23 Feb 2013

വാക്കുകൾക്കിടയിലെ മൗനം


അശോകൻ അഞ്ചത്ത്‌ നടവരമ്പത്ത്‌

അവൾ വിളിക്കുമ്പോഴൊക്കെ സംസാരത്തിനിടയിൽ ഒരു മൗനമുണ്ടാകാറുള്ളത്‌ ഇപ്പോൾ കൂടുതലാവുന്നുണ്ടോ എന്നയാൾക്ക്‌ തോന്നിയിരുന്നു.
വല്ലപ്പോഴും മാത്രമെ സംസാരിക്കാറുള്ളു. അതും അവൾ മുൻകയ്യെടുത്തു മാത്രം. അയാൾ ഒരു മടിയനും നിർവികാരതയുടെ കൂട്ടുകാരനുമായിരുന്നു. അയാൾക്ക്‌ ചോദിക്കാനുള്ളത്‌ സ്ഥിരം ചോദ്യങ്ങളാണ്‌.
സുനിതയ്ക്ക്‌ സുഖമല്ലേ. കുട്ടികളെന്തു പറയുന്നു. രാജേട്ടൻ ഇപ്പോൾ എവിടെ?
അവൾക്കുമുണ്ട്‌ മറുപടി.
സുഖാണ്‌ വിഷ്ണു. രാധയ്ക്കും, മഹേഷിനും വെക്കേഷനാണ്‌. ദീപാവലിയല്ലേ..രാജേട്ടന്‌ തിരക്കാണ്‌. കടയിൽ കച്ചവടം നടക്കണ നാളുകളാണ്‌.
രാത്രിയാണ്‌ അവൾ വിളിച്ചതെങ്കിൽ അയാൾ ചോദിക്കും.
രാജേട്ടൻ വന്നില്ലേ...മണി ഒമ്പതര കഴിഞ്ഞില്ലേ...
രാജേട്ടൻ വരുമ്പോ പതിനൊന്നാവും...അവളുടെ മറുപടിയിൽ നിരാശയുടെ കനമുണ്ടായിരുന്നോ എന്നയാൾ സംശയിക്കാതിരുന്നില്ല.
ഞങ്ങൾ എല്ലാം കഴിഞ്ഞ്‌ ഉറങ്ങുമ്പോൾ ഒരു മണിയാകും. ഒരിക്കലും ഉറങ്ങാത്ത മഹാനഗരത്തിൽ നിന്നുള്ള അവളുടെ മറുപടി.
അയാൾ ആ സമയത്ത്‌ ഉറക്കം പിടിച്ചിരിക്കും. മായക്ക്‌ പാതിരാവായിരിക്കും. മക്കൾ ഗാഢനിദ്രയിൽ. മൂത്തവന്റെ മൂക്കിൽ ചെറിയ അസുഖമുള്ളതുകൊണ്ട്‌ അസഹ്യമായ കൂർക്കം വലിയായിരിക്കും. രാത്രിയിലെ പഠിപ്പ്‌ കഴിഞ്ഞാലുടനെ ഊണുകഴിച്ച്‌ ഉറങ്ങാൻ അവനെ നിർബന്ധിക്കാറുണ്ട്‌. മകൾ രാത്രിയിലെ ഊണു കഴിഞ്ഞ്‌ എഫ്‌.എം. നിലയത്തിലെ നിശാഗന്ധിപ്പാട്ടുകൾ കേട്ട്‌ അയാളുടെ മടിയിൽ കിടന്നുറങ്ങുമ്പോഴേക്കും ഭാര്യ പണികളൊതുക്കി വാതിലടച്ചു കഴിഞ്ഞിരിക്കും. പിന്നെ പായ വിരിച്ച്‌ ഒറ്റ കിടപ്പാണ്‌. അഞ്ചു മിനിറ്റിനകം ഉറക്കമാവും.
അയാൾ വായിക്കാൻ എന്തെങ്കിലും പുസ്തകമെടുക്കും. കുറെക്കാലം മുമ്പുവരെ എന്തെങ്കിലുമൊക്കെ എഴുതിയിരുന്നു. ആഴ്ചപ്പതിപ്പുകളിലും, മാസികകളിലും നിരന്തരം സൃഷ്ടികൾ വന്നിരുന്ന കാലം. ആൾ ഇന്ത്യ റേഡിയോവിലും ഇന്റർനെറ്റ്‌ മാഗസിനുകളിലും അവസരങ്ങൾ കിട്ടി.
ആറു പുസ്തകങ്ങൾ സ്വന്തം പേരിലുണ്ടായി. അവ കഥാലോകത്ത്‌ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്‌.
കവിതയിൽ വലിയ താൽപര്യം തോന്നിയിരുന്നില്ല. ജീവിതം പകർത്തുന്നതിന്‌ പറ്റിയ മാധ്യമം കഥയും, നോവലുമാണെന്ന്‌ അയാൾ മനസ്സിലാക്കിയിട്ടുണ്ട്‌.
അവൾ നാട്ടിൽ നിന്ന്‌ നഗരത്തിലേക്ക്‌ പോയതിൽ പിന്നെ വല്ലപ്പോഴുമൊക്കെ പ്രിന്റൗട്ടുകൾ അയാൾ അയച്ചുകൊടുത്തിരുന്നു.  തപാലിൽ അവ കിട്ടുവാൻ ഏറെ സമയമെടുക്കുന്നു എന്നായിരുന്നു അവളുടെ ആദ്യത്തെ പരാതി.
നമ്മുടെ തപാൽ സർവ്വീസല്ലേ. കിട്ടുന്നതു തന്നെ ഭാഗ്യം എന്ന്‌ അയാൾ മനസ്സിൽ പറയും. വായിച്ചു കഴിഞ്ഞാൽ അവൾ വിളിക്കും.
കഥ കിട്ടീട്ടോ...
വായിച്ചോ...
വായിച്ചു. രാജേട്ടനും ഇഷ്ടപ്പെട്ടു. രാധ കോളേജിലേക്ക്‌ കോപ്പികൊണ്ടുപോയി. കൂട്ടുകാരികളെ കാണിക്കാൻ. എന്റെ വിഷ്ണുവങ്കിളിന്റെ കഥ്യാന്ന്‌ അവൾ എല്ലാവരോടും പറയും.
എന്നാൽ ഞാനിനി അയക്കില്ല.
ഇത്രക്ക്‌ സ്വയം ചെറുതാവണോ വിഷ്ണു...?
അവളുടെ വാക്കുകളിൽ അപ്പോൾ വലിയ സ്നേഹ വാത്സല്യങ്ങളുണ്ടായിരുന്നെന്ന്‌ അയാൾക്കു മനസ്സിലായി.
ഒരു വർഷമായി എഴുത്ത്‌ ഇല്ല എന്നുതന്നെ പറയാം. ലിറ്റിൽ മാഗസിൻകാർ നിരന്തരം ഓർമ്മപ്പെടുത്തി. എഴുത്തുകാരന്റെ മൗനം സഹൃദയ ലോകത്തിന്റെ അസ്വസ്ഥതയാണ്‌. നിങ്ങൾ സട കുടഞ്ഞെഴുന്നേൽക്കണം. സമൂഹത്തിൽ പുഴുക്കുത്തുകൾ കൂടുമ്പോൾ നിങ്ങളുടെ തൂലിക വിശ്രമിക്കുന്നതു ശരിയല്ല.
എന്തു പറഞ്ഞാലും അയാൾക്ക്‌ നിർവികാരതയായിരുന്നു.
ഒരിക്കലവൾ ചോദിച്ചു.
എന്താ ഇപ്പോ വിഷ്ണു വിളിക്കാത്തെ...
പറയാനൊന്നുമില്ല. ഒരു വിശേഷവും...
മായ എന്തു പറയുന്നു? മൂത്തവൻ ഇപ്പോൾ ഒമ്പതിലോ, പത്തിലോ..?
അയാൾ മൂന്നോ നാലോ വാക്കുകളിൽ മറുപടി ഒതുക്കി. പിന്നെ...
അവൾക്ക്‌ പിന്നെയും എന്തൊക്കെയോ അറിയാനുണ്ടെന്നു തോന്നുന്നു.
പിന്നെ.
പിന്നെ.
സുഖം. സംഭാഷണം അവസാനിപ്പിക്കാൻ ഉദ്ദേശിച്ച്‌ അയാൾ പറഞ്ഞവസാനിപ്പിച്ചു.
വായിക്കാനെടുത്ത പുസ്തകം മലർത്തിവച്ച്‌ അയാൾ വെറുതെയിരിക്കും. ഒന്നും വായിക്കാറില്ലെന്നതാണ്‌ വാസ്തവം.
ചിലപ്പോൾ കണ്ണുകൾക്ക്‌ ഭയങ്കര വേദനയായിരിക്കും. കണ്ണു ഡോക്ടർ മൂന്നുതരം തുള്ളിമരുന്നുകൾ കണ്ണിലൊഴിക്കാൻ നിർദ്ദേശിച്ചു. ലെൻസിന്റെ പവർ മാറ്റി വേറെ കണ്ണടക്കെഴുതി.
എന്നാലും എന്തോ ഒരസംതൃപ്തിയാണ്‌ വായനക്കിരിക്കുമ്പോൾ അനുഭവപ്പെടാറ്‌.
ഓഫീസിലും പഴയ ചുറുചുറുക്കില്ല.
വിഷ്ണുസാറിനിതെന്തുപറ്റി... സ്വന്തം സെക്ഷനിലെ തിരക്കുള്ള ജോലികൾ ചെയ്ത്‌ തീർത്ത്‌ സൂപ്രണ്ടിനെം, പിന്നെ വേണെങ്കിൽ ഞങ്ങളെം സഹായിക്കാറുണ്ടായിരുന്ന ആളാ...
അടുത്ത സീറ്റിലെ യമുന പറഞ്ഞു.
അതെ അയാൾ സമ്മതിച്ചു.
എന്തിനാ തിരക്കില്ലാത്ത സെക്ഷൻ തരാൻ ജെ.ഏശിന്‌ സബ്മിഷൻ എഴുതിവച്ചതു?
പറ്റുന്നില്ല. എന്നെക്കൊണ്ടാവുന്നില്ല.
എന്താ വിഷ്ണുസാറിന്‌ പറ്റീത്‌?
അംബികയും, ധനപാലനും ചോദിച്ചു.
കണ്ണു കിട്ടീതായിരിക്കും. തമാശകൾ പറയാൻ എപ്പോഴും അവസരം നോക്കി നടന്നിരുന്ന തപാൽ ക്ലർക്ക്‌ വിനോദൻ കമന്റ്‌ പാസ്സാക്കി.
എവിടെ വച്ചാണ്‌ ജീവിതത്തിന്റെ താളം തെറ്റിപ്പോകാൻ തുടങ്ങിയത്‌?
അടുത്ത കാലത്തായി അവൾ കൂടുതൽ വിളിക്കാൻ തുടങ്ങിയപ്പോൾ മുതലോ-
ഭാര്യക്ക്‌ പഴയ സ്നേഹം കുറഞ്ഞു വരുന്നുണ്ടോ എന്ന്‌ സംശയിച്ചു തുടങ്ങിയപ്പോഴോ?
എപ്പഴും മക്കളുടെ കാര്യങ്ങളാണ്‌. ജിത്തുമോൻ പഠിക്കാൻ വേണ്ടിയുള്ള നിരന്തര ശാസന.
അച്ഛൻ സർവ്വീസിന്‌ പോരുമ്പഴേക്കും നിനക്ക്‌ ജോല്യാവണം. ഇപ്പഴത്തെ കാലത്ത്‌ എത്ര പഠിച്ചാലാ ഒരു ജോലി കിട്ട്വാന്ന്‌ നിനക്കറിയോ?
ജ്യോതിമോളെ അണിയിച്ചൊരുക്കി ഉത്തമ പെൺകുട്ടിയായി വളർത്താനുള്ള ചിട്ടവട്ടങ്ങൾ.
അതിനിടക്ക്‌ വിളിച്ചു പറയും.
വിഷ്ണുവേട്ടാ...ചോറ്‌ ഞാനാക്കീട്ടില്ല്യാട്ടോ...അതിന്

‌ നിന്നാൽ ഇവളെ പ്ലേ സ്കൂളില്‌ കൊണ്ടാക്കാൻ ഇനീം നേരം വൈകും. ഏട്ടൻ ചോറ്‌ പാത്രത്തിലാക്കിക്കോളൂലോ അല്ലേ?
അയാൾ സാവധാനം എല്ലാം ചെയ്യും. ചോറും കറികളും പാത്രത്തിലാക്കുക, കുപ്പിയിൽ വെള്ളം നിറക്കുക, ഷൂസ്‌ തുടക്കുക.
വൈകിട്ട്‌ നഗരത്തിൽ നിന്നുള്ള ഒരു മണിക്കൂർ യാത്ര കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോൾ പരാതികളുടെയും, പരിഭവങ്ങളുടെയും കെട്ടഴിക്കുകയായി.
ജിത്തുമോന്റെ പേപ്പറു കണ്ടോ? നാൽപതിൽ പതിനെട്ട്‌ ഇംഗ്ലീഷിന്‌. കണക്കില്‌ തോറ്റു. മാർക്ക്‌ ഞാൻ പറയണില്ല. ബാക്കി പേപ്പറ്‌ കിട്ടീട്ടില്ല.
മോൾടെ കാലിലെ പാദസരം കാണാണ്ടായി. വലത്തെ കാലിലെ. എല്ലായിടത്തും ഞാൻ തെരഞ്ഞു. കിട്ടീല്ല്യാ വിഷ്ണുവേട്ടാ.
മനസ്സ്‌ അപ്പോൾ പകുതി മരിച്ചുകഴിഞ്ഞിരിക്കും. സിറ്റൗട്ടിലെ കസേരയിൽ വന്നിരിക്കുമ്പോഴായിരിക്കും അടുത്ത ഇടിവെട്ട്‌.
പെങ്ങള്‌ ഇന്നും വഴക്കുണ്ടാക്കാൻ വന്നൂട്ടോ...നമ്മടെ ഒരു നാളികേരം അവർട്ടെ ഓട്ടിൻപുറത്ത്‌ വീണുത്രേ...
തലപെരുക്കുമ്പോൾ നാവ്‌ ഇറങ്ങിപോകണെ എന്ന്‌ പ്രാർത്ഥിച്ചു പോകാറുണ്ട്‌.
വല്ലപ്പോഴും മാത്രം തോന്നുന്ന ഒരു തോന്നലുണ്ട്‌. ഭാര്യ ഒന്നരികത്തു വന്നു കിടന്ന്‌ എന്നെ ഒന്നു കെട്ടിപ്പിടിക്കൂ എന്ന്‌ പറഞ്ഞെങ്കിൽ എന്ന്‌. അതുണ്ടായിട്ടില്ല.
എപ്പോഴെങ്കിലും സമീപിക്കുമ്പോൾ നിരാശപ്പെടുത്തലായി.
ആ വിറകു മുഴുവൻ പാരപ്പെറ്റില്‌ കേറ്റീട്ടു. പുറംവേദന സഹിക്കാൻ പറ്റണില്ല.
നീ ഒറ്റക്കെന്തിനാ ചെയ്തെ. ഞായറാഴ്ച ഞാനും കൂടി സഹായിച്ചേനെ ഇല്ലേ?
മഴയെങ്ങാനും പെയ്താൽ ഒക്കെ നനയില്ലേ...
ബാം പുരട്ടി തരണോ?
വേണ്ട. ഞാൻ ബ്രൂഫൻ കഴിച്ചു.
ഇനി ആഗ്രഹിച്ചിട്ട്‌ കാര്യമില്ല എന്നറിയാം. കോണി കയറി മുകളിലത്തെ മുറിയിൽ കടന്ന്‌ പുറത്തുകടന്ന്‌ ബാൽക്കണിയിലിട്ട കസേരയിൽ വന്നിരുന്നു.
താഴെ മുറ്റത്തും തൊടിയിലും നിലാവ്‌ മഞ്ഞപാവാട അഴിച്ചിട്ടിരിക്കുന്നു.
ഇപ്പോൾ സുനിത വിളിച്ചിരുന്നെങ്കിൽ എന്ന്‌ ആശിച്ചു പോകാറുണ്ട്‌. എങ്കിൽ പറയാമായിരുന്നു.
ഞാൻ ഉറങ്ങിയിട്ടില്ല. ഇവിടെ പ്രകൃതിയെ ഉപാസിച്ച്‌ ഇരിക്കുകയായിരുന്നു. നിലാവിന്റെ സൗന്ദര്യം മൊത്തിക്കുടിക്കുകയാണ്‌. രാത്രിയുടെ മൗനസംഗീതം ആസ്വദിച്ചിരിക്കുകയാണ്‌. ഉറങ്ങാൻ കഴിയില്ല.
പിറ്റേന്ന്‌ അവൾ വിളിച്ചു. ഉച്ചക്ക്‌. അയാൾ ഊണുകഴിച്ച്‌ ഓഫീസിലെ സ്വന്തം സീറ്റിൽ വന്നിരിക്കുകയായിരുന്നു.
വിശേഷമൊക്കെ എന്തുണ്ട്‌?
ഒന്നുമില്ല.
ഇപ്പോൾ എഴുത്തൊന്നും ഇല്ലേ?
നിറുത്തി.
അങ്ങേതലക്കൽ മൗനം. കുറെക്കഴിഞ്ഞ്‌ ശബ്ദവ്യതിയാനത്തോടെ അവൾ പറഞ്ഞു.
എഴുതുന്ന വിഷ്ണുവിനെയാണ്‌ എനിക്കിഷ്ടം.
അയാൾ ഒന്നും പറഞ്ഞില്ല. പതിനേഴ്‌ വർഷം മുമ്പ്‌ നീ ഇത്‌ പറഞ്ഞിരുന്നതാണ്‌.
എന്നിട്ടാണ്‌ ഞാൻ നിരന്തരം എഴുതിയത്‌. ഊണും ഉറക്കവുമില്ലാതെ. സ്ഥാനമാണങ്ങൾ ആഗ്രഹിക്കാതെ. എന്റെ പേനത്തുമ്പിന്‌ നിന്റെ യൗവ്വനത്തിന്റെ തീക്ഷ്ണതയായിരുന്നു ആവേശം നൽകിയിരുന്നത്‌.
നീ സ്വന്തമാവുമെന്ന്‌ കരുത്തിയ ഞാൻ വിഡ്ഢിയായി.
ഭവാനിയമ്മ സമ്മതിച്ചില്ല. എന്റച്ഛൻ ഹോട്ടൽ പണിക്കാരനാണെന്ന ന്യൂനത. നിന്നെ ആഗ്രഹിച്ച സമയത്ത്‌ എനിക്ക്‌ നല്ല ജോലി കിട്ടുമോ എന്ന ഉത്കണ്ഠ. പിന്നെ നിന്റെ അച്ഛന്റെ കള്ളുകുടി. ആ സംഘത്തിലെ ചിലരുടെ കൈക്കരുത്ത്‌ എന്റെ ദേഹമറിഞ്ഞ വൈകുന്നേരങ്ങൾ.
എന്താ വിഷ്ണു മിണ്ടാത്തത്‌. അയാളുടെ ശബ്ദം കേൾക്കാഞ്ഞ്‌ അവൾ ശബ്ദമുയർത്തി ചോദിച്ചു.
പറയാനൊന്നുമില്ല.
എനിക്കു പറയാനുണ്ട്‌. എനിക്കിവിടം മതിയായി. ഈ നഗരത്തിരക്കുകൾ. കോൺക്രീറ്റ്‌ കാടുകൾ. കാപട്യങ്ങൾ. വരണ്ട സ്വപ്നങ്ങൾ.
എനിക്കറിയില്ല.
എനിക്ക്‌ ഗ്രാമം കാണണം. രാധക്ക്‌ ഒരു ജോലിയായാൽ ഞാൻ വരും. രാജേട്ടൻ കൂടെ വന്നാലും, വന്നില്ലെങ്കിലും ഞാൻ ഗ്രാമത്തിലേക്കു വരും. പിന്നീട്‌ അവളുടെ മൗനം നിറയുമ്പോൾ അയാൾ വിചാരിച്ചു.
എന്തിന്‌? പഴയ പലതും കൊത്തിപറിച്ചു നോക്കി വെറുതെ വിഷമിക്കാനോ?
കഴിഞ്ഞയാഴ്ചയാണ്‌ ഒരു ഫിസിഷ്യന്റെ അടുത്തുപോയത്‌. ഓഫീസിലിരുന്നപ്പോൾ ഇടയ്ക്ക്‌ നെഞ്ചുവേദന തോന്നി. യു.ഡി.ക്ലർക്ക്‌ ശരവണൻ കൂടെ വന്നു. ചെറിയ പരിശോധനകൾ നടത്തിയപ്പോഴെ ഡോക്ടർ ഉള്ളതു പറഞ്ഞു.
ബ്ലോക്ക്‌ ഉണ്ടെന്നു തോന്നുന്നു. തൽക്കാലം ഞാൻ ഒരു ഗുളിക തരാം. ഞാൻ ഹോസ്പിറ്റലിലേക്ക്‌ റഫർ ചെയ്യുകയാണ്‌. ശരവണന്റെ മുഖം നീലച്ചു. എനിക്ക്‌ യാതൊരു പേടിയും തോന്നിയില്ല.
മായ അറിയാതിരുന്നാൽ മതി. ജിത്തുമോന്റെ പഠിപ്പ്‌ കഴിയണവരെയെങ്കിലും നീട്ടിക്കിട്ടിയാൽ മതി. അതേ ഞാൻ വിചാരിക്കുന്നുള്ളു. എന്റെ ജ്യോതിമോളുടെ കല്യാണം കാണാനൊന്നും എനിക്കു കഴിഞ്ഞെന്നു വരില്ല.
അതോർത്തപ്പോൾ മാത്രം ഞാൻ നിശ്ശബ്ദം കരഞ്ഞു. കൺതടങ്ങളിൽ രണ്ട്‌ തുള്ളി കണ്ണീര്‌ പൊടിഞ്ഞപ്പോൾ ശരവണൻ സമാധാനിപ്പിച്ചു.
സർ വിഷമിക്കാതിരിക്കൂ. ഇപ്പോൾ എല്ലാത്തിനും ചികിത്സയില്ലേ. അത്യാധുനിക ചികിത്സകൾ.
ചികിത്സിച്ച്‌ രക്ഷപ്പെടേണ്ട എന്ന്‌ ഞാനും, നീയ്യും വിശ്വസിക്കുന്ന ദൈവം ഒരു തീരുമാനമെടുത്താൽ പോരെ.
കഴിഞ്ഞില്ലേ എല്ലാം. ഡോക്ടർക്കടുത്ത്‌ പിന്നെ പോയിട്ടില്ല. ആശുപത്രികൾ തേടി നടക്കാൻ വയ്യ. ഇൻഷ്വറൻസിൽ ചേർന്നിട്ടുമില്ല. വീടുപണിയുടെ കടം കുറെ ബാക്കിയുണ്ട്‌.
ഭ്രാന്തു പിടിക്കുമെന്ന്‌ തോന്നിയാൽ രാധയുടെ പഠിപ്പു കഴിയാനൊന്നും ഞാൻ നിൽക്കില്ല. വരും. അവിടെ വിഷ്ണുവുണ്ടല്ലോ...എനിക്ക്‌ സമാധാനമുണ്ട്‌.
അവൾ ഫോൺ വച്ചിട്ടില്ല.
വരുന്നതിനു മുമ്പ്‌ ഒന്നു കൂടിയാലോചിക്കണം. പഴയ കാലങ്ങളൊന്നും ഇനി തിരിച്ചുകിട്ടില്ല.
അയാൾ പറഞ്ഞവസാനിപ്പിച്ചു. അവൾക്ക്‌ വീണ്ടും എന്തോ പറയാനുണ്ടെന്നു തോന്നി. കേൾക്കാൻ അയാൾ ആഗ്രഹിച്ചില്ല.
മൊബെയിലിന്റെ ഓഫ്‌ സ്വിച്ചിൽ അയാളുടെ വിരലമർന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...