമാവുകയും ചെയ്യുന്ന
കൗമാരകാലത്തിന്റെ ആലോചനകളുടെ പെരുക്കങ്ങൾ ആണ് അതിലുള്ളത്. എല്ലാ
വാക്യങ്ങളും അപഗ്രഥനവും യുക്തിയും ആയിക്കൊള്ളണമെന്നില്ല. നമ്മൾ
വിമർശനത്തിന്റെ ഗദ്യത്തെ കളയായി കാണാൻ കൂട്ടാക്കുന്നില്ല. സർഗ്ഗാത്മകമായ
നിമിഷങ്ങൾ വിമർശനകലയിലുണ്ട്. അതായത്, പല അറിവുകളും ഏത് വഴിക്കാണ്
പോകുന്നതെന്നോ, എങ്ങനെയാണ് ഉണ്ടാകുന്നതെന്നോ അറിയാത്ത അവസ്ഥയുണ്ട്.
എനിക്ക് ഈ കൃതിയുടെ രചനാവേളയിൽ, സാധാരണ യുക്തിയുടെ അപ്പുറത്തേക്ക്
പോകുന്നപോലെ അനുഭവപ്പെട്ടു. ഭാഷയ്ക്കുള്ളിൽ ചില സൗന്ദര്യാനുഭവങ്ങളും
പ്രാപഞ്ചികമായ അറിവുകളും ഒളിച്ചിരിക്കുന്നു. 'ഖസാക്കിന്റെ ഇതിഹാസം' എന്ന
പുസ്തകം പഠിക്കുകയാണെന്നൊക്കെ പറയുന്നത് സാമ്പ്രദായികമായ ആശയമാണ്.
എനിക്ക് ആ നോവൽ പഠിക്കേണ്ടതോ, പഠിപ്പിക്കേണ്ടതോ ആയ സാഹചര്യമില്ല. ഞാൻ
എന്റെ തന്നെ ഉള്ളിലേക്ക് നോക്കാൻ വിധിക്കപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം.
പലതും എനിക്കു തന്നെ വെളിപ്പെടാനുണ്ട്. എല്ലാം യുക്തിയിലൂടെ വിവരിക്കാൻ
കഴിയണമെന്നില്ല. എഴുതിയതുകൊണ്ട് എല്ലാം പരിഹരിച്ചു എന്ന് കരുതുന്നില്ല.
ചിലത് ആശയങ്ങൾ പോലുമല്ല. ആശയങ്ങളെപ്പറ്റിയുള്ള ആലോചനകളാണ്. ചിത്രകലയിൽ ,
നാം കൃത്യമായി മനസ്സിലാക്കുന്ന ആശയം എന്നതിലുപരി, രൂപങ്ങളുടെയും
വർണ്ണങ്ങളുടെയും സമന്വയത്തിലൂടെ നമ്മുടെ മനസ്സിൽ ഏത് നിഴൽ വീഴുന്നു
എന്നതാണ് പ്രധാനം.
ഒരാശയം അതേപടി ചിത്രമാകുന്നത് ഉന്നതമായ കലയല്ല.
ഭാഷയിലും ഇത് സംഭവിക്കുന്നുണ്ട്. നാം എഴുതുന്നതെല്ലാം മറ്റൊന്നാക്കി
പറയാൻ കഴിയണമെന്നില്ല. കവിതയിൽ, ചിലപ്പോൾ, ഇങ്ങനെയൊരനുഭവം ഉണ്ടാകുന്നു.
വിമർശനത്തിന്റെ ഗദ്യത്തിലും, ഭാഷയെ അതിന്റെ തന്നെ പ്രതീകമാക്കുന്ന കലാവിദ്യ
ഉണ്ടാകുന്നു. എന്റെ മനസ്സിലെ എഴുതപ്പെടാത്ത ഒരു പുസ്തകത്തെ
പുറത്തുകൊണ്ടുവരുന്നതിന് ഞാൻ ഖസാക്കിന്റെ ഇതിഹാസത്തെ ഉപയോഗിച്ചു എന്ന്
പറയുന്നതാണ് വാസ്തവം.
? താങ്കളുടെ 'അക്ഷരജാലകത്തെ' എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലവുമായി താരതമ്യം ചെയ്യുന്നതിനെപ്പറ്റി എന്താണഭിപ്രായം?
എം.കെ:-
താരതമ്യം ചെയ്യാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. ചിലർ അവരുടെ പരിമിതി എന്ന
നിലയിൽ എന്റെ പംക്തിയെ കൃഷ്ണൻനായരുടെ പംക്തിയുമായി ബന്ധിപ്പിക്കാറുണ്ട്.
കാരണം അവരുടെ ഓർമ്മയിൽ അൽപമെങ്കിലും താരതമ്യം ചെയ്യാവുന്ന വേറെ ഒന്നുമില്ല.
അവർ താരതമ്യം ചെയ്യുന്നതിന് ആധാരമാക്കുന്ന വസ്തുതകൾ ഇവയാണ്. കൃഷ്ണൻനായർ
പടിഞ്ഞാറൻ പുസ്തകങ്ങളെപ്പറ്റി എഴുതിയിരുന്നു. അദ്ദേഹം മലയാളത്തിലെ
ആനുകാലികങ്ങളിലെ രചനകളെ വിമർശിച്ചിരുന്നു. എന്നാൽ എന്റെ സമീപനം
മറ്റൊന്നാണ്. എനിക്ക് ഒരു സാഹിത്യകൃതിയുടെ നിരൂപണത്തിൽ കൃഷ്ണൻനായർ ഒരു
സഹായവും ചെയ്തുതരുന്നില്ല. അദ്ദേഹത്തിന്റെ പംക്തി വല്ലപ്പോഴും
വായിക്കുമായിരുന്നു എന്നതൊഴിച്ചാൽ, ഞാൻ അദ്ദേഹത്തിന്റെ ഒരു അനുയായി
ആയിരുന്നിട്ടില്ല. കൃഷ്ണൻനായരുടെ ഭാഷാപാണ്ഡിത്യവും
സാഹിത്യലോകത്തെപ്പറ്റിയുള്ള അറിവും എന്നിൽ വിസ്മയമുണ്ടാക്കിയിട്ടുണ്ട്.
പക്ഷേ, എനിക്കതിൽ കവിഞ്ഞെന്താണ്? പണ്ഡിതന്മാരെ നാം
പൈന്തുടരണമെന്നില്ലല്ലോ? കൃഷ്ണൻനായർ പുലർത്തുന്ന സമീപനരീതികളോട് എനിക്ക്
ഒരിക്കലും യോജിപ്പുമുണ്ടായിരുന്നില്ല. അദ്ദേഹം വ്യക്തിപരമായ കാര്യങ്ങൾക്ക്
ഊന്നൽ കൊടുത്താണ് എഴുതിയത്. ഞാനാകട്ടെ, വ്യക്തിപരമായ ഓർമ്മകൾ ഇതിൽ
കയറ്റാറില്ല. അദ്ദേഹം സാഹിത്യം എന്ന വ്യവഹാരത്തെ കണ്ടത്, ആധുനികതയ്ക്കും
മുമ്പുള്ള അനുഭവത്തെ അടിസ്ഥാനമാക്കിയാണ്. അഭിരുചിയിൽ ഞങ്ങൾ തമ്മിൽ വലിയ
വ്യത്യാസമുണ്ട്. അതുകൊണ്ട്, ഒരു പുസ്തകം, ഒരു സാമൂഹ്യ പ്രശ്നം, ചിന്ത
എന്നിവയെ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ, എനിക്ക് എന്റെ മാർഗങ്ങൾ
മാത്രമേയുള്ളൂ. ഞാൻ എന്റെ മുമ്പിൽ വരുന്ന പ്രശ്നങ്ങളെ എന്റേതായ രീതിയിൽ
വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട്.
മാത്രമല്ല, എന്റെ പംക്തി വളരെ ലൈവാണ്. ഏറ്റവും നൂതനമായ ഏത്
വിഷയത്തെയും ഞാൻ അപഗ്രഥിക്കാറുണ്ട്. അക്കാര്യത്തിൽ സിനിമയെന്നോ, കലയെന്നോ,
നാടകമെന്നോ, സാഹിത്യമെന്നോ വ്യത്യാസമില്ല. ആധുനികതയും ഉത്തരാധുനികതയും
കടന്ന് ഉത്തര-ഉത്തരാധുനികതയുടെ കാലത്തെ വിവക്ഷകൾ എന്ന നിലയിൽ കാലിക
പ്രശ്നങ്ങളെ വിശകലനം ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. കൃഷ്ണൻനായർ എത്ര
പണ്ഡിതനാണെന്ന് പറഞ്ഞാലും എന്റെ ഈ രീതിയിൽ എഴുതാൻ അദ്ദേഹത്തിനു കഴിയില്ല.
ഇത് സാഹിത്യ, സാംസ്കാരിക രചനകളെപ്പറ്റി അറിവുള്ളവർക്ക് മനസ്സിലാക്കാൻ
കഴിയും.
? താങ്കൾ പംക്തിയിലൂടെ ഉന്നയിക്കുന്ന വിമർശനങ്ങൾ അതിശയോക്തിപരമല്ലേ?
താങ്കളേക്കാൾ സീനിയറായ എഴുത്തുകാരെ വിമർശിക്കുന്നത് സഭ്യതയായി
കണക്കാക്കാമോ?
എം.കെ:- ്യൂഞ്ഞാൻ വളരെ ലഘുവായേ വിമർശിച്ചിട്ടുള്ളൂ.
എനിക്കതിനുള്ള അവസരവും അർഹതയും മാത്രമേ ഉള്ളൂ. ഒരാളുടെയും പ്രായത്തെ ഞാൻ
വിമർശിച്ചിട്ടില്ല. എന്നാൽ ഒന്നുപോലും ശരിയില്ലാത്ത ഈ രംഗത്ത്, ഒന്നും
പറയാതിരിക്കുന്നതാണോ മാന്യത? കേരള സാഹിത്യ അക്കാദമിയുടെ ഭരണസമിതിയെ നോക്കൂ.
വിരലിലെണ്ണാവുന്നവർ മാത്രമാണ് എഴുത്തുകാരായിട്ടുള്ളത്. സാഹിത്യകൃതികളെ
വിലയിരുത്തുകയും സാംസ്കാരികച്ചലനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യേണ്ട
ഒരു സ്ഥാപനം വെറും കെട്ടുകാഴ്ചയായി മാറാമോ?
|
green books, trichur, rs 80/ |
|
alpha one , kannur, rs 130/ |
|
melinda books/ trivandrum rs 80/ |
ഞാൻ വ്യക്തിപരമായി ആരെയും വിമർശിക്കാറില്ല. പക്ഷേ, ചിലർ അവരുടെ പദവിയും
മറ്റു ബന്ധങ്ങളും ഉപയോഗിച്ച് എല്ലാം നേടുകയും മറ്റുള്ളവരെ
ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നതിനെ ന്യായീകരിക്കാൻ കഴിയുമോ? എല്ലാവരും
ജയിക്കട്ടെ. എന്റേത് ഒരു കൊച്ചുകുട്ടിയുടെ കല്ലേറ് മാത്രമായി കണ്ടാൽ മതി.
ആ കല്ല് ആരുടെ ദേഹത്തും വീഴില്ല. വീണാലും നോവില്ല. സാർവത്രികമായ
വിചാരദാരിദ്ര്യവും സ്വജനപക്ഷപാതവുമാണ് പ്രകടമായി കാണുന്നത്. എത്രതന്നെ
ശരിയായി ചിന്തിച്ചാലും അതൊന്നും ശ്രദ്ധിക്കപ്പെടുകയില്ല.
ശ്രദ്ധിക്കാതിരിക്കാനുള്ള ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന്
തോന്നുന്നു.
സാഹിത്യകൃതികളെപ്പറ്റി വാനോളം പുകഴ്ത്തിപ്പറയാനൊന്നും ഇനി
ആളെക്കിട്ടുകയില്ല. അധ്യാപകർക്ക് ശിഷ്യന്മാരെ കിട്ടും. ഒരക്ഷരം
വായിക്കാത്ത അധ്യാപകരും എഴുത്തുകാരും ഉണ്ട്.
സാഹിത്യസിദ്ധാന്തങ്ങളെപ്പറ്റി, നിരൂപണത്തെപ്പറ്റി ഒന്നും വായിക്കാത്ത
എഴുത്തുകാർക്ക് എങ്ങനെയാണ് ഇന്നത്തെ കാലത്ത് സൗന്ദര്യാത്മക സൂക്ഷ്മതകളെ
കണ്ടെത്താനാവുക. എഴുത്ത് ഒരു ദിവസം തലയിലേക്ക് വന്ന് വീഴുകയില്ല.
ജന്മവാസന എന്നൊക്കെപ്പറയുന്നത്, ഒരാളുടെ ധീരത, അറിവ് തുടങ്ങിയവയുമായി
ബന്ധപ്പെട്ടതാണ്. നിരന്തരമായ നവീകരണം, ചിന്ത, പഠനം എന്നിവയിലൂടെയേ
എന്താണ് എഴുതേണ്ടത്, എങ്ങനെയാണ് എഴുതേണ്ടതെന്ന് മനസ്സിലാകൂ.
സാഹിത്യത്തിന്റെ അടിത്തട്ടിലുള്ള സാംസ്കാരിക സമ്മർദ്ദങ്ങളെപ്പറ്റി
അറിവുനേടണം. ഭാഷയിൽ എങ്ങനെ അഗാധമായ മറ്റൊരു ഭാഷയെ സന്നിവേശിപ്പിക്കണമെന്ന്
പഠിക്കണം. ഒരാളുടെ മനസ്സിൽ ഉണരുന്ന പ്രമേയങ്ങളെ തന്നെ സൗന്ദര്യാത്മക
ലക്ഷ്യങ്ങളോടെ പുനരേകീകരിക്കുകയും കണ്ടെത്തുകയും വേണം. എഴുത്തിന്റെ
പ്രക്രിയയെപ്പറ്റി പഠിക്കാതെ, ഒരു ശീലം എന്ന നിലയിൽ അതിനെ
വിലയിരുത്തിയിട്ട് കാര്യമില്ല.
? ഉത്തര-ഉത്തരാധുനികത, നവാദ്വൈതം തുടങ്ങിയ ചിന്തകൾ താങ്കൾ അവതരിപ്പിച്ചു.
എന്നാൽ നമ്മുടെ അക്കാദമിക്, മാധ്യമലോകം അതിനു വേണ്ടത്ര പൈന്തുണ
നൽകിയെന്ന് കരുതുന്നുണ്ടോ?
എം.കെ.:- എപ്പോഴും പുതിയ ആശയങ്ങളെ
സംശയത്തോടെയാവും പലരും സമീപിക്കുന്നത്. കാരണം, ആ ആശയങ്ങൾ അവരുടെ നിലനിൽപ്
തന്നെ അപകടത്തിലാക്കുമോ എന്നാണ് അവർ ആദ്യം ചിന്തിക്കുക.
അവരത്ത് മനസ്സിലാക്കാൻ ശ്രമിക്കാതെ തന്നെ അവഗണിച്ചുകൊണ്ടിരിക്കും.
പിന്നെ, നമ്മുടേത് ഇപ്പോഴും ഒരു വേഷപ്രച്ഛന്നമായ ഫ്യൂഡൽ സമൂഹമാണെന്ന് ഞാൻ
കരുതുന്നു. അവർ മറ്റു ചില പരിഗണനകളും ശീലിച്ചിട്ടുണ്ട്.
എനിക്കു
വായനക്കാരിൽ നിന്ന് നല്ല പൈന്തുണ ലഭിച്ചു. എന്റെ 'ഉത്തര-ഉത്തരാധുനികത'
എന്ന പുസ്തകം ഇറങ്ങിയശേഷം, അത് വാങ്ങി വായിച്ച ശേഷം എത്രയോപേർ എന്നെ ഫോണിൽ
വിളിച്ച് സംശയങ്ങൾ ചോദിച്ചു എന്നറിയുമ്പോഴാണ് അതിന്റെ ആഴം
മനസ്സിലാകുന്നത്. ഇവരെയൊന്നും എനിക്കു പരിചയമില്ല. കേരളത്തിന്റെ എല്ലാ
ജില്ലകളിലും ഇപ്പോൾ ഉത്തര-ഉത്തരാധുനികതയെ പഠിക്കുന്നവരുണ്ട്.
ഉത്തര-ഉത്തരാധുനികത എന്നാൽ ഉത്തരാധുനികതയ്ക്ക് ശേഷമുള്ള താത്ത്വിക
വിചാരലോകമാണ്. അതൊരു ജീവിത വിശേഷമാണ്. മലയാളത്തിൽ ഉത്തര-ഉത്തരാധുനികത
എന്ന പദം ആദ്യം ഉപയോഗിച്ചതു ഞാനാണ്. പാശ്ചാത്യ ചിന്തകന്മാരുമായി
ഇ-മെയിലിലൂടെ ഇന്റർവ്യൂ നടത്തിയാണ് ഞാൻ ഈ ആശയത്തിന് അടിത്തറയൊരുക്കിയത്.
നവാദ്വൈതം എന്റെ സ്വന്തം തത്ത്വചിന്തയാണ്. ഇത് അദ്വൈതത്തിന്റെ
പകർപ്പോ, അതിന്റെ വികാസമോ ഒന്നുമല്ല. അദ്വൈതവുമായി ഇതിനു ബന്ധമില്ല. എന്നാൽ
ഇത് മറ്റൊരു അദ്വൈതമാണ്. കഴിഞ്ഞ നൂറ്റിയമ്പത് വർഷത്തിനിടയിൽപ്പോലും,
ഒരു മലയാള വിമർശകൻ സ്വന്തമായി ഇതുപോലെ തത്ത്വചിന്ത മുന്നോട്ടുവച്ചിട്ടില്ല.
ഇവിടുത്തെ വിമർശകരെല്ലാം ഒന്നുകിൽ സംസ്കൃതസാഹിത്യ മീമാംസയോ, പാശ്ചാത്യ
സിദ്ധാന്തങ്ങളോ പൈന്തുടരുന്നവരാണ്. എന്റെ ചിന്തയെ പഠിക്കാതെ അതിനെ
നിരാകരിക്കുന്നത് വിഡ്ഢിത്തമായിരിക്കാം. എന്റെ മാനിഫെസ്റ്റോ (ഗ്രീൻ
ബുക്സ്) മറവിയുടെ നിർമ്മാണം (എസ്.പി.സി.എസ്), എന്റെ ജ്ഞാനമുകുളങ്ങൾ
(ഗ്രീൻ ബുക്സ്), ഉത്തര-ഉത്തരാധുനികത (ആൽഫാ വൺ പബ്ലിഷേഴ്സ്) എന്നീ
ഗ്രന്ഥങ്ങളിൽ അത് വിവരിച്ചിരിക്കുകയാണ്. ഉടനെ പുറത്തിറങ്ങുന്ന
'സാഹിത്യത്തിന്റെ നവാദ്വൈതം' എന്ന കൃതിയിലും ഇതിന്റെ ആവിഷ്കാരമുണ്ട്.
ഇതെല്ലാം വായിച്ചു പഠിക്കാതെ ഒരുവന്, നവാദ്വൈതത്തെ വിലയിരുത്താനാവില്ല.
എന്റെ കഴിഞ്ഞ മുപ്പതുവർഷത്തെ ഉപാസനയുടെ ഫലമാണിത്. നവാദ്വൈതത്തിന്
സ്വന്തമായ ഒരു പദാവലിയുണ്ട്. ലൈവ്, അപ്രതിരോധ്യമായ ഇടം, നിമിഷം, മാറ്റം,
പ്രവാഹം, നിമിഷങ്ങളുടെ പ്രതീതി, നിമിഷങ്ങളുടെ സാധ്യത, വസ്തുവിനുള്ളിലെ
വ്യാജ വസ്തു, വ്യാജ വസ്തുക്കളുടെ സംയോജന സാധ്യതകൾ തുടങ്ങിയ
സംജ്ഞകളിലൂടെയാണ് നവാദ്വൈതം പുരോഗമിക്കുന്നത്.
ഒരു വസ്തുവിന് ഒരു നിമിഷത്തിനുള്ളിൽ തന്നെ എണ്ണമറ്റ പ്രതിച്ഛായകളും
പ്രതീതികളും ഉണ്ട്. ഓരോ നിമിഷത്തിലും നാം പുതുതാകുന്നു. ഇതെല്ലാം ഞാൻ
സൈദ്ധാന്തികമായി വിശദീകരിച്ചിട്ടുണ്ട്. ജീവിതത്തിലെന്നപോലെ,
സാഹിത്യചിന്തയിലും നവാദ്വൈതം ഒരു വിപുലമായ സൈദ്ധാന്തിക മേഖലയായി
മാറുകയാണ്.
? 'അക്ഷരജാലകം' മലയാള സാഹിത്യ, സാംസ്കാരിക ചിന്തയിൽ വലിയൊരു വിഗ്രഹ ഭഞ്ജനം
തന്നെ നടത്തി. സിനിമ, സാഹിത്യം, കല, തത്ത്വചിന്ത എന്നീ രംഗങ്ങളിൽ പുതിയൊരു
കാഴ്ചപ്പാടിനുള്ള ആഹ്വാനമാണ് താങ്കൾ വർഷങ്ങളായി നടത്തിയത്. അതിനു
പ്രയോജനമുണ്ടായി. സിനിമയിൽ ഇപ്പോൾ തറവാട്ടു മഹിമയോ, കുറ്റിയടിച്ച ടൈപ്പ്
പ്രേമമോ ഒന്നുമില്ലാതായി. സാഹിത്യത്തിൽ ഗൃഹാതുരത്വത്തിനും സംഭവവിവരണത്തിനും
എതിരായി താങ്കൾ തുടർച്ചയായി സംസാരിച്ചതിന്റെ ഫലമുണ്ടായി. കവിതയെ താങ്കൾ
ക്രൂരമായി വിചാരണ ചെയ്തു. ഇതെല്ലാം എന്താണ് യഥാർത്ഥ കലയെന്ന കാര്യത്തിൽ
വായനക്കാർക്ക് വലിയ ബോധോദയം നൽകി.?
എം.കെ.:- എന്നാലാവുന്നവിധം ഞാൻ ചില ആശയങ്ങളെ മുന്നിൽവച്ച് പോരാടി. ഒരു
കാര്യം ഞാൻ പറയാനാഗ്രഹിക്കുന്നു. ഇവിടെ സ്വജനപക്ഷപാതപരമായ ചില
കീഴ്‌വഴക്കങ്ങളാണ് എല്ലാറ്റിനെയും പൈന്താങ്ങുന്നത്. നല്ല ഒരു
നോവലെഴുതിയാൽ, അയാൾക്ക് ബന്ധുബലമില്ലെങ്കിൽ പൈന്തള്ളുന്ന അവസ്ഥയുണ്ടാകും.
പ്രസാധകർപോലും സുഹൃത്ബന്ധവും പ്രതിച്ഛായയും നോക്കി പ്രോത്സാഹിപ്പിക്കുന്നു.
ഒരാളുടെ രചന ഒരു പ്രസിദ്ധീകരണത്തിൽ വരാത്തത്, ആ പ്രസിദ്ധീകരണത്തിന്
അയാളോട് താത്പര്യമില്ലാത്തതുകൊണ്ടാണ്.
ഇവിടെ ഇപ്പോഴും നാം നാടുവാഴിത്ത
കാലത്ത് തന്നെ തപ്പിത്തടയുന്നു. പുസ്തകങ്ങൾ വായിക്കുന്ന, ആനുകാലികങ്ങൾ
ശ്രദ്ധിക്കുന്നു എന്നൊക്കെ തോന്നുന്ന ഒരു സംവിധായകനെയും കാണാൻ
കഴിയുന്നില്ല. അക്ഷരജാലകം വായിച്ചശേഷം എനിക്ക് എത്രയോ വായനക്കാരുടെ
കത്തുകൾ ലഭിച്ചു! എന്നാൽ ഒരു മലയാളി സംവിധായകന്റെയോ, നടന്റെയോ സന്ദേശം
ലഭിച്ചിട്ടില്ല.
?നവാദ്വൈതം എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത്. നവാദ്വൈതം വിജയന്റെ
കൃതികളിലൂടെ എന്ന പുസ്തകമാണല്ലോ ഈ കാറ്റഗറിയിൽ ആദ്യം പ്രസിദ്ധീകൃതമായത്
എം.കെ.:-
'നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ' എന്റെ വലിയൊരു വഴിത്തിരിവാണ്.
കാൽനൂറ്റാണ്ടുകാലത്തെ അന്വേഷണത്തിലൂടെ, എനിക്കു നവാദ്വൈത ദർശനം
ലഭിച്ചു.അതിന് വ്യക്തത്തയുണ്ടായി. അത് ആ കൃതിയിലൂടെ സാവധാനം തലനീട്ടി.
നല്ല വായനക്കാരെ കണ്ടത് അപ്പോഴാണ്. ഞാൻ ദുബായിയിൽ പതിനാലു ദിവസം
താമസിച്ചതു, കളേഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥനായ ബിജുവിന്റെ വീട്ടിലാണ്.
ണല്ലോരു വായനക്കാരനാണ്. ഞാൻ ഇങ്ങോട്ട് തിരിച്ചപ്പോൾ നവാദ്വൈതം-വിജയന്റെ
നോവലുകളിലൂടെ അദ്ദേഹത്തിനു കൊടുത്തു. ഏതാനും മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ ഫോണിൽ
സംസാരിച്ചപ്പോൾ, എന്നെ ഞെട്ടിക്കുന്ന ചില വാക്യങ്ങളാണ് ഞാൻ കേട്ടത്.
അതിവിടെ ഉദ്ധരിക്കട്ടെ: 'നവാദ്വൈതം ഞാൻ തലയണയ്ക്ക് താഴെ വച്ചിരിക്കയാണ്.
എന്നും രാവിലെ ഓഫീസിൽ പോകുന്നതിനുമുമ്പ് ഒരു വാക്യം വായിക്കും. ആ
ദിവസത്തേക്ക് അത് മതി. പിന്നീട് രാത്രി കിടക്കാൻ നേരം അടുത്ത വാക്യം
വായിക്കും. ബൈബിൾ പോലെ വായിച്ചു കൊണ്ടിരിക്കയാണ്."
കവി സത്യൻ മാടക്കരയുടെ സുഹൃത്തുകൂടിയാണ് ബിജു.
ഇതുപോലൊരു വായനക്കാരൻ പോരേ, സന്തോഷത്തിനു വേറെന്തു വേണം?
ഒരു പ്രധാന മലയാള കവി ഈ പുസ്തകം യാത്രയിൽ കൂടെ കൂട്ടിയിരിക്കയാണ്.
വർഷങ്ങളായി. അദ്ദേഹം തന്റെ തൊഴിലിന്റെ ഭാഗമായുള്ള ഓഫീസിൽ, ഈ പുസ്തകം
ആർക്കും കാണത്തക്കവിധം എടുത്തുവയ്ക്കുന്ന ശീലമുള്ളയാളുകൂടിയാണ്. അദ്ദേഹം
ഇങ്ങനെ പറഞ്ഞു. മനസ്സ് വരളുമ്പോൾ ഞാൻ നവാദ്വൈതമെടുത്ത് വായിക്കും.
കവിതയെഴുതാനുള്ള തടസ്സം മാറിക്കിട്ടും. എപ്പോൾ നവാദ്വൈതം വായിക്കുന്നുവോ,
അപ്പോൾ എനിക്കൊരു പുതിയ കവിത കിട്ടുന്നു.
നവാദ്വൈതം എനിക്കു നൽകിയ കരുത്തും തൃപ്തിയും ഇതുപോലുള്ള ആസ്വാദനങ്ങളിൽ
കാണാം. ശ്രദ്ധിച്ചു വായിക്കുന്ന ഒരാൾ, നവാദ്വൈതത്തെ പിന്നെ ജീവിതസഖിയായി
കൊണ്ടുനടക്കും.