23 Feb 2013

അക്ഷരരേഖ


          ആർ.ശ്രീലതാവർമ്മ


സ്വകാര്യത തകർത്തു കൊടുക്കപ്പെടും
            കൊടുക്കും,കൊടുക്കപ്പെടും എന്നിങ്ങനെ പ്രയോഗത്തിലേയുള്ളൂ വ്യത്യാസം,അർഥത്തിലില്ല.എങ്കിലു

ം,കൊടുക്കപ്പെടും എന്ന കർമ്മണിപ്രയോഗത്തിൽ വാഗ്ദാനം ചെയ്യലിന്റെ ഒരു രീതിയുണ്ട്.കമ്പ്യൂട്ടർ യുഗത്തിനു മുൻപ് നമ്മൾ സ്ഥിരം കണ്ടിരുന്ന,ഇന്ന് പൂർണമായും മറവിയിലാണ്ടുപോയ ഒരു ബോർഡ് ഇപ്രകാരമായിരുന്നു-"ടൈപ്പ് ചെയ്ത് കൊടുക്കപ്പെടും".ഇവിടെ വാഗ്ദാനരീതിയോടൊപ്പം ടൈപ്പ് ചെയ്യുന്നതിന്റെ ശബ്ദവും പ്രതിധ്വനിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്.ഇന്ന് ഇപ്രകാരമുള്ള ബോർഡുകളില്ല;അതുകൊണ്ട് ഈ വക തോന്നലുകളും.
                              
      സ്വകാര്യത തകർത്തു കൊടുക്കപ്പെടും എന്ന ബോർഡുമായി കേരളത്തിൽ ആരെങ്കിലും കച്ചവടത്തിനിറങ്ങുമെന്ന് കരുതിയിട്ടല്ല ഇങ്ങനെയൊരു ശീർഷകം സ്വീകരിച്ചത്.ഗൂഢമായ പല ശ്രമങ്ങളും പ്രവത്തനരീതികളും ബോർഡുവച്ച് പബ്ലിസിറ്റി നൽകാനുള്ളതല്ല എന്ന് എല്ലാ ദേശക്കാരെയും പോലെ മലയാളികൾക്കുമറിയാം.അതുകൊണ്ട് അത്തരമൊരു ബോർഡിനോ പരസ്യവാചകത്തിനോ സാംഗത്യമില്ല.പക്ഷേ,മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കരുത് എന്നോ,അത് നിരന്തരം തകരണം എന്നോഉള്ള വിധ്വംസകമായ ചിന്താരീതികൾ അഥവാ പ്രവണതകൾ ഇന്ന് വളരെ ശക്തമായിക്കൊണ്ടിരിക്കുന്നു എന്ന സത്യം അവഗണിക്കാനാവില്ല.
                              
   സ്വന്തം കാര്യം എന്ന സങ്കുചിതമായ അർഥത്തിലേക്ക് സ്വകാര്യതയെ ഒരിക്കലും ചുരുക്കാനാവില്ല.സംസ്കാരവുമായി ബന്ധപ്പെട്ട വളരെ വിപുലമായ ഒരർഥമണ്ഡലം സ്വകാര്യതയ്ക്കുണ്ട്.സമൂഹജീവിയായിരിക്കുമ്പോൾത്തന്നെ വ്യക്തി എന്ന നിലയിലുള്ള മനുഷ്യന്റെ ജീവിതവ്യാപാരങ്ങൾ ഒന്നാകെ മറ്റുള്ളവർക്കു മുന്നിൽ തുറന്നുകാട്ടാനുള്ളതല്ല.ഒരിക്കലും അങ്ങനെ ആകാൻ പാടില്ല എന്നു പറയുന്നതാകും കൂടുതൽ ശരി.ഇതിന് കാരണമുണ്ട്.പ്രാകൃതമനുഷ്യനെയും പരിഷ്കൃതമനുഷ്യനെയുംവേർതിരിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.ഇവയിൽ അടിസ്ഥാനപരമായ ഒരു വ്യത്യാസം പൊതുജനസമക്ഷം ചെയ്യാൻ കഴിയുന്നത്/കഴിയാത്തത് എന്നതായിരുന്നു.ഇതിൽ കഴിയാത്തത് എന്നതിൽ നിന്നാണ് സ്വകാര്യത രൂപം കൊള്ളുന്നത്.മനുഷ്യവർഗം ഒരു ജീവിതരീതിയിൽ നിന്ന് മറ്റൊന്നിലേക്ക്,സംസ്കൃതിയിലേക്ക് പരിണമിച്ചതിന്റെ ചരിത്രവും ഇതിലടങ്ങുന്നുണ്ടെന്ന വസ്തുത അധികമാരും ഓർക്കാറില്ല.
       സ്വാതന്ത്ര്യം,സൗഹൃദം,സ്വകാര്യത ഇങ്ങനെ 'സ'കാരത്തിൽ തുടങ്ങുന്ന ചില വാക്കുകൾ അടുപ്പിച്ചുവയ്ക്കുമ്പോൾ ഈ വാക്കുകളെ അർഥപരമായി ബന്ധിപ്പിക്കാവുന്ന നിരവധി തലങ്ങളുണ്ടെന്ന് കാണാം.സ്വാതന്ത്ര്യവും സ്വകാര്യതയും തമ്മിലുള്ള ദൃഢബന്ധം കാണാതിരിക്കരുത്.ഈ രണ്ട് സങ്കല്പനങ്ങളും വ്യക്തിനിഷ്ഠമായി ആപേക്ഷികമാണെങ്കിലും പ്രായോഗികമായി ചില പൊതുഘടകങ്ങൾ ഇവയിൽ ഉൾച്ചേരുന്നുണ്ട്.ഒരു വ്യക്തിയുടെ സർവവ്യാപാരങ്ങളുടെയും ആത്യന്തികമായ നിയന്ത്രണം അയാൾക്ക്/അവൾക്ക് ആയിരിക്കും.ഈ നിയന്ത്രണം സമൂഹത്തിന്റെ പൊതുവായ നന്മയെ മറികടക്കുന്നതായിരിക്കുകയുമില്
ല.അങ്ങനെ വരുമ്പോഴാണ് അത് വിഘടനത്തിന് വഴിയൊരുക്കാതെ ഒരുവിധമൊക്കെ സമരസപ്പെട്ടുപോകുക എന്ന രീതിയാകുന്നത്.ആർക്കുവേണ്ടിയാണ് ഈ സമരസപ്പെടൽ എന്ന് ചോദിക്കുന്നവരുണ്ടാകും.തനിക്കും സമൂഹത്തിനും വേണ്ടി എന്നാണ് ഇതിനുത്തരം.ഉഭയപക്ഷങ്ങളിൽ നിന്നും വലിയ തകരാറുകളൊന്നും പറയാനില്ലാത്ത ഈ നില സ്വീകരിച്ച് ഭൂരിപക്ഷം പേരും മുന്നോട്ടു പോകുന്നു.അതാണ് എല്ലാവർക്കും സ്വീകാര്യമായ,എല്ലാവരും മനസ്സിലെങ്കിലും ഒന്നു കൈയടിച്ചുപോകുന്ന കാഴ്ച.
              പക്ഷേ,കാര്യങ്ങൾ ഇപ്രകാരമെല്ലാമാണെന്ന് സമ്മതിച്ചാലും ചില അപവാദങ്ങളില്ലേ?തീർച്ചയായുമുണ്
ട്.ഏതുവിധത്തിലും അഭികാമ്യമെന്ന് ആർക്കും സമ്മതമാകുന്ന തരത്തിൽ ജീവിക്കാൻ താൻ ബാധ്യസ്ഥൻ/ബാധ്യസ്ഥ-ആണെന്നു വന്നാൽപ്പോലും അയാളുടെ /അവളുടെ ബാധ്യത തന്നോടു മാത്രമായിരിക്കും.അത്രയ്ക്ക് ദൈർഘ്യമൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു ചെറുജീവിതം ആർക്കെങ്കിലുമൊക്കെ ബോധ്യപ്പെടാനുള്ളതാണെന്ന് വരുന്നതിനപ്പുറം ഒരു ദുരന്തം മറ്റെന്താണ്?സത്യം ഇതാണെങ്കിലും ഇതിനെ ബുദ്ധികൊണ്ട് ഉൾക്കൊള്ളുന്നുണ്ട് എങ്കിലും ഹൃദയം കൊണ്ട് ഉൾക്കൊള്ളാതിരിക്കുക എന്നതാണ്‌ നമ്മുടെ ജീവിതപരിസരങ്ങളിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.അന്യന്റെ ഓരോ വ്യാപാരവും വീക്ഷിച്ചും വിശകലനം ചെയ്തും വിമർശിച്ചും ജീവിതത്തിന്റെ വിലപ്പെട്ട സമയത്തിൽ വലിയൊരു പങ്ക് നഷ്ടപ്പെടുത്തുക എന്ന പാഴ്വേലയിൽ കേരളീയസമൂഹം മുങ്ങിപ്പോയിട്ട് കാലങ്ങളായി.ഇതിൽ നിന്ന് കരകയറുക സാധ്യമാണെങ്കിലും താത്പര്യമില്ലാത്തതുകൊണ്ട് അതൊരിക്കലും സംഭവിക്കുകയില്ല എന്നുറപ്പാണ്.സദാചാരപ്പൊലീസ് തുടങ്ങി സമീപകാലത്ത് ആവിർഭവിച്ച പദങ്ങളുടെ ഉദ്ഭവവും അവയുടെ സാംസ്കാരികപശ്ചാത്തലവും പരിശോധിച്ചാൽ ഈ വസ്തുത കൂടുതൽ തെളിഞ്ഞുകിട്ടും.ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഏത് സാഹചര്യത്തിലും ഔപചാരികവും അനൗപചാരികൗമായ ഏത് അന്തരീക്ഷത്തിലും സമൂഹത്തിന്റെ പൊതുനന്മയെ തകർക്കാത്ത തരത്തിൽ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കപ്പെടണം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...